16 April 2024, Tuesday

ശ്രീരാമവിലാസം നായര്‍ ഹോട്ടല്‍!

ദേവിക
വാതിൽപ്പഴുതിലൂടെ
January 22, 2024 4:15 am

പണ്ടുകാലം മുതലേ ശ്രീരാമനടക്കമുള്ള ദൈവങ്ങള്‍ വില്പനച്ചരക്കായിരുന്നു. ഏതാനും വര്‍ഷം മുമ്പുവരെ നമ്മുടെ നാട്ടിന്‍പുറങ്ങളിലെയും നഗരങ്ങളിലെയും സാധാരണ കാഴ്ചയായിരുന്നു ശ്രീരാമവിലാസം നായര്‍ ഹോട്ടല്‍ ആന്റ് ടീഷോപ്പുകളും ശ്രീധര്‍മ്മശാസ്താ വിലാസം നായര്‍ ശാപ്പാട് ഹോട്ടലുകളും. തൃശൂര്‍ നഗരത്തില്‍ ഇപ്പോഴുമുണ്ട് പ്രസിദ്ധമായ ശ്രീരാമവിലാസം ഹോട്ടല്‍. മതത്തിന്റെയും ദൈവത്തിന്റെയും പേരിലുള്ള വാണിജ്യതന്ത്രമായിരുന്നു അത്. ഇന്ന് മോഡിയുഗമാകട്ടെ ശ്രീരാമനെ വാണിജ്യവല്‍ക്കരിക്കുന്നതിനു പുറമേ രാഷ്ട്രീയവല്‍ക്കരിക്കുക കൂടി ചെയ്യുന്ന ദുരന്തകാലം കൂടിയാണ്. ഇന്നാണ് അയോധ്യയില്‍ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠാ കര്‍മ്മം. പക്ഷേ അതിനു മുമ്പ് തന്നെ ത്രേതായുഗകഥാപാത്രമായ ശ്രീരാമന്റെ പേരില്‍ തട്ടിപ്പുകളും വ്യാജവാണിജ്യ നീക്കങ്ങളും സജീവം. അയോധ്യയിലെ പ്രസാദം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്ന തട്ടിപ്പില്‍ കുടുങ്ങിയത് പതിനായിരങ്ങള്‍. ശ്രീരാമ ദര്‍ശനം ബുക്കുചെയ്യുന്ന ഓണ്‍ലൈനന്‍‍ തട്ടിപ്പ് വേറെ. ആഗോള ചില്ലറവില്പന കോര്‍പറേറ്ററായ ആമസോണ്‍ അയോധ്യയിലെ പ്രസാദമായി ലഡു വിറ്റഴിക്കുന്നു. പാവം ശ്രീരാമന്‍ അങ്ങനെ ലഡു കച്ചവടക്കാരനുമായി. തൃശൂരിലെ ഒരു ശ്രീരാമവിലാസം ഹോട്ടലില്‍ ബീഫ് ഫ്രൈയും ബീഫ് കറിയും ലഭ്യമാണ്!

ന്ന് പ്രാണപ്രതിഷ്ഠാ കര്‍മ്മം നടക്കുന്നത് ബാബറി പള്ളി പൊളിച്ച ഭൂമിയിലാണ്. മുസ്ലിങ്ങള്‍ അയോധ്യയില്‍ അധിനിവേശം നടത്തിയാണ് രാമജന്മഭൂമിയില്‍ പള്ളി പണിതതെന്നാണ് സംഘ്പരിവാര്‍ വാദം. പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിക്കുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി മോഡി തീവ്രവ്രതാനുഷ്ഠാനത്തിലാണ്. 11 ദിവസത്തെ വ്രതം. ഈ കാലയളവില്‍ നിരാഹാര വ്രതത്തിലാണത്രേ മേല്‍പ്പടിയാന്‍. ചായയും കാപ്പിയുമൊന്നും കഴിക്കില്ല. കരിക്കിന്‍വെള്ളവും കരിക്കും മാത്രം. പിന്നെ അരക്കിലോ ബദാം പാലില്‍ അരച്ചുകലക്കി മൂന്നുനേരം. നാലഞ്ചു പഴുത്ത പപ്പായ. അതായത് വ്രതകാലത്ത് 10 കിലോയോളം ഭക്ഷണപാനീയങ്ങള്‍. പേര് ഉണ്ണാവ്രതമെന്നും. നടുവേദന കലശലായതിനാല്‍ നിലത്തുകിടന്നുറങ്ങുന്നതും വ്രതത്തിന്റെ അക്കൗണ്ടില്‍! പ്രതിഷ്ഠ അനാവരണം ചെയ്യുന്നത് മോഡിയാണെങ്കിലും വൈദിക കര്‍മ്മങ്ങളെല്ലാം നടത്തുന്നത് സ്വയമ്പന്‍ ബ്രാഹ്മണന്മാര്‍. ആധുനിക ഭാരത ബ്രാഹ്മണിസമാണ് കൊടികുത്തി വാഴുന്നത്. വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിനിടെ നാം ചരിത്രം മറക്കരുത്. ചരിത്രത്തിലെ ഏറ്റവും വലിയ വിഗ്രഹഭഞ്ജകരും ക്ഷേത്രധ്വംസകരും ബ്രാഹ്മണരായിരുന്നു. ഗര്‍ഭിണിയായ ബില്‍ക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്യുകയും അവരുടെ പിഞ്ചുകുഞ്ഞിനെ നിലത്തടിച്ചു കൊല്ലുകയും ചെയ്ത പ്രതികളെല്ലാം ബ്രാഹ്മണരായിരുന്നു.

