
ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി 2019ല്‍ ഇല്ലാതാക്കിയതോടൊപ്പം തന്നെ ലഡാക്കിനെ ഒരു കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയുണ്ടായി. ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമായി തുടര്‍ന്നതാണ് ലഡാക്കിന്റെ പിന്നാക്കവസ്ഥയ്ക്ക് കാരണം എന്നായിരുന്നു വ്യാപകമായി ബിജെപി പ്രചരിപ്പിച്ചിരുന്നത്. അതിനാല്‍തന്നെ 2019ല്‍ കേന്ദ്രഭരണ പ്രദേശമായി മാറിയപ്പോള്‍ ലഡാക്ക് വികസനത്തിന്റെ വഴിയിലേക്ക് വരും എന്ന് സ്വാഭാവികമായും ജനങ്ങള്‍ വിശ്വസിച്ചു. എന്നാല്‍ ഇക്കഴിഞ്ഞ ആറ് വര്‍ഷങ്ങളില്‍ യാതൊരു പുതിയ പദ്ധതികളും വന്നില്ല. വാഗ്ദാനം ചെയ്ത സ്വയംഭരണാവകാശവും ലഭിച്ചില്ല. ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നപ്പോള്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ പോലും ഇല്ലാതെയാവുകയും ചെയ്തു. ഇത് ലഡാക്ക് ജനതയെ നിരാശരാക്കി. ലഡാക്ക് ഓട്ടോണമസ് ഹില്‍ കൗണ്‍സില്‍ 1995ല്‍ രൂപീകരിക്കപ്പെട്ടുവെങ്കിലും പ്രത്യേകിച്ച് അധികാരങ്ങളൊന്നും നല്‍കിയിട്ടില്ല. ലഡാക്കിന് സ്വയംഭരണാവകാശം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങള്‍ കഴിഞ്ഞ വര്‍ഷത്തോടെ ശക്തമായി. സമാധാനപരമായി നടന്നിരുന്ന പ്രക്ഷോഭം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 24നാണ് അക്രമാസക്തമാവുകയും പൊലീസ് വെടിവയ്പില്‍ നാല് ചെറുപ്പക്കാര്‍ കൊല്ലപ്പെടുകയും ചെയ്തത്.
ലഡാക്ക്, തിബത്തിനോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്. 1834വരെ ഒരു സ്വതന്ത്ര നാട്ടുരാജ്യമായിരുന്നു. 1834ല്‍ കശ്മീര്‍ രാജാക്കാന്മാര്‍ ലഡാക്ക് പിടിച്ചെടുക്കുകയും പിന്നീട് കശ്മീര്‍ നാട്ടുരാജ്യത്തിന്റെ ഭാഗമായി മാറുകയും ചെയ്തു. ഇന്ന് ലേ, കാര്‍ഗില്‍ എന്നീ രണ്ട് ജില്ലകളായാണ് ലഡാക്ക് വിഭജിക്കപ്പെട്ടിരിക്കുന്നത്. ലേയിലെ ഒന്നര ലക്ഷത്തോളം വരുന്ന ജനങ്ങളില്‍ ഭൂരിഭാഗവും ബുദ്ധമത വിശ്വാസികളായ ആദിവാസി ഗോത്ര ജനതയാണ്. കാര്‍ഗിലില്‍ ഏതാണ്ട് ഒന്നര ലക്ഷം വരുന്ന ജനങ്ങളില്‍ ഭൂരിഭാഗവും മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരാണ്. അതിദരിദ്രരായ ഗ്രാമീണരുടെ ജീവിതമാര്‍ഗം കന്നുകാലി വളര്‍ത്തലാണ്. കോള്‍ഡ് ഡസര്‍ട്ട് അഥവാ മണ്ണില്ലാത്ത പാറക്കൂട്ടങ്ങള്‍ നിറഞ്ഞ കുന്നിന്‍ പ്രദേശമാണ് ഭൂരിഭാഗം. വര്‍ഷത്തില്‍ അധിക കാലവും മഞ്ഞ് മൂടിക്കിടക്കുന്നതിനാല്‍ പൊതുവെ മരങ്ങള്‍ വളരില്ല. ചെമ്മരിയാടുകളെ വളര്‍ത്തി ജീവിക്കുന്ന ഗ്രാമീണര്‍. ജമ്മു കശ്മീരില്‍ നിന്ന് വേര്‍പെട്ട് ഒരു കേന്ദ്രഭരണ പ്രദേശമായതോടെ വിനോദസഞ്ചരവുമായും ധാതുഖനനവുമായും ബന്ധപ്പെട്ട് അനേകം കുത്തക