22 June 2024, Saturday

വംശഹത്യാ വ്യവഹാരത്തിന്റെ കാവലാളുകൾ

Janayugom Webdesk
May 26, 2024 5:00 am

വന്യമായ ബോംബാക്രമണത്തെ തുടർന്ന് റാഫ ഉടഞ്ഞിരിക്കുന്നു, ജീവിതം ചിന്നിച്ചിതറിയിരിക്കുന്നു. ജീവൻ രക്ഷാപ്രവർത്തനങ്ങൾ പോലും തടഞ്ഞിരിക്കുന്നു. ക്രൂരത അതിന്റെ പാരമ്യതയിലാണ്. അഡോൾഫ് ഹിറ്റ്ലറുടെ നേതൃത്വത്തിൽ ജർമ്മൻ നാസികൾ ചെയ്ത കൂട്ടക്കൊലകളുടെ പരമ്പരകളിൽ (ഹോളോകോസ്റ്റ്) അതിജീവിച്ചവർ പണിതെടുത്തെന്ന് അഭിമാനിക്കുന്ന ഇസ്രയേൽ തങ്ങളുടെ പൂർവികർ നേരിട്ട വംശഹത്യയുടെ കൊടിയ യാതന ഇപ്പോൾ പലസ്തീനിൽ നടപ്പിലാക്കുകയാണ്. നാഗരികതകളുടെ ഏറ്റുമുട്ടലിൽ വിശ്വസിച്ചവർ വെറുപ്പിന്റെ വിഷജ്വാല സജീവമാക്കിയിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ, ഇസ്രയേൽ രാഷ്ട്രം സൃഷ്ടിക്കുന്നതിനായി 7.5 ലക്