5 December 2025, Friday

കളവിതയ്ക്കുന്ന വേണുഗോപാൽമാരും തീച്ചട്ടി തലയിലേന്തുന്ന വർക്കിമാരും

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
October 17, 2025 4:59 am

പാപങ്ങൾ ചെയ്യുമ്പോൾ കൊടിയ പാപങ്ങൾ ചെയ്യണം. തെറ്റുകൾ ചെയ്യുമ്പോൾ പിഴവില്ലാതെ കടുത്ത തെറ്റുകൾ ചെയ്യണം. ഒപ്പം കുശലം പറഞ്ഞു നടക്കുന്നവനെ പാലം വലിച്ചു താഴെയിടുമ്പോൾ ശ്വാസത്തിന്റെ കണികപോലും ശേഷിക്കാതെ വെള്ളത്തിൽ മുക്കിതാഴ്ത്തണം. പിന്നിൽ നിന്നു കുത്തുമ്പോൾ പിന്നീടൊരിക്കലും നിവരാനാകാത്ത വിധം വീഴ്ത്തണം. എന്നിട്ടും മതിവരുന്നില്ലെങ്കിൽ മുന്നിൽ നിന്നും കുത്തണം. സാക്ഷാൽ കെ കരുണാകരന്റെ പിന്നിൽ നിന്നുള്ള കുത്തേൽക്കലിന്റെയും മതിവരാഞ്ഞ് മുന്നിൽ നിന്നേറ്റ കുത്തിമലർത്തലിന്റെ കദനഭാരവും അദ്ദേഹം പങ്കുവച്ചത് ഓർമ്മ വരുന്നില്ലേ. സ്വന്തം ശിഷ്യഗണങ്ങൾ നൽകിയ വിസ്മരിക്കാനാവാത്ത അമൂല്യമായ ഗുരുദക്ഷിണ പിൽക്കാലത്ത് കരുണാകരനെ തെല്ലൊന്നുമല്ല ശരപഞ്ജരത്തിൽ കിടത്തിയത്. ബാങ്ക് ജോലി വാഗ്ദാനം ചെയ്തു കൈക്കൂലി വാങ്ങാൻ നേതാവിനെ ഇടനിലക്കാരാക്കുക, ജോലി നൽകാതെ ബന്ധുവിന് നൽകി, ഇടനിലക്കാരനാകാൻ വിധിക്കപ്പെട്ട നേതാവിനെ കൊണ്ട് ബാങ്ക് ലോണെടുപ്പിച്ച്, കടക്കെണിയിൽപ്പെടുത്തി ജീവിതപ്രതിസന്ധി നേരിടുന്ന മകനെ കൊന്ന് ആത്മാഹൂതി ചെയ്യിപ്പിക്കുമ്പോൾ സമശീതോഷ്ണ കാറിൽ പുഷ്പചക്രവുമായി പുഞ്ചിരിയുമായി വന്നിറങ്ങുമ്പോൾ മനസ് ചഞ്ചലമാകരുത് എന്ന് വിശ്വസിക്കുന്നവർ ഈ വിധം നിരവധി സഹപ്രവർത്തകർ ആത്മാഹൂതി ചെയ്യുമ്പോൾ ആരും കാണാതെ ചിരിക്കുകയും ഏവരും കാണെ കണ്ണുനീർ തുടയ്ക്കുകയും വേണം. സ്വന്തം സഹപ്രവർത്തകനെ ജയിലിലടയ്ക്കുവാൻ രാത്രിയുടെ മറവിൽ വാറ്റുചാരായവും വാറ്റുപകരണങ്ങളും കഞ്ചാവും മയക്കുമരുന്നും കൊണ്ടുവച്ച് പൊലീസിനെ അറിയിച്ച് ആനന്ദതുന്തിലിതരാകണം. ഇതാണ് വർത്തമാനകാല കോൺഗ്രസ്. 

