25 December 2024, Wednesday
KSFE Galaxy Chits Banner 2

സ്വകാര്യവല്‍ക്കരണലക്ഷ്യവുമായി വീണ്ടും വൈദ്യുതി നിയമഭേദഗതി

Janayugom Webdesk
July 15, 2022 5:00 am

സംസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പിനെയും വൈദ്യുതി ജീവനക്കാരും തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെയുള്ള പൊതുസമൂഹത്തിന്റെ പ്രക്ഷോഭങ്ങളെയും തുടര്‍ന്ന് മരവിപ്പിച്ച വൈദ്യുതി നിയമഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് ഊര്‍ജ രംഗത്തു ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യങ്ങളും സേവനങ്ങളും ഇല്ലാതാക്കി സമ്പൂര്‍ണ സ്വകാര്യവല്ക്കരണത്തിലേയ്ക്ക് നയിക്കുന്നതിന് ആത്യന്തികമായി ഇടയാക്കുന്നതാണ് പ്രസ്തുത നിയമഭേദഗതി. 2021 ജൂലൈയില്‍ ആരംഭിച്ച പാര്‍ലമെന്റിന്റെ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതായിരുന്നു പ്രസ്തുത നിയമഭേദഗതി. അതിനു മുമ്പ് പല തവണ നിയമഭേദഗതിക്കു കേന്ദ്ര നീക്കമുണ്ടായപ്പോഴെല്ലാം ശക്തമായ എതിര്‍പ്പും പ്രതിഷേധവുമാണ് എല്ലാ കോണുകളില്‍ നിന്നും ഉയര്‍ന്നത്. 2021ല്‍ ഭേദഗതി നീക്കമാരംഭിച്ച ഘട്ടത്തില്‍ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പ്രമേയം അംഗീകരിച്ചുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഒരുവര്‍ഷത്തിലധികം നീണ്ട കര്‍ഷക പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന് നിയമഭേദഗതി ഉപേക്ഷിക്കണമെന്നതായിരുന്നു. ഉപഭോക്താക്കളുടെയോ സംസ്ഥാനങ്ങളുടെയോ താല്പര്യങ്ങള്‍ പരിഗണിക്കാതെയും തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനിടയുള്ളതുമായ നിയമ ഭേഗദതി നീക്കത്തിനെതിരെ കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ തനിച്ചും സംയുക്തമായുമുളള സമരങ്ങളും നടത്തിവരികയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് പത്തിന് വൈദ്യുതി മേഖലയിലെ തൊഴിലാളി, ഉദ്യോഗസ്ഥ സംഘടനകളുടെ സംയുക്തവേദി പണിമുടക്കിന് ആഹ്വാനം നല്കിയിരുന്നുവെങ്കിലും ബില്ല് അവതരിപ്പിക്കുന്നത് മാറ്റിവച്ച സാഹചര്യത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

കര്‍ഷക പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കിയ കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്കിയ ഉറപ്പുകളിലൊന്ന് വൈദ്യുതി നിയമഭേദഗതി ഉപേക്ഷിക്കുമെന്നതായിരുന്നു. എന്നാല്‍ തൊഴിലാളികളോടും കര്‍ഷക സമൂഹത്തോടും ഉപഭോക്തൃവിഭാഗങ്ങളോടും നല്കിയ ഉറപ്പുകള്‍ ലംഘിച്ചുകൊണ്ട് പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ നിയമഭേദഗതി അവതരിപ്പിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വൈദ്യുതി ഉല്പാദന — വിതരണ മേഖലകളെ പൂര്‍ണമായും സ്വകാര്യവല്ക്കരിക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തോടെയാണ് കേന്ദ്രം ഈ നീക്കം നടത്തുന്നതെന്ന് വ്യക്തമാണ്. വൈദ്യുതി വിതരണത്തിന് ലൈസന്‍സ് ഒഴിവാക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഈ രംഗത്ത് സ്വകാര്യ മൂലധനശക്തികള്‍ക്ക് യഥേഷ്ടം കടന്നുകയറാന്‍ അവസരമൊരുക്കുമെന്ന ആശങ്കയാണ് പ്രധാനമായും ഉയര്‍ന്നിട്ടുള്ളത്. സാമൂഹ്യ മുന്നേറ്റത്തിലും വ്യാവസായിക — വാണിജ്യ വളര്‍ച്ചയിലും അവിഭാജ്യഘടകമായ ഊര്‍ജരംഗം സ്വകാര്യവല്ക്കരിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത് കേവലം വ്യാപാര വസ്തു മാത്രമായി പരിഗണിക്കുന്നതും ലാഭതാല്പര്യമനുസരിച്ച് ക്രമീകരിക്കുന്നതും രാജ്യത്തിന്റെ വികസന പ്രക്രിയയെ തന്നെ അട്ടിമറിക്കുന്നതിന് ഇടയാക്കും.


