11 January 2026, Sunday

സത്യപാഠം തമസ്‌കരിക്കുന്ന വിദ്യ’യഭ്യാസങ്ങള്‍’

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
November 1, 2025 4:39 am

വിദ്യാഭ്യാസത്തിന് രാഷ്ട്രീയമുണ്ട്, മാനവികതയുണ്ട്. പരിഷ്‌കൃത സമൂഹത്തെ സൃഷ്ടിക്കുന്നതിലും വളര്‍ത്തുന്നതിലും വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് അതുല്യവും വിപുലവും വിശാലവുമാണ്. ചിരപുരാതന സമൂഹത്തിലെ ജനതയുടെ ‘വിദ്യാഭ്യാസം’ എന്നതിനെ നാം നിരക്ഷരതയുടെ കളങ്ങളില്‍ വച്ച് നിര്‍വചിക്കും. എന്നാല്‍ അത് പൂര്‍ണമായി ശരിയല്ലെന്ന് ചരിത്രരേഖകള്‍ പറയും. ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും വേദങ്ങളുടെയും ഉപനിഷത്തുകളുടെയും പിറവി സൈന്ധവ നദീതട സംസ്കാരത്തിന്റെ പിറവിക്കുശേഷം എത്രയോ കഴിഞ്ഞാണെന്ന് കാലഗണനപ്രകാരം ചരിത്രപണ്ഡിതന്‍മാര്‍ വിലയിരുത്തിയിട്ടുണ്ട്. ഗ്രീക്ക് സാഹിത്യവും ബൈബിളും ഖുറാനുമൊക്കെ ജന്മമെടുത്തതും അങ്ങനെ തന്നെയാവണം. അവയില്‍ ചിലതെല്ലാം വാമൊഴിയായി വന്ന് പില്‍ക്കാലത്ത് വരമൊഴിയായി രൂപാന്തരപ്പെട്ടതുമാകും. നമ്മുടെ താളിയോലകള്‍ അക്ഷരപാരായണത്തിന്റെ മറ്റൊരു ചരിത്രം മുന്നോട്ടുവയ്ക്കുന്നു. അവയിലൊക്കെയും രാഷ്ട്രീയമുണ്ട്. ധര്‍മ്മാധര്‍മ്മങ്ങളുടെ, നീതിബോധത്തിന്റെ, അനീതിയുടെ കെടുതികളുടെ, ജീവിതോല്‍ക്കേര്‍ഷേച്ഛയുടെ, ജീവിത താളഭ്രംശത്തിന്റെ, മൃതിതാണ്ഡവത്തിന്റെ, ശാന്തി അശാന്തികളുടെ സചേതനമായ രാഷ്ട്രീയം. 1900 ജനുവരി നാലിന് അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രഭാഷണത്തില്‍ ഈവിധം പറയുന്നു; ”നിങ്ങള്‍ അഹങ്കാരികളല്ലെങ്കില്‍ ദൈവതുല്യരാണ്. നമ്മള്‍ നമ്മളില്‍ തന്നെ ജാഗരൂരാകണം. അത്രയുമാണ് നമുക്ക് ചെയ്യാനുള്ളത്”. ‘കര്‍മ്മവും കര്‍മ്മ രഹസ്യവും’ എന്ന ശീര്‍ഷകത്തില്‍ ഈ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം ‘വിവേകാനന്ദ സമ്പൂര്‍ണ കൃതി‘കളില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. നമ്മള്‍ അഹങ്കാരികളാകാതിരിക്കണമെങ്കില്‍, ദൈവതുല്യരാകണമെങ്കില്‍ (ദൈവം എന്നത് നന്മയുടെ സ്വരൂപം, അവനവനില്‍ത്തന്നെ ദൈവം എന്നീ അര്‍ത്ഥതലങ്ങളെ വ്യാഖ്യാനിക്കുന്നവരുണ്ട്). നാം നമ്മളില്‍ തന്നെ സൃഷ്ടിക്കേണ്ട ജാഗരൂകതയുടെ ഉപാധികളില്‍ മുഖ്യം വിദ്യാഭ്യാസമാണ്. 

