17 June 2024, Monday

ഉണ്ണിക്കുട്ടന്മാരേ സ്കൂള്‍ തുറക്കുന്നു

പി എ വാസുദേവൻ
കാഴ്ച
May 25, 2024 4:37 am

ഏതോ ഒരു ഗ്രാമത്തിലെ വയല്‍ക്കരയില്‍ താമസിച്ചിരുന്ന, വയല്‍വരമ്പിലെ ചെളിവെള്ളം തെറിപ്പിച്ച് സ്കൂളിലേക്ക് പോയിരുന്ന ഒരു കുട്ടി എന്റെ തലമുറയിലെ മിക്കവരുടെയും മനസിലുണ്ടാവും. പഴയ ചെടിച്ച ഒരു പദം കടംവാങ്ങിയാല്‍ നൊസ്റ്റാള്‍‍ജിയ. ഇത്തവണ ക്രൂരമായ, നീണ്ട വേനലിനൊടുവില്‍ രണ്ടുമൂന്നു മഴകള്‍ വീണ് വഴികളില്‍ വെള്ളം കെട്ടിക്കിടന്നപ്പോള്‍ പത്തറുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈ ഓര്‍മ്മകള്‍ സജീവമായി. കാലം മാറിയതറിയാം. വയല്‍വരമ്പില്‍ ചെളിതെറ്റിച്ച് നടന്നുപോകുന്ന കുട്ടികളെകാണാനില്ല. അവരൊക്കെ ഓട്ടോകളിലും കാറിലും ബസിലുമായി സ്കൂളുകളിലെത്തുന്നു; ചെളി തെറിപ്പിക്കാതെ, ആഹ്ലാദിക്കാതെ, കൂട്ടംകൂടാതെ, കുടനിവര്‍ത്താതെ, പുസ്തകം നനയാതെ. ഇപ്പോള്‍ പറയാന്‍ തോന്നുന്നത് ഭാഗ്യവാന്മാര്‍ എന്നല്ല, പാവം കുട്ടികള്‍ എന്നാണ്. എന്നാലും അതൊക്കെ പറയാതെ വയ്യ. 

നീണ്ട പഠിത്തവും തൊഴിലും താണ്ടി ഇപ്പോള്‍ ഓര്‍മ്മക്കാലത്തില്‍ കഴിയുന്ന ഞാനിതൊക്കെ ഓര്‍ക്കുന്നതിലെ വൈരുധ്യം ക്ഷമിക്കുക. ജീവിതത്തില്‍ ഇത്തരം നേരമ്പോക്കുകളൊക്കെ വേണ്ടേ. അത്തരമൊരു മിശ്രിതമല്ലേ ജീവിതം. ഇതു വായിക്കുന്നവര്‍ക്കും അതൊക്കെ ഓര്‍ക്കാനായാല്‍ ഇതൊരു പാഴ്‌വേലയല്ല. ഗൗരവം കൂടുതലായാലും നന്നല്ലല്ലോ. ഈയിടെ ഒരു ചെറിയ സംഗതി യൂട്യൂബില്‍ കണ്ടു. കുറേ കുട്ടികള്‍ പുല്‍വരമ്പിലൂടെ, മഴയത്ത് ഓടിപ്പോകുന്നു. വെള്ളം തെറിപ്പിക്കുന്നു. കാറ്റത്ത് കുട പറന്നുപോകുന്നു. അടുത്ത ഷോട്ടില്‍ മധ്യവയസും കഴിഞ്ഞ കുറേ സ്ത്രീകളും പുരുഷന്മാരും ഒരു സ്കൂള്‍ മുറ്റത്ത് പരസ്പരം നോക്കി നില്‍ക്കുന്നു. അതിനൊരു കാവ്യാത്മകമായ അടിക്കുറിപ്പും ”തുടങ്ങിയപ്പോള്‍ തീര്‍ന്നാല്‍ മതിയെന്നു തോന്നി. തീര്‍ന്നപ്പോള്‍ ഇനിയും പോകണമെന്നു തോന്നി.” വളരെ പ്രസക്തമായ വരികള്‍. ഈയിടെയായി പത്രങ്ങളില്‍ മുപ്പതും നാല്പതും കൊല്ലങ്ങള്‍ക്ക് മുമ്പ് പഠിത്തം കഴിഞ്ഞുപോയവരുടെ കൂട്ടായ്മ ചിത്രങ്ങള്‍ നിറയെ വരുന്നു. ഓര്‍ക്കാനെന്തൊക്കെയാണുണ്ടാവുക… അതാണ് ജീവിതം.
പരേതനായ കഥാകാരന്‍ നന്തനാരുടെ, “ഉണ്ണിക്കുട്ടന്‍ സ്കൂളിലേക്ക്” എന്ന കഥ ഓര്‍ക്കുകയാണ്. കുട്ടികളേ, ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടതൊക്കെ നിങ്ങള്‍ക്ക് കിട്ടുകയാണ്. സ്കൂള്‍ തുറക്കാറായി. അധ്യാപകര്‍ തയ്യാറായിക്കഴിഞ്ഞു. ഞങ്ങളുടെ കാലത്തെ മാതിരിയല്ല, ഓട്ടോയും ബസും കാറുമായി യാത്ര ഒരുങ്ങുന്നു. പുസ്തകങ്ങള്‍ മുതുകത്ത് കയറ്റാന്‍ ബാഗുകള്‍. പല വര്‍ണക്കുടകള്‍. എന്റെ കാലത്ത് ഇതൊന്നുമില്ല. മഴ കഴിയുന്നതോടെ പുസ്തകങ്ങളൊക്കെ നനഞ്ഞ് പപ്പടപ്പരുവത്തിലാവും. വര്‍ണക്കുടകളില്ല. പനയോലകൊണ്ടുള്ള കാല്‍ക്കുടകള്‍. നീണ്ട കാലാണതിന്. ചിലര്‍ക്ക് പനയോലയുടെതന്നെ തൊപ്പിക്കുട. അത് തലയില്‍ ഫിറ്റ് ചെയ്താല്‍ കൈകള്‍ ഫ്രീ. പിന്നെ ക്ലാസുമുറികളിലെ പുതുവര്‍ഷ വിദ്യാരംഭം. രണ്ടുമാസത്തെ ‘കാടാറുമാസ’ത്തിനുശേഷം ഏറെ രസകരമല്ലാത്ത കണക്കും ശാസ്ത്രവും. അങ്ങനെ നീങ്ങുന്നു പഠനം. 

