
ചണ്ഡീഗഢില്‍ വച്ച് സെപ്റ്റംബര്‍ 21 മുതല്‍ 25വരെ നടക്കുന്ന സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ ഘടകസമ്മേളനങ്ങള്‍ പൂര്‍ത്തിയായിവരുന്നു. സിപിഐയുടെ കേരള സംസ്ഥാന സമ്മേളനം സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 12 വരെ ആലപ്പുഴ വച്ച് നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഇതിനകം പൂര്‍ത്തിയായി. പുന്നപ്ര വയലാര്‍ സമരത്തിന്റെയും കര്‍ഷകത്തൊഴിലാളികളും തൊഴിലാളികളും കര്‍ഷകരും നടത്തിയ ശക്തമായ ഇടപെടലുകളുടെയും ഭാഗമായി ഉയര്‍ന്നുവന്നതാണ് ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷം നടക്കുന്ന സന്ദര്‍ഭത്തിലാണ് ആലപ്പുഴ സംസ്ഥാന സമ്മേളനം നടക്കുന്നത്. കഴിഞ്ഞ നിരവധി ദിവസങ്ങളായി ആലപ്പുഴ പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചുവരുന്നത്. ആയിരക്കണക്കിന് ജനങ്ങളാണ് ഉത്സാഹപൂര്‍വം ഓരോന്നിലും പങ്കെടുക്കുന്നത്. കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, തൊഴിലാളി — കര്‍ഷക – കര്‍ഷകത്തൊഴിലാളി ജനവിഭാഗങ്ങള്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, സാംസ്കാരിക – കലാ — സാഹിത്യരംഗത്തുള്ളവര്‍ എല്ലാം കൂട്ടത്തോടെ വന്നെത്തി പരിപാടികളില്‍ പങ്കാളികളാകുകയായിരുന്നു. ദളിത് വിഭാഗങ്ങളും അടിസ്ഥാന ജനവിഭാഗങ്ങളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ആ മേഖലയിലെ പ്രഗത്ഭര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ രാജ്യംതന്നെ ശ്രദ്ധിച്ചു. സമകാലിക – രാഷ്ട്രീയ – സാമൂഹ്യപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും സമൂഹത്തില്‍ ചര്‍ച്ചയാക്കുന്നതിനും അനുബന്ധ പരിപാടികളിലൂടെ സ്വാഗതസംഘത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റിക്കും ഇതിനകം തന്നെ കഴിഞ്ഞു.
സമ്മേളന വിജയത്തിനായി സംസ്ഥാനത്തുടനീളം പ്രചരണങ്ങള്‍ ഇതിനകംതന്നെ പൂര്‍ത്തിയായിട്ടുണ്ട്. സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള രക്തപതാക സിപിഐയുടെ പ്രമുഖ നേതാവായ കെ പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ കയ്യൂരില്‍ നിന്നാണ് കൊണ്ടുവന്നത്. ബാനറുമായി കേരള മഹിളാസംഘം നേതാവ് പി വസന്തത്തിന്റെ നേതൃത്വത്തിലുള്ള ജാഥ പാളയത്തുനിന്നാണ് തുടങ്ങിയത്. നഗരിയില്‍ പതാക ഉയര്‍ത്താനുള്ള കൊടിമരം ശൂരനാട്ട് നിന്നും കിസാന്‍സഭ നേതാവ് കെ വി വസന്തകുമാറിന്റെ നേതൃത്വത്തില്‍ എത്തിച്ചു. ഇന്നലെ വൈകുന്നേരം സ. പി കെ മേദിനിച്ചേച്ചി പൊതുസമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. അതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമായി. പ്രതിനിധി സമ്മേളന നഗരിയില്‍ സ്ഥാപിക്കാനുള്ള ദീപശിഖ വയലാറില്‍ നിന്നും എഐവൈഎഫ് നേതാവ് എന്‍ അരുണിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 10ന് രാവിലെ എത്തിച്ചേരും. പ്രമുഖ നേതാവായ കെ ആര്‍ ചന്ദ്രമോഹന്‍ പ്രതിനിധി സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. അതോടെ പ്രതിനിധി സമ്മേളന നടപടികള്‍ ആരംഭിക്കും. ജനറല്‍ സെക്രട്ടറി ഡി രാജയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