ഇന്ന് വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകള്‍ ഒന്നൊന്നായി വിവേകാനന്ദന്‍ പിറന്ന മണ്ണില്‍ അരങ്ങേറ്റുന്നവര്‍ ദൈവത്തിന്റെ പേര് പറഞ്ഞ് അഹങ്കാരികളാവുന്നു. കര്‍മ്മത്തെ പ്രസ്ഫുടമാക്കാതെ മലീമസമാക്കുന്നു. കര്‍മ്മം ജാതി — മത — വര്‍ണ — വംശ വിദ്വേഷത്തിനുള്ളതാക്കുന്നു. അതിനായി ‘ചെറുപ്പത്തിലേ പിടികൂടുക’ എന്ന അജണ്ടയുമായി വിദ്യാഭ്യാസത്തെ തങ്ങളുടെ നീചകര്‍മ്മത്തിനായുള്ള ഹേതുവും ഉപാധിയുമാക്കുന്നു. വിദ്യാഭ്യാസത്തില്‍ ഉള്‍ച്ചേര്‍ക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് വിഷത്താല്‍ സ്വച്ഛവും ശുദ്ധവുമായ ലോകത്തെ അസാധ്യമാക്കുകയും ഛിന്നഭിന്നമാക്കുകയും ചെയ്യുന്നു. സ്വയം പഠിക്കാതെ, അവനവനെ തിരിച്ചറിയാതെ സദാസമയം അന്യരെ നിരീക്ഷിച്ച് ഉന്മൂലനം ചെയ്യാന്‍ ഹീനപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. ഫാസിസ്റ്റ് അജണ്ടകള്‍ മസ്തിഷ്‌ക പ്രക്ഷാളനം വഴി നടപ്പാക്കി പുതുതലമുറയെയും രക്ഷിതാക്കളെയും വെറുപ്പിന്റെ ഇരുണ്ട ഇടങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു. വിദ്യാഭ്യാസത്തില്‍ നന്മയുടെ വെളിച്ചവും സംസ്കാരത്തിന്റെ ശോഭയും നവോത്ഥാനത്തിന്റെ കാന്തിയും നവോന്മേഷത്തിന്റെ പകര്‍ന്നുനല്‍കലും പുതുഗവേഷണ ജ്ഞാനവും സൈദ്ധാന്തിക അടിത്തറയും രാഷ്ട്രീയ നേര്‍വഴികളും അന്യമാകുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യബോധവും ഉള്‍ക്കാഴ്ചയും നഷ്ടമാവുകയും അരാഷ്ട്രീയതയും അച്ചടക്കമില്ലായ്മയും ഇരച്ചുകയറി മലീമസമാക്കുമെന്നും ജനതയെ പിന്നോട്ടുനയിക്കുമെന്നും ചരിത്രം ഓര്‍മ്മപ്പെടുത്തുന്നു. മതാന്ധതയുടെയും അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും അസത്യചരിത്രപാഠങ്ങളുടെയും ജാത്യാധിപത്യത്തിന്റെയും പ്രതിഷ്ഠാവല്‍ക്കരണത്തിന്റെയും ഭാഗമായി ആസൂത്രിതവും കുത്സിതവുമായ തിരുത്തിയെഴുത്തലുകളുടെയും ഉപകരണമായി അധ്യയന സമ്പ്രദായത്തെയും വിദ്യാഭ്യാസ പ്രക്രിയെയും പരിവര്‍ത്തനം ചെയ്യുന്നു. അങ്ങനെ അരാഷ്ട്രീയവല്‍ക്കരണത്തിന്റെയും വര്‍ഗീയ ഫാസിസവല്‍ക്കരണത്തിന്റെയും ഇടങ്ങളായി നമ്മുടെ പാഠശാലകളും കറുത്ത അധ്യായങ്ങളായി പാഠപുസ്തകങ്ങളും മാറുന്നു.

