
മുൻകാലങ്ങളിലെന്നതുപോലെ നിരാശ സൃഷ്ടിക്കുന്നതും അവഗണന പ്രതിഫലിപ്പിക്കുന്നതുമാണ് ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചിരിക്കുന്ന കേന്ദ്ര ബജറ്റ്. കേരളമെന്ന സംസ്ഥാനത്തെ ഭൂപടത്തിൽ നിന്നും പാടെ മാറ്റിനിർത്തിയെന്നു പറയുന്നത് അതിശയോക്തിയല്ല. യുവശക്തി ബജറ്റെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നതെങ്കിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്യുന്ന പദ്ധതികൾ ഒന്നുംതന്നെ ഉൾപ്പെടുത്തിയിട്ടില്ല. പ്രതിവർഷം രണ്ടുകോടി തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് 2014ൽ അധികാരത്തിലെത്തിയ നരേന്ദ്ര മോഡി സർക്കാരിന്റെ പുതിയ ബജറ്റിലും രണ്ടു കോടി പോയിട്ട് രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതി പ്രഖ്യാപനമില്ലെന്നത് യുവശക്തി ബജറ്റെന്ന പ്രഖ്യാപനം പൊള്ളയാണെന്നതിന്റെ പ്രകടമായ ഉദാഹരണമാണ്. ഗ്രാമീണ മേഖലയോടുള്ള സർക്കാർ നിലപാട് നിഷേധാത്മകമാണെന്നതിന് നിരവധി തെളിവുകൾ ബജറ്റിലുണ്ട്. ഇതിന്റെ പ്രധാന ഉദാഹരണമാണ് തൊഴിലുറപ്പ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്ന വിഹിതം. മഹാത്മാ ഗാന്ധിയുടെ പേരുമാറ്റി വിബി ജി ആർഎഎം ജി എന്നാക്കിയ പുതിയ പദ്ധതിക്ക് നീക്കിവച്ചിരിക്കുന്നത് 95,691 കോടി രൂപയാണ്. മുൻവർഷത്തെ 86,000 കോടിയെ അപേക്ഷിച്ച് 9000ത്തിലധികം കോടി കൂടുതലാണെന്നും കേന്ദ്ര വിഹിതം 60 ശതമാനമായി പരിമിതപ്പെടുത്തിയതിനാലാണ് എന്നും വാദിക്കാമെങ്കിലും പുതിയ പദ്ധതി പ്രകാരം പ്രഖ്യാപിച്ച 125 ദിവസ തൊഴിലുറപ്പെന്ന വാഗ്ദാനം നടപ്പിലാക്കണമെങ്കിൽ ഈ തുക പരിമിതമാണ്. എന്നുമാത്രമല്ല നടപ്പു സാമ്പത്തികവർഷത്തെയും മുൻ വർഷങ്ങളിലെയും കുടിശിക കുറച്ചാൽ അടുത്ത വർഷത്തേയ്ക്കുള്ള കേന്ദ്ര വിഹിതത്തിൽ പിന്നെയും കുറവുവരുമെന്നതിലും സംശയമില്ല. കാർഷിക മേഖലയിൽ കൊട്ടിഘോഷിച്ച് 2019ൽ നടപ്പിലാക്കിയ പിഎം ശ്രി കിസാൻ ആനുകൂല്യത്തിൽ ഒരു രൂപ പോലും വർധന വരുത്തിയില്ല. ആറുവർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച 6000 രൂപയിൽ തന്നെ തുടരുകയാണ് ആനുകൂല്യം ഇപ്പോഴും. കർഷക വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്ത മോഡി സർക്കാർ അത് യാഥാർത്ഥ്യമാക്കിയിട്ടില്ലെന്ന് മാത്രമല്ല, അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലും അതിനുള്ള ഒരു നടപടിയും പ്രഖ്യാപിച്ചിട്ടില്ല.