 

 


ഇതുകൂടി വായിക്കൂ; ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയും മോഡിയുടെ അയോധ്യാ പ്രതിഷ്ഠയും


ഭാരതീയമതങ്ങളെ ഉന്മൂലനം ചെയ്യുക എന്ന ദൗത്യം ഏറ്റെടുത്തത് ബ്രാഹ്മണ കിരാതന്മാരായിരുന്നുവെന്നും ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ബുദ്ധമതം പിറന്ന ഇന്ത്യയില്‍ ബുദ്ധമതഹത്യ നടത്തിയത് ബ്രാഹ്മണരായിരുന്നു. പതിനായിരക്കണക്കിന് ബുദ്ധവിഗ്രഹങ്ങളും ബുദ്ധവിഹാരങ്ങളുമാണ് ബിസി 200നും എഡി 200നുമിടയില്‍ ബ്രാഹ്മണ ഭരണകൂടങ്ങള്‍ തകര്‍ത്തെറിഞ്ഞത്. ബിസി 187ല്‍ പുഷ്യമിത്രസുംഗന്‍ എന്ന ബ്രാഹ്മണ രാജാവ് തുടങ്ങിവച്ച്, 16-ാം നൂറ്റാണ്ടുവരെ നീണ്ട ബുദ്ധമത ഉന്മൂലനത്തില്‍ ഓരോ ബുദ്ധഭിക്ഷുവിന്റെയും തലയ്ക്ക് നൂറു സ്വര്‍ണനാണയമാണ് ഇനാമായി നല്‍കിയത്. പാടലീപുത്രം മുതല്‍ സകാലം വരെയുള്ള സര്‍വ ബുദ്ധവിഹാരങ്ങളും ചുട്ടുചാമ്പലാക്കി. കശ്മീര്‍ ഭരിച്ച മഹിരകുലന്‍ എന്ന ബ്രാഹ്മണരാജാവ് മൂന്നു കോടിയോളം ബുദ്ധമതക്കാരെ കൊന്നൊടുക്കിയെന്നാണ് കല്‍ഹണന്റെ ‘രാജതരംഗിണി‘യില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. താനേശ്വരി ബുദ്ധരാജാവിനെ ശശാങ്കന്‍ എന്ന ബ്രാഹ്മണരാജാവ് വെട്ടിക്കൊന്നശേഷം രാജ്യം പിടിച്ചെടുത്ത് സാധുക്കളായ ബുദ്ധസന്യാസിമാരെ മൂച്ചൂടും കൊന്നൊടുക്കി. പാടലീപുത്രത്തിലെ പവിത്രമായ ബുദ്ധന്റെ കാലടികള്‍ പതിഞ്ഞ സ്തുതം ഇളക്കി ഗംഗയിലെറിഞ്ഞു. ബുദ്ധദേവന്‍ തപസനുഷ്ഠിച്ചിരുന്ന ബോധിവൃക്ഷം മുറിച്ചുമാറ്റി കത്തിച്ചു. ആ ബുദ്ധവിഹാരത്തില്‍ ശിവലിംഗം സ്ഥാപിച്ചു. ബാബറി പള്ളി പൊളിച്ചത് അധിനിവേശനിര്‍മ്മിതി ആയിരുന്നതുകൊണ്ടെന്നാണ് സംഘ്പരിവാര്‍ വാദം. എങ്കില്‍ ബ്രാഹ്മണര്‍ തകര്‍ത്ത ബുദ്ധവിഹാരങ്ങള്‍ അവര്‍ക്കു തിരിച്ചുകൊടുക്കുമോ? അയോധ്യയില്‍ രാമപ്രതിഷ്ഠ നടത്തുന്ന ബ്രാഹ്മണര്‍ തനിസാത്വികരാണ് പോലും!

