27 April 2024, Saturday

പന്ത്രണ്ടു വര്‍ഷങ്ങള്‍ ഉറങ്ങിയ വാക്കുകള്‍

പി എ വാസുദേവൻ
കാഴ്ച
February 3, 2024 4:36 am

അഴീക്കോട് മാഷ് മരിച്ച് പന്ത്രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. കേരള സമൂഹത്തെ അസ്വസ്ഥമാക്കിയ ആ ശബ്ദം മസൃണവും സിംഹഗര്‍ജനം പോലെ അഗാധവുമായിരുന്നു. നാമദ്ദേഹത്തെ കേട്ടുകൊണ്ടേയിരുന്നു. മാഷ്‌ക്ക് പറയാന്‍ ധാരാളമുണ്ടായിരുന്നു. അത് പറയാന്‍ ചേലുള്ള ഭാഷയുണ്ടായിരുന്നു. അത് കേള്‍ക്കാന്‍ ഒരുപാടുപേരുണ്ടായിരുന്നു. ചിലപ്പോള്‍ ഇളം പുഞ്ചിരി, ചിലപ്പോള്‍ പരിഹാസം, ചിലപ്പോള്‍ അതിരൗദ്രം. ആ ശബ്ദം കേരളം മുഴുവനും നിറഞ്ഞുനിന്നു. ഒന്നും തനിക്കുവേണ്ടിയല്ലാതെ നിരന്തരം, വാര്‍ധക്യത്തെ അവഗണിച്ച് യാത്ര ചെയ്തു. തെളിഞ്ഞ ഭാഷയില്‍, ഇടറാതെ, ശുദ്ധമായ ആശയങ്ങള്‍ പറഞ്ഞു. അതൊക്കെ കഴിഞ്ഞിട്ട് പന്ത്രണ്ടു വര്‍ഷങ്ങളായി. അഴീക്കോട് കേരളത്തിന് സൂക്ഷിക്കാന്‍ നല്ല മലയാളവും നല്ല പ്രയോഗങ്ങളും തന്നു. ഓരോ പ്രസംഗവും ഓരോരോ തരത്തിലായിരുന്നു. ഒരു സദസിലെ ഓരോ വ്യക്തിക്കും തോന്നിയത് അദ്ദേഹം തന്നോട് വ്യക്തിപരമായാണ് സംസാരിക്കുന്നതെന്നായിരുന്നു. ഒരു പൊതുപ്രഭാഷണത്തിന്റെ സ്വകാര്യ സ്പര്‍ശം. അതുകൊണ്ട് ശ്രോതാക്കള്‍ മാഷെ കേള്‍ക്കാന്‍ തേടിച്ചെന്നു. അവിടെ സാഹിത്യം മാത്രമായിരുന്നില്ല. ചരിത്രം, സാമൂഹിക പാഠങ്ങള്‍, കുടുംബ ജീവിതം, ആഗോള പ്രശ്നങ്ങള്‍, വ്യക്തികള്‍, അത്രയ്ക്ക് പരപ്പായിരുന്നു ആ ചിന്തകള്‍ക്ക്. മലയാളവും ഇംഗ്ലീഷും സംസ്കൃതവും വഴങ്ങും.

 


ഇതുകൂടി വായിക്കൂ; ഭക്ഷ്യഭദ്രതയിലെ കേരള മാതൃക


വാഗ്ഭടാനന്ദന്റെ ഈ ശിഷ്യന് പ്രസംഗവും എഴുത്തും സാമൂഹിക പ്രവര്‍ത്തനമായിരുന്നു. ഇതൊക്കെ ഓര്‍ക്കാന്‍ ഒരു സന്ദര്‍ഭം ഇന്നുണ്ടായിരിക്കുന്നു. മരിച്ച് പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാഷെ, കേരളം വേണ്ടപോലെ ഓര്‍ത്തില്ല. കേരള രാഷ്ട്രീയം ശുദ്ധീകരിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ ഭരണകൂടങ്ങളും മറന്നു. ഇന്നും എരവിമംഗലത്തെ ആ വീട് ആരും ഒന്നും ചെയ്യാതെ അവഗണിക്കപ്പെട്ടുകിടക്കുന്നു. കേരള സാഹിത്യ അക്കാദമി അത് ഏറ്റെടുത്തിട്ടും ഒരു ഗുണവുമുണ്ടായില്ല. തന്റെ വസ്തുക്കള്‍ എന്തു ചെയ്യണമെന്ന് ‘വില്‍’ എഴുതിയപ്പോള്‍ വ്യക്തമായ നിര്‍ദേശമില്ലാ എന്നാണ് അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ ഈയിടെ പറഞ്ഞത്. അക്കാദമിക്ക് ഒരു നിര്‍വഹണ സമിതിയില്ലേ. ആ ഭവനത്തിന് ഒരു സ്മാരക സമിതിയുമുണ്ട്. കൂട്ടായൊന്ന് ചിന്തിച്ച് യുക്തമായത് ചെയ്യാല്ലോ. അതിനകത്ത് മാഷുടെ പുസ്തകങ്ങള്‍, കണ്ണട തുടങ്ങി എല്ലാമുണ്ട്. മാത്രമല്ല, അദ്ദേഹത്തിന്റെ ചിതാഭസ്മവുമുണ്ട്. ഒരു സാധാരണ മനുഷ്യന്റെ അവശിഷ്ടങ്ങള്‍ക്കു പോലും ഇതിനകം മുക്തി കിട്ടിയിട്ടുണ്ടാവും. ഈ വലിയ മനുഷ്യന് തുടര്‍ച്ചയില്ലാതെ പോയതാണോ കാരണം. നമ്മളൊക്കെ അദ്ദേഹത്തിന്റെ ആരാണ്! ഏതെങ്കിലുമൊരു ജാതിയുടെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ അണിയിലില്ലാത്തതായിരുന്നു കാരണമെന്നു തോന്നുന്നു. ചിതാഭസ്മം ശേഖരിച്ചുവച്ച സ്ഥിതിക്ക് അതിനെ അനാഥമാക്കി വയ്ക്കാമോ. അതിനൊരു മുക്തി നല്‍കാമായിരുന്നു. എവിടെയെങ്കിലും സ്ഥാപിക്കാം. നദിയിലൊഴുക്കാം. ഉറപ്പിച്ചു പറയാം. അക്കാദമിയോ സ്മാരക സമിതിയോ അങ്ങനെയൊന്നു നിശ്ചയിച്ചാല്‍ മാഷുടെ ആരാധകരും ശിഷ്യരും അവിടെയെത്തും. ഈ അവഗണന ദുഃസഹമാണ്. കൊല്ലത്തിലൊരിക്കല്‍ ഒരു സെമിനാര്‍ നടത്തിയതുകൊണ്ടു മാത്രമായില്ല. അതിലൊതുങ്ങാത്തവനാണ് ആ വാചസ്പതി.
പ്രാദേശിക പ്രതിരോധത്തിന്റെ വ്യാകരണമവതരിപ്പിച്ചവനാണ് അദ്ദേഹം. വെറും നിരൂപകനും അക്കാദമിക് ജീവിയും മാത്രമായിരുന്നില്ല. അധികാരത്തിന്റെ പിന്നാമ്പുറങ്ങള്‍ തേടി നടന്നവനുമായിരുന്നില്ല. അധികാരത്തെ മുഖത്തുനോക്കി ചോദ്യം ചെയ്തവന്‍. തനിക്ക് പറയാനുണ്ടെന്നും അതിനുവേണ്ട ഭാഷയുണ്ടെന്നും തെളിയിച്ചവന്‍. അങ്ങനെയൊരാളെ എന്തേ മറക്കാന്‍.

 


ഇതുകൂടി വായിക്കൂ;ആ വെടിയുണ്ടകൾ മരിച്ചിട്ടില്ല


എന്താണദ്ദേഹം ചെയ്തത്. നിത്യമൂല്യങ്ങളുപയോഗിച്ച് വര്‍ത്തമാനത്തെ സംശുദ്ധമാക്കാന്‍ ശ്രമിച്ചു. രാഷ്ട്രീയത്തെ സമൂഹത്തിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചു. അതിനായി സമൂഹത്തെ മുഴുവന്‍ ക്ലാസ് മുറിയാക്കി. ഒരധ്യാപകന്റെ ധാര്‍മ്മിക ശക്തിയുപയോഗിച്ച് സദസിനോട് സംസാരിച്ചു. സദസ് വിദ്യാര്‍ത്ഥികളായി മാറി. ഒരുധ്യാപകന്റെ അഹങ്കാരവും വാത്സല്യവും നിര്‍ലോഭം അവരില്‍ പ്രയോഗിച്ചു. ഞാനിന്നും ഓര്‍ക്കുന്നത് പ്ലാച്ചിമടയില്‍ നടന്ന ലോക ജല സമ്മേളനത്തിലെ അദ്ദേഹത്തിന്റെ സാന്നിധ്യമായിരുന്നു. അവിടെ അദ്ദേഹം താമസിച്ചു. നടത്തിപ്പുകാര്യങ്ങള്‍ തിരക്കി. അന്നദ്ദേഹം ചെയ്ത പ്രസംഗവും മറക്കാനാവില്ല. ലോകത്താദ്യമായി കോള കമ്പനി, അതിര്‍ത്തി പ്രദേശത്തെ ചെറിയ മനുഷ്യരുടെ എതിര്‍പ്പിനു മുന്നില്‍ കീഴടങ്ങി പൂട്ടി. അവിടെ അഴീക്കോട് മാഷും ഉണ്ടായിരുന്നു. ആ ചെറിയ ആകാരം വിശ്വരൂപം പൂണ്ടത് അന്നുകണ്ടവര്‍ മറക്കില്ല. അതൊക്കെ കഴിഞ്ഞു. നാം വര്‍ത്തമാനത്തിന്റെ ഈ ദുഃസഹതയിലേക്ക് തിരിച്ചുവരിക. ഇതിനി നീട്ടിക്കൊണ്ടുപോകരുത്. സാംസ്കാരിക വകുപ്പോ അക്കാദമിയോ സ്മാരക സമിതിയോ അതല്ല മറ്റാരെങ്കിലുമൊക്കെയോ എരവിമംഗലത്തെ ആ മഹാദീപ നാളം കയ്യേല്ക്കണം. ഒന്നോര്‍ക്കുക, അദ്ദേഹം മരിച്ചാലും നമ്മോട് സംസാരിച്ചുകൊണ്ടേയിരിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.