അതും കഴിഞ്ഞ് എന്റെ പേരമക്കളുടെ കാലമായപ്പോഴേക്കും പഠിത്തവും വ്യവസ്ഥയും മാറി. കൂറ്റന്‍ സിലബസ്. എല്ലാവരെയും ആദിശങ്കരന്മാരാക്കിയേ അടങ്ങു എന്ന മട്ടില്‍. കൂട്ടത്തില്‍ വന്‍ പുസ്തകക്കൂമ്പാരം ചുമന്ന് അവര്‍ ചുമട്ടുതൊഴിലാളികളാവാനുള്ള യോഗ്യതയും നേടും. പഠിക്കാനുള്ളതിന്റെ പരപ്പുകണ്ടാല്‍ പേടിയാവും. ഇക്കണക്കിന് പ്രൈമറിതലം കടന്നാല്‍ പിന്നെ പഠിക്കാന്‍ അറിവൊന്നും ബാക്കിയുണ്ടാവില്ല. ഞാന്‍, അന്നത്തെ ഗൃഹാതുരതയില്‍ ഇന്നത്തതിനെയൊക്കെ കുറ്റം പറയുകയല്ല. കാലത്തിനനുസരിച്ച് കോലം തിരിക്കുമെന്നറിയാതെയുമല്ല. പക്ഷെ ഇന്ന് ലഭിക്കുന്ന സൗകര്യങ്ങളില്‍ പലതിലും അന്നത്തെ ആഹ്ലാദത്തിന്റെയോ സ്വാതന്ത്ര്യത്തിന്റെയോ അഭാവമുണ്ട്. അധ്യാപകനും കുട്ടിയും തമ്മിലുള്ള ഒരു യുദ്ധമാവുന്നോ ക്ലാസുമുറി എന്ന ഭയമുണ്ട്. അറിവിനെ ആഹ്ലാദമാക്കുന്ന പഠനമാണ് പ്രധാനം. അതില്‍ ശ്രദ്ധിക്കേണ്ടത് അധ്യാപകരാണ്. അവര്‍ക്ക് ഭാഷ ഉറപ്പിച്ചുകൊടുക്കണം. അക്ഷരം ഉറപ്പിച്ചുകൊടുക്കണം. ഉച്ചാരണം ശരിയാക്കണം. വാക്കിന് അര്‍ത്ഥമുണ്ടെന്ന് പറഞ്ഞുറപ്പിക്കണം.
അന്നും ഇന്നും തമ്മില്‍ മറ്റൊക്കെ കഴിച്ചാലും ഈയൊരു പോരായ്മയുണ്ട്. അമ്മയുടെ ഭാഷ ശരിക്കും താഴെ ക്ലാസുമുതല്‍ ശക്തമായി പ്രതിഷ്ഠിക്കണം. രണ്ടാം ക്ലാസിലെ പാഠപുസ്തകം തെറ്റാതെ വായിക്കാനറിയാത്ത പത്താം ക്ലാസുകാരന്റെ അപരാധമല്ല, ദൈന്യമാണ് എനിക്ക് പ്രശ്നം. ഏതു പരിഷ്കാരത്തിന്റെ പേരിലാണെങ്കിലും ഇതൊന്നും സംഭവിച്ചുകൂടാ. ഭാഷയാണ് സ്വാധികാരം. അര്‍ത്ഥമറിഞ്ഞ് ഉച്ചരിച്ച് അനുഭവിക്കുന്ന ഭാഷ ആഹ്ലാദമാവുന്നു. ഇതിന്റെ ഉത്തരവാദിത്തം അധ്യാപകന്റേതാണ്. മുന്നിലിരിക്കുന്നത് ആചാര്യതയുള്ള മനസുകളാണ്. കളിമണ്ണില്‍ നിന്ന് സുന്ദരരൂപമുണ്ടാക്കുന്ന കലാകാരനെപ്പോലെ ഈ മനസില്‍ നിന്ന് രൂപങ്ങള്‍ സൃഷ്ടിക്കണം. കുട്ടിയില്‍ പഠിക്കാത്തതിന്റെ വിനയവും നൈര്‍മ്മല്യവുമുണ്ട്. അധ്യാപകന്റെ ക്രിയാത്മകത അതിലേക്ക് കടന്നുചെല്ലണം. അപ്പോള്‍ ആശയങ്ങള്‍ കൊണ്ടും ഭാഷകൊണ്ടും ഭാവനകൊണ്ടും അത്ഭുതങ്ങള്‍ വിരിയും. അത് ആ കുഞ്ഞിന്റെ ജീവിതാവസാനം വരെ ആഹ്ലാദവും നേട്ടങ്ങളും നല്‍കും.