രാജ്യത്ത് നിരവധി സംഭവങ്ങള്‍ അനുദിനം ഉണ്ടാകുന്ന സന്ദര്‍ഭത്തിലാണ് സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസും സംസ്ഥാന സമ്മേളനവും നടക്കുന്നത്. നരേന്ദ്രമോഡി മൂന്നാമതും അധികാരത്തില്‍ വന്നതോടെ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയരംഗത്ത് ആര്‍എസ്എസ് അജണ്ട സമയബന്ധിതമായി നടപ്പിലാക്കുന്നതാണ് കാണുന്നത്. പൗരാവകാശങ്ങള്‍ ഇല്ലാതാക്കി ഏകാധിപത്യരാജ് നടപ്പിലാക്കുകയാണ്. ലോകത്തിന് മാതൃകയായ ഇന്ത്യന്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുന്നു. ഭരണഘടനയില്‍ സോഷ്യലിസം എന്ന പദം നീക്കം ചെയ്യണമെന്ന് സംഘ്പരിവാര്‍ സംഘടനകളും നേതാക്കളും ഇതിനകംതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനങ്ങള്‍ ഇല്ലാതാക്കാനും ഇന്ത്യന്‍ ജുഡീഷ്യറിയെയും നിയമനിര്‍മ്മാണ സഭകളെയും പാവകളാക്കി മാറ്റുന്നതുമാണ് കാണുന്നത്. സുപ്രീം കോടതിയില്‍ പുതിയ ജഡ്ജിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നിയമവിദഗ്ധര്‍ തന്നെ വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചു. തങ്ങളുടെ ഇഷ്ടപ്പെട്ടവരെ പരമോന്നത കോടതിയില്‍ പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നടപടികള്‍. വിവിധ കോടതികളില്‍ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ നിയമനത്തില്‍ ഗവണ്‍മെന്റ് നേരിട്ട് ഇടപെടുന്നത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യം തടസപ്പെടുത്തുകയാണ്. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ കല്‍ത്തുറുങ്കിലാക്കുന്നു. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നു. നിരവധി പത്രപ്രവര്‍ത്തകര്‍ ജയിലിലാണ്. പലരുടെയും പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി. വിദ്യാഭ്യാസ, പഠനഗവേഷണ സ്ഥാപനങ്ങള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍, പുരാവസ്തുവകുപ്പ്, ശാസ്ത്രമേഖല തുടങ്ങി എല്ലാ തലങ്ങളിലും കടന്നുകയറി രാജ്യചരിത്രത്തെ വക്രീകരിക്കുന്നു. പുതിയ തലമുറയെ സംഘ്പരിവാറിന്റെ അജണ്ടയ്ക്കനുസരിച്ച് രൂപപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്‍പ്പെടെ ഇടപെടുന്നു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യുകയും ഇഷ്ടമുള്ളവരെ ഉള്‍പ്പെടുത്തുകയും ചെയ്യുകയാണ്. ബിഹാര്‍ ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നിന്നും പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അതാണ് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷനെ ഗവണ്‍മെന്റിന്റെ പാവയാക്കി ഇതിനകം മാറ്റി. ജനാധിപത്യത്തിനും പരമാധികാരത്തിനുമെതിരായി ഉയര്‍ന്നുവന്ന വെല്ലുവിളികളാണിത്. മോഡി ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന സന്ദര്‍ഭത്തില്‍, തന്നെ പുതുച്ചേരിയില്‍ നടന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് രാജ്യത്തെ ഭരണമാറ്റം സംബന്ധമായ മുന്നറിയിപ്പ് നല്‍കിയതാണ്.
ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായി രാജ്യത്തെ ഇടതുപക്ഷ — ജനാധിപത്യ — മതേതര പ്രസ്ഥാനങ്ങള്‍ യോജിച്ച് മുന്നോട്ടുവരണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ട്. ചണ്ഡീഗഢില്‍ നടക്കുന്ന 25-ാം പാര്‍ട്ടി കോണ്‍ഗ്രസും രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തും. പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യാനുള്ള കരട് രാഷ്ട്രീയ പ്രമേയം പാര്‍ട്ടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ പാര്‍ട്ടി ഘടകങ്ങള്‍ ഇതിനകം തന്നെ കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ചചെയ്തുതുടങ്ങി.
സംസ്ഥാന സമ്മേളനം സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹ്യരംഗത്തെ വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ചചെയ്യും. സംസ്ഥാന കൗണ്‍സില്‍ വിശദമായി ചര്‍ച്ചചെയ്ത രാഷ്ട്രീയ പ്രമേയവും സംഘടനാ റിപ്പോര്‍ട്ടുമാണ് സംസ്ഥാന സമ്മേളനം വിശദമായി പരിശോധിക്കുന്ന പ്രധാന രേഖകള്‍. പാര്‍ട്ടിയുടെ തുടര്‍ പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്യും.
കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യ‑ഇടതുപക്ഷ ബോധം നവോത്ഥാന പ്രസ്ഥാനത്തെ തുടര്‍ന്ന് വളര്‍ന്നുവന്നതാണ്. ശ്രീനാരായണ ഗുരു, അയ്യന്‍കാളി, ചട്ടമ്പി സ്വാമികള്‍, വക്കം മൗലവി, പൊയ്കയില്‍ യോഹന്നാന്‍ എന്നിവര്‍ ഉള്‍പ്പെടെ മഹാരഥന്മാര്‍ ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും കേരള സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവന്നു. എന്നാല്‍ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, ജാതി ചോദിക്കരുത്, പറയരുത് എന്ന് ഉദ്ഘോഷിച്ച ശ്രീനാരായണ ഗുരുവിനെ ജാതിയുടെ പ്രതീകമായി മാറ്റാനുള്ള ശ്രമം നടക്കുന്നു. നവോത്ഥാന പ്രസ്ഥാനത്തെ തുടര്‍ന്ന് ഉയര്‍ന്നുവന്ന പുതിയ ബോധത്തെ തുടര്‍ന്നാണ് ശക്തമായ ജനാധിപത്യ – ഇടതുബോധം കേരള സമൂഹത്തില്‍ രൂപപ്പെട്ടത്. തുടര്‍ന്നാണ് കേരളത്തില്‍ അതിശക്തമായ കമ്മ്യണിസ്റ്റ് പാര്‍ട്ടിയും വര്‍ഗ‑ബഹുജന സംഘടനകളും ജനകീയ ഇടപെടല്‍ നടത്തുന്ന കെപിഎസി ഉള്‍പ്പെടെയുള്ള കലാ-സാംസ്കാരിക പ്രസ്ഥാനങ്ങളും ഉയര്‍ന്നുവന്നത്. സംസ്ഥാനത്തെ ജനങ്ങളില്‍ അതിശക്തമായ ജനാധിപത്യ – ഇടതുപക്ഷ ബോധത്തെ ദുര്‍ബലപ്പെടുത്തിയാല്‍ മാത്രമേ തങ്ങള്‍ക്ക് വളരുവാന്‍ കഴിയുകയുള്ളൂ എന്ന് വര്‍ഗീയ ശക്തികള്‍ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. സ്ത്രീകളിലും കുട്ടികളിലും വര്‍ഗീയചിന്ത വളര്‍ത്തുകയാണ്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് സംഘ്പരിവാര്‍ പ്രചാരവേല നടത്തുന്നു.
ഹിന്ദുത്വ ഫാസിസ്റ്റ്ശക്തികളും ന്യൂനപക്ഷ വര്‍ഗീയ സംഘടനകളും സംസ്ഥാനത്തെ ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന വര്‍ഗീയ ശക്തികളും സജീവമാണ്. ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ, ക്രിസ്തുമത വിശ്വാസികളില്‍ വര്‍ഗീയ വിഷം കുത്തിവയ്ക്കുന്ന കാസയും സംസ്ഥാനത്തെ ജനങ്ങളുടെ പൊതുബോധം ദുര്‍ബലപ്പെടുത്തുവാന്‍ ശ്രമം നടത്തുന്നു. ഇവരുടെയെല്ലാം ലക്ഷ്യം ജനങ്ങളുടെ ശക്തമായ ഇടതുപക്ഷ ജനാധിപത്യ ബോധം ദുര്‍ബലപ്പെടുത്തുക എന്നതാണ്. അതിനെതിരായി പ്രതിരോധം ഉയര്‍ത്തേണ്ടത് ഈ കാലഘട്ടത്തില്‍ ഇടതുപക്ഷത്തിന്റെ പ്രധാന കടമയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആ കടമ നിര്‍വഹിക്കുന്നതിന് മുന്‍പന്തിയില്‍ ഉണ്ടാകും. എല്‍ഡിഎഫ് ഗവണ്‍മെന്റിനെ ദുര്‍ബലപ്പെടുത്തുവാനുള്ള നീക്കവും ശക്തമാണ്. കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും ഒരുമിച്ചാണ് ആ നീക്കങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്ന കേന്ദ്ര ഗവണ്‍മെന്റിനെതിരായി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷവും ശബ്ദം ഉയര്‍ത്തുന്നില്ല. ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നതിന് ബിജെപിയോട് ചേര്‍ന്നുനില്‍ക്കുന്നു. കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി ജനങ്ങളില്‍ അതൃപ്തി സൃഷ്ടിച്ച് രാഷ്ട്രീയ ലക്ഷ്യം നേടാനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്. ചൂരല്‍മലയിലും വിലങ്ങാട്ടും പ്രകൃതിദുരന്തമുണ്ടായി. ചൂരല്‍മലയില്‍ നിരവധി ആളുകള്‍ മണ്ണിനടിയിലായി ജീവന്‍ നഷ്ടപ്പെട്ടു. വന്‍നഷ്ടമുണ്ടായി. സംസ്ഥാനത്തെ സഹായിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറായില്ല.
കേന്ദ്ര ഗവണ്‍മെന്റും കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും വര്‍ഗീയ ശക്തികളും കേരളാ ഗവണ്‍മെന്റിനെതിരായി നീക്കങ്ങള്‍ നടത്തുകയാണ്. അത്തരം രാഷ്ട്രീയ സാഹചര്യത്തിലാണ് സിപിഐ സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ വച്ച് നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.