
സംശയഗ്രസ്തമായി വിശ്വാസം ഉലഞ്ഞുപോയ മനസ് കള്ളക്കരച്ചിലിനൊപ്പം പാഞ്ഞുപോയി ആപത്തിൽ ചാടും. സീത അത്തരമൊരു കള്ളക്കരച്ചിലിന് പിന്നാലെപ്പോയി ആപത്തിൽ ചാടി. മായപ്പൊന്മാനായി സീതയെ ആകർഷിച്ച് ആഗ്രഹച്ചുഴിയിൽ ചാടിച്ച മഹാമായാവിയായ മാരീചൻ, രാമന്റെ അമ്പേറ്റ് പ്രാണൻ പോകുംമുമ്പേ ‘ഹേ സീതേ, ലക്ഷ്മണാ’ എന്നിങ്ങനെ രാമന്റെ ശബ്ദം അനുകരിച്ച് നിലവിളിച്ചു. അസലും അനുകരണവും തിരിച്ചറിയാനാകാതെ പോയ സീതാമാനസം മാരീചന്റെ കള്ളക്കരച്ചിലിനൊപ്പം പോയി ആപത്തിൽക്കുടുങ്ങി. പക്ഷേ രാവണന്റെ ബലിഷ്ഠകരങ്ങളിൽ അകപ്പെടുക എന്ന ആപത്ത് സംഭവിച്ചപ്പോൾ സീതയുടെ ഉള്ളുപിടച്ചിൽ അസൽ കരച്ചിലായി, ദീനരോദനമായി പുറത്തേക്ക് വന്നു. ഉള്ളിൽ നിന്ന് പുറപ്പെടുന്ന കരച്ചിൽ സംവേദനക്ഷമതയുള്ള ജീവികളുടെയെല്ലാം ഉള്ളിലേക്ക് ചെല്ലുകയും അതിന്റെ പ്രതികരണങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പ്രതികരണങ്ങൾ പലവിധത്തിലാവാം. ചില ജീവികൾ കരച്ചിൽ കേട്ടു ഭയക്കും. വേറെ ചിലവ കരച്ചിൽ പുറപ്പെടുന്നതെവിടെ നിന്നോ അവിടേക്ക് അന്വേഷണത്വരയോടെ ചെല്ലും. അപൂർവം ജീവികൾ ആപത്തിൽപ്പെട്ട ജീവിയെ അതിൽ നിന്ന് രക്ഷപ്പെടുത്താൻ തന്നാലാവുന്നത് ചെയ്യും. നായ, ആന, കുരങ്ങ്, കുതിര, കാള, പോത്ത്, ആട്, പക്ഷികൾ എന്നീ ജീവികൾ ആപത്തിൽപ്പെട്ട സഹജീവിയെ രക്ഷിക്കാൻ ശ്രമിക്കും.
സീതയുടെ ദീനരോദനം ജടായു എന്ന പക്ഷിയുടെ ഉള്ളുലച്ചു. ആ പക്ഷി സീതയെ രാവണബലം എന്ന ആപത്തിൽ നിന്ന് മോചിപ്പിക്കാൻ കൊക്കുകളും ചിറകുകളും കാൽനഖങ്ങളും ഉപയോഗിച്ച് പൊരുതി. ഈ ജടായു ആഖ്യാനം വാല്മീകി മഹർഷി ഒരു കോമിക് കുട്ടിക്കഥയുടെ അന്തരീക്ഷം ഉണ്ടാക്കാൻ ചമച്ചതല്ല. ജീവിവർഗങ്ങളുടെ കുടുംബമായ ഭൂമിയിൽ മനുഷ്യജീവിയുടെ ദുഃഖത്തിൽ ഇടപെടുവാൻ വേണ്ടുന്ന സംവേദന സിദ്ധി ഇതര മൃഗ — പക്ഷിജാലങ്ങൾക്കും ഉണ്ടെന്നും അവ ആകുംവിധം ഇടപെടുമെന്നും മനുഷ്യരും ഇതര മിണ്ടാപ്രാണികളുടെ ജീവിതത്തെ ദുഃഖകരമായി ബാധിക്കാവുന്ന പ്രശ്നങ്ങൾ ദൂരീകരിക്കാൻ ഇടപെടേണ്ടതുണ്ടെന്നുമുള്ള ജൈവ പാരസ്പര്യബോധം ഉണ്ടാക്കാൻ വേണ്ടിയാണ് ജടായുക്കഥ വാല്മീകി പറഞ്ഞിരിക്കുന്നതെന്ന് മനസിലാക്കാം.
രാവണനുനേരെ സീതയെ രക്ഷിക്കാൻ ചെല്ലും മുമ്പ് ജടായു, സ്വയം പരിചയപ്പെടുത്തി പറയുന്ന വാക്യങ്ങൾക്കൊടുവിൽ ഒരു സാരോപദേശമുണ്ട് (ആരണ്യകാണ്ഡം; സർഗം 50; ശ്ലോകങ്ങൾ 3–6). അതിങ്ങനെയാണ്; ‘കഥം രാജാ സ്ഥിതോ ധർമ്മേ പരദാരാൻ പരാമൃശേത് = ധർമ്മത്തിൽ ചരിക്കുന്ന ഒരു രാജാവിന് എങ്ങനെ അപരന്റെ ഭാര്യയെ തൊടാൻ കഴിയും’. ഇതിനർത്ഥം മറ്റുള്ളവരുടെ ഭാര്യയെ തൊടുക എന്നത് ധർമ്മവിരുദ്ധമാണെന്നാണ്. സീതാപഹരണത്തിലൂടെ ആ ധർമ്മം ലംഘിച്ചിരിക്കുന്ന രാവണൻ ധർമ്മവിരുദ്ധനാണ് എന്നും സൂചനയുണ്ട്. ധർമ്മവിരുദ്ധമായത് ആരു ചെയ്താലും അത് തെറ്റാണ്, അനീതിയും അതിക്രമവുമാണ്.