ഒടുവിലത്തെ ഇര യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും ചാനൽ മുറികളിലെയും പത്രസമ്മേളന ഹാളിലെയും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതികരണശബ്ദത്തിന്റെ പ്രതീകവുമായി നിറഞ്ഞുനിന്ന അബിൻ വർക്കിയാണ്. ആരെയും കൊതിപ്പിക്കുന്ന മാങ്കൂട്ടങ്ങളെയും മാങ്കൂട്ടങ്ങൾ പൂത്തുതളിർക്കുവാൻ വളക്കൂറുള്ള മണ്ണൊരുക്കുന്ന പറമ്പിലുകളെയും നവമാധ്യമ ലോകത്ത് മാദകകേളികളുടെയും രതിവിസ്മയങ്ങളുടെയും നീചവഴികൾ വെട്ടുന്നവരെയും പോലും ന്യായീകരിക്കുവാൻ കണ്ഠവും നാവും സമർപ്പിച്ച അബിൻ വർക്കിക്ക് പ്രത്യുപകാരം നൽകാൻ ഷാഫി പറമ്പിൽമാരും മാങ്കൂട്ടക്കാരും മറന്നില്ല. എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയായി ഇന്ത്യയിൽ കോൺഗ്രസിനെയും ബഹുജനസംഘടനകളെയും പെരുവഴിയിലാക്കിയ, കേരള മുഖ്യമന്ത്രിയാവുകയെന്ന ഒരിക്കലും സാക്ഷാത്ക്കരിക്കപ്പെടാത്ത കിനാവിനാൽ മതിഭ്രമം ബാധിച്ച കെ സി വേണുഗോപാലിന്റെ പിന്തുണയോടെ, ആജ്ഞയോടെ യൂത്ത് കോൺഗ്രസ് ദേശീയാധ്യക്ഷൻ ഉദയ്ഭാനു ചിബ് എണ്ണിതിട്ടപ്പെടുത്താനാവാത്ത ദേശീയ സെക്രട്ടറിമാരിൽ ഒരാളാക്കി അർബിൻ വർക്കിക്ക് സ്ഥാനക്കയറ്റം നൽകി.
തെരഞ്ഞെടുപ്പ് എന്ന പ്രഹസന നാടകത്തിലൂടെ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കി. ‘സദ്സ്വഭാവും’ ‘സദാചാരവൃത്തി‘യിലെ അഗ്രഗണ്യതയുംകൊണ്ട് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് അയാളെ നീക്കം ചെയ്തതായും കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്ന് ഒഴിവാക്കിയതായുമുള്ള ഹാസ്യനാടകം അരങ്ങേറി. നടപടിയെടുത്തുവെന്ന് പറഞ്ഞ കോൺഗ്രസുകാരും യൂത്ത് കോൺഗ്രസുകാരും രാഹുൽ മാങ്കൂട്ടത്തിലിനായുള്ള വാഴ്ത്തൽ മൂർച്ഛിപ്പിക്കുകയും സംരക്ഷണ കവചമൊരുക്കുകയും ചെയ്ത് ‘സദാചാരസദ്സ്വഭാവ’ മാതൃകാപുരുഷൻമാരായി. പുറത്താക്കണമെന്നും എംഎൽഎ സ്ഥാനം രാജിവയ്പിക്കണമെന്നും പറഞ്ഞ ഉമാതോമസ് എംഎൽഎയ്ക്കും ഷാനിമോൾ ഉസ്മാനും സമൂഹമാധ്യമങ്ങളിലൂടെ തെറിയഭിഷേകത്തിന്റെ പൂമാലകൾ ചാർത്തി. 

