23 December 2024, Monday
KSFE Galaxy Chits Banner 2

പ്രതിപക്ഷം സമരം ചെയ്യേണ്ടത് ജനവിരുദ്ധ സാമ്പത്തിക നയത്തോട്

Janayugom Webdesk
November 6, 2021 4:27 am

മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും 29 നിയമസഭാ മണ്ഡലങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ മോഡി ഭരണകൂടത്തിലും ബിജെപി വൃത്തങ്ങളിലും സൃഷ്ടിച്ച നടുക്കമാണ് പെട്രോളിനും ഡീസലിനും യഥാക്രമം അഞ്ചും പത്തും രൂപ വീതം എക്സൈസ് തീരുവ ഇളവു ചെയ്യാന്‍‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ പെട്രോളിയം ഇന്ധനവില നൂറിനു മുകളിലായിരുന്നു. അടുത്ത വര്‍ഷാരംഭത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ തങ്ങളെ കാത്തിരിക്കുന്ന ഫലത്തെക്കുറിച്ചുള്ള ആധിയാണ് പരിമിതമായ തോതിലെങ്കിലും ഇന്ധനവില കുറയ്ക്കാൻ മോഡി സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്.

എക്സൈസ് നികുതിയിലെ നാമമാത്രമായ കുറവും ആനുപാതികമായി സംസ്ഥാന മൂല്യവര്‍ധിത നികുതിയില്‍ വരുത്തിയ കുറവും പൊതുജനങ്ങള്‍ക്ക് തെല്ല് ആശ്വാസം പകരുമെങ്കിലും നിലവിലെ ഉയര്‍ന്ന ഇന്ധനവിലയും, വരും ദിവസങ്ങളില്‍ പതിവുപോലെ ദിനംപ്രതി വര്‍ധിക്കാവുന്ന വിലയും രാജ്യത്തെ ജനജീവിതത്തെ തുടര്‍ന്നും വീര്‍പ്പുമുട്ടിക്കുമെന്ന ആശങ്ക അകലുന്നില്ല. കേന്ദ്ര സര്‍ക്കാരിനെ പിന്തുടര്‍ന്ന് ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ പലതും വാറ്റില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്. എക്സൈസ് നികുതി ഇളവിനെ തുടര്‍ന്ന് ആനുപാതികമായി കേരളത്തിലും പെട്രോളിനും ഡീസലിനും യഥാക്രമം 1.60 ഉം 2.30 രൂപ വീതം വാറ്റിനത്തില്‍ ഇതിനകം കുറവു വരുത്തി. വാറ്റിനത്തില്‍ ഇനിയും കുറവു വരുത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷ യുഡിഎഫും ബിജെപിയും കൈകോര്‍ത്ത് എല്‍ഡിഎഫ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്.


ഇതും കൂടി വായിക്കാം:ഇന്ധനവില 50 രൂപയായി കുറയണമെങ്കിൽ ബിജെപിയെ അധികാരത്തിൽ നിന്നു താഴെയിറക്കണമെന്ന് ശിവസേന എംപി


പെട്രോളിയം ഇന്ധന വിലനിര്‍ണയ അധികാരം കമ്പോളത്തിനു വിട്ടുകൊടുത്ത കോണ്‍ഗ്രസും അത് ജനങ്ങളെ കൊള്ളയടിക്കാനുള്ള സുവര്‍ണാവസരമാക്കി മാറ്റിയ ബിജെപിയും കൈകോര്‍ക്കുന്നത് അസാധാരണ കാഴ്ചയല്ലെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. ജനദ്രോഹ സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. ഇന്ത്യയിലെ പെട്രോളിയം ഇന്ധനത്തിന്റെ ചില്ലറ വില്പന വില ലോകത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായി തുടരുന്നതിന്റെ മുഖ്യ കാരണം കേന്ദ്രസര്‍ക്കാര്‍ അ­തി­ന്മേല്‍ ചുമത്തിവരുന്ന അന്യായമാം വിധം ഉയര്‍ന്ന എക്സൈസ് തീരുവയാണ്. ഉപഭോക്താവ് നല്കേണ്ടിവരുന്ന പെട്രോളിന്റെയും ഡീസലിന്റെയും വിലയുടെ യഥാക്രമം 42, 49 ശതമാനം മാത്രമാണ് എണ്ണ വിപണന കമ്പനികളുടെ അടിസ്ഥാ­ന വിലയും കടത്തുകൂലിയും അടക്കം വരുന്നത്. ബാക്കി വരുന്ന 58ഉം 51 ഉം ശതമാനം കേന്ദ്ര‑സംസ്ഥാന നികുതിയാണ്. അതില്‍തന്നെ 33, 34 ശതമാനവും കേന്ദ്ര എക്സൈസ് തീരുവയാണ്. കേരളം പെട്രോളിന് ഏതാണ്ട് 30 ശതമാനം നികുതിയും ലിറ്ററിന് ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസും ഈടാക്കുന്നു. ഡീസല്‍ നികുതി ഉദ്ദേശം 20 ശതമാനവും ലിറ്ററിന് ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമാണ് നല്കേണ്ടിവരുന്നത്.

അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ നികുതി പെട്രോളിന് 35 ശതമാനവും ഡീസലിന് 24 ശതമാനവുമാണ്. തമിഴ്‌നാട്ടിലാവട്ടെ പെട്രോളിന് 13 ശതമാനവും അധികമായി ലിറ്ററിന് 12 രൂപയോളവും ഡീസലിന് 11 ശതമാനവും അധികമായി ലിറ്ററിന് 10 രൂപയോളവും ഈടാക്കുന്നു. കേന്ദ്രം ചുമത്തുന്ന എക്സൈസ് തീരുവയുടെ 41 ശതമാനം 15-ാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് നല്കേണ്ടതുണ്ട്. എന്നാല്‍ കേന്ദ്ര നികുതിയുടെ രണ്ട് ഘടകങ്ങളില്‍ ഒന്നായ പ്രത്യേക എക്സൈസ് തീരുവയും സെസും അടക്കം അന്യായമായി ഉയര്‍ത്തി പങ്കുവയ്ക്കേണ്ട നികുതി ഘടകം കുറച്ച് സംസ്ഥാന വരുമാനം കവര്‍ന്നെടുക്കുക വഴി സംസ്ഥാനങ്ങളെ ഫലത്തില്‍ കൊള്ളയടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തുവരുന്നത്. ഇത് നരേന്ദ്രമോഡി ഉദ്ഘോഷിക്കുന്ന സഹകരണാത്മക ഫെഡറലിസത്തിന്റെയും ഭരണഘടന വിഭാവന ചെയ്യുന്ന ഫെഡറല്‍ തത്വങ്ങളുടെയും നഗ്നമായ ലംഘനമാണ്.


ഇതും കൂടി വായിക്കാം:‘പോക്കറ്റടിക്കാരന്റെ ന്യായം പോലെ’; 30 രൂപയോളം വർധിപ്പിച്ചാണ് കേന്ദ്രം ഇന്ധനവില കുറച്ചിരിക്കുന്നതെന്ന് ധനമന്ത്രി


വസ്തുതകള്‍ ഇതായിരിക്കെ പെട്രോളിയം ഇന്ധനങ്ങള്‍ക്ക് ചുമത്തിവരുന്ന വാറ്റില്‍ വീണ്ടും ഇളവുവരുത്തുക എന്നാല്‍ കേരളം പോലെ പരിമിത വിഭവശേഷി നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാവും. ചരക്ക് സേവന നികുതി നടപ്പിലായതോടെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന കേരളത്തെ വീര്‍പ്പുമുട്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ക്കുന്നത്. ജനങ്ങളുടെ ദുരിതമാണ് പ്രതിപക്ഷത്തിന്റെ ചിന്താവിഷയമെങ്കില്‍ തിരുത്തേണ്ടത് ജനവിരുദ്ധ സാമ്പത്തിക നയങ്ങളാണ്. സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്രം കവര്‍ന്നെടുക്കുന്ന പങ്കിടേണ്ടാത്ത എക്സൈസ് തീരുവാ ഘടകം സമ്പൂര്‍ണമായി പിന്‍വലിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം അണിനിരക്കുകയാണ് ഉത്തരവാദിത്വബോധമുള്ള പ്രതിപക്ഷം ചെയ്യേണ്ടത്.

ENGLISH SUMMARY: JANAYUGOM EDITORIAL ABOUT The oppo­si­tion must fight against the anti-peo­ple eco­nom­ic policy

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.