ഇക്കാലത്തും അനുവാദമില്ലാതെ സ്വഭാര്യയുടെ ശരീരത്തിൽ തൊടുന്നത് പോലും കുറ്റകൃത്യമാണല്ലോ. ഈ നിലയിൽ സീതാശരീരത്തിൽ അനുവാദമില്ലാതെ സ്പർശിച്ച രാവണൻ ചെയ്തത് ശിക്ഷാർഹമായ കുറ്റമാണെന്ന് പറയാൻ രാമവിരോധവും രാമായണവിരോധവും നമ്മളെ തടസപ്പെടുത്താതിരിക്കട്ടെ. വിവേകത്തെ നയിക്കേണ്ടത് വിശകലനങ്ങളും നിരീക്ഷണങ്ങളും നിഗമനങ്ങളുമാണ്; അല്ലാതെ വിരോധങ്ങളും ഇഷ്ടങ്ങളും തജ്ജന്യമായ വികാരങ്ങളും അല്ലെന്ന് നമ്മുടെ അക്കാദമിക പണ്ഡിതർ തിരിച്ചറിയേണ്ടതുണ്ട്. പോരിനുമുമ്പ് പൊരുളുകൾ നിറഞ്ഞ ഒരുപാട് ധർമ്മോപദേശങ്ങൾ നൽകി സീതാപഹരണത്തിൽ നിന്ന് രാവണനെ പിന്തിരിപ്പിക്കാൻ ജടായു ശ്രമിക്കുന്നുണ്ട്. അവയിൽ ചിലത് ഏതു രാഷ്ട്രീയ പാഠശാലയിലും പഠിപ്പിക്കുവാൻ തക്കവണ്ണം പ്രസക്തമാണ് എന്നതിനാൽ എടുത്തെഴുതുന്നു. ജടായു പറയുന്നു: ”അല്ലയോ പൗലസ്ത്യ നന്ദനാ, സജ്ജനങ്ങൾ ശാസ്ത്രത്തിൽ വിധിച്ചിട്ടില്ലാത്ത വഴിക്ക് കാമമോ അർത്ഥമോ നേടാൻ ശ്രമിക്കുകയില്ല. രാജാവിനെ നോക്കിയാണ് മറ്റുള്ളവർ ധർമ്മാചരണം ശീലിക്കുക. ധർമ്മത്തിനും കാമത്തിനും സമ്പത്തിനും എല്ലാം രാജാവാണ് നിദാനം. പുണ്യകർമ്മവും പാപകർമ്മവും എല്ലാം രാജാവിനെക്കൊണ്ട് ഉണ്ടാവുന്നു” (ആരണ്യകാണ്ഡം; സർഗം50; ശ്ലോകങ്ങൾ 9–10).
രാജാവ് എന്ന വാക്കിനു പകരം നേതാവ് എന്നാക്കിയാൽ ഈ ജടായു ഉപദേശം ഇക്കാലത്തെ നേതൃത്വശക്തികൾക്കും സ്വീകാര്യമാക്കാവുന്നതാണെന്നു കാണാം. നേതാക്കൾ തെറ്റ് ചെയ്യാത്തവരായാലേ അണികളും അനുഭാവികളും ജനങ്ങളും തെറ്റുകളിൽ നിന്ന് പിന്തിരിയുവാനുള്ള ജാഗ്രതയുള്ളവരാകൂ. നേതാക്കൾ രാവണന്മാരായാൽ ജനങ്ങളും അത് അനുകരിക്കും എന്നർത്ഥം. നേതാക്കൾ രാമന്മാരാകണം എന്നു പറയുന്നില്ല; പക്ഷേ തീർച്ചയായും രാവണന്മാരാകരുത്, ആയാൽ ലങ്കയെന്നപോലെ ഏതു നാടും മുടിയും.
ജടായു വീണ്ടും പറയുന്നു; ‘ഞാൻ വൃദ്ധനാണ്, താങ്കളാവട്ടെ യുവാവും അമ്പും വില്ലും വാളും രഥവും കവചവും ഒക്കെയുള്ളവനുമാണ്. എന്നാലും എന്റെ മുന്നിലൂടെ നീ എളുപ്പത്തിൽ സീതയെയും കൊണ്ട് പോവില്ല’. തെറ്റുചെയ്യുന്ന ശക്തി എത്ര ഭീമ — ഭീകര ബലമുള്ളതാണെങ്കിലും അതിനെ തന്നാലാവുംവിധം ചെറുക്കലാണ് ജീവധർമ്മം എന്നതാണ് ജടായുവിലൂടെ രാമായണം പകരുന്ന പാഠം എന്ന് ഇതില്‍ നിന്ന് മനസിലാക്കാം. ഇന്ത്യയിൽ എണ്ണത്തിലും ധനത്തിലും അധികാരത്തിലും ചെറുതായ ഇടതുപക്ഷം കാവി ഭീകര രാഷ്ട്രീയ രാവണബലത്തിനുമുന്നിൽ പാർലമെന്റിനകത്തും പുറത്തും ജടായുവിന്റെ വീര്യത്തോടെ പൊരുതാനുറച്ചു നിൽക്കുന്നതിൽ ഒരു സമകാലിക രാമായണ ചിത്രം വരഞ്ഞെടുക്കാം — അപഹരിക്കപ്പെട്ട സീത ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ നമ്മുടെ ഭരണഘടനയാണ്!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.