വ്യാജ ഐഡന്റിറ്റി കാർഡു വഴി സ്ഥാനത്തെത്തിയ, ഒരാൾ പുറത്തായപ്പോൾ തെരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ അബിൻ വർക്കി അധ്യക്ഷനാകുമെന്ന് പ്രതീക്ഷിച്ചതിൽ അത്ഭുതമില്ല. പക്ഷേ അബിൻ വർക്കി ഐ ഗ്രൂപ്പുകാരനും രമേശ് ചെന്നിത്തലയുടെ വിശ്വസ്തനുമായതുകൊണ്ട് ദേശീയ ജനറൽ സെക്രട്ടറി പദം പോലും കിട്ടിയില്ല. വലുതിലും വലുതായ സെക്രട്ടറി സ്ഥാനം കിട്ടി. തെരഞ്ഞെടുപ്പിൽ ഏറ്റവും പിന്നിലെത്തിയ ഒ ജെ ജനീഷ് സംസ്ഥാന അധ്യക്ഷനായി. അധികമാരും കേട്ടിട്ടൊന്നുമില്ലെങ്കിലും കെ സി വേണുഗോപാലിനോട് അടിമത്ത്വമനോഭാവം പുലർത്തുന്നതുകൊണ്ടും സാമ്പത്തിക തട്ടിപ്പ് എന്ന കോൺഗ്രസിന്റെ അവിഭാജ്യയോഗ്യതകൊണ്ടും അയാൾ അധ്യക്ഷനായി. ദേശീയതലത്തിൽ പ്രവർത്തിക്കാൻ ആഗ്രഹമില്ലെന്നും കേരളത്തിൽ തുടർന്നും പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നുവെന്നും അബിൻ വർക്കി അപേക്ഷിച്ചപ്പോൾ കെ സി വേണുഗോപാൽ ദാസ്യംകൊണ്ട് കെപിസിസി പ്രസിഡന്റായ സണ്ണി ജോസഫിന്റെ പ്രതികരണത്തിലെ പരിഹാസ്യത തന്നെ കോൺഗ്രസിന്റെ തനിനിറം വ്യക്തമാക്കുന്നു;- ‘അബിൻ വർക്കിക്ക് കേരളത്തിലിരുന്നുകൊണ്ടു രാജ്യം മുഴുവൻ പ്രവർത്തിക്കാം’ വല്ലാത്ത ജാലവിദ്യ തന്നെ. പുതിയ യൂത്ത് കോൺഗ്രസ് ഭാരവാഹികളെക്കുറിച്ച് ചോദിച്ചപ്പോൾ ‘നല്ല ടീമാണ്’ എന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണം പരിഹാസമായിരുന്നുവോ? എന്തായാലും വി ഡി സതീശന്റെ മുഖം അങ്ങേയറ്റം വിവർണമായിരുന്നു. എ ഗ്രൂപ്പുകാരൻ കെ എം അഭിജിത്തിനും കിട്ടി സെക്രട്ടറിമാരുടെ വമ്പൻ പട്ടികയിൽ ഒരിടം. തങ്ങളുടെ കൈവശമുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷപദം കാക്കകൊത്തി കൊണ്ടുപോവുന്നതുപോലെ വേണുവിന്റെ പുത്തൻ കൂറ്റ് ഗ്രൂപ്പുകാർ തട്ടിയെടുത്തതിലെ സങ്കടക്കടലിലാണ് അവശിഷ്ട എ ഗ്രൂപ്പുകാർ. പുത്തൻ കാവ് മാത്തൻ തരകന്റെ ‘ബൈബിൾ കഥകൾ’ പുളിച്ച മാവിനെയും കളവിതയ്ക്കുന്നതിനെയും കടുകുമണിയെയും കുറിച്ച് 18-ാം അധ്യായമായ ‘ഗലീല’യിൽ ഇങ്ങനെ എഴുതുന്നൂ; ‘പുതിയ നിയമം’ ആണെന്നത് ശ്രദ്ധിക്കേണമേ പഴയ നിയമമല്ല.