മനുഷ്യകേന്ദ്രീകൃതവും സ്വത്വസ്വാതന്ത്ര്യ ബോധത്തിലധിഷ്ഠിതവുമായ ചരിത്രപരവും സാംസ്കാരികവുമായ ഒരു ഇടപെടലായി വിദ്യാഭ്യാസത്തെ നിര്‍വചിച്ച, പാരമ്പര്യ നിര്‍വചനങ്ങളെ തിരുത്തിയെഴുതിയ പൗലോ ഫ്രെയര്‍ ‘വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം’ എന്ന ഗ്രന്ഥത്തില്‍, മികച്ച പാഠ്യപദ്ധതിയില്‍ പഠിതാവ് സത്യത്തെ സമഗ്രമായി കാണുന്നുവെന്നും പിന്തിരിപ്പന്‍ പാഠ്യപദ്ധതിയില്‍ പഠിതാവ് സ്വയം വളരുകയോ സ്വന്തം യാഥാര്‍ത്ഥ്യത്തെക്കുറിച്ച് തെളിഞ്ഞ വീക്ഷണം വികസിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും ഏക കേന്ദ്ര വീക്ഷണത്തിന് അമിതോപയോഗം നല്‍കുന്നുവെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത്തരക്കാര്‍ മരം മാത്രം കാണുകയും കാട് കാണാതിരിക്കുകയും ചെയ്യുന്നുവെന്നും നിരീക്ഷിക്കുന്നു. വിദ്യാഭ്യാസത്തില്‍ മതമലിനീകരണ പാഠങ്ങള്‍ കുത്തിനിറയ്ക്കപ്പെടുകയും മതനിരപേക്ഷതയുടെ ചരിത്രപാഠങ്ങളെ അപ്രത്യക്ഷമാക്കുകയും ചെയ്യുന്ന ഇരുണ്ട വര്‍ത്തമാന കാലത്തെ ഭരണകൂടങ്ങളും അവയുടെ ആജ്ഞാനുവര്‍ത്തികളായ ‘വിദ്യാഭ്യാസ വിചക്ഷണ’ വേഷധാരികളും പഠിതാവിനെ സ്വയം വളരുവാനോ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള തെളിഞ്ഞ വീക്ഷിണം വികസിപ്പിക്കുവാനോ അനുവദിക്കുന്നില്ല. മറിച്ച് മനസിനെ മുരടിപ്പിക്കുകയും ഇരുട്ടുനിറഞ്ഞ വീക്ഷണമുറികളില്‍ തളച്ചിടുകയും ചെയ്യുന്നു. സ്വാര്‍ത്ഥ താല്പര്യങ്ങളുടെ പാപഫലങ്ങളുള്ള മരത്തെമാത്രം കാണിക്കുകയും മൂല്യഫലങ്ങള്‍ നിറഞ്ഞ മരങ്ങള്‍ തിങ്ങിയ കാടുകളെ മറച്ചുപിടിക്കുകയും ചെയ്യുന്നു.

നവീനമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആവിഷ്‌കാരത്തിനായി എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പൗലോ ഫ്രെയര്‍ വിദ്യാഭ്യാസത്തിലെ നവീകരണത്തെയും വിപ്ലവ പാര്‍ട്ടികളെയും കുറിച്ച് പറയുന്നിതങ്ങനെ; ”മര്‍ദിത വര്‍ഗങ്ങളെ ബോധപൂര്‍വം സംഘടിപ്പിക്കുന്ന യത്‌നത്തിലേര്‍പ്പെട്ടിരിക്കുന്ന ഏതു വിപ്ലവപാര്‍ട്ടിയുടെയും മൗലിക ധര്‍മ്മങ്ങളിലൊന്നാണിത്. സ്വയം വര്‍ഗം എന്നതിനപ്പുറം അവര്‍ ‘തന്റെ വര്‍ഗം’ എന്ന നിലയിലെത്തുന്നു. വിപ്ലവ പാര്‍ട്ടിയും മര്‍ദിത വര്‍ഗങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍, ചരിത്രബോധമുള്ള ഒരു വശവും