18 December 2024, Wednesday
KSFE Galaxy Chits Banner 2

ഓര്‍മ്മകളില്‍ സുന്ദര്‍രാജ്

പി എ വാസുദേവൻ
കാഴ്ച
November 25, 2023 4:37 am

ചിലപ്പോള്‍ തോന്നാറുണ്ട്, നാമൊക്കെ നമുക്ക് തന്നെ യാതൊരു നിയന്ത്രണവുമില്ലാത്ത ഒഴുക്കിലാണെന്ന്. ചില സമയത്ത് അത് വല്ലാത്ത ദെെന്യവും മനസിലുണ്ടാക്കുന്നു. ചില വേര്‍പാടുകള്‍ വേണ്ടസമയത്ത് ഓര്‍ക്കാന്‍ സാധിച്ചില്ലല്ലോ, അവിടെച്ചെന്ന് യാത്ര പറയാന്‍ പറ്റിയില്ലല്ലോ എന്നൊക്കെ തോന്നാറുണ്ട്.
അങ്ങനെയൊന്നായിരുന്നു മേയ് 10ന് എസ് സി സുന്ദര്‍രാജ് എന്ന സുഹൃത്തിന്റെ മരണം. ഞാനന്ന് വിദേശത്തായിരുന്നു. വിവരമറിഞ്ഞ് ദുഃഖിച്ചു. ഇവിടെ തിരിച്ചെത്തിയപ്പോള്‍ ദുഃഖം കൂടുതലായത് സുന്ദര്‍രാജിനെ ആരും വേണ്ടത്ര ഓര്‍മ്മിച്ചില്ല എന്നറിഞ്ഞപ്പോഴാണ്. കാര്യമായി കണ്ട ഒരു സ്മരണ ലേബര്‍ ലെെഫില്‍ രാമകൃഷ്ണന്‍ എഴുതിയ കുറിപ്പായിരുന്നു.
സുന്ദര്‍ എന്നായിരുന്നു ഞാനദ്ദേഹത്തെ വിളിച്ചിരുന്നത്. 1991കളില്‍ നവലിബറല്‍ നയങ്ങളെ ശക്തമായി എതിര്‍ക്കാന്‍ കേരളം മുഴുവനും നടത്തിയ യാത്രകളില്‍ പ്രധാന പങ്കാളിത്തം വഹിച്ചിരുന്നത് എകെബിഇഎഫ് ആയിരുന്നു. അന്നത്തെ സംസ്ഥാനതല നേതാക്കള്‍ മുതല്‍ പ്രാദേശിക പ്രവര്‍ത്തകര്‍ വരെ ഒരു ഭഗീരഥ നിശ്ചയത്തില്‍ ഇതിനെതിരെ പൊരുതിയ കാലത്താണ് സുന്ദറുമായി കൂടുതല്‍ അടുക്കുന്നത്. ഈ കുറിപ്പ് ആ സുഹൃത്തിനെക്കുറിച്ചുള്ള എന്റെ ബന്ധങ്ങളിലേക്ക് മാത്രമായതിനാല്‍ മറ്റുപലതും തല്‍‌ക്കാലം മാറ്റിനിര്‍ത്താം. അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരിക, ആ ലളിതനായ മനുഷ്യന്റെ ചിരിയും പ്രസന്നതയുമാണ്. പിന്നെ ദുരത്തുനിന്നേ മാഷേ എന്ന് വിളിച്ചുകൊണ്ടുള്ള വരവും. സംഗതി പിടികിട്ടുന്നു, സുന്ദറിന് എന്തൊക്കെയോ ചിലത് ചെയ്യണമെന്നുണ്ട്. അതിന് പറ്റിയ ആശയവും പരിപാടികളും വേണം. ആദ്യം ഓര്‍മ്മവരുന്നത് ബഹുരാഷ്ട്ര കുത്തകകള്‍‍ വെള്ളം സ്വന്തമാക്കുന്നതിനെതിരെ ഒരു ക്യാമ്പയിന്‍. പരിപാടി മലമ്പുഴയിലാക്കാം. ‘സേവ് അവര്‍ വാട്ടര്‍’, ‘വാട്ടര്‍ ലിറ്ററസി’ തുടങ്ങിയ സന്ദേശങ്ങളുമായി എല്ലാവരും മലമ്പുഴയിലേക്ക്. ബാനറുകളും വാള്‍പോസ്റ്ററുകളും നിറഞ്ഞു. വന്‍ ജനശ്രദ്ധയാകര്‍ഷിച്ച പരിപാടിയായിരുന്നു അത്. സുന്ദറിന്റെ സഹപ്രവര്‍ത്തകരും വന്നുനിറഞ്ഞു. ബാങ്കുകളുടെ ഒറ്റപ്പെടലുകളില്‍ നിന്നു മാറി അവരൊക്കെ വെയിലത്തെത്തി. ഞങ്ങള്‍ ഡാമിലിറങ്ങി കുടത്തില്‍ വെള്ളം മുക്കി ജലസ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഊഹിക്കാനാവാത്ത ജനപങ്കാളിത്തമായിരുന്നു. ഇത്രയൊക്കെ നമുക്ക് സാധിക്കുമോ. അന്നത്തെ സുന്ദറിന്റെ ചിരി ഞാന്‍ മറക്കില്ല.