ചില പ്രത്യേക ഭൂമേഖലകളോട് അനുഭാവപൂർവമായ സമീപനം സ്വീകരിച്ചപ്പോൾ തന്നെ കേരളത്തോട് കാട്ടിയ അവഗണന കടുത്തതായി. രാജ്യത്ത് ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്നതും വരുമാനത്തിൽ മികച്ചുനിൽക്കുന്നതുമായ സംസ്ഥാനമാണെങ്കിലും റെയിൽവേ വികസനത്തിന്റെ കാര്യത്തിൽ കേരളത്തോട് ചിറ്റമ്മനയമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ബജറ്റിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇ ശ്രീധരനെ മുൻനിർത്തി അതിവേഗ റെയിലെന്ന പ്രതീക്ഷ ബിജെപിയും കൂട്ടാളികളും സൃഷ്ടിച്ചിരുന്നതാണ്. എന്നാൽ ഏഴ് അതിവേഗ റെയിൽവേ ഇടനാഴി പ്രഖ്യാപിച്ചപ്പോൾ കേരളത്തെ ഉൾപ്പെടുത്തിയില്ല. പ്രഖ്യാപിച്ച ഏഴ് ഇടനാഴികളിൽ രണ്ടെണ്ണം വീതം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുംബൈ, പൂനെ, വാരാണസി, ഡൽഹി, പട്ന എന്നീ നഗരങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതാണെന്നതിൽ നിന്ന് കേന്ദ്രസർക്കാരിന്റെ പ്രാദേശിക പക്ഷപാതിത്വവും വ്യക്തമാണ്. വിശ്വാസികളെ കുറിച്ച് വാചാടോപം നടത്തുന്ന ബിജെപിയുടെ കേന്ദ്രസർക്കാർ ശബരിമല വികസനത്തിൽ വലിയ ചുവട് വയ്പാകുമായിരുന്ന ശബരി റെയിൽപാത സംബന്ധിച്ച് മൗനം പാലിച്ചിരിക്കുന്നു. എയിംസ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും അതുമുണ്ടായില്ല. സ്ഥലം നൽകാത്തതാണ് കാരണമെന്ന് ബിജെപി കോണുകളിൽ നിന്ന് ന്യായീകരണമുണ്ടായിട്ടുണ്ട്. എന്നാൽ കേരളം നേരത്തെ തന്നെ സ്ഥലമെടുത്ത് നൽകിയെന്ന യാഥാർത്ഥ്യത്തെ തമസ്കരിക്കുന്നതാണ് ഇത്. ബിജെപി ആഗ്രഹിക്കുന്നിടത്തുമാത്രമേ എയിംസ് സ്ഥാപിക്കൂ എന്ന പിടിവാശിയും സംസ്ഥാനത്തോടുള്ള ശത്രുതാ മനോഭാവവുമാണ് എയിംസ് അനുവദിക്കാതിരുന്നതിന്റെ യഥാർത്ഥ കാരണമെന്ന് അനുമാനിക്കാവുന്നതാണ്.
സംസ്ഥാനങ്ങൾക്കുള്ള വിഹിതം വർധിപ്പിക്കണമെന്ന ആവശ്യം ഉണ്ടായിരുന്നുവെങ്കിലും നിലവിലുള്ള 41% തന്നെ തുടരുമെന്നാണ് നിർദേശിച്ചിരിക്കുന്നത്. പ്രത്യേക പാക്കേജെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിച്ചിട്ടില്ല. എന്നാൽ വലിയ ആശ്വാസം നൽകുന്നതല്ലെങ്കിലും സംസ്ഥാന വിഹിതത്തിൽ നേരിയവർധന വരുത്തിയിട്ടുണ്ട്. അതേസമയം അപൂർവ ധാതുസമ്പത്ത് ഖനനം ലക്ഷ്യം വച്ച് പ്രഖ്യാപിച്ച ധാതു ഇടനാഴിയിലും ബ്ലൂ ഇക്കണോമിയിലും കേരളത്തെ ഉൾപ്പെടുത്തി.
പദ്ധതിയുടെ വിശദാംശങ്ങളായില്ലെങ്കിലും സംശയാസ്പദമാണ്. അപൂർവ ധാതുക്കളുടെ അനിയന്ത്രിതമായ ഖനനവും കടൽ സമ്പത്തിന്റെ കൊള്ളയ്ക്കും അവസരമൊരുക്കുകയാണോ ലക്ഷ്യം വയ്ക്കുന്നതെന്ന സംശയം അസ്ഥാനത്തല്ല. കേരളത്തെ ഉൾപ്പെടുത്തി കടലാമ സംരക്ഷണ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് യഥാർത്ഥത്തിൽ തമാശയാണ്. ഇതുകൊണ്ട് കേരളത്തിന്റെ സമ്പദ്ഘടനയ്ക്കോ സാമൂഹ്യ ജീവിതത്തിലോ എന്ത് ഫലമാണുണ്ടാകുകയെന്ന് വിശദീകരിക്കേണ്ടത് ധനമന്ത്രി നിർമ്മലാ സീതാരാമൻ തന്നെയാണ്. കേരകർഷക മേഖലയ്ക്ക് വേണ്ടിയുള്ള പ്രോൽസാഹന പദ്ധതി കേരളത്തിന് സഹായകമെന്ന് തോന്നാമെങ്കിലും തമിഴ്‌നാട്, കർണാടക, തെലങ്കാന സംസ്ഥാനങ്ങൾക്കാണ് കൂടുതൽ ഗുണം ലഭിക്കുക. ഫലത്തിൽ കേരളത്തെ പൂർണമായും തഴയുകയും രാജ്യത്താകെയുള്ള സാധാരണക്കാർക്ക് അനുഗുണമാകുന്ന എന്തെങ്കിലും പദ്ധതികൾ പ്രഖ്യാപിക്കാതെയുമുള്ള കേന്ദ്ര ബജറ്റ് അത്യന്തം നിരാശാജനകവും നിഷേധാത്മകവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.