22 November 2024, Friday
KSFE Galaxy Chits Banner 2

വര്‍ഗ‑രാഷ്ട്രീയ സമന്വയം വിജയത്തിന്റെ മുന്നുറപ്പ്

Janayugom Webdesk
September 21, 2023 5:00 am

അടുത്തവർഷം ആരംഭത്തിൽ പൂർത്തിയാകേണ്ട ലോക്‌സഭയടക്കമുള്ള തെരഞ്ഞെടുപ്പ് പരമ്പരകളെ സംബന്ധിച്ച വാർത്തകളുടെയും വിവാദങ്ങളുടെയും പെരുമഴയിൽ ജനസംഖ്യയിലെ വലിയൊരുവിഭാഗമായ കർഷകരുടെയും തൊഴിലാളികളുടെയും അടിസ്ഥാന ജീവിതപ്രശ്നങ്ങൾ മുഖ്യധാരാ രാഷ്ട്രീയത്തിൽ പിന്തള്ളപ്പെട്ട് പൊയ്ക്കൂട. രാജ്യത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിർണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കേണ്ടവരാണ് ഈ അടിസ്ഥാന ജനവിഭാഗങ്ങൾ. 140കോടിയിൽ അധികംവരുന്ന ജനതയെ തീറ്റിപ്പോറ്റുന്നതും സമ്പത്തുല്പാദനത്തിന്റെ അടിത്തറയും ഈ ജനവിഭാഗമാണ്. സത്യാനന്തര നവഉദാരീകരണ കാലത്ത് സമൂഹത്തിന്റെ മുൻനിരപ്പോരാളികളായ കർഷകരും തൊഴിലാളികളും സമകാലിക രാഷ്ട്രീയ ആഖ്യാനത്തിൽ പിന്തള്ളപ്പെട്ടുപോയി എന്നത് അനിഷേധ്യ വസ്തുതയാണ്. ഭൂമിയും പ്രകൃതിവിഭവങ്ങളും ഉല്പാദനോപാധികളും വാർത്താവിനിമയ വിവരസാങ്കേതിക വിദ്യകളും കയ്യാളുന്ന മൂലധനശക്തികളും അവരാൽ നിയന്ത്രിതമായ ഭരണകൂടങ്ങളുമാണ് ഇന്നിന്റെ ആഖ്യാനങ്ങൾ സൃഷ്ടിക്കുന്നതും പ്രയോഗിക്കുന്നതും. അവരാണ് മഹാഭൂരിപക്ഷത്തിന്റെയും ജീവിതയാഥാർത്ഥ്യങ്ങളെ അപ്പാടെ നിരാകരിക്കുന്ന സമകാലിക രാഷ്ട്രീയത്തിന്റെ നിയന്താക്കള്‍. നവഉദാരീകരണത്തിന്റെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം ഇന്ത്യൻ തൊഴിലാളിവർഗം ദേശീയ പണിമുടക്ക് പരമ്പരകളിലൂടെയും എണ്ണമറ്റ പ്രക്ഷോഭ നടപടികളിലൂടെയും അതിന്റെ സംഘടിതശക്തി രാജ്യത്തിന്റെയും ലോകത്തിന്റെയും മുന്നിൽ പ്രകടിപ്പിക്കുകയുണ്ടായി. അവയിൽ പലതും ലോക തൊഴിലാളിവർഗ പോരാട്ടചരിത്രത്തിലെ സമാനതകളില്ലാത്ത മുന്നേറ്റങ്ങളായി അടയാളപ്പെടുത്തപ്പെട്ടവയാണ്. ഈ പതിറ്റാണ്ടിന്റെ ആരംഭത്തിൽ ഇന്ത്യൻ കർഷകർ രാഷ്ട്രാധികാര കേന്ദ്രത്തെ ഒരുവർഷത്തിലേറെ ഉപരോധിച്ചുനടത്തിയ പ്രക്ഷോഭത്തിനുമുന്നിൽ സ്വേച്ഛാധിപത്യ മോഡിസർക്കാരിനു മുട്ടുമടക്കേണ്ടിവന്നു എന്നതും ചരിത്രമാണ്.

 


ഇതുകൂടി വായിക്കൂ;വനിതാസംവരണ നിയമം സത്വരം നടപ്പാക്കണം


നവഉദാരീകരണ സാമ്പത്തിക അനീതിക്കും അതിന്റെ രാഷ്ട്രീയത്തിനും എതിരായ നിരന്തര പോരാട്ടത്തിലാണ് രാജ്യത്തെ ജനസംഖ്യയിൽ ഭൂരിപക്ഷംവരുന്ന സംഘടിത, അസംഘടിത തൊഴിലാളികളും കർഷക, ഗ്രാമീണ ജനതകളും ഏർപ്പെട്ടിട്ടുള്ളത്. അവരുടെ പോരാട്ടം അർത്ഥപൂർണമായ വിജയം കൈവരിക്കണമെങ്കിൽ ആ വർഗസമരത്തെ രാഷ്ട്രീയ സമരവുമായി സുദൃഢമായി സമന്വയിപ്പിക്കാനാകണം. അതിനുതകുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് രാജ്യത്ത് വളർന്നുവന്നിരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പുവരെ വിഭാവനംചെയ്യാൻ കഴിയാത്തവിധം നരേന്ദ്രമോഡി നേതൃത്വം നൽകുന്ന യാഥാസ്ഥിതിക‑വർഗീയ‑ചങ്ങാത്തമുതലാളിത്ത ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പുരോഗമന ജനാധിപത്യ മതേതര ഇടതുപക്ഷ ശക്തികളുടെ പ്രതിരോധനിര ഇന്ത്യ സഖ്യത്തിന്റെ രൂപത്തിൽ ഉയർന്നുവന്നിരിക്കുന്നു. അത് തികച്ചും ആദർശാധിഷ്ഠിത ബദൽ എന്ന് അവകാശപ്പെടാനാവില്ലെങ്കിലും രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ സാധ്യമായ പ്രതിരോധവും പ്രത്യാക്രമണവും തന്നെയാണ്. അതിനെ ഇതിനോടകം രാജ്യത്ത് വളർന്നുവന്നിട്ടുള്ള കർഷകരുടെയും തൊഴിലാളികളുടെയും വിവിധ മേഖലകളിലെ ജീവനക്കാരുടെയും ഐക്യനിരയുമായി സുദൃഢമായി ബന്ധിപ്പിക്കുകയും രാഷ്ട്രീയമായി സമന്വയിപ്പിക്കുകയുമാണ് അടിയന്തര കടമ. ഇക്കഴിഞ്ഞ ഓഗസ്റ്റ് 24ന് ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ ചേർന്ന കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെയും ജീവനക്കാരുടെ സ്വതന്ത്ര അസോസിയേഷനുകളുടെയും ഫെഡറേഷനുകളുടെയും കർഷക യൂണിയനുകളുടെയും ദേശീയ കൺവെൻഷൻ തങ്ങളുടെ പ്രശ്നങ്ങളുടെ പരിഹാരം ‘മോഡിയെയും ബിജെപിയെയും പുറത്താക്കു‘ന്നതിലൂടെയേ സാധ്യമാകു എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയുണ്ടായി. അത് അക്ഷരാർത്ഥത്തിൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി തൊഴിലാളി, കർഷക വർഗങ്ങളുടെ അവകാശസമരങ്ങളെ രാഷ്ട്രീയ തലത്തിലേക്ക് ഉയർത്തുകയാണ് ചെയ്തത്.


ഇതുകൂടി വായിക്കൂ;‘കാം ജാരി ഹേൻ’


 

തൊഴിലാളികളും കർഷകരും തൊഴിൽരഹിതരായ യുവാക്കളും വിദ്യാർത്ഥികളും സ്ത്രീകളുമടങ്ങുന്ന വർഗ-ബഹുജന ശക്തികളെ അവഗണിച്ച് മതേതര ജനാധിപത്യ പുരോഗമന രാഷ്ട്രീയത്തിന് ബിജെപിയും മോഡിയും പ്രതിനിധാനം ചെയ്യുന്ന പ്രതിലോമ രാഷ്ട്രീയത്തെ എതിർത്ത് പരാജയപ്പെടുത്താനാവില്ല. മതേതര ജനാധിപത്യ ഇടതുപക്ഷ രാഷ്ട്രീയത്തെ മാറ്റിനിർത്തി അരാഷ്ട്രീയ നീക്കങ്ങളിലൂടെ തീവ്രവലതുപക്ഷ ഭരണകൂടത്തിനെതിരായ ചെറുത്തുനിൽപ്പും തൊഴിലാളി, കർഷക, ബഹുജന അവകാശ സംരക്ഷണവും അസാധ്യമാണെന്ന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലത്തെ സമരാനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഈ യാഥാർത്ഥ്യമാണ് ഇന്ത്യയുടെ സവിശേഷ സാഹചര്യത്തിൽ വർഗരാഷ്ട്രീയത്തെ മുഖ്യധാരാരാഷ്ട്രീയവുമായി സമന്വയിപ്പിക്കുന്നതും അതിനെ വിജയിക്കുന്ന കൂട്ടുകെട്ടായി മാറ്റുന്നതും. അത്തരമൊരു വർഗ‑രാഷ്ട്രീയ സമന്വയത്തിനെതിരെ മോഡി-ബിജെപി-സംഘ്പരിവാർ ആയുധപ്പുരകൾ ശുഷ്കവും പാളയങ്ങൾ ദുർബലവുമായിരിക്കും. സംഘ്പരിവാർ പാളയത്തിലെ തൊഴിലാളി-കർഷകനിര താരതമ്യത്തിൽ ദുർബലവും സർക്കാർ നയങ്ങളിൽ സംശയാലുക്കളുമാണ്. പ്രതിപക്ഷ ഇന്ത്യ സഖ്യവും തൊഴിലാളി-കർഷക മുന്നണിയും ഈ യാഥാർത്ഥ്യങ്ങളെ എങ്ങനെ നേരിടുന്നു, പ്രയോജനപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യൻ റിപ്പബ്ലിക്കിന്റെയും ജനതയുടെയും ഭാവി നിർണയിക്കപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.