-‘സ്വർഗരാജ്യം ഒരുത്തൻ തന്റെ നിലത്തിൽ വിതച്ച നല്ല വിത്തിനോടു തുല്യമാകുന്നൂ. ഉടമസ്ഥൻ വിത്തിട്ടതിനുശേഷം ആ നിലത്തിലേക്കു പോയില്ല. കിടന്നുറങ്ങി നേരം തള്ളിവിട്ടു. നല്ല വിത്തു വിതച്ച ദിവസം തന്നെ അയാളുടെ ശത്രു ആ നിലത്തിൽ കളയും വിതച്ചു-
ഗോതമ്പും കളയും ഒരു പോലെ വളർന്നപ്പോൾ ദാസൻമാർ യജമാനനെ അറിയിച്ചൂ. കളകൾ പറിച്ചുകളയട്ടെ, ഗോതമ്പുമണികൾ മാത്രം സൂക്ഷിക്കാം. ബുദ്ധിമാനായ യജമാനൻ പറഞ്ഞത് കളകൾ പറിച്ചാൽ ഗോതമ്പും പോകും. ആയതിനാൽ ഒരുമിച്ചു പറിക്കാം, ഗോതമ്പുമണികൾ തന്റെ പത്തായപുരയിൽ സൂക്ഷിക്കാം. കെ സി വേണുഗോപാല്‍ എല്ലാം കളകളായി മാത്രം വളർത്തുന്നൂ — താൻ മാത്രമാണ് ഗോതമ്പുമണിയെന്ന് കരുതുന്നൂ. സതീശൻമാരും ചെന്നിത്തലമാരും കൊടിക്കുന്നിൽ സുരേഷുമാരും പറിച്ചെറിയേണ്ട കളകൾ മാത്രം. 

ഗ്രൂപ്പ് രഹിത കോൺഗ്രസെന്നാൽ ഗ്രൂപ്പ് മദിക്കുന്ന കോൺഗ്രസെന്ന് മാലോകർ തിരിച്ചറിഞ്ഞു കൊള്ളണം. രമേശ് ചെന്നിത്തല യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷനായിരിക്കുമ്പോൾ കണ്ണൂരിലും പയ്യന്നൂരിലും കെഎസ്‌യു പട്ടം പറത്തികളിച്ചിരുന്ന കെ സി വേണുഗോപാൽ ഹൈക്കമാൻഡ് എന്ന ലോകമാൻഡിലെ അതികായനാ‌യി അതിവേഗം വളർന്നപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ ശിക്ഷയായി ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാനം തെറിപ്പിച്ചു. ലോക് സഭയിൽ 20ൽ 19 സീറ്റിലും വിജയിപ്പിച്ച കാലത്ത് ഒരു നല്ല വാക്ക് പറയാത്തവർ നിയമസഭയിൽ തോറ്റപ്പോൾ തക്കം പാർത്തിരുന്ന് കുത്തി മലർത്തിയതിനെകുറിച്ച് ‘ഫാദർ ലെസ് ജോബ്’ എന്ന് മുല്ലപ്പള്ളി ക്രോധം കൊണ്ടു. രമേശ് ചെന്നിത്തല മുഖം വീർപ്പിച്ച് മിണ്ടാട്ടമില്ലാതെ നടന്നു.
രണ്ടു ഗ്രൂപ്പിൽ നിന്ന് ഗ്രൂപ്പ് രഹിതർ നയിക്കുന്ന ഗ്രൂപ്പുകളുടെ പ്രളയ പ്രവാഹമുണ്ടായി. കെ സി ഗ്രൂപ്പ്, സതീശൻ ഗ്രൂപ്പ്, സുധാകരൻ ഗ്രൂപ്പ്, കെ മുരളീധരൻ ഗ്രൂപ്പ്, ഷാഫി പറമ്പിൽ ഗ്രൂപ്പ്, അവശിഷ്ട എ‑ഐ ഗ്രൂപ്പുകൾ, ഗ്രൂപ്പില്ലാത്തവരുടെ ഗ്രൂപ്പ് (വി എം സുധീരൻ, മുല്ലപ്പള്ളി) എന്നിങ്ങനെ അറിയുന്നതും അറിയപ്പെടാത്തതുമായ ഗ്രൂപ്പുകൾ. പണ്ടേ ദുർബല പിന്നെ ഗർഭിണിയും എന്ന നിലയിൽ ചിന്നിച്ചിതറിയ ഭൂതഗണ സംഘങ്ങളുടെ കരാളഹസ്തങ്ങളിൽ ഞെരിഞ്ഞമരുകയാണ് കോൺഗ്രസ്.