ഇതുകൂടി വായിക്കു; ചരിത്രം ഇത്തരക്കാർക്ക് ഒരിക്കലും മാപ്പുനൽകില്ല


നവ ഉദാരവല്ക്കരണ നയത്തിന്റെ അടിസ്ഥാനത്തില്‍ നിലയുറപ്പിച്ചുകൊണ്ട് നടപ്പിലാക്കിയ 2003ലെ വൈദ്യുതി നിയമത്തിന്റെ പരിഷ്കരണമാണ് പുതിയ നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റവും സാധാരണക്കാര്‍ക്കു ലഭിച്ചുപോന്നിരുന്ന ആനുകൂല്യങ്ങളുടെ നിഷേധവുമാണ് സംഭവിക്കുവാന്‍ പോകുന്നത്. വൈദ്യുതി വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് ആവശ്യമില്ലെന്ന പ്രധാനപ്പെട്ട നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരുകള്‍ക്കോ വൈദ്യുതി റഗുലേറ്ററി കമ്മിഷനുകള്‍ക്കോ യാതൊരു നിയന്ത്രണവുമില്ലാതെ ഈ മേഖലയിലേക്ക് സ്വകാര്യക്കമ്പനികള്‍ക്ക് കടന്നുവരാനും പ്രവര്‍ത്തിക്കാനും അവസരമൊരുക്കുന്നതാണ്. ഇത്തരം വിതരണ കമ്പനികൾക്ക് വൈദ്യുതി ലൈനുകളുടെ നിർമ്മാണത്തിലോ വിപുലീകരണത്തിലോ പരിപാലനത്തിലോ യാതൊരു ഉത്തരവാദിത്തവുമില്ല. നിലവിലുള്ള വൈദ്യുതി ലൈനുകളിലൂടെതന്നെ വൈദ്യുതി കടത്തിക്കൊണ്ടുപോകാനും വില്‍ക്കാനും പുതുതായി കടന്നുവരുന്ന കമ്പനികള്‍ക്കും അവകാശമുണ്ടാകുകയും ചെയ്യും.

ലാഭത്തെ മാത്രം അടിസ്ഥാനമാക്കിയാണ് സ്വകാര്യ കമ്പനികളുടെ പ്രവര്‍ത്തനമെന്നതിനാല്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെയും കാര്‍ഷിക മേഖലയുടെയും ചെറുകിട വ്യവസായങ്ങളുടെയുമൊക്കെ വൈദ്യുതിനിരക്കുകള്‍ അതിഭീമമായി ഉയരുന്നതിന് ഇടയാക്കുകയും ചെയ്യും. ഇതേ ഭീതികളാണ് കര്‍ഷക പ്രക്ഷോഭത്തിലൂടെയും ഉന്നയിക്കപ്പെട്ടത്. ഫലത്തില്‍ വൈദ്യുതിയെന്നത് അതിസമ്പന്നരുടെ ആഢംബരമായി മാറുമെന്ന ആശങ്കയും അസ്ഥാനത്തല്ല. ഇത്തരം നിരവധി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കകള്‍ നിലനില്ക്കുമ്പോള്‍ അതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍, വൈദ്യുതി രംഗത്തെ ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായുള്ള ചര്‍ച്ചകളോ പൊതുസമൂഹത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കുന്നതിനുള്ള ശ്രമങ്ങളോ നടത്താതെയാണ് വീണ്ടും നിയമഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ പൊതുസമൂഹത്തെയും അവകാശപോരാട്ടങ്ങളില്‍ അടിയുറച്ചുനില്ക്കുന്ന തൊഴിലാളി — കര്‍ഷക ജനവിഭാഗത്തെയും സംസ്ഥാന സര്‍ക്കാരുകളെയും പുച്ഛിക്കുന്ന സമീപനം കൂടിയാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.