തക്കാളിയാണ് താരം. കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്നു, ചിലരെ കണ്ണു ചിമ്മിത്തുറക്കുന്നതിന് മുമ്പ് കോടീശ്വരന്മാരാക്കുന്നു. കള്ളന്മാര്‍ക്കുപോലും സ്വര്‍ണം വേണ്ട. തക്കാളി മതി! ഇതെന്തൊരു കാലം. മധ്യപ്രദേശിലെ ഷാഹ്ഡോളില്‍ ഭക്ഷണശാല നടത്തുന്നവരാണ് സഞ്ജീവ്-ആരതി ദമ്പതിമാര്‍. ശാന്തമായ കുടുംബം. ബ്രാഹ്മണരായതിനാല്‍ അതീവ വിനയാന്വിതര്‍. പക്ഷെ രണ്ട് തക്കാളി ഊഷ്മളമായ കുടുംബത്തെയാകെ പിടിച്ചുലച്ചു. സഞ്ജീവ് ആരതിയറിയാതെ കറിയില്‍ രണ്ട് തക്കാളിയിട്ടതായിരുന്നു പുകിലിനും പുക്കാറിനുമൊക്കെ കാരണം. പിന്നെ വഴക്കായി, തമ്മില്‍ത്തല്ലായി. ആരതി കെെക്കുഞ്ഞുമായി ഇറങ്ങിപ്പോയി. സഞ്ജീവ് പ്രിയതമയെയും കിടാവിനെയും തേടി നാടായ നാടൊക്കെ അലഞ്ഞു. ഒടുവില്‍ അയാള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. പൊലീസ് ആരതിയെയും കുഞ്ഞിനെയും ഒരു ബന്ധുവീട്ടില്‍ നിന്ന് കണ്ടെത്തി സ്റ്റേഷനില്‍ ഹാജരാക്കി. ഇനി ഭാര്യയറിയാതെ തക്കാളിയില്‍ തൊടില്ലെന്ന് സഞ്ജീവിനെക്കൊണ്ട് എഴുതിവയ്പിച്ചു. അരക്കിലോ തക്കാളി ദമ്പതികള്‍ക്ക് സമ്മാനമായി നല്‍കി പറഞ്ഞയച്ചുവെന്നാണ് വാര്‍ത്ത. മധ്യപ്രദേശിലെ തുക്കാറാം ഭാഗോഗി ഒരു ദരിദ്രകര്‍ഷകനാണ്. 18 ഏക്കര്‍ ഭൂമിയുണ്ട്. കൃഷിനാശംകൊണ്ട് പൊറുതിമുട്ടി.
ബാങ്കില്‍ നാലഞ്ച് ലക്ഷത്തിന്റെ കടബാധ്യത. ഭൂമിയും വീടും ജപ്തിഭീഷണിയില്‍. ഒടുവില്‍ രണ്ടും കല്പിച്ച് അയാള്‍ രണ്ടേക്കറില്‍ തക്കാളികൃഷിയിറക്കി. വിളവെടുപ്പോടെ ദരിദ്രവാസി തുക്കാറാം കോടീശ്വരനായി. 15 കോടി കീശയിലേക്ക് ഒഴുകിയെത്തി. തക്കാളിദേവത വര്‍ഷിക്കുന്ന ഒരു ഭാഗ്യമേ! കള്ളന്മാര്‍ക്കുപോലും പണവും പൊന്നുമൊന്നും വേണ്ട തക്കാളി മതിയെന്ന കവര്‍ച്ചാ റിപ്പോര്‍ട്ടുകളുടെ പ്രളയം. തക്കാളിക്കടകള്‍ക്ക് സായുധ ഗുണ്ടകള്‍ കാവല്‍ നില്‍ക്കുന്ന വിചിത്ര കാലം. കഥകളിതൊക്കെയാണെങ്കിലും തക്കാളിയില്ലാതെ മലയാളിക്ക് ജീവിക്കാനാവില്ലേ. അരനൂറ്റാണ്ട് മുമ്പ് മലയാളിയുടെ പച്ചക്കറിപ്പട്ടികയില്‍ തക്കാളിയും സവാളയും കാബേജും കോളിഫ്ലവറുമൊന്നുമില്ലായിരുന്നു. സവാള വരവറിയിച്ചപ്പോള്‍ പേര് ശീമ ഉള്ളിയെന്നായി. അജ്ഞാതനായിരുന്ന ടൊമാറ്റോയ്ക്ക് തക്കാളി എന്ന് മലയാളി പേരിട്ടു. കാബേജിനും കോളിഫ്ലവറിനും ഇന്നും അതേ ഇംഗ്ലീഷ് പേരുകള്‍. സവാളയും തക്കാളിയുമില്ലാതിരുന്ന കാലത്തെ സാമ്പാറിനും മട്ടന്‍കറിക്കും ഉപയോഗിച്ചിരുന്നത് ചെറിയ ഉള്ളി. അന്നത്തെ ആ സ്വാദ് സവാളയും തക്കാളിയും ചേര്‍ത്ത വിഭവങ്ങള്‍ക്ക് ഇല്ലേയില്ല. മലയാളിയുടെ പൊങ്ങച്ചത്തിന്റെ അടയാളങ്ങളാണ് സവാളയും തക്കാളിയും കാബേജും കോളിഫ്ലവറും. ഈ പൊങ്ങച്ചം കൊണ്ടല്ലേ തക്കാളിക്ഷാമത്തെക്കുറിച്ച് നാമൊക്കെ നിലത്തുകിടന്നു മോങ്ങുന്നത്.