“ഇനിയും മറെറാരുപമ ഞാൻ പറയാം. സ്വർഗരാജ്യം പുളിച്ച മാവിനോടു സദൃശമാണു്. അതു് ഒരു സ്ത്രീയെടുത്തു് മൂന്നുപറ മാവിനോടു ചേർത്തു് എല്ലാം പുളിച്ചുവരുവോളം ഒരു പാത്രത്തിൽ കേടുതട്ടാതെ സൂക്ഷിച്ചു. അടുത്തദിവസം മാവെല്ലാം പുളിച്ചുപൊങ്ങി പാത്രം കവിഞ്ഞു. നിങ്ങൾക്കു ഞാൻ പറയുന്നതെല്ലാം മനസ്സിലായെന്നു വരികയില്ല. വിത്തിനേയും കളയേയും പറ്റി ഞാൻ പറഞ്ഞതിന്റെ അർത്ഥമിതാണ്. നല്ല വിത്തുവിതച്ചവൻ മനുഷ്യപുത്രനാണു്. വയൽ ഈ ഭൂതലമാണു്. നല്ല വിത്തെന്നു പറഞ്ഞതു ദൈവരാജ്യത്തിന്റെ മക്കളെ ഉദ്ദേശിച്ചാണു്. കള ദുഷ്ടന്മാരായ മക്കൾ. അതു വിതച്ചതു സാത്താൻ’.
നല്ല വിത്തു വിതയ്ക്കാൻ കോൺഗ്രസിൽ മനുഷ്യപുത്രൻമാരില്ല കളയെന്ന് ദുഷ്ടമക്കളും അത് വിതയ്ക്കാൻ സാത്താൻമാരും മാത്രം.
ഗോതമ്പും കളയും കൊയ്തെടുക്കുന്നതു ദൈവത്തിന്റെ ദൂതന്മാരാണു്. കാലമാകുമ്പോൾ മനുഷ്യപുത്രൻ ഭൂലോകമാകുന്ന ഈ നിലത്തിൽ കൊയ്ത നടത്തുവാൻ തന്റെ ദൂതന്മാരെ അയയ്ക്കും. കളകൂട്ടി തീയിലിട്ടു ചുടുന്നതുപോലെ ദൈവത്തിന്റെ ദൂതന്മാർ അധർമ്മം പ്രവർത്തിക്കുന്ന എല്ലാവരേയും ഒരുമിച്ചു കൂട്ടിച്ചേർത്തു തീച്ചുളയിലിട്ടു ചുട്ടുകളയും. അവിടെ കരച്ചിലും പല്ലുകടിയുമുണ്ടാകും. അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ. അധർമ്മം പ്രവർത്തിക്കുന്ന തീച്ചുളയിലേക്ക് പോകേണ്ടിവരുന്ന കൂട്ടരുടെ സംഘമായ കോൺഗ്രസിൽ ചെവിയുള്ളവർ വേണ്ടേ എന്നതാണ് കാതലായ ചോദ്യം.
കെപിസിസി അധ്യക്ഷൻ ക്രൈസ്തവൻ, കെ­എസ്‌­യു അധ്യക്ഷൻ ക്രൈസ്തവൻ, മഹിളാ കോൺഗ്രസ് അധ്യക്ഷ ഇസ്ലാം, അപ്പോൾ യൂത്ത് കോൺഗ്രസിൽ ക്രൈസ്തവർ പാടില്ലത്രേ. നെഹ്രുവിന്റെ കോൺഗ്രസിലെ മതേതരത്വം ഉച്ചസ്ഥായിയിലേക്ക് വളരുകയാണ്! കോൺഗ്രസും യൂത്ത് കോൺഗ്രസും ഈ വിധം പൂത്തുലയുമ്പോൾ കരിഞ്ഞുണങ്ങിയ കുറേ പാവം ഖദർധാരികൾ മൂകസാക്ഷികളായി നിലകൊള്ളാൻ വിധിക്കപ്പെട്ടിരിക്കുന്നൂ. ഹോ! ഇതെന്തൊരുപതനം! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.