അധ്യാപകന് പഠിപ്പിക്കാവുന്നതിന് പരിമിതിയുണ്ട്. കൊടുക്കുന്ന അറിവല്ല എടുക്കുന്ന അറിവാണ് പ്രധാനം. ഈ അറിവ് കുട്ടിയുടെ നൈസര്‍ഗികതയുമായി ചേര്‍ന്ന് പുതിയ രൂപകങ്ങള്‍ സൃഷ്ടിക്കും. അപ്പോള്‍ ക്ലാസുമുറികള്‍ ശില്പശാലകളാവും. ഇതൊക്കെ ഗ്രാന്റ് ഡിസൈനുകളാണ്. പക്ഷെ അതാണ് നമ്മുടെ ലക്ഷ്യം, അതാവണം. സ്കൂള്‍ തുറക്കുമ്പോള്‍ നാം ഓര്‍ക്കേണ്ടത് ഇതൊക്കെയാണ്.
എന്റെ തലമുറയില്‍ ഉള്ളവര്‍ക്ക് ഇന്നത്തേതില്‍ നിന്നു വ്യത്യസ്തമായൊരു കുട്ടിക്കാലമുണ്ടായിരുന്നു. മഴ വന്ന് സ്കൂള്‍ തുറക്കാറായപ്പോള്‍ ഒരു ഉള്‍ഗ്രാമത്തിലെ ചെറിയ സ്കൂള്‍, മഴ, ചെളിനിറഞ്ഞവഴി, നനഞ്ഞ ട്രൗസര്‍ ഇതൊക്കെ ഓര്‍മ്മ വരുന്നു. ചെറിയ പാഠപുസ്തകങ്ങള്‍ പുതുതായി കിട്ടുമ്പോള്‍ തുറന്ന് മണക്കുന്നു. എന്തൊരു വാസനയാണ് പുതിയ പുസ്തകത്തിന്. ചിത്രങ്ങളും പാഠങ്ങളും കവിതകളുമായി മുന്നേറുമ്പോള്‍ ഓലമേഞ്ഞ കെട്ടിടവും ചോര്‍ച്ചയും വിശപ്പും ഒക്കെ മറക്കും.
മാഷ് നീട്ടിപ്പാടും; “ഈ വല്ലിയില്‍ നിന്നു ചെമ്മേ, പൂക്കള്‍ പോകുന്നിതാ പറന്നമ്മേ.” പൂമ്പാറ്റകളെ പൂക്കളായി കാണുന്ന ഭാവന. ആറേഴ് ദശകങ്ങള്‍ കഴിഞ്ഞിട്ടും ആ വരികളും അതുതന്ന ഭാവനകളും അങ്ങനെതന്നെ നില്‍ക്കുന്നു. അവരാരും ഇന്നില്ല. ഇതുപോലെ നാം ഇതൊക്കെ ചെയ്ത് കടന്നുപോയാലും കുട്ടികളിലൂടെ ജീവിക്കണം. നല്ല മലയാളം കവിതകള്‍ കുട്ടിക്കാലത്തേ പഠിക്കണം. അക്ഷരമാല എഴുതിയും ഉച്ചരിച്ചും പഠിക്കണം.
കുട്ടികളേ, സ്കൂള്‍ തുറക്കാറായി. സന്തോഷിച്ച് പഠിക്കാന്‍ പോകൂ. പഠിച്ച് നേടിവരൂ. അധ്യാപകരേ, അവരെ ആദരിച്ച് സ്നേഹിച്ച് ഏറ്റെടുക്കൂ. പഠനം കഴിഞ്ഞ്, കാലം കഴിഞ്ഞ്, അവര്‍ക്കിനിയും വരാന്‍ തോന്നണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.