ഇന്നലെ കര്‍ക്കടകവാവായിരുന്നു. വിശ്വാസികള്‍ പിതൃക്കളുടെ ഓര്‍മ്മപുതുക്കലായ ബലിതര്‍പ്പണം നടത്തുന്ന അമാവാസി ദിനം. അന്നവും പൂവും എള്ളും വസ്ത്രസങ്കല്പമായി നൂലും വിശുദ്ധിയുടെ ചിഹ്നമായി ദര്‍ഭമോതിരവുമണിഞ്ഞു നടത്തുന്ന ബലികര്‍മ്മം ഇപ്പോള്‍ കര്‍ക്കടകത്തിലെ അമാവാസി ദിനത്തില്‍ മാത്രമേ ആചരിക്കാറുള്ളു. എന്നാല്‍ ഈ ബലികര്‍മ്മത്തില്‍പ്പോലും ചാതുര്‍വര്‍ണ്യമുണ്ടെന്ന് എത്ര പേര്‍ക്കറിയാം. ബ്രാഹ്മണര്‍ വര്‍ഷത്തില്‍ നാല് അമാവാസികളില്‍ പിതൃതര്‍പ്പണം നടത്തണം. ക്ഷത്രിയന്‍ മൂന്നുപ്രാവശ്യം. വെെശ്യന്‍ രണ്ടുതവണ. ശൂദ്രന് ഒരുതവണ മാത്രമേ ബലിതര്‍പ്പണത്തിന് അവകാശമുള്ളു. അതല്ല ഇവിടെ വിഷയം. പുണ്യദിനങ്ങളെ നാം കച്ചവടവല്‍ക്കരിച്ചിരിക്കുന്നു. ഏതാനും വര്‍ഷം കൊണ്ട് വന്ന മാറ്റം. വാവിന്‍ തലേന്ന് നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും അനൗണ്‍സ്‌മെന്റ് വാഹനങ്ങളുടെ പ്രളയമായിരുന്നു. തങ്ങളുടെ ക്ഷേത്രങ്ങളില്‍ മഹാതന്ത്രിമാരുടെ കാര്‍മ്മികത്വത്തില്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ ആചാരപ്പൊലിമയോടെ നടക്കുന്നുവെന്ന് തൊണ്ടപൊട്ടുമാറ് ഉച്ചത്തില്‍ വിളംബരം. ബലിതര്‍പ്പണത്തിനുശേഷം മുങ്ങിക്കുളിക്കണമെന്നാണ് ആചാരം. പക്ഷേ ഈ മിക്ക ഗ്രാമക്ഷേത്രങ്ങളിലും ചെറുകുളം പോലുമില്ല. അമ്പലത്തില്‍ ഒരു കുഞ്ഞന്‍ ടാങ്കില്‍ ജലം നിറച്ച് അതില്‍ അല്പം തീര്‍ത്ഥമൊഴിക്കും. ടാങ്കിലെ ഈ വെള്ളം തൊട്ട് ശിരസില്‍ തളിച്ചാല്‍ ബലിതര്‍പ്പണ സ്നാനമാവുമെന്ന് അമ്പലകമ്മിറ്റികള്‍ പ്രഖ്യാപിക്കുന്നു! ബലിയര്‍പ്പിക്കുന്നയാള്‍ വിരലില്‍ ദര്‍ഭകൊണ്ട് മോതിരവളയമിടണമെന്നാണ് ആചാരം. ദര്‍ഭ കിട്ടിയില്ലെങ്കില്‍ കുചപ്പുല്ല്, അതുമില്ലെങ്കില്‍ നറുങ്ങണപ്പുല്ല്, അതുമില്ലെങ്കില്‍ വെെക്കോല്‍ മോതിരം. ‘ദര്‍ഭ കുചേ, നറുങ്ങണേ, മുട്ടിയപക്ഷം വെെക്കോലേ’ എന്ന ചൊല്ലുപോലെ സമുദ്രസ്നാനത്തിനും നദീസ്നാനത്തിനും കുളത്തിലെ കുളിക്കും കഴിഞ്ഞില്ലെങ്കില്‍ കുഞ്ഞന്‍ കോണ്‍ക്രീറ്റ് ടാങ്കിലെ വെള്ളത്തുള്ളികള്‍ തലയില്‍ നനയ്ക്കാം. സമ്പത്തിന്റെ ഒരംശം ദാനം ചെയ്യാനുള്ള ദിവസമായ അക്ഷയതൃതീയ മുതലാളിമാര്‍ സ്വര്‍ണവില്പനയ്ക്കുള്ള പുണ്യദിനമായി മാറ്റിയെടുത്ത പോലുള്ള ബിസിനസ് തന്ത്രം പിതൃസ്മരണയ്ക്കുള്ള ദിനത്തിലും കച്ചവടമായി അരങ്ങേറുന്ന കാലം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.