28 December 2024, Saturday
KSFE Galaxy Chits Banner 2

നഗരാസൂത്രണത്തിന്റെ അനിവാര്യത

Janayugom Webdesk
July 18, 2023 5:00 am

രാജ്യതലസ്ഥാനത്തിന്റെ ഒരുഭാഗം ഒരാഴ്ചയിലധികമായി വെള്ളക്കെട്ടില്‍ തുടരുകയാണ്. യമുനാനദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടാകുന്നതിന് കാരണമായത്. അത്യസാധാരണമായ മഴയാണ് ഈ കാലവര്‍ഷത്തില്‍ ഉത്തരേന്ത്യയിലുണ്ടായത്. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ പെയ്തു. ഇന്നലെവരെയുള്ള കണക്കനുസരിച്ച് ഈ മഴക്കാലത്ത് ഉത്തരേന്ത്യയില്‍ 629 പേര്‍ക്ക് ജീവഹാനിയുണ്ടായി. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 32 ശതമാനം കുറവ് മഴ രേഖപ്പെടുത്തിയപ്പോഴാണ് ഇത്. എല്ലായിടങ്ങളിലും വന്‍തോതിലുള്ള നാശനഷ്ടങ്ങളുണ്ടാകുകയും നഗര മേഖലകളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ജനങ്ങളെ പാര്‍പ്പിച്ച ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളിലും വെള്ളം കയറുന്ന സ്ഥിതിയുണ്ടായി. നഗരത്തിന്റെ സുപ്രധാന മേഖലകളായ ഐടിഒ, രാജ്ഘട്ട്, സുപ്രീം കോടതി പ്രദേശം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടാകുകയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസം നേരിടുകയും ചെയ്തു. പല മേഖലകളില്‍ നിന്നും വെള്ളം നീക്കം ചെയ്യുന്ന പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. മുന്നറിയിപ്പില്ലാതെ യമുനാ നദിയിലെ വെള്ളം തുറന്നുവിട്ടതാണ് ഡല്‍ഹിയിലെ വെള്ളക്കെട്ടിന് കാരണമെന്നും ഇത് ബോധപൂര്‍വമാണെന്നുമുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയര്‍ത്തി രാഷ്ട്രീയ വിഷയമാക്കപ്പെടുകയും ചെയ്തു. യമുനയിലെ ജലനിരപ്പ് 208.66 മീറ്ററെന്ന റെക്കോഡ് നിലയിലേക്കുവരെ ഉയര്‍ന്നിരുന്നു. ഇടക്ക് നിരപ്പ് കുറഞ്ഞു തുടങ്ങിയെങ്കിലും സാധാരണ നില കൈവരിക്കുവാന്‍ രണ്ടോ മൂന്നോ ദിവസമെടുക്കുമെന്നാണ് നിഗമനം. അസാധാരണമായ മഴ ലഭിക്കുമ്പോള്‍ നമ്മുടെ പ്രമുഖ നഗരങ്ങളെല്ലാം വെള്ളക്കെട്ടിലാകുന്ന പ്രതിഭാസം തുടരുകയാണ്. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ഗുരുഗ്രാം, കൊച്ചി തുടങ്ങിയ നഗരങ്ങളിലെല്ലാം ഈ പ്രതിഭാസം സാധാരണമാണ്. ഐടി നഗരമായ ബംഗളൂരുവിലും അസാധാരണമായ മഴ പെയ്യുന്ന ദിവസം വെള്ളക്കെട്ട് രൂപപ്പെടുകയും ജനജീവിതം സ്തംഭിക്കുന്ന സ്ഥിതിയുണ്ടാവുകയും ചെയ്യുന്നു.

 


ഇതുകൂടി വായിക്കു;ഏകീകൃത വ്യക്തിനിയമത്തിന് പിന്നിൽ ദുഷ്ടലാക്ക് മാത്രം


ഹ്രസ്വ‑ദീര്‍ഘകാല നഗരാസൂത്രണ പദ്ധതികള്‍ ആവിഷ്കരിച്ചു മാത്രമേ ഇതിനെ മറികടക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന കാര്യത്തില്‍ സംശയമില്ല. പൂര്‍ണമായും കരകയറിയെന്ന് പറയാറായില്ലെങ്കിലും നേരിയ വ്യത്യാസമുണ്ടാക്കുന്നതിന് സാധിച്ച നഗരമാണ് തിരുവനന്തപുരം. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറിയൊരു മഴ പെയ്താല്‍ പോലും നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍, പ്രത്യേകിച്ച് തമ്പാനൂര്‍, കിഴക്കേക്കോട്ട തുടങ്ങിയവ വെള്ളത്തിനടിയിലാകുകയും ഗതാഗതമുള്‍പ്പെടെ തടസപ്പെടുകയും ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ നഗരത്തിലെ ഓടകള്‍ വീതി കൂട്ടുകയും മാലിന്യത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തതിനാല്‍ പഴയതുപോലെ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതി ഇപ്പോഴില്ല. കുറഞ്ഞ തോതിലാണ് ലഭിച്ചതെങ്കിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതിനാല്‍ ഇത്തവണ കൊച്ചിക്ക് വലിയ പ്രയാസമില്ലാതെ മഴയെ നേരിടാനായി. എങ്കിലും ശക്തമായ മഴ ഇനിയും പെയ്യാനിടയുണ്ട് എന്നതിനാല്‍ ഭീഷണി പൂര്‍ണമായും ഒഴിവായെന്ന് പറയാനാകില്ല. അതുകൊണ്ട് മുന്‍കരുതല്‍ നടപടികള്‍ തുടരേണ്ടതുണ്ട്. കാലാകാലങ്ങളില്‍ നഗരാസൂത്രണത്തില്‍ പരിഷ്കരണവും ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കലും ഇത്തരം പ്രതിഭാസം ഇല്ലാതാക്കുന്നതിന് അത്യാവശ്യമാണ് എന്നാണ് സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ഇപ്പോഴുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി നഗരത്തിന്റെ പഴഞ്ചന്‍ നഗരാസൂത്രണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം 1962ലാണ് നഗരാസൂത്രണത്തിനുള്ള ആദ്യ പദ്ധതി രൂപപ്പെടുത്തിയത്. അന്നത്തെ പദ്ധതിയില്‍ യമുനാതടങ്ങള്‍ ശൂന്യമായ സ്ഥലമായിരുന്നു എന്നതിനാല്‍ പ്രത്യേക പരിഗണനയുണ്ടായില്ല.


ഇതുകൂടി വായിക്കു;പ്രതീക്ഷയാണ് പ്രതിപക്ഷ ഐക്യം


 

എന്നാല്‍ ഇക്കാലത്തിനിടയില്‍ എല്ലാ മേഖലകളിലും നിരവധി നിര്‍മ്മാണങ്ങളും പരിഷ്കരണങ്ങളും സംഭവിച്ചു. അതിന്റെ കൂടെ സംവേദന മേഖലയെന്ന് വിശേഷിപ്പിക്കാവുന്ന യമുനയുടെ തീരങ്ങളിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പിലാക്കപ്പെട്ടു. വൈദ്യുതി സ്ഥാപനങ്ങള്‍, സ്റ്റേഡിയം, സെക്രട്ടേറിയറ്റ്, ഗതാഗത ഭവന്‍ എന്നിവയെല്ലാം ഇവിടെയുണ്ടായി. അതോടൊപ്പം ഭവന സമുച്ചയങ്ങളും. ഡല്‍ഹി നഗരത്തിലെ ഇപ്പോഴത്തെ മാലിന്യ, നീരൊഴുക്ക് ചാലുകള്‍ 1970കളില്‍ സ്ഥാപിതമായതാണ്. അന്ന് ഏകദേശം 30–35 ലക്ഷമായിരുന്നു നഗരത്തിലെ ജനസംഖ്യ. ഇപ്പോള്‍ അത് രണ്ടു കോടിയിലധികമാണ്. അതിനനുസരിച്ചുള്ള കെട്ടിടങ്ങളും ഭവന സമുച്ചയങ്ങളും വര്‍ധിച്ചുവെങ്കിലും ചാലുകള്‍ വീതികൂട്ടുന്നതിനോ കൂടുതല്‍ മേഖലകളിലേക്ക് നീട്ടുന്നതിനോ കൃത്യമായ ആസൂത്രണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കപ്പെട്ടില്ല. ഇത് നമ്മുടെ വന്‍ നഗരങ്ങളുടെയെല്ലാം സ്ഥിതിയാണ്. അതുകൊണ്ടുതന്നെ മഴ പെയ്യുമ്പോള്‍ വെള്ളക്കെട്ടും വേനല്‍ക്കാലത്ത് ജലക്ഷാമവും നേരിടുന്നു. ഈ സാഹചര്യങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക ഭരണ സമിതികളും കൈകോര്‍ത്ത്, ഭാവികാലം കൂടി ലക്ഷ്യംവച്ചുള്ള ഹ്രസ്വ‑ദീര്‍ഘകാല നഗരാസൂത്രണ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കണം.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.