16 June 2024, Sunday

ശുചീകരണ പ്രവർത്തനങ്ങൾ തടസപ്പെടരുത്

Janayugom Webdesk
May 25, 2024 5:00 am

മഴക്കാലപൂർവ ശുചീകരണത്തിലൂടെ പകർച്ചവ്യാധികൾ തടയുന്നതിനുള്ള കർമ്മപദ്ധതി കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാനത്ത് നടന്നുവരുന്നുണ്ട്. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും ജനപ്രതിനിധികളെയും സാമൂഹ്യ സന്നദ്ധ സംഘടനകൾ, വ്യക്തികൾ, മറ്റ് കൂട്ടായ്മകൾ എന്നിവയെയും കൂട്ടിയോജിപ്പിച്ച് നടത്തുന്ന വലിയ ജനകീയ യജ്ഞമാണത്. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിക്കുവാൻ തീരുമാനിക്കുകയും അതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. സംസ്ഥാനതലത്തിൽ ദ്വിദിന പരിപാടിയാണ് തീരുമാനിച്ചതെങ്കിലും മുഴുവൻ പ്രദേശങ്ങളിലും ഈ ദിവസങ്ങളിൽ പൂർത്തിയാക്കുക അസാധ്യമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മാത്രവുമല്ല ശുചീകരണം തുടർ പ്രക്രിയയാണ്. സംസ്ഥാനത്താണെങ്കിൽ മഴക്കാലപൂർവ ശുചീകരണം നടന്നുകൊണ്ടിരിക്കെ വേനൽമഴയെത്തുകയും അതിതീവ്രമായി തുടരുകയുമാണ്. അതുകൊണ്ടുതന്നെ അധ്യയന വർഷവും കാലവർഷവും എത്തുന്നതിന് മുമ്പ് ശുചീകരണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് പ്രയാസം നേരിടുമ്പോഴാണ് പ്രസ്തുത പ്രവർത്തനങ്ങൾക്ക് തടയിടുന്ന നിർദേശം തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നുണ്ടായിരിക്കുന്നത്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഇന്ന് ശുചീകരണ ദിനം ആചരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. സ്കൂൾ പരിസരം, ക്ലാസ് മുറികൾ, ശുചിമുറികൾ, കുട്ടികൾ പെരുമാറുന്ന മറ്റു പൊതുവായ സ്ഥലങ്ങൾ എന്നിവയെല്ലാം വൃത്തിയാക്കും. 

സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർത്തിയായി ഒരുമാസമാകാറായെങ്കിലും രാജ്യമാകെ പ്രക്രിയ പൂർത്തിയാകാത്ത സാഹചര്യത്തിൽ പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്ന വിചിത്ര കാരണം നിരത്തിയാണ് ശുചീകരണവുമായി ബന്ധപ്പെട്ട യോഗങ്ങളിൽ ജനപ്രതിനിധികൾ പങ്കെടുക്കരുതെന്ന നിർദേശം കമ്മിഷൻ പുറപ്പെടുവിച്ചത്. ജില്ലാ ചുമതലയുള്ള മന്ത്രിമാരോ മറ്റ് ജനപ്രതിനിധികളോ രാഷ്ട്രീയ നേതാക്കളോ പങ്കെടുക്കരുതെന്നാണ് നിർദേശം. സംസ്ഥാനത്ത് കുറേക്കാലമായി നടന്നുവരുന്ന ഈ യജ്ഞം വകുപ്പുകളുടെയും ഉദ്യോഗസ്ഥതലത്തിലുമുള്ള തീരുമാനത്തിന്റെയും സാമ്പത്തിക സഹായത്തിന്റെയും അടിസ്ഥാനത്തിലാണ് നടന്നുവരുന്നതെങ്കിലും അത് ഫലപ്രദമായി പ്രാവർത്തിക തലത്തിലെത്തുന്നതിൽ ജനപ്രതിനിധികൾക്ക് വലിയ പങ്കുണ്ട്. ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അംഗങ്ങളും ഓരോ തദ്ദേശ വാർഡിലെയും ജനപ്രതിനിധികളും വ്യക്തിപരമായ ഉത്തരവാദിത്തമായി ഏറ്റെടുത്ത് എല്ലാ വിഭാഗം ജനങ്ങളെയും കൂട്ടിയോജിപ്പിച്ചാണ് പദ്ധതി പൂർണാർത്ഥത്തിൽ നടപ്പിലാക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ പങ്കാളിത്തം പദ്ധതിയുടെ വിജയത്തിന് അനിവാര്യവുമാണ്. എന്നാൽ കമ്മിഷൻ സ്വീകരിച്ചിരിക്കുന്ന സമീപനത്തിന്റെ അടിസ്ഥാനത്തിൽ ഈ യജ്ഞത്തിൽ അവർക്കാർക്കും നേതൃത്വപരമായ പങ്ക് വഹിക്കുവാൻ കഴിയാത്ത സ്ഥിതിയാണ്. ജൂൺ ആറിന് വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെ ഇവർക്കാർക്കും പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കാനാകില്ലെന്ന് വരുമ്പോൾ ഇത് കേവലം ഉദ്യോഗസ്ഥ പദ്ധതിയായി മാറുകയും ഫലപ്രാപ്തിയിലെത്തിക്കാൻ കഴിയാതെ വരികയും ചെയ്യും. കാലവർഷം ശക്തമാകുന്നതിന് മുമ്പ് കൊതുക് നശീകരണം ഉൾപ്പെടെ പകർച്ചവ്യാധി പ്രതിരോധം നടത്തുന്നതും കെട്ടിടങ്ങൾ, പരിസരങ്ങൾ എന്നിവ വൃത്തിയാക്കലുമാണ് തടസപ്പെടുന്നത്. ഇതിനകം തന്നെ സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടർന്നതായി വാർത്തകളുണ്ടായിരുന്നു. ഇതുകൂടാതെ എല്ലാ കാലവർഷവേളയിലും സ്വാഭാവികമായ പനിക്കു പുറമേ ചിക്കുൻ ഗുനിയ, പകർച്ചപ്പനി, എലിപ്പനി എന്നിവയും വയറിളക്ക രോഗങ്ങളും വ്യാപകമാകുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടന്നിട്ടും ഇതായിരുന്നു നമ്മുടെ മുൻ കാലവർഷ വേളയിലെ സ്ഥിതി. സംസ്ഥാനത്ത് മെച്ചപ്പെട്ട ആരോഗ്യ പരിപാലന സംവിധാനം നിലവിലുണ്ട് എന്നതുകൊണ്ടാണ് അത് അപകടകരമായ സാഹചര്യത്തിലേക്ക് മാറിപ്പോകാത്തത്. 

ഇപ്പോൾ ശക്തമായി പെയ്യുന്ന മഴകാരണം പകർച്ചവ്യാധി സാധ്യതകൾ മുന്നിൽ നിൽക്കെയാണ് കേവല സാങ്കേതികത്വം പറഞ്ഞ് കമ്മിഷൻ ഇത്തരം അനിവാര്യമായ പ്രവർത്തനം തടയപ്പെടുന്ന രീതിയിലുള്ള നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിൽ ജനപ്രതിനിധികൾ പങ്കെടുത്തുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതുകൊണ്ട് ഇനിയുള്ള ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പുകളെ ഒരു വിധത്തിലും സ്വാധീനിക്കുവാൻ പോകുന്നില്ലെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകുന്നതാണ്. മാത്രവുമല്ല മനുഷ്യരുടെ ജീവിതവും ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുമതിയുടെ പുറത്ത് പെരുമാറ്റച്ചട്ടത്തിൽ ഇളവ് നൽകപ്പെട്ട എത്രയോ സാഹചര്യങ്ങൾ ഇതിന് മുമ്പുണ്ടായിട്ടുമുണ്ട്. വലിയ വിഭാഗത്തെ സ്വാധീനിക്കുന്ന പ്രവർത്തനങ്ങളും വിഭാഗീയത സൃഷ്ടിച്ച് തെരഞ്ഞെടുപ്പിന്റെ അന്തഃസത്ത തന്നെ ചോർത്തിക്കളയുന്ന പ്രസംഗങ്ങളും അത്യുന്നതരുടെ ഭാഗത്തുനിന്നുണ്ടായിട്ടുപോലും ഒരു നടപടിയുമെടുക്കാൻ തയ്യാറാകാതിരിക്കുകയാണ് നമ്മുടെ തെരഞ്ഞെടുപ്പ് കമ്മിഷൻ. അവരാണ് ജനങ്ങളുടെ ജീവിതവും ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ പിന്തിരിപ്പൻ സമീപനമെടുത്തിരിക്കുന്നത്. ഇതിന് പിന്നിൽ പെരുമാറ്റച്ചട്ടം പരിപാലിക്കുക എന്ന സദുദ്ദേശ്യമല്ലെന്ന് വ്യക്തമാണ്. മറ്റെന്തോ താല്പര്യത്തിന് പുറത്ത് ഇത്തരം ദ്രോഹനടപടികൾ സ്വീകരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷൻ അവസാനിപ്പിക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.