കമ്പനികള്‍ ഭൂമി വാങ്ങുകയും ഗ്രാമീണരുടെ ജീവിതമാര്‍ഗങ്ങള്‍ ഇല്ലാതാക്കി ധാതുഖനനവും ടൂറിസം പദ്ധതികളും മറ്റും ആരംഭിക്കുന്നത്, പരിസ്ഥിതി ദുര്‍ബല പ്രദേശമായ ലഡാക്കിന് ഭീഷണിതന്നെയാണ്. നേരത്തെ മണിപ്പൂരില്‍ സംഭവിച്ചതുപോലെ ആദിവാസി ഗോത്രങ്ങള്‍ പരമ്പരാഗതമായി താമസിക്കുന്ന മലമ്പ്രദേശങ്ങളിലേക്ക് ധാതുഖനനത്തിനും വിനോദസഞ്ചാരത്തിനും വഴിയൊരുക്കാന്‍ കോര്‍പ്പറേറ്റുകള്‍ കടന്നുകയറി തദ്ദേശീയരെ കുടിയിറക്കുമ്പോഴാണ് ലഡാക്കിലും പ്രശ്നങ്ങള്‍ തുടങ്ങിയത്. ലേയിലെ വിവിധ മത, രാഷ്ട്രീയ, സാമൂഹ്യ സംഘടനകളുടെ കൂട്ടായ്മയായ ലേ അപ്പെക്സ് ബോഡി കാര്‍ഗില്‍ മേഖലയിലെ കൂട്ടായ്മയായ കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ 2024 ഫെബ്രുവരി മൂന്നിന് ലഡാക്കില്‍ നടത്തിയ ബന്ദ് പരിപൂര്‍ണ വിജയമായിരുന്നു. ലഡാക്കിന് പൂര്‍ണ സംസ്ഥാന പദവി, രണ്ട് ലോക്‌സഭ മണ്ഡലങ്ങള്‍, ലഡാക്കിനെ ഭരണഘടനയുടെ ആറാം പട്ടികയില്‍ ഉള്‍പ്പെടുത്തുക, തദ്ദേശീയരായ യുവജനങ്ങള്‍ക്ക് തൊഴില്‍ സംവരണം എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ബന്ദ് പരിപൂര്‍ണ വിജയമായിരുന്നു. ലഡാക്കിലെ ബുദ്ധ, ഹിന്ദു, മുസ്ലീം മതവിഭാഗങ്ങളും വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകള്‍ എല്ലാവരും ഒരുമിച്ചുനിന്നത് ലഡാക്കില്‍ ബിജെപിയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. 2014ലും 2019ലും ലഡാക്കില്‍ വിജയിച്ച ബിജെപി 2024ല്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ലഡാക്കിലെ സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സോനം വാങ്ചുക്ക് എന്ന പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനാണ്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, പ്രാദേശിക വാസ്തുവിദ്യാരീതികള്‍ ഇവയിലെല്ലാം അവഗാഹം നേടിയ ഈ എന്‍ജിനീയറിങ് ബിരുദധാരിക്ക് 2018ല്‍ മഗ്സസെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. സുസ്ഥിര വാസ്തുവിദ്യയില്‍ ലോകം അംഗീകരിക്കുന്ന വിദഗ്ധരില്‍ ഒരാള്‍. ഗ്രീന്‍ പാര്‍ട്ടിയുടെ മാതൃകയില്‍ 2013ല്‍ ന്യൂ ലഡാക്ക് മൂവ്മെന്റ് (എന്‍എല്‍എം) എന്ന ഒരു സംഘടന രൂപീകരിച്ച് ഗ്രാമീണരുടെ വിദ്യാഭ്യാസ, പരിസ്ഥിതി, സുസ്ഥിരമായ കാര്‍ഷിക മേഖല എന്നിവയ്ക്കായി വാങ്ചുക്ക് പ്രവര്‍ത്തനം നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുമായി വാങ്ചുക്ക് സഹകരിച്ചിരുന്നു എന്ന് മാത്രമല്ല, മഹാരാഷ്ട്രയടക്കമുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിവിധ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുവാനും വാങ്ചുക് ക്ഷണിക്കപ്പെട്ടിരുന്നു. 