പ്രസിദ്ധമായ എറണാകുളം മഹാരാജാസ് കോളജിലെ പ്രിന്‍സിപ്പല്‍ ജോയിയെ പട്ടാമ്പി കോളജിലേക്ക് നാടുകടത്തിയിരിക്കുന്നു. കോളജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം തടയാന്‍ കഴിഞ്ഞില്ലത്രേ. തടയാന്‍ ചെന്നാലോ റീത്തുവച്ച് പ്രതീകാത്മക സംസ്കാരം നടത്തും. എതിര്‍കക്ഷികള്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച് പ്രതീകാത്മകമായിത്തന്നെ നാടുകടത്തും. ഈ ചെകുത്താനും കടലിനുമിടയില്‍പ്പെടാത്ത ജോയിസാര്‍ പട്ടാമ്പിയിലേക്ക് വണ്ടി കയറുന്നു. നമ്മുടെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ മനസ് ക്രിമിനലിസത്തിലേക്ക് വഴുതിവീഴുന്നുവോ. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പിറക്കുന്നതിനു മുമ്പ് കേരള സര്‍വകലാശാലയുടെ വസന്തകാലം മുതലായിരുന്നു എസ്എഫ്ഐ അജയ്യശക്തിയായി വളര്‍ച്ച തുടങ്ങിയത്. അന്ന് യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാനായിരുന്നത് പ്രതിഭാസമ്പന്നനായ സുരേഷ് കുറുപ്പ്. പിന്നീട് എംപിയും എംഎല്‍എയുമൊക്കെയായി സുരേഷ്. യൂണിയന്‍ സെക്രട്ടറി രമേശ് പണിക്കര്‍ അതുല്യ ഗായകപ്രതിഭ. അന്ന് എസ്എഫ്ഐയുടെ സംഘടനാ പ്രവര്‍ത്തനം പഠിക്കുക, പോരാടുക സര്‍ഗവാസനകളെ ഊട്ടിവളര്‍ത്തുക എന്നായിരുന്നു.

ഴിഞ്ഞ ‍ ദിവസം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ പൂര്‍വവിദ്യാര്‍ത്ഥിസംഗമം ചേര്‍ന്നു. എഴുപതിനു മുകളില്‍ പ്രായമുള്ളവരായിരുന്നു സംഗമത്തില്‍ പങ്കെടുത്തവരില്‍ മഹാഭൂരിഭാഗവും. പതിനഞ്ചു വര്‍ഷത്തിനപ്പുറം കോളജില്‍ നിന്ന് പുറത്തുപോയവരില്‍ ഒരൊറ്റയെണ്ണത്തിനെ അവിടെയെങ്ങും കണ്ടില്ല. പങ്കെടുത്തവരില്‍ മിക്കവരും ഐഎഎസുകാരും ഐഎഫ്എസുകാരും രാഷ്ട്രീയ നേതാക്കളും ഡോക്ടര്‍മാരും ശാസ്ത്രജ്ഞന്മാരും ഉന്നത പദവികളിലിരുന്ന വിദ്യാഭ്യാസ വിചക്ഷണരും മാധ്യമപ്രവര്‍ത്തകരും മാത്രം. ഈ മേഖലകളിലെ മഹാരഥന്മാരെ സംഭാവന ചെയ്ത കോളജില്‍ നിന്ന് വര്‍ഷങ്ങളായി ഒരു ഐഎഎസുകാരനോ ശാസ്ത്രജ്ഞനോ ഉണ്ടാകുന്നില്ല. ഇന്ന് മഹത്തായ ഈ കലാലയ മുത്തശ്ശി കോപ്പിയടിക്കും മാര്‍ക്ക് തിരുത്തലിനും കുപ്രസിദ്ധമായി. കാലം എല്ലാറ്റിനെയും മാറ്റിമറിക്കും. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം എന്ന പ്രമാണം നമ്മുടെ കലാലയങ്ങള്‍ക്കു ബാധകമല്ലാത്തതാവുന്നോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.