ശൂന്യബോധത്തോടുകൂടിയ മറ്റൊരു വശവും തമ്മിലുള്ള ബന്ധങ്ങള്‍പോലെയല്ല എന്നത് ഇതിന്റെ ഒരടിസ്ഥാന കാര്യമാണ്. അങ്ങനെയാകുമ്പോള്‍ വിപ്ലവപാര്‍ട്ടിയുടെ ധര്‍മ്മം അടിയാള വര്‍ഗങ്ങള്‍ക്ക് ബോധം പകര്‍ന്നുനല്‍കുക എന്നതാണ്. ഇത് അവരുടെ വര്‍ഗ ബോധത്തെ ഊട്ടിവളര്‍ത്തുന്നതുമായിരിക്കണം. യഥാര്‍ത്ഥത്തില്‍ അടിയാള വര്‍ഗങ്ങള്‍ ശൂന്യബോധത്തോടുകൂടിയവരോ അവരുടെ ബോധം ഒഴിഞ്ഞപാത്രമോ അല്ല. ഭരണവര്‍ഗങ്ങളുടെ മിത്തുകളാല്‍ വളച്ചെടുക്കപ്പെട്ട സ്വന്തമല്ലാത്ത ഒരു ബോധമാണ് അവര്‍ക്കുള്ളത്. അതുകൊണ്ടാണ് അത് നവീകരണ പ്രവണമാകുന്നത്. വലിയ ഒരളവുവരെ അവരുടെ പ്രതീക്ഷകള്‍ ഭരണവര്‍ഗ പ്രത്യയശാസ്ത്രത്തിന്റെ നുഴഞ്ഞു കയറ്റത്താല്‍ കലര്‍പ്പുള്ളതും അതിനാല്‍ യഥാര്‍ത്ഥത്തില്‍ തനതല്ലാത്തതുമാണ്. ഈ പ്രതീക്ഷകള്‍ വൈവിധ്യപൂര്‍ണങ്ങളായ സാമൂഹിക തന്ത്രങ്ങളാല്‍ അടിച്ചേല്പിക്കപ്പെട്ടവയാണ്. ഇതെല്ലാം വിപ്ലവ പാര്‍ട്ടികള്‍ക്ക് വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു; ചോദ്യം ചെയ്യാനാവാത്ത തരത്തിലുള്ള ബോധനശാസ്ത്രധര്‍മ്മം നിര്‍വഹിക്കാനാവശ്യപ്പെടുന്നു. പഠനമെന്നത് ആശയങ്ങളുടെ വിഴുങ്ങലല്ല, അവയുടെ സൃഷ്ടിയും പുനഃസൃഷ്ടിയുമാണെന്ന് നാം ഓര്‍മ്മിക്കേണ്ടത് വിപ്ലവ പാര്‍ട്ടിയുടെ ബോധനം പിന്തിരിപ്പന്‍ പാര്‍ട്ടിയുടേത് പോലെ ആവില്ല എന്നതാണ്. വിപ്ലവ പാര്‍ട്ടിയുടെ രീതികള്‍ തീര്‍ച്ചയായും വ്യത്യസ്തമായിരിക്കും. പിന്തിരിപ്പന്‍ പാര്‍ട്ടി അതിന്റെ ആവശ്യമായതിനാല്‍, മര്‍ദിതരില്‍ വര്‍ഗബോധമുളവാക്കുന്ന എല്ലാ മാര്‍ഗങ്ങളെയും ഒഴിവാക്കും. മറിച്ച് വിപ്ലവ പാര്‍ട്ടിയാകട്ടെ ഇത് അവയുടെ മുഖ്യധര്‍മ്മങ്ങളിലൊന്നായി കാണും.”
സമകാലീന ഇന്ത്യന്‍ ഭരണകൂടത്താല്‍ വിദ്യാഭ്യാസം വര്‍ഗീയതയുടെയും വരേണ്യവല്‍ക്കരണത്തിന്റെയും വര്‍ഗബോധ നിരാകരണത്തിന്റെയും കെട്ടകാലം സൃഷ്ടിച്ച്, ചിരപുരാതന കാലം മുതലേ വളര്‍ന്നുയര്‍ന്ന സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും ശാസ്ത്രബോധത്തിന്റെയും വൈജ്ഞാനികത്വരയുടെയും അന്വേഷണാത്മകതയുടെയും മസ്തിഷ്‌കത്തില്‍ കഠാരകള്‍ അമര്‍ത്തിയാഴ്ത്തുന്നു. വിപ്ലവ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇത് ഓര്‍മ്മയില്‍ എപ്പോഴും സൂക്ഷിക്കേണ്ടതാണ്.
(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.