2023ജനുവരി 26ന് വാങ്ചുക് ലഡാക്കിനെ ഭരണഘടനയുടെ ആറാം പട്ടികയിലുള്‍പ്പെടുത്തി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഖാര്‍ദുങ് ചുരത്തില്‍ ഉപവാസമനുഷ്ഠിക്കുവാന്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റിവ് ലഡാക്ക് (എച്ച്ഐഎഎല്‍) എന്ന ലഡാക്കിന്റെ വിദ്യാഭ്യാസ, പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമായ ഒരു പഠനകേന്ദ്രം വാങ്ചുക് സ്ഥാപിച്ചിട്ടുണ്ട്. വേനല്‍ക്കാലത്ത് ലഡാക്കിലെ ജലക്ഷാമം പരിഹരിക്കാന്‍ ശൈത്യകാലത്തെ ജലം കോണ്‍ രൂപത്തില്‍ സംഭരിക്കുന്ന ഒരു പദ്ധതിയും വാങ്ചുക് വിജയകരമായി സൃഷ്ടിച്ചു. 2021ല്‍ ഇന്ത്യന്‍ സൈന്യത്തിനായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ടെന്റുകള്‍ രൂപകല്പന ചെയ്തു.
ലഡാക്കിന്റെ പരിസ്ഥിതി സംരക്ഷണം, സംസ്ഥാന പദവി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പ്രക്ഷോഭം ആരംഭിച്ചതോടെ വാങ്ചുക് ബിജെപി സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായി. ഒടുവില്‍ 2025 സെപ്റ്റംബര്‍ 24ന് ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സമരം ബിജെപി ഓഫിസ് കത്തിക്കുന്നതില്‍ കലാശിച്ചു. പൊലീസ് വെടിവയ്പില്‍ നാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പതിവുപോലെ പാക് ചാരന്‍, ചൈന ചാരന്‍ തുടങ്ങിയ ലേബലുകളും അന്നുവരെ മോഡിയുടെ സുഹൃത്തായിരുന്ന വാങ്ചുക്കിനുമേല്‍ ഒട്ടിച്ചുകൊടുത്തു.
ലഡാക്ക് ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍പ്പെടുത്താതിരിക്കുന്നതിനും പൂര്‍ണ സംസ്ഥാന പദവി നല്കാതിരിക്കുന്നതിന്റെയും യഥാര്‍ത്ഥ കാരണം മണിപ്പൂരിലും ലക്ഷദ്വീപിലുമൊക്കെ സംഭവിക്കുന്നതുപോലെ അതീവ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്നും തദ്ദേശീയരായ ആദിവാസി ഗോത്രസമൂഹങ്ങളെ കുടിയിറക്കി ധാതുഖനനത്തിനും ടൂറിസം വികസനത്തിനും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള രഹസ്യ അജണ്ടയാണ്. ഈ ഗൂഢലക്ഷ്യത്തിനെതിരെ പ്രാദേശികമായി എല്ലാ ഭിന്നതകളും മറന്ന് ജനങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്നു എന്നതാണ് ഈ പ്രക്ഷോഭങ്ങളില്‍ നമ്മള്‍ കാണുന്നത്. ഝാര്‍ഖണ്ഡിലും ഉത്തരാഞ്ചലിലുമൊക്കെ നടക്കുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ പിറകിലെ കാര്യങ്ങളും വ്യത്യസ്തമല്ല. രാജ്യസുരക്ഷയ്ക്ക് അതീവ പ്രാധാന്യമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ കോര്‍പറേറ്റുകളുടെ ദുരക്കും അത്യാര്‍ത്തിക്കും വഴങ്ങി പ്രാദേശിക ജനതയില്‍ അസ്വസ്ഥത പടര്‍ന്നത് തികച്ചും ആപല്‍ക്കരമായ ഒരു പ്രവണതയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.