28 March 2024, Thursday

എന്‍ഡിടിവിയുടെ ഉടമസ്ഥതാ മാറ്റം

Janayugom Webdesk
December 2, 2022 5:00 am

ഇന്ത്യയിലെ മതവിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മനുഷ്യാവകാശം വന്‍ തോതിലുള്ള ഭീഷണി നേരിടുകയാണെന്ന അന്താരാഷ്ട്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. യുഎസ് കമ്മിഷന്‍ ഫോര്‍ ഇന്റര്‍ നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ് സിഐആര്‍എഫ്) തയാറാക്കിയ റിപ്പോര്‍ട്ടില്‍ അന്താരാഷ്ട്ര തലത്തില്‍ നിലനില്ക്കുന്ന മതസ്വാതന്ത്ര്യ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ വ്യവസ്ഥാപിത വിശ്വാസ രീതികള്‍ കൊണ്ടുനടക്കുന്നതില്‍ അസഹിഷ്ണുത ശക്തമായി പ്രകടമാകുന്ന രാജ്യമാണ് ഇന്ത്യയെന്ന് വ്യക്തമാക്കുന്നു. ഇന്നലെ പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കോവിഡ്19മായി ബന്ധപ്പെട്ട് ഏറ്റവും ഉയര്‍ന്ന തോതില്‍ മതപരമായ ശത്രുത പ്രകടമായ രാജ്യമാണ് ഇന്ത്യയെന്ന് പറഞ്ഞിട്ടുണ്ട്. ഇതിനിടയിലാണ് ബിഹാറിന്റെ തലസ്ഥാനമായ പട്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ ദേശി ഗ്ലോബല്‍ മൈനോറിറ്റി ഇന്‍ഡക്സ് എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. ഇതില്‍ ഇന്ത്യ ന്യൂനപക്ഷ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകത്ത് ഒന്നാമതാണെന്നാണ് സ്ഥാപിക്കുവാന്‍ ശ്രമിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിന്റെ ഉദാഹരണമാണെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ പൗരത്വ ഭേദഗതി നിയമം ഒരു പ്രത്യേക വിഭാഗം ന്യൂനപക്ഷത്തെ ഇന്ത്യയില്‍ നിന്ന് ആട്ടിയോടിക്കുന്നതിനുള്ളതാണെന്നും അതിനെതിരായ പ്രക്ഷോഭങ്ങള്‍ ക്രൂരമായി അടിച്ചമര്‍ത്തല്‍ ശ്രമത്തിന് വിധേയമായിരുന്നുവെന്നുമുള്ള വസ്തുത മറച്ചുവച്ചാണ് പട്നയിലെ സെന്റര്‍ ഫോര്‍ പോളിസി അനാലിസിസ് (സിപിഎ) എന്ന സംഘടന ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പടച്ചുണ്ടാക്കിയിരിക്കുന്നത്.

 


ഇതുകൂടി വായിക്കു; സാമ്പത്തിക വളര്‍ച്ച: കണക്കുകള്‍ മൂടിവയ്ക്കാനാവില്ല


വസ്തുതകളെ കള്ളങ്ങളും കള്ളങ്ങളെ വസ്തുതകളുമാക്കുന്നതിന് ഇതുപോലെ വളരെയധികം സംഘടനകള്‍ മോഡി ഭരണകാലത്ത് അധികജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കുറേയധികം മാധ്യമങ്ങളെ വരുതിയിലാക്കിയതിനു പുറമേ സംഘടനകളെ ഉപയോഗിച്ചും വ്യാജ പ്രചരണങ്ങളും നിര്‍മ്മിതികളും അരങ്ങു തകര്‍ക്കുന്നു. അങ്ങനെയൊരു പശ്ചാത്തലത്തിലും നിശ്ചയദാര്‍ഢ്യത്തോടെ നിലക്കൊള്ളുന്ന മാധ്യമങ്ങളെ തങ്ങളുടെ പക്ഷം ചേര്‍ക്കുന്നതിന് പല (കു)തന്ത്രങ്ങളാണ് ഇന്ത്യയിലെ വലതുപക്ഷ ഫാസിസ്റ്റ് ഭരണവും അവരുടെ പിണിയാളുകളും നടത്തിക്കൊണ്ടിരിക്കുന്നത്.
ആ തന്ത്രങ്ങളില്‍ പ്രധാനം പ്രലോഭനങ്ങളാണ്. അതിനു വഴങ്ങുന്നില്ലെങ്കില്‍ ഭീഷണിയും വിവിധ തരത്തിലുള്ള വേട്ടയാടലുകളും നടത്തുന്നു. ഇവ രണ്ടും ഫലപ്രദമാകാതെ വരുമ്പോഴാണ് ചതിപ്രയോഗത്തിലൂടെ കയ്യടക്കുകയെന്ന തന്ത്രം പ്രയോഗിക്കുന്നത്. എന്‍ഡിടിവിയെന്ന ശ്രദ്ധേയവും ശക്തവുമായ മാധ്യമത്തെ വരുതിയിലാക്കുന്നതിന് പ്രയോഗിച്ചിരിക്കുന്നത് അവസാനം പറഞ്ഞ കുതന്ത്രമാണ്. പ്രലോഭനങ്ങളില്‍ മയങ്ങിയ പല മാധ്യമങ്ങളും വലതുപക്ഷ പ്രചാരകരായി മാറിക്കഴിഞ്ഞു. അതിന് സന്നദ്ധമാകാത്തവ നിരന്തരമുള്ള വേട്ടയാടലുകള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ക്കെല്ലാം ഇത്തരം സ്ഥാപന മേധാവികളുടെ വീടും പുരയിടവും ഓഫീസും ബന്ധുക്കളുടെ പണമിടപാടുകളും എല്ലാം സുപരിചിതമായിരിക്കും. അവയെല്ലാം അനധികൃത സമ്പാദ്യമോ കള്ളപ്പണമിടപാടോ ഒക്കെയായി നിര്‍വചിക്കപ്പെടുകയും ചെയ്യും.