 


ഇതുകൂടി വായിക്കൂ; കൈകോർക്കാം കുട്ടികൾക്കായി


പിന്നെ ഒരുനിര പരിപാടികള്‍. ഏതാണ്ട് മൃതപ്രായമായിരുന്ന ‘ഐപ്‌സോ’ ഉണര്‍ന്നെണീറ്റു. ഹിരോഷിമ‑നാഗസാക്കി ദിനങ്ങള്‍, അച്യുതമേനോന്റെ വികസന സാക്ഷാത്ക്കാരങ്ങള്‍, കുട്ടികളുടെ ചിത്രരചനാ മേള തുടങ്ങി ഒരുനിര പരിപാടികള്‍. ചിലപ്പോഴൊക്കെ മറ്റ് ബാധ്യതകള്‍ കാരണം ഞാന്‍ ഒന്നുമാറി നിന്നാല്‍ സുന്ദര്‍ വരും. അദ്ദേഹത്തെ കാണുന്നതോടെ എന്റെ വെെമുഖ്യങ്ങളൊക്കെ മാറും. പിന്നെയും പഴയപടി രംഗത്തേക്ക്. ബാനര്‍, കൊടികള്‍, പ്ലക്കാര്‍ഡുകള്‍ എല്ലാം ഉണ്ടാക്കാന്‍ മുന്നില്‍ ഇദ്ദേഹമുണ്ടാവും. പറ്റിയ വാചകങ്ങളും പ്രയോഗങ്ങളും കൊടുക്കല്‍ മാത്രമാണ് എന്റെ പണി. അതിന്റെയൊക്കെ ആവേശം സുന്ദറും കൂട്ടരുമായിരുന്നു.
ഇതിനിടയില്‍ ബാങ്കുദ്യോഗസ്ഥ സംഘടനയുടെ സംഘാടകത്വം, പൊതുസമ്പര്‍ക്കങ്ങള്‍, തെരഞ്ഞെടുപ്പുകാലത്തെ സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒരുപാട് ഉത്തരവാദിത്തങ്ങള്‍. രാവിലെതന്നെ നൂറണിയില്‍ നിന്ന് ബസ് കയറിവരും. വെയിലായാലും മഴയായാലും നടത്തം തന്നെ. യോഗാചാര്യനും കൂടിയായിരുന്നു അദ്ദേഹം. ഒരു ക്രിസ്തുമസും പുതുവര്‍ഷവും ചേര്‍ന്ന് ‘ഐപ്‌സോ’ കോട്ടമെെതാനത്ത് ഒരു ബാലചിത്ര മത്സരം, പ്രസംഗം എന്നിവ നടത്തി. ഒരുപാട് കുട്ടികളും രക്ഷിതാക്കളും വന്നു. എന്തൊരാഘോഷമായിരുന്നു. വല്ലാത്തൊരു സംതൃപ്തി. അപ്പോഴൊക്കെ സുന്ദര്‍ പറയും ‘മാഷേ നാം കൂട്ടിയാല്‍ പലതും കൂടും. ചെയ്യാത്തതിന്റെ കുറവേയുള്ളു.’ സുന്ദര്‍ ചെയ്യാത്ത കാര്യം പറയാറില്ല. കടമ്മനിട്ടയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘തുപ്പല്‍ പുരളാത്ത വാക്കുകള്‍’ ഇല്ല. ഉള്ളില്‍ത്തട്ടാത്ത ചിരിയില്ല. ഹൃദ്യമല്ലാത്ത ഹസ്തദാനങ്ങളില്ല.
ഈ കുറിപ്പ് അപൂര്‍ണമാണ്. ഒരു ചെറിയ ഓര്‍മ്മ മാത്രം. ഒരു സുഹൃത്തിന്റെ ഓര്‍മ്മകള്‍ മാത്രം. താങ്കള്‍ എല്ലാവര്‍ക്കും ആരായിരുന്നു എന്ന് ഇപ്പോള്‍ അറിയുന്നു. ഇനിയും താങ്കളുടെ പ്രസ്ഥാനത്തിന്റെ കൂടെ ശക്തിയായി തുടരും, സുന്ദര്‍ വിട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.