3 July 2024, Wednesday
KSFE Galaxy Chits

മഹാരാഷ്ട്രയിലെ കുതിരക്കച്ചവടം

Janayugom Webdesk
June 24, 2022 5:00 am

അധികാരം പിടിക്കുവാനുള്ള ബിജെപിയുടെ കുതന്ത്രങ്ങള്‍ മഹാരാഷ്ട്രാ രാഷ്ട്രീയത്തെ കലുഷമാക്കിയിരിക്കുകയാണ്. പതിവുപോലെ റിസോര്‍ട്ടുവാസവും വിലപേശലും രാജി സന്നദ്ധതയും വീടുമാറലുമൊക്കെയായി മുംബൈയുടെ രാവും പകലും രാഷ്ട്രീയഭരിതമാണ്. ഭരണമുന്നണിയിലെ ശിവസേനയെന്ന മുഖ്യകക്ഷിയില്‍ നിന്ന് ബിജെപി വിലയ്ക്കെടുത്ത ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം ഹിന്ദുത്വ ആശയമാണ് അഭിപ്രായ ഭിന്നതയ്ക്കുകാരണമായി മുന്നോട്ടുവയ്ക്കുന്നതെങ്കിലും കൂടുതല്‍ മികച്ച അധികാര പദവികളും സാമ്പത്തിക ഔന്നത്യവും തന്നെയാണ് അന്തപ്പുരങ്ങളിലെ ചര്‍ച്ചാ വിഷയങ്ങളെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. അതല്ലായിരുന്നുവെങ്കില്‍ മഹാരാഷ്ട്രയില്‍ നിന്ന് വളരെ അകലെ ഗുജറാത്തിലെ സൂറത്തിലും അവിടെ നിന്നും അതിര്‍ത്തി സംസ്ഥാനമായ അസമിലെ ഗുവാഹട്ടിയിലേക്കുമുള്ള പലായനം ആവശ്യമില്ലായിരുന്നു. ബിജെപി നടത്തുന്ന കച്ചവടത്തെ മറികടക്കുന്ന കച്ചവടമോ വിലപേശലോ, അവര്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാനമാനങ്ങളെക്കാള്‍ ഉന്നത സ്ഥാനങ്ങള്‍ നല്കി വിമതരെ സ്വാധീനിച്ചേക്കാമെന്ന ഭയത്തില്‍ നിന്നാണ് ഇത്തരമൊരു പലായന നാടകം രചിക്കപ്പെട്ടത്. കുതിരക്കച്ചവടത്തിനപ്പുറം മറ്റൊന്നും മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ രാഷ്ട്രീയ നാടകങ്ങള്‍ അവശേഷിപ്പിക്കില്ലെന്നുറപ്പാണ്. ഇപ്പോള്‍ ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ച് വിമതര്‍ സംസാരിക്കുന്നുണ്ട്. പക്ഷേ ബിജെപിയോടും തിരിച്ചും വിലപേശല്‍തന്നെയാണ് നടക്കുന്നത്. ആശയം മാത്രമാണ് പ്രശ്നമെങ്കില്‍ പലായനമോ കാലതാമസമോ ആവശ്യമില്ലായിരുന്നു.