 

 


ഇതുകൂടി വായിക്കു; ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരെ അവഹേളിച്ച് അമിത് ഷാ


 

തെളിവുകളെല്ലാം അനുകൂലമായിരുന്നാലും പുതിയ പുതിയ കേസുകള്‍ കെട്ടിച്ചമച്ചുകൊണ്ടിരിക്കും. ഒന്നുകില്‍ വശംവദരാകുക, അല്ലെങ്കില്‍ പൂട്ടിപോയിക്കൊള്ളുക എന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ ദാസ്യപ്പണിക്കാരുടെ വേട്ടയാടലിന്റെ യഥാര്‍ത്ഥ ലക്ഷ്യം. എന്‍ഡിടിവിയെ പക്ഷേ ഇവയൊന്നുകൊണ്ടും വശത്താക്കുവാനോ പൂട്ടിക്കാനോ സാധിച്ചില്ല. അതുകൊണ്ട് ചതിപ്രയോഗത്തിലൂടെ കയ്യടക്കുവാനുള്ള ശ്രമം ആരംഭിച്ചു. മോഡിയുടെ ഉറ്റബന്ധുവായതുകൊണ്ടുമാത്രം വ്യവസായ ലോകത്തും വ്യാപാര സാമ്രാജ്യം വികസിപ്പിച്ച് അതിസമ്പന്നരുടെ പട്ടികയിലുമെത്തിയ ഗൗതം അഡാനിയെന്ന പിണിയാള്‍ അപ്പണി കൃത്യമായി ചെയ്തു. ഊഹക്കച്ചവടത്തിന്റെയും ഓഹരി വിപണിയുടെയും നവവാണിജ്യ കാലത്തെ കുതന്ത്രങ്ങളാണ് എന്‍ഡിടിവി സ്വന്തമാക്കുന്നതിന് അഡാനി സ്വീകരിച്ചത്. 2009ൽ, വിസിപിഎൽ എന്ന സ്ഥാപനത്തിൽ നിന്ന് എന്‍ഡിടിവി പലിശരഹിത വായ്പയെടുത്തിരുന്നു. പ്രസ്തുത കമ്പനിയെ കഴിഞ്ഞ ഓഗസ്റ്റില്‍ അഡാനി ഗ്രൂപ്പ് ഏറ്റെടുത്തു. തുടര്‍ന്ന് വിസിപിഎൽ എന്‍ഡിടിവിക്ക് നല്കിയിരുന്ന വായ്പയ്ക്ക് പകരം എന്‍ഡിടിവിയുടെ നടത്തിപ്പു കമ്പനിയായ ആർആർപിആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ 29.18 ശതമാനം ഓഹരികൾക്കായി അഡാനി ഗ്രൂപ്പ് വാറണ്ട് പുറപ്പെടുവിക്കുകയും ഏറ്റെടുക്കുകയുമായിരുന്നു.

നേരിട്ടുള്ള വില്പനയോ വാങ്ങലോ ആയിരുന്നില്ല, വിപണിയിലെയും ഓഹരിക്കമ്പോളത്തിലെയും ചതിപ്രയോഗത്തിലൂടെ സ്വന്തമാക്കുകയായിരുന്നുവെന്നര്‍ത്ഥം. അതിനുശേഷം അവശേഷിക്കുന്ന ഓഹരികള്‍ കൈക്കലാക്കുന്നതിന് വിപണിയില്‍ വിലപേശാനിറങ്ങുകയും കൂടുതല്‍ വില നല്കി എന്‍ഡിടിവി ഓഹരികള്‍ ശേഖരിച്ചു തുടങ്ങുകയുമായിരുന്നു. അസാധാരണമായി ഉയര്‍ന്ന നിരക്കിലായതിനാല്‍ വില്ക്കുവാന്‍ ഓഹരി ഉടമകള്‍ തയാറാകുമെന്ന വിപണി തന്ത്രമാണ് അഡാനി ഗ്രൂപ്പ് സ്വീകരിച്ചത്. ഓഹരി വിലയില്‍ 30 ശതമാനത്തിലധികമാണ് വര്‍ധനയുണ്ടായത്. അതോടെ ചെറുകിട ഉടമകള്‍ ഓഹരി കൈമാറിത്തുടങ്ങിയെന്ന് മനസിലാക്കിയ പ്രമോട്ടര്‍മാരായ പ്രണോയ് റോയിയും രാധികാ റോയിയും സ്ഥാനമൊഴിഞ്ഞു. പകരം അഡാനിയുടെ സിഇഒയും അഡാനിക്കു വേണ്ടപ്പെട്ട മറ്റു രണ്ടുപേരും ചുമതലയേല്ക്കുകയും ചെയ്തു. പ്രമോട്ടര്‍ കമ്പനി തങ്ങളുടെ 99 ശതമാനം ഓഹരികളും കൈമാറാന്‍ നിര്‍ബന്ധിതമായതോടെ എന്‍ഡിടിവിയെന്ന സ്വതന്ത്രമാധ്യമ സ്ഥാപനത്തിന്റെ താക്കോല്‍ അഡാനിയുടെ കയ്യില്‍ എത്തുകയും ചെയ്തു. എന്‍ഡിടിവിയുടെ ഈ ദുരവസ്ഥ നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തെയും മനുഷ്യാവകാശ പോരാട്ടങ്ങളെയും കൊണ്ടാടുന്നവരുടെ വേദനയാകുമെന്നുറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.