5 December 2025, Friday

വേദപണ്ഡിതനായ ഹനുമാന്റെ ജാതി ഏത്?

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
നരോത്തമായനം രാമായണം ഭാഗം- 25
August 12, 2025 4:18 am

വലിയ ശക്തിയും വലിയ ബോധവും ഉള്ള ഒരു ദാസമാനവനാണ് ഹനുമാൻ. രാമായണത്തിൽ ഹനുമാൻ പ്രത്യക്ഷപ്പെടുന്നത് സുഗ്രീവ സേവകനായിട്ടാണെങ്കിലും അറിയപ്പെടുന്നത് ശ്രീരാമ ദൂതനും ദാസനും ആയിട്ടാണ്. ഇതിനുകാരണം സുഗ്രീവന്റെ യജമാനത്വത്തിൽ നിന്നു ശ്രീരാമന്റെ യജമാനത്വത്തിലേക്ക് ഹനുമാൻ മാറി എന്നതാണ്. വളരെ സുന്ദരമാണ് ഈ പരിണാമം. അതിനാലായിരിക്കാം ഹനുമൽവൈഭവം വിവരിക്കുന്ന രാമായണ ഭാഗത്തിന് സുന്ദരകാണ്ഡം എന്ന പേരു വന്നത്. ശക്തിബോധിയുടെ ഇതിഹാസ മാതൃക എന്നു വിശേഷിപ്പിക്കാവുന്ന ആളായ ഹനുമാനെ, ദാസമാനവൻ എന്നു വിളിച്ചത്, കാവ്യോചിതമായ വിശേഷണം അതാണ് എന്നതിനാലാണ്. ദാസ — യജമാന ബന്ധം ഏതു സാമൂഹിക വ്യവസ്ഥയിലും ഉണ്ട്. യേശുദാസന്മാരും കൃഷ്ണദാസന്മാരും അയ്യപ്പദാസന്മാരും ശങ്കരദാസന്മാരും കാളിദാസന്മാരും ഗൗരിദാസന്മാരും പ്രേമദാസന്മാരും ഉണ്ടായ സമൂഹത്തിൽ രാമദാസനായ ഹനുമാനും ഉണ്ടായി. ഇത്തരം ദാസ്യത്വത്തിന് ഇന്നത്തെ ജനാധിപത്യ വ്യവസ്ഥയിൽ വലിയ പ്രസക്തിയില്ലെന്ന് പറഞ്ഞാലും പറയുന്നവർ തന്നെ നേതൃദാസന്മാരാണെന്ന് പരിശോധിച്ചാൽ മനസിലാവും. ജനാധിപത്യ വ്യവസ്ഥയിൽ നമ്മളെല്ലാം നല്ല പൗരന്മാരും സ്വതന്ത്രരും ആയിരിക്കുന്നതുതന്നെ ഭരണഘടനാദാസ്യം സ്വയം വരിക്കുമ്പോഴാണല്ലോ. ഹനുമാൻ രാമദാസ്യം സ്വയം വരിച്ചതാണെന്നു രാമായണങ്ങൾ സശ്രദ്ധം വായിച്ചാൽ സഹൃദയർക്ക് ബോധ്യപ്പെടും. മിക്ക ദാസന്മാർക്കും കാലവശാൽ അവരുടെ യജമാനരായിരിക്കുന്നവരെക്കാൾ പലവിധത്തിലും കഴിവുണ്ടാകാറുണ്ടെന്നത് യജമാനവർഗത്തിന് അപ്രിയമായ വാക്യമാണ്. സുഗ്രീവാജ്ഞയനുസരിച്ച് വലിയ കടൽ ഒറ്റയ്ക്ക് തരണം ചെയ്ത് ലങ്കയിലെത്തി തപ്തമാനസയായ സീതയെ കണ്ടെത്തി, ലങ്ക ചുട്ടെരിച്ച്, തടി കേടാകാതെ രാവണ ബന്ധനത്തിൽ നിന്നു പുറത്തുകടന്ന്, രാമ സവിധത്തിൽ തിരിച്ചെത്തിയ ഹനുമാന്റെ കഴിവുകൾ മനസിലാക്കുന്നതിൽ സുഗ്രീവൻ വിജയിച്ചു എന്നു തോന്നുന്നില്ല. വിജയിച്ചിരുന്നെങ്കിൽ ബാലിയെ നിഷ്പ്രഭനാക്കാൻ ഹനുമൽവൈഭവത്തെ മാത്രം ഉപയോഗിച്ചാൽ മതിയായിരുന്നു. Which is the caste of Vedic schol­ar Hanuman?

തന്റെ അനുചരന്മാരുടെ കഴിവുകൾ കണ്ടെത്തി പ്രയോജനപ്പെടുത്താൻ കഴിയുന്നവർക്കേ നല്ല യജമാനർ എന്നു വിശേഷിപ്പിക്കപ്പെടുവാനുള്ള അർഹതയും ഉണ്ടായിരിക്കൂ. ഈ നിലയിൽ സുഗ്രീവൻ നല്ല യജമാനൻ അല്ല. എന്തെന്നാൽ ഹനുമൽ വൈഭവം കണ്ടറിയുന്നതിന് അയാൾക്ക് കഴിഞ്ഞില്ല. ഹനുമാനെ സംബന്ധിച്ച്, സുഗ്രീവനുമായി താരതമ്യം ചെയ്യുമ്പോൾ ശ്രീരാമൻ കൂടുതൽ നല്ല യജമാനനാണ്. എന്തെന്നാൽ സീതാന്വേഷണത്തിന് പുറപ്പെടുന്ന വനനര സംഘത്തിൽ (വാനര സംഘത്തിൽ എന്നു പ്രസിദ്ധ പ്രയോഗം) ശ്രീരാമൻ സീതയെ കാണിച്ചു ബോധ്യപ്പെടുത്താനുള്ള അടയാള മോതിരം ഏല്പിക്കുന്നത് ഹനുമാനെയാണ്. ഹനുമാന് സീതയെ കണ്ടെത്താനുള്ള കഴിവുണ്ടെന്ന് കണ്ടറിയാനുള്ള കഴിവ് രാമനുണ്ടായിരുന്നു. നല്ല നേതാക്കൾക്ക് അവശ്യം ആവശ്യമായ ഗുണമാണിത്. 

തന്റെ അനുയായികളിലും അനുഭാവികളിലും ആത്മാർത്ഥതയും പ്രതിഭയും ധൈര്യവും നന്ദിയും ആർക്കാണുള്ളതെന്ന് കണ്ടറിഞ്ഞ് ഓരോരുത്തരെയും ഓരോരോ കാര്യങ്ങളിൽ നിയോഗിച്ചു പ്രവർത്തിപ്പിക്കാൻ കഴിയുന്ന ആൾക്കേ വിജയിക്കുന്ന നല്ല നേതാവാകാനാവൂ. വെറും സ്തുതിപാഠകരെ മാത്രം കൂടെനിർത്തി അവരെ വലിയ കാര്യങ്ങൾ ഏല്പിക്കുന്ന ഏതൊരു നേതാവും കാലമേതായാലും ഭരണവ്യവസ്ഥ ഏതായാലും വലിയ പരാജയമായിരിക്കും. പേരിലല്ലാതെ ഫലത്തിൽ വിജയം സ്തുതിപാഠകമാത്ര വലയിതരായ നേതാക്കൾക്ക് ഉണ്ടാവില്ല. രാമൻ ഹനുമദ് പ്രഭാവം കണ്ടറിയുന്നതിൽ വിജയിച്ച നല്ല നേതാവാണ്. ആ കണ്ടറിയൽ ശരിയെന്ന് തെളിയിക്കുംവിധം ഹനുമാന്‍ പ്രവർത്തിക്കുകയും ചെയ്തു. തന്റെ കഴിവുകൾ കണ്ടെത്തുന്നതിൽ മുൻയജമാനനെക്കാൾ വിജയിച്ച ശ്രീരാമനിൽ ഹനുമാൻ തന്റെ പുതിയ യജമാനനെ കണ്ടെത്തുകയും ചെയ്തു.
ശ്രീരാമ ലക്ഷ്മണന്മാർ സീതയെ അന്വേഷിച്ച് വനാന്തരങ്ങളിൽ സഞ്ചരിച്ച് ഋഷ്യമൂകാചലം എന്നറിയപ്പെടുന്ന പ്രദേശത്ത് എത്തിയപ്പോഴാണ് സുഗ്രീവന്റെ ചാരനായി ഹനുമാൻ തെല്ലൊരു വേഷപ്പകർച്ചയോടെ രാമലക്ഷ്മണ സമേതം എത്തുന്നത്. ഈ സമാഗമത്തിൽ ഹനുമാന്റെ ഭാഷണശൈലിയെപ്പറ്റി ശ്രീരാമൻ നടത്തുന്ന പ്രശംസാവചനങ്ങളിൽ ഹനുമൽ പാണ്ഡിത്യത്തിന്റെ മികവിന്റെ വിളംബരമുണ്ട്. ശ്രീരാമൻ പറയുന്നു; ”ഋഗ്വേദവും സാമവേദവും യജുർവേദവും നല്ലവണ്ണം അറിയാത്ത ഒരാൾക്ക് ഇപ്രകാരം നല്ലനിലയിൽ ഭാഷണം ചെയ്യാനാവില്ല. മാത്രമല്ല ഇദ്ദേഹം നന്നായി വ്യാകരണ ഗ്രന്ഥങ്ങൾ പലവുരു പഠിച്ചിട്ടുള്ളതായും പറയാം. കാരണം ഭാഷണത്തിൽ ഒരു അപശബ്ദം പോലും ഇല്ല” (കിഷ്കിന്ധാകാണ്ഡം; സർഗം 3; ശ്ലോകങ്ങൾ; 28–29).
ഇതിൽനിന്ന് മനസിലാക്കേണ്ടത് എന്താണ് ? കുറിച്യരെയും കുറുമരെയും പോലുള്ള വനവാസി മാനവർക്കും സംസ്കൃതവും വേദങ്ങളും വ്യാകരണനിഷ്ഠയോടെ പഠിക്കാനുള്ള സൗകര്യവും സ്വാതന്ത്ര്യവും സംവിധാനവും രാമായണ കാലത്ത് നിലവിൽ ഉണ്ടായിരുന്നു എന്നല്ലേ. അല്ലെങ്കിൽ, വേദം പഠിച്ചവരും സംസ്കൃതത്തിൽ ഭാഷണം ചെയ്യുന്നവരുമായ വലിയ ആൾക്കുരങ്ങുകൾ രാമായണകാലത്തുണ്ടായിരുന്നു എന്നാണോ മനസിലാക്കേണ്ടത്?
ശൂദ്രന് അക്ഷരവും തപസും വിലക്കുന്ന ചാതുർവർണ്യ ഭരണവ്യവസ്ഥയാണ് രാമായണ കാലത്തുണ്ടായിരുന്നതെന്ന് ശഠിച്ചുപറഞ്ഞ് വിപ്ലവം സൃഷ്ടിക്കുന്ന ദളിത് ബുദ്ധി ജീവികൾ, സംസ്കൃത ഭാഷണം ചെയ്യുന്ന ഹനുമാന്റെ വർണം ഏതെന്നു കൂടി പറയണം. ഹനുമാൻ ബ്രാഹ്മണനോ ക്ഷത്രിയനോ വൈശ്യനോ അതോ കുരങ്ങനോ കാട്ടുജാതിക്കാരനോ എന്നു വ്യക്തമാക്കണം. സംസ്കൃതം നന്നായി പറയുന്ന വേദപണ്ഡിതനായ ഹനുമാന്റെ ജാതി ഏത് എന്ന ചോദ്യത്തിന് ഉത്തരം തേടുന്ന ഗവേഷണങ്ങളും ഉണ്ടാവേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.