ഇതുംകൂടി വായിക്കാം;ഇന്ത്യന്‍ സൈന്യത്തിലും അരക്ഷിതബോധം സൃഷ്ടിക്കുന്നു


മധ്യപ്രദേശ്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സംഭവിച്ചതുമായി താരതമ്യം ചെയ്യുമ്പോള്‍ മഹാരാഷ്ട്രയിലേത് അപ്രതീക്ഷിതമൊന്നുമല്ല. 2019ലെ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ച ബിജെപിയും ശിവസേനയും വേര്‍പിരിയുന്നതും മഹാസഖ്യം രൂപംകൊള്ളുന്നതും പദവികളെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പുറത്തായിരുന്നു. അതുകൊണ്ടാണ് 2019 ഒക്ടോബര്‍ 21 ന് വോട്ടെടുപ്പും 24ന് വോട്ടെണ്ണലും നടന്ന മഹാരാഷ്ട്രയില്‍ മഹാസഖ്യം അധികാരത്തിലെത്തുന്നത്. ഒരുമിച്ച് മത്സരിച്ച ബിജെപി — ശിവസേന സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ബിജെപി നിശ്ചയിച്ച പ്രതിനിധിയെ ശിവസേന അംഗീകരിക്കാതിരിക്കുകയും അത് സൃഷ്ടിച്ച രാഷ്ട്രീയ അനിശ്ചിതത്വം പരസ്പരം മത്സരിച്ച ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവ ചേര്‍ന്ന മഹാസഖ്യത്തിന്റെ രൂപീകരണത്തിലേക്ക് നയിക്കുകയുമായിരുന്നു. ശിവസേനയുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് പലപ്പോഴും ബിജെപിയേക്കാള്‍ വലതുപക്ഷാഭിമുഖ്യവും തീവ്രതയുമുണ്ടായിരുന്നു. പ്രാദേശിക വാദത്തിന്റെ കൂടി ചേരുവ ചേര്‍ന്നതായിരുന്നു അവരുടെ രാഷ്ട്രീയം. മറാത്താ ദേശീയതയെയും പ്രാദേശികതയെയും വളംചേര്‍ത്ത് വളര്‍ത്തിയാണ് ശിവസേന മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍ വേരുറപ്പിച്ചത്. ഇതര സംസ്ഥാനക്കാരായ കുടിയേറ്റക്കാരെ പോലും ശത്രുക്കളായി പരിഗണിക്കുകയും അവര്‍ക്കെതിരെ കായികമായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തൊരു ഭൂതകാലവും അവര്‍ക്കുണ്ടായിരുന്നു. ബിജെപിയുടെ വലതുപക്ഷ തീവ്ര കാഴ്ചപ്പാടുകളോട് ചേര്‍ന്നുനിന്നുവെങ്കിലും തെരഞ്ഞെടുപ്പാനന്തരം, സ്ഥാനങ്ങളുടെ പേരിലാണെങ്കിലും ശിവസേന അവര്‍ക്കെതിരെ തിരിഞ്ഞതാണ് മഹാരാഷ്ട്രാ രാഷ്ട്രീയത്തിന്റെ തിരക്കഥയില്‍ മാറ്റം വരുത്തിയത്. അതിനുപിന്നീടുള്ള മൂന്നുവര്‍ഷം എന്തൊക്കെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുവാനും വിമര്‍ശനങ്ങള്‍ ഉന്നയിക്കുവാനുമുണ്ടെങ്കിലും മഹാസഖ്യം ബിജെപി വിരുദ്ധ നിലപാടുകള്‍ തന്നെയാണ് സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ കൂടുതല്‍ ശക്തരായ വിമര്‍ശകരായി ശിവസേന മാറി. ഇതോടെ 2019ലെ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തുന്നതിന് വിഘാതം സൃഷ്ടിച്ച, ശത്രുപക്ഷത്തെ സഹായിക്കുന്ന ശിവസേനയെ പിളര്‍ത്തുന്നതിനുള്ള ഗൂഢനീക്കങ്ങള്‍ ആരംഭിച്ചുവെന്നുവേണം കരുതുവാന്‍.

വലതുപക്ഷ നിലപാടുകളും പ്രാദേശിക വാദവും അടിത്തറയാക്കി രൂപപ്പെട്ട ശിവസേന മഹാസഖ്യത്തിന്റെ പങ്കാളിയായ ശേഷം അതിന്റെ നയങ്ങളെയോ നിലപാടുകളെയോ തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും ഭരണനയങ്ങളിലും കേന്ദ്ര സര്‍ക്കാരിനോടുള്ള സമീപനങ്ങളിലും അല്പമെങ്കിലും വ്യത്യസ്തമായ സമീപനങ്ങള്‍ സ്വീകരിച്ചിരുന്നു. അതിനാല്‍ തന്നെയാണ് തങ്ങളുടെ മുന്‍ പങ്കാളികള്‍ കൂടിയായ ശിവസേനയിലേതുള്‍പ്പെടെ മന്ത്രിമാരെയും മഹാരാഷ്ട്രയിലെ മറ്റു കക്ഷി നേതാക്കളെയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി വേട്ടയാടിത്തുടങ്ങിയത്. എന്നിട്ടും വരുതിയിലെത്തുന്നില്ലെന്നുവന്നപ്പോഴാണ് കേന്ദ്ര ഏജന്‍സികളെ കാട്ടി ഭീഷണിപ്പെടുത്തിയും വിലനിശ്ചയിച്ചും ശിവസേനയിലെ ഒരുവിഭാഗം സാമാജികരെ വലയിലാക്കിയത്. അതുകൊണ്ടാണ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതവിഭാഗം രൂപപ്പെടുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പാണ് വരുന്നത് എന്ന പ്രത്യേകമായ സാഹചര്യവും ഈ വലിയ കച്ചവടത്തിനു കാരണമാകുന്നുണ്ട്. കുറച്ചുകൂടി പേര്‍ കൂടിയില്ലെങ്കില്‍ സ്ഥിതി മോശമായേക്കുമെന്ന് ബിജെപിക്കു ഭയമുണ്ട്. ബിജെപിയെന്നത് അധികാരത്തിനുവേണ്ടിയുള്ള വെറും കച്ചവട സംഘം കൂടിയായി മാറിയിരിക്കുന്നുവെന്നാണ് മഹാരാഷ്ട്ര ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പായതിനാല്‍ കൂടുതല്‍ കച്ചവടങ്ങളും ബിജെപിയുടെ ഭാഗത്തുനിന്ന് നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.

 

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.