October 1, 2023 Sunday

‘കാം ജാരി ഹേൻ’

‍ഇ ടി ടൈസൺ എംഎല്‍എ
September 19, 2023 4:30 am

1993ൽ അയോധ്യയിലെ ദിഗംബർ അഖാരയിൽ വച്ച് രാമജന്മഭൂമി ന്യാസിന്റെ ചെയർമാനായിരുന്ന മഹന്ത് രാമചന്ദ്ര പരമഹംസ് മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പ്രസ്താവനയാണിത്. കാം ജാരി ഹേൻ എന്നുവച്ചാൽ ‘അതിന്റെ പ്രവർത്തനം പുരോഗമിക്കുന്നു’ എന്നാണ്. കഴിഞ്ഞ 30 വർഷങ്ങളായി സംഘ്പരിവാർ ഗ്രൂപ്പുകളിൽ ഈ സന്ദേശം തലങ്ങും വിലങ്ങും പായുകയാണ്. നമ്മുടെ രാജ്യത്തെ ഇടതുപക്ഷ പ്രവർത്തകരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും പിന്നാക്ക വിഭാഗക്കാരെയും ഉന്മൂലനം ചെയ്യാനുള്ള പ്രവർത്തന പദ്ധതിയാണ് സംഘ്പരിവാർ അടുക്കളയിൽ വെന്തുകൊണ്ടിരിക്കുന്നത്.
ജനങ്ങളെ നശിപ്പിക്കാനുള്ള ഫലപ്രദമായ മാർഗം സ്വന്തം ചരിത്രത്തെക്കുറിച്ചുള്ള അവബോധം നിഷേധിക്കലും പിന്നെയുമെന്തെങ്കിലും ശേഷിച്ചിട്ടുണ്ടെങ്കിൽ അതു മായ്ച്ചുകളയലുമാണെന്ന് ചരിത്രകാരനായ ജോർജ് ഓർവെല്ലാണ് പറഞ്ഞത്. ഇത്തരത്തിലുള്ള ഗൂഢശ്രമങ്ങൾ എക്കാലത്തുമുണ്ടായിട്ടുണ്ട്. ബ്രസീലിലെ ധനമന്ത്രിയായിരുന്ന റൂയി ബാർബോസ 1891ൽ പുറപ്പെടുവിച്ച ഉത്തരവ് രസകരവും ക്രൂരവുമായിരുന്നു. അടിമത്തവും അടിമക്കച്ചവടവും പരാമർശിക്കുന്ന എല്ലാ രേഖകളും നശിപ്പിക്കാനായിരുന്നു നിർദേശം. ഇതേത്തുടർന്ന് രാജ്യത്തുടനീളം പുസ്തകങ്ങൾ ചുട്ടുകരിക്കപ്പെട്ടു. സമാനമായ നടപടികൾ അഡോൾഫ് ഹിറ്റ്ലർ ഉൾപ്പെടെയുള്ള ഏകാധിപതികൾ തുടർന്നുവന്നു.


ഇതുകൂടി വായിക്കൂ: നന്മയുടെ പ്രയാസങ്ങൾ


ഇന്ത്യയിൽ സംഘ്പരിവാർ അധികാരത്തിലേറിയതു മുതൽ വിവിധ സംസ്ഥാനങ്ങളിൽ രഹസ്യമായും പരസ്യമായും ചരിത്രത്തെ പുനർനിർമ്മിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം അപനിർമ്മിത ചരിത്രങ്ങൾക്ക് തെളിവുകൾ തലയ്ക്കകത്തു വെളിവുള്ളവർ ചോദിക്കുമെന്ന ഭയമുള്ളതിനാൽ ചരിത്രസംഭവങ്ങളെയും സ്ഥലങ്ങളെയും പുനഃസൃഷ്ടിക്കുകയും പുനർനാമകരണം ചെയ്യുകയുമാണ് പരിവാറുകാരുടെ ഇപ്പോഴത്തെ മുഖ്യ അജണ്ട. വിദ്യാലയങ്ങളിലും സർവകലാശാലകളിലും പഠിപ്പിക്കുന്ന ഇന്ത്യയുടെ ചരിത്രം ഹിന്ദുത്വചരിത്രമായി മാറ്റിയിരിക്കുന്നു. മഹാത്മാഗാന്ധിയുടെ കൊലപാതകവും മുഗൾ ചരിത്രവും മുസ്ലിം നാമധാരിയാണെന്ന കാരണത്താൽ ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബ്ദുൽ കലാം ആസാദിന്റെ പേരും മാറ്റിയിരിക്കുന്നു.
മുഗളന്മാർ രാജ്യത്തിന് നൽകിയ സംഭാവനകൾ വിസ്മൃതിയിലാണ്ടു പോകുന്നതിനു വേണ്ടി സ്ഥല നാമങ്ങളുടെയും സ്ഥാപനങ്ങളുടെയും ചരിത്രസ്മാരകങ്ങളുടെയും പേരുകൾ മാറ്റുന്ന നടപടികളും അനുസ്യൂതം തുടരുകയാണ്. ഫൈസാബാദ് അയോധ്യയായതുപോലെ അഹമ്മദാബാദിന്റെ പേര് കർണാവതി എന്നും ഹൈദരാബാദിന്റേത് ഭാഗ്യനഗർ എന്നും ഔറംഗബാദ് സാംഭജി നഗർ എന്നുമാക്കാനാണ് നീക്കം. പതിനൊന്നാം നൂറ്റാണ്ടിൽ അഹമ്മദാബാദ് ഭരിച്ചിരുന്ന കരൺ ദേവിന്റെ പേരിൽ നിന്നാണ് കർണാവതി എന്ന പേരുണ്ടായത്. ശിവജിയുടെ മകൻ സാംഭജിയുടെ പേരും ഭാഗ്യലക്ഷ്മി ദേവിയുടെ പേരും ഉപയോഗിക്കാനാണ് നീക്കം. ഹരിയാനയിലെ ഗുഡ്ഗാവിന്റെ പേര് ഗുരുഗ്രാമം എന്നാക്കി മാറ്റിയിരുന്നു.
1998ൽ ഗൊരഖ്പൂരിൽ നിന്നു പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതു മുതൽ നിരവധി മുസ്ലിം പേരുകളാണ് ആദിത്യനാഥ് മാറ്റിയത്. ഉറുദു ബസാർ‑ഹിന്ദി ബസാർ, അലി നഗർ-ആര്യ നഗർ, മിയാ ബസാർ‑മായാ ബസാർ, ഇസ്ലാംപൂര്‍-ഈശ്വർപൂര്‍, ലഹലാദ്പൂര്‍ ‑അലഹ്ലാദ്പൂര്‍, ഹുമയൂൺ നഗർ-ഹനുമാൻ നഗർ തുടങ്ങിയവ മാറ്റംവരുത്തിയവയിലെ ചിലതു മാത്രം. താജ്മഹലിനെ രാംമഹലാക്കാനുള്ള നീക്കങ്ങളും നടന്നുകൊണ്ടിരിക്കുന്നു. വിഖ്യാതമായ നെഹ്രു മെമ്മോറിയൽ മ്യൂസിയത്തിന്റെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്റ് ലൈബ്രറി സൊസൈറ്റി എന്നാക്കി മാറ്റിയിരിക്കുന്നു.


ഇതുകൂടി വായിക്കൂ: നെഹ്രുവില്‍ നിന്ന് മോഡിയിലെത്തുമ്പോള്‍


16 സംവത്സരക്കാലം പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്രു താമസിച്ച വസതി മാത്രമല്ല തീൻ മൂർത്തി ഭവൻ. അത് രാഷ്ട്രത്തിന്റെ വികാരോജ്വലമായ ഒരു കാലഘട്ടത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്. തികഞ്ഞ സോഷ്യലിസ്റ്റായ നെഹ്രുവിന്റെ വീക്ഷണങ്ങൾ ചരിത്രത്തിൽനിന്ന് മായ്ച്ചുകളയുന്നതിനു വേണ്ടിയുള്ള മോഡിയുടെ അല്പത്തരമാണ് തീൻ മൂർത്തി ഭവന്റെ പേരുമാറ്റം.
നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14നാണ് രാജ്യത്ത് ശിശുദിനം ആചരിക്കപ്പെടുന്നത്. റോസാപ്പൂവും തൂവെള്ള വസ്ത്രവും ധരിച്ചെത്തുന്ന നെഹ്രുവിന്റെ മുഖമാണ് ശിശുദിനത്തില്‍ മനസിലേക്കെത്തുക. എന്നാൽ, ശിശുദിനം ഡിസംബർ 26ലേക്ക് മാറ്റാനാണ് കേന്ദ്രനീക്കം. മുഗളരുമായുള്ള ഏറ്റുമുട്ടലിൽ ഗുരു ഗോബിന്ദ് സിങ്ങിനു നാലു മക്കളെ നഷ്ടപ്പെട്ട ദിനമായതിനാൽ ഡിസംബർ 26 ശിശുദിനമാക്കണമെന്നാവശ്യപ്പെട്ടു ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
ചരിത്രത്തിന്റെ അപനിർമ്മിതി നടത്തുന്ന സംഘ്പരിവാറിന് ഈ നാട് മാപ്പ് നൽകില്ല. ആസന്നമായ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ സാമ്പത്തികത്തകർച്ചയും വിലക്കയറ്റവും ദാരിദ്ര്യവും അഴിമതിയും തൊഴിലില്ലായ്മയും അതിസമ്പന്നർക്ക് നൽകിയ ആനുകൂല്യങ്ങളും ചർച്ചയാകുമെന്ന് ഉറപ്പായ സംഘ്പരിവാർ അതു മറച്ചുവയ്ക്കുന്നതിനും ജനങ്ങളെയും രാഷ്ട്രത്തെയും ഭിന്നിപ്പിക്കുന്നതിനും ചോരപ്പുഴ ഒഴുക്കി ഈ രാജ്യത്തിന്റെ ഭരണം എങ്ങനെയും പിടിക്കണമെന്ന ദുരാഗ്രഹത്തോടെ വിവാദമുണ്ടാക്കുകയാണ്. ഇന്ത്യക്ക് പകരം ഭാരതം മതിയത്രെ. ഇന്നാട്ടിലെ എല്ലാ പൗരന്മാർക്കും ഭാരതവും ഇന്ത്യയും ഒരുപോലെ സ്വീകാര്യമാണ്. നമ്മുടെ ഭരണഘടനയിലെ ആർട്ടിക്കിൾ ഒന്ന് അതിന് അവകാശവും തന്നിരിക്കുന്നു.


ഇതുകൂടി വായിക്കൂ: വിദേശ വിനിമയ മേഖല പ്രതിസന്ധിയില്‍


ഇന്ത്യക്ക് പകരം ഭാരതം എന്നാക്കിയാൽ പൊതുഖജനാവിന് ഉണ്ടാകുന്ന നഷ്ടം എത്രയാണെന്ന് ആലോചിച്ചിട്ടുണ്ടോ?
പ്രധാനമായും അത് ബാധിക്കുക നമ്മുടെ കറന്‍സി വിനിമയത്തെയാണ്. കറൻസികളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നത് റിസർവ് ബാങ്ക് ഓഫ് ഭാരത് എന്നാക്കാൻ നിർബന്ധിതരാകും. മറ്റൊരു നോട്ട് നിരോധനമോ, നോട്ട് ദൗർലഭ്യമോ ആയിരിക്കും നമ്മളെ കാത്തിരിക്കുന്ന വിപത്ത്. പാസ്‌പോർട്ട്, ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ ഇന്ത്യയിലെ 140കോടി ജനങ്ങൾ ദിനംപ്രതി ഉപയോഗിക്കുന്ന ആയിരക്കണക്കിന് ഔദ്യോഗിക രേഖകൾ പുതുക്കേണ്ടതായി വരും. കോടിക്കണക്കിനു വരുന്ന സർക്കാർ രേഖകളിൽ ഈ മാറ്റം സാധ്യമാക്കേണ്ടി വരും. ഔദ്യോഗികമായി ഇന്ത്യ എന്ന് നാമകരണം ചെയ്തിട്ടുള്ള വിമാനത്താവളങ്ങള്‍ മുതല്‍ സർക്കാർ‑അർധസർക്കാർ സ്ഥാപനങ്ങൾ തുടങ്ങി ലക്ഷക്കണക്കിനിടങ്ങള്‍ പുനർനാമകരണം ചെയ്യണം. പാഠപുസ്തകങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ, ചരിത്ര രേഖകൾ എന്നിവയിലും വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യൻ എംബസികൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലും മാറ്റം നടപ്പിലാക്കേണ്ടി വരും.
പേര് മാറ്റം അസാധ്യമാണ് എന്നല്ല. കോവിഡിന്റെ തകർച്ചയിൽ നിന്നും നോട്ട് നിരോധനത്തിന്റെ ആഘാതത്തിൽ നിന്നും കരകയറി വരുന്ന ജനങ്ങള്‍ക്കുമേൽ അടിച്ചേല്പിക്കാവുന്ന മറ്റൊരു വിപത്ത് തന്നെയാകും ഈ മാറ്റം. നികുതിപ്പണത്തിൽ നിന്നും ഇത്രയും ലക്ഷം കോടികൾ ചെലവഴിക്കേണ്ടിവരുമ്പോള്‍, ഈ പണം എവിടെ നിന്ന് കണ്ടെത്തും? എത്ര നിസാരമായിട്ടാണ് വിഡ്ഢിത്തങ്ങൾ വിളിച്ചു പറയുന്നത്. ബിജെപിയുടെ ഈ ദുർഭരണം രാജ്യത്തെ ഓരോ സാധാരണക്കാരനും ചർച്ച ചെയ്യും. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതൽ 1947ൽ സ്വാതന്ത്ര്യം കിട്ടുന്നതുവരെയുള്ള കാലയളവു പരിശോധിച്ചാൽ ആർഎസ്എസ് നേതാക്കൾക്ക് അതിൽ ഒരു പങ്കുമില്ലെന്നത് ഈ നാട്ടിലെ കൊച്ചുകുട്ടികൾക്ക് വരെ അറിയാം. ഫോട്ടോഷോപ്പും ഗ്രാഫിക്സും എത്രതന്നെ വളർന്നാലും കാലം നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.