
സഹിക്കുന്നതിനും ഒരതിരുണ്ട് എന്ന് പറയേണ്ടി വരുന്ന പല സന്ദര്‍ഭങ്ങളും നമുക്ക് ഉണ്ടാവാറുണ്ട്. അങ്ങനെ ഒരു സന്ദര്‍ഭമാണ് കേരള ഗവര്‍ണറുമായി ബന്ധപ്പെട്ട് ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നത്. ജനുവരി മുതല്‍ ഗവര്‍ണര്‍ ആയി നിയമിതനായ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേരളത്തിന്റെ 23-ാമത് ഗവര്‍ണറാണ്. ഇതിനു മുമ്പിരുന്ന ആരിഫ് മുഹമ്മദ്ഖാന്‍ സംസ്ഥാന സര്‍ക്കാറുമായി പിണങ്ങുകയും ഇണങ്ങുകയും ചില സന്ദര്‍ഭങ്ങളില്‍ നിലവിട്ട് പെരുമാറുകയും ചെയ്തിട്ടുണ്ട്. റോഡരികിലെ കടത്തിണ്ണയില്‍ ഒരു കസേരയില്‍ പ്രതിഷേധസൂചകമായി ഇരുന്ന ആരിഫ് മുഹമ്മദ്ഖാന്‍ തികഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഭക്തനായിരുന്നു. ബിജെപിയുടെ ഒരു പ്രതിനിധിയെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. പക്ഷെ അദ്ദേഹം രാജ്ഭവനെ ആര്‍എസ്എസിന്റെ ആലയമാക്കിയിട്ടില്ല.
എന്നാല്‍ പുതിയ ഗവര്‍ണര്‍ അര്‍ലേക്കര്‍ രാജ്ഭവനെ സംഘ്പരിവാര്‍ ആസ്ഥാനമാക്കാന്‍ ശ്രമിക്കുകയാണ്. അദ്ദേഹം ”ഓപ്പറേഷന്‍ സിന്ദൂറിനെ”ക്കുറിച്ച് പ്രഭാഷണം നടത്താന്‍ ക്ഷണിച്ചത് ആര്‍എസ്എസ് സൈദ്ധാന്തികനായ എസ് ഗുരുമൂര്‍ത്തിയെയായിരുന്നു. മേയ് മാസം രാജ്ഭവനിലായിരുന്നു ഗുരുമൂര്‍ത്തിയുടെ പ്രഭാഷണം. പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കാന്‍ തീരുമാനിച്ചപ്പോള്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പര്‍ട്ടികളും പരസ്യമായി കേന്ദ്ര സര്‍ക്കാരിന് പിന്തുണ അറിയിച്ചുകൊണ്ട് ഒന്നിച്ച് അണിചേര്‍ന്നു. അഭിമാനകരമായ ആ സൈനിക പോരാട്ടം അവസാനിപ്പിച്ചതിനെ സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ചില അവകാശവാദങ്ങള്‍ നടത്തിയെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇന്ത്യന്‍ സര്‍ക്കാരിനൊപ്പം നിന്നു.
ഓപ്പറേഷന്‍ സിന്ദൂറില്‍ നേരിട്ടുബന്ധമുള്ള സൈനിക — സിവില്‍ വക്താക്കളാരെങ്കിലും സംസ്ഥാന അതിഥിയായി വന്നിരുന്നെങ്കില്‍ ആ പ്രഭാഷണത്തിന് പ്രസക്തി ഉണ്ടായിരുന്നു. ഒരു ആര്‍എസ്എസ് സൈദ്ധാന്തികനെ രാജ്ഭവനില്‍ കൊണ്ടുവന്ന് സംഘ്പരിവാറുകാര്‍ക്ക് വേദിയൊരുക്കിയ ഗവര്‍ണറുടെ നടപടി വ്യാപകമായ പ്രതിഷേധത്തിനിടയാക്കി.
സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ‘ലോക പരിസ്ഥിതി ദിനാ‘ഘോഷങ്ങളുടെ ഭാഗമായ സംസ്ഥാന പരിപാടി ജൂണ്‍ അഞ്ചിന് രാജ്ഭവനില്‍ വച്ചു നടത്താന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. കേരള ഗവര്‍ണറെ മുഖ്യാതിഥിയായി തീരുമാനിച്ച പരിപാടി കുറ്റമറ്റതായിരിക്കണമെന്നുള്ളതുകൊണ്ട് പരിപാടിയുടെ ഒരുക്കങ്ങള്‍ മുന്‍കൂട്ടി നോക്കിക്കാണാന്‍ ചെന്ന കൃഷി മന്ത്രിയുടെയും ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ദൃഷ്ടിയില്‍ സംസ്ഥാന സര്‍ക്കാര്‍ പരിപാടികളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ‘സ്ത്രീരൂപം’ കാണപ്പെട്ടു. അവര്‍ അത് അപ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റുകാരനായ കൃഷിമന്ത്രി പി പ്രസാദിനെ അറിയിച്ചു.
സര്‍ക്കാര്‍ ചടങ്ങില്‍ നിന്ന് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ആര്‍എസ്എസ് അവരുടെ പരിപാടികളില്‍ വയ്ക്കുന്ന കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം നീക്കം ചെയ്യണമെന്ന് കൃഷിമന്ത്രി അപ്പോള്‍ തന്നെ രാജ്ഭവന്‍ അധികൃതരോട് ആവശ്യപ്പെട്ടു. ചിത്രം നീക്കാന്‍ രാജ്ഭവന്‍ തയ്യാറാകാത്തതുകൊണ്ട് കൃഷിവകുപ്പിന്റെ പരിപാടി സെക്രട്ടേറിയേറ്റിലേക്ക് മാറ്റി ‘ലോക പരിസ്ഥിതിദിനം’ ആഘോഷിച്ചു.
ജൂണ്‍ മാസം ഭാരത് സ്‌കൗട്സ് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന വിദ്യാഭ്യാസവകുപ്പിന്റെ പൊതുപരിപാടി രാജ്ഭവനില്‍ വച്ച് നടക്കുമ്പോള്‍ സര്‍ക്കാര്‍ ചട്ടങ്ങളെ ലംഘിച്ചുകൊണ്ട് വീണ്ടും ‘കാവിക്കൊടിയേന്തിയ’ സ്ത്രീരൂപം ഭാരതാംബ എന്ന പേരില്‍ രാജ്ഭവന്‍ കൊണ്ടുവച്ചു. ചടങ്ങില്‍ പങ്കെടുത്ത വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത് വലിയ ചര്‍ച്ചാവിഷയമായി. രാജ്ഭവനെ ഒരു ആര്‍എസ്എസ് ശാഖയാക്കരുത് എന്ന് കേരള മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുകയുണ്ടായി. പക്ഷെ ഇതൊന്നും ഗവര്‍ണര്‍ അര്‍ലേക്കര്‍ കേട്ടതായിപ്പോലും ഭാവിക്കുന്നില്ല.
രാജ്യമെമ്പാടും ഓഗസ്റ്റ് 15ന് 79-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഒരുക്കത്തില്‍ നില്‍ക്കുമ്പോഴാണ് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ കൂടിയായ കേരള ഗവര്‍ണറുടെ, കേരളത്തിലെ സര്‍വകലാശാലകളോട് ഓഗസ്റ്റ് 14ന് ‘വിഭജനത്തിന്റെ ഭീതി ദിന’മായി ആചരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശം എത്തുന്നത്. ഓഗസ്റ്റ് 14 പാകിസ്ഥാന്‍ സ്വാതന്ത്ര്യദിനമാണ്. മുഹമ്മദ് അലി ജിന്ന ആദ്യ ഗവര്‍ണര്‍ ജനറലായും ലിയാത്ത് അലി ഖാന്‍ പ്രധാനമന്ത്രിയായും പിറവിയെടുത്ത പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനം.
ഗാന്ധിജി ശക്തമായി എതിര്‍ത്ത ‘ടു നേഷന്‍ തിയറി’ മുന്നോട്ടുവച്ചത് മുഹമ്മദ് അലി ജിന്നയാണെന്നും അതിന്റെ പുറകില്‍ ബ്രിട്ടനാണെന്നും അറിഞ്ഞുകൂടാത്തവരായി ആരുമുണ്ടാവില്ല. ഇവിടെ ഗവര്‍ണര്‍ അര്‍ലേക്കറിന്റെ ആഹ്വാനത്തിന്റെ പുറകിലുള്ളത് ‘നാഥുറാം വിനായക് ഗോഡ്‌സെ’ കൊണ്ടുനടന്നിരുന്ന ഒരു ഭ്രാന്തന്‍ ആശയമാണെന്നതും നമ്മള്‍ കാണണം. അഖണ്ഡഭാരതമെന്ന ഗോഡ്‌സെയുടെയും അന്നത്തെ ആര്‍എസ്എസിന്റെയും ആശയത്തില്‍ ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും മ്യാന്‍മറും അഫ്ഗാനിസ്ഥാനും ഭൂട്ടാനുമെല്ലാം ഉള്‍പ്പെടും.
മഹാഭാരതത്തിലെ ഗാന്ധാരം (ഗാന്ധാരിയുടെ നാട്) ആണല്ലോ ഇന്നത്തെ അഫ്ഗാനിസ്ഥാന്‍. ശ്രീബുദ്ധന്‍ ജനിച്ച ലുംബിനിയും കപിലവാസ്തുവും നേപ്പാളിലാണല്ലോ. ഇതെല്ലാം കൂടിച്ചേര്‍ന്ന അഖണ്ഡഭാരതത്തില്‍ മാത്രമേ തന്റെ ‘ചിതാഭസ്മം’ വിതറാന്‍ പാടുള്ളൂ എന്നാണ് ഗാന്ധി ഘാതകനായ ഗോഡ്‌സെ തന്റെ അനുയായികളോട് പറഞ്ഞിട്ടുള്ളത്. അതുകൊണ്ടാണ് ഗോഡ്‌സെയുടെ ചിതാഭസ്മം കൊണ്ടുകളയാതെ അവര്‍ സൂക്ഷിക്കുന്നത്.
ഇന്നുവരെ ഒരു ഗവര്‍ണറോ മറ്റേതെങ്കിലും ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന വ്യക്തിയോ ആഹ്വാനം ചെയ്യാത്ത ദേശവിരുദ്ധവും അയല്‍രാജ്യങ്ങളുമായി ബോധപൂര്‍വം ശത്രുതയുണ്ടാക്കുന്നതുമായ പ്രസ്താവനയാണ് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഇപ്പോള്‍ നടത്തിയിട്ടുള്ളത്. നയപരമായ ഒരു തീരുമാനവുമെടുക്കാന്‍ അധികാരമില്ലെന്നറിഞ്ഞുകൊണ്ട് സര്‍വകലാശാലകള്‍ക്ക് പുതിയ നിര്‍ദേശം നല്‍കിയതിലൂടെ അദ്ദേഹം, തന്റെ അധികാരപരിധി ലംഘിക്കുകയാണ് ചെയ്തിട്ടുള്ളത്. അദ്ദേഹത്തെ ഗവര്‍ണര്‍ പദവിയില്‍ നിന്നും തിരിച്ചു വിളിക്കുന്നതായിരിക്കും കേന്ദ്രത്തിനും നല്ലത്. എന്തായാലും ഈ ഗവര്‍ണര്‍ ഇനിയും ഇവിടെ വേണ്ട എന്നുപറയാന്‍ നാം തയ്യാറാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.