-ദൂരെയെവിടെയോ ഒരു പരീക്ഷണശാലയില്‍ അള്ളാപ്പിച്ചാമൊല്ലാക്കയുടെ ഒരു സെല്ലിനുമേല് വൈദ്യന്മാര് സൂക്ഷ്മദര്‍ശനികള്‍ ചൂണ്ടി. ഒരു ഗ്രഹത്തില്‍ ജീവരാശി കരുപ്പിടിക്കുന്നതുപോലെ സെല്ലിന്റെ മുകള്‍പ്പരപ്പില്‍ വ്യതിയാനങ്ങളുണ്ടായിരുന്നു… അണുക്കളുടെ സൂക്ഷ്മ പ്രപഞ്ചത്തിലെവിടെയോ മറ്റൊരു ലോകം ഉയിര്‍ക്കുക… (ഖസാക്കിന്റെ ഇതിഹാസം-ഒ വി വിജയന്) ഭൂമിയുടെ ഉപരിതലത്തില്‍ കോടാനുകോടി വര്‍ഷങ്ങളുടെ പരിണാമ പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞ ജീവിവര്‍ഗങ്ങളാണ് സൂക്ഷ്മാണുക്കള്‍ മുതല്‍ മനുഷ്യന് വരെയുള്ളവ. ഈ ജൈവമണ്ഡലത്തില്‍ ഓരോ ജീവിവര്‍ഗവും അതിജീവനത്തിനായി പോരാടിക്കൊണ്ടിരിക്കുന്നു. സസ്തനികള്പോലുള്ള വലിയ ജീവികളെക്കാള്‍ എത്രയോ ആയിരം ഇരട്ടിയാണ് ഭൂമിയില്‍ സൂക്ഷ്മജീവികള്‍. ഇവയില്‍ തന്നെ പലതും നിലനില്ക്കുന്നതും അതിജീവിക്കുന്നതും പ്രത്യുല്പാദനം നടത്തുന്നതും മറ്റ് വലിയ ജീവികളുടെ ശരീരത്തിനുള്ളില്‍ പറ്റിക്കൂടിയാണ്. സൂക്ഷ്മജീവികളില്‍ ബാക്ടീരിയകള്‍, വൈറസ്, ഫംഗസ് എന്നിവ അവയുടെ ആതിഥേയ ശരീരത്തിന് ഗുണവും ദോഷവും ചെയ്യുന്നുണ്ട്.
ചില സൂക്ഷ്മജീവികള്‍ അതിജീവനത്തിനായി കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ അവയെ വഹിക്കുന്ന ആതിഥേയ ശരീരത്തിന് അനുയോജ്യമാകാതെ വരുമ്പോഴാണ് സൂക്ഷ്മാണു രോഗാണുവാകുന്നത്. അതുപോലെ ശരീരത്തിനകത്ത് കയറിപ്പറ്റിയ അന്യസാന്നിധ്യങ്ങളെ പുറത്താക്കാന്‍ ശരീരം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളും രോഗാവസ്ഥയ്ക്ക് കാരണമാകുന്നുവെന്ന് ശാസ്ത്രലോകം പറയുന്നു. ഇപ്പോള്‍ ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത് കൊറോണ എന്ന വൈറസാണ്. കുഷ്ഠം, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ബാക്ടീരിയയെ പോലെ പൂര്‍ണമായും ഒരു സൂക്ഷ്മജീവിയല്ല വൈറസ് എന്നാണ് ശാസ്ത്രം വ്യക്തമാക്കുന്നത്. ഒരു ചെറിയ പ്രോട്ടീന്‍ വലയത്തിനകത്ത് അടക്കം ചെയ്ത ഡിഎന്‍എ തന്മാത്ര മാത്രമാണ് വൈറസെന്നും ശാസ്ത്രം നിര്‍വചിക്കുന്നു. ജീവന്റെ ലക്ഷണമായ പ്രത്യുല്പാദനം മറ്റൊരു അന്യകോശം കിട്ടിയാലെ വൈറസിന് സാധ്യമാകൂ. അന്യകോശത്തില്‍ അതിന് ഇരട്ടിക്കാനുള്ള കഴിവ് ലഭിക്കുന്നു. മാത്രമല്ല ആ കോശത്തെ അത് നശിപ്പിക്കുകയും ചെയ്യും. സ്വന്തം പതിപ്പുകള്‍ സൃഷ്ടിക്കുന്ന വേളയില്‍ വൈറസുകളുടെ ഡിഎന്‍എയില്‍ വരുന്ന രൂപാന്തരങ്ങള്‍ ഇവയുടെ സ്വഭാവത്തില്‍ പരിവര്‍ത്തനം വരുത്തുന്നതായും ഇന്നലെവരെ വലിയ ദോഷങ്ങള്‍ ആതിഥേയ ശരീരത്തില്‍ ഉണ്ടാക്കാതിരുന്നവ ഇന്ന് രൗദ്രഭാവം കൈക്കൊള്ളുന്ന രോഗാണുവായി പരിണമിക്കുകയും ചെയ്യുമെന്നാണ് ശാസ്ത്ര നിഗമനം. പരിണാമ പ്രക്രിയകള്‍ക്കിടയില്‍ എന്തുകൊണ്ട് വൈറസുകള്‍ രൗദ്രഭാവം സ്വീകരിക്കുന്നു എന്ന കാര്യത്തിനും ശാസ്ത്രത്തിന് മറുപടിയുണ്ട്.
സൂക്ഷ്മാണു മുതല്‍ മനുഷ്യന്‍വരെയുള്ള ജീവജാലങ്ങള്‍ ഭൂമിയുടെ തുല്യ അവകാശികളായിരിക്കെ മനുഷ്യന് മാത്രം പരിസ്ഥിതിയെ സങ്കീര്‍ണമായ പല രീതികളില്‍ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇത് സൂക്ഷ്മജീവികള്‍ ഉള്‍പ്പെടെയുള്ളവയുടെ നിലനില്പിനെ ബാധിക്കുകയും സമ്മർദ്ദത്തിന്റെ പശ്ചാത്തലത്തില്‍ അതിജീവനത്തിനായി പുതിയ കൂട്ടുകെട്ടുകളിലേര്പ്പെടുകയും പരിണമിച്ച് പുതിയ രൂപഭേദങ്ങളില്‍ അവതരിക്കുകയും ചെയ്യുമെന്ന് പകര്‍ച്ചവ്യാധികളെക്കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. പ്രകൃതിയില്‍ മനുഷ്യന് ഏല്പിക്കുന്ന ആഘാതങ്ങള്ക്കനുസരിച്ചാണ് സൂക്ഷ്മാണുക്കളുടെ പരിണാമ വേഗവും രോഗാണുക്കളുടെ ആവിര്‍ഭാവവും. കാലാവസ്ഥവ്യതിയാനങ്ങളും ഈ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നുണ്ട്. ആവാസ വ്യവസ്ഥകള്‍ നഷ്ടപ്പെടുന്ന ജീവിവര്‍ഗം മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് കടക്കുന്നതും രോഗാണു സംക്രമണത്തെ വര്‍ധിപ്പിക്കുന്നുണ്ട്.ആഗോളീകരണത്തിന്റെ പ്രത്യക്ഷങ്ങളായ വന്‍നഗരങ്ങളും അതിലെ ജനബാഹുല്യവും അവരുടെ അന്തര്‍ദേശീയ ബന്ധങ്ങളും രോഗാണു വ്യാപനത്തെ എളുപ്പമുള്ളതായി മാറ്റുന്നു. ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡിന് മറ്റ് ലോകരാഷ്ട്രങ്ങളില്‍ താണ്ഡവമാടാന്‍ അധികനേരമൊന്നും വേണ്ടിവന്നിട്ടില്ല. സൂക്ഷ്മാണു അതിജീവനത്തിനും മനുഷ്യന് നിലനില്പിനുമായാണ് പൊരുതുന്നത്. പ്രകൃതിയുടെ കണ്ണില്‍ ഇവിടെ നായകനോ പ്രതിനായകനോ ഇല്ല.
മനുഷ്യന് മാത്രമായി പ്രത്യേകിച്ച് പരിഗണനകളുമില്ല.മനുഷ്യനൊഴികെയുള്ള എല്ലാ ജീവജാലങ്ങളും പ്രപഞ്ചതാളത്തിനനുസരിച്ച് ജീവിതചക്രം പൂര്‍ത്തിയാക്കുകയും ആദാനപ്രദാന പ്രക്രിയയിലൂടെ ജന്മദൗത്യം പൂര്‍ണമാക്കുകയും ചെയ്യുന്നു. മനുഷ്യർ മാത്രമാണ് പ്രകൃതിയെ കണക്കറ്റ് ഉപയോഗപ്പെടുത്തുകയും ചൂഷണം നടത്തുകയും ചെയ്യുന്നതെന്ന് കാണാം. മനുഷ്യരുടെ വലിയ കണ്ടെത്തലുകള്‍ എല്ലാം തന്നെ നശീകരണത്തിനുള്ള ഉപാധികളുമാണ്. അതുകൊണ്ടുതന്നെ പ്രകൃതിയെ സംബന്ധിച്ച് മനുഷ്യന് ഒരു അവിഭാജ്യ ഘടകമോ, ജന്മനിയോഗമുള്ള ജീവിയോ അല്ല. എങ്കിലും പ്രകൃതി യുക്തി നൽകി മനുഷ്യനെ അനുഗ്രഹിച്ചിരിക്കുന്നു. യുക്തിയിലൂടെ മാത്രമേ മനുഷ്യന് ഈ ഭൂമുഖത്ത് അതീജീവനവും സാധ്യമാകുകയുള്ളൂവെന്ന് കൊറോണാ കാലം പഠിപ്പിക്കുന്നു. വികസിതമെന്നോ അവികസിതമെന്നോ ദരിദ്ര രാഷ്ട്രമെന്നോ ഭേദമില്ലാതെ ലോകം രോഗവ്യാപനത്തിന് മുന്നില്‍ സ്തംഭിച്ച് നില്‍ക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളുടെ ഗീര്‍വാണങ്ങളൊക്കെ പൊലിഞ്ഞടങ്ങുകയാണ്.
ഈ ആസുരകാലത്ത് മിക്ക രാഷ്ട്രങ്ങളുടെയും ഭരണചക്രം തിരിക്കാന്‍ വിധിക്കപ്പെട്ട അധികാരികള്‍ വിവേകശൂന്യരാണെന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരമായ അവസ്ഥ. സമ്പന്ന നഗരങ്ങളില്‍ ചികിത്സ കിട്ടാതെ മനുഷ്യര്‍ ഈയലുകള്‍ പോലെ ചത്തൊടുങ്ങുന്നു. ഉപജീവനം തേടി അന്യദേശങ്ങളില്‍ പോയവര്‍ വീടണയാനായി വെള്ളവും ഭക്ഷണവുമില്ലാതെ മൈലുകള്‍ താണ്ടുന്നു. കാലഹരണപ്പെട്ടതും പരിഷ്കൃത സമൂഹത്തിന് ഭാരവുമായിരിക്കുന്ന മതസംഹിതകള്‍ക്ക് വേണ്ടി സത്യത്തെയും സ്നേഹത്തെയും മറന്ന് പ്രതിലോമ മാര്‍ഗ്ഗങ്ങളില്‍ ചരിക്കുന്നവര്‍ പടർത്തുന്ന അസ്വസ്ഥതകൾ. ദഹനേന്ദ്രിയങ്ങള്ക്കിണങ്ങാത്ത വിധം ശവംതീനികളായി വന്യരോഗാണുക്കളെ ഉദരത്തില്‍ കുടിയിരുത്തുന്നവരുടെ ബാഹുല്യം.… അർത്ഥമറിയാത്ത പ്രയാണത്തിലാണ് മാനവരാശി. സമൂഹജീവിയായ മനുഷ്യരോട് സാമൂഹിക അകലം പാലിക്കാനാണ് കൊറോണ വ്യാപനം ആവശ്യപ്പെടുന്നത്. രോഗാണുവിനെതിരെയുള്ള പോരാട്ടം ബാഹ്യവും ആന്തരികവുമായ വലിയ ശുദ്ധീകരണ പ്രക്രിയകള്‍ക്കാണ് ഇപ്പോൾ വഴിവച്ചിരിക്കുന്നത്. അര്‍ഹതയുള്ളവ അതിജീവിക്കുമ്പോള്‍ ജീവനകലയുടെ അടിസ്ഥാനം ബോധവും യുക്തിയും മാത്രമാണെന്ന് ആഗോള മനുഷ്യകുലം മനസ്സിലാക്കിയേക്കാം. പുനര്‍ജനിയുടെ കൂടുതേടുന്ന സൂക്ഷ്മാണുവും അതിന്റെ ആവാസസ്ഥലങ്ങളിലേക്ക് അപ്പോള്‍ മടങ്ങിപ്പോകുമെന്ന് പ്രതീക്ഷിക്കാം.
മാറ്റൊലി
പ്രളയകാലത്ത് ‘പിരിവ് വിഴുങ്ങി’ എന്നൊരു ജാതി വൈറസ് ആവിര്‍ഭവിച്ചിരുന്നു. എറണാകുളത്തെ കേന്ദ്രങ്ങളില്‍ അതിന്റെ വാഹകര്‍ ഇപ്പോഴുമുണ്ടെത്രെ! കരുതലുണ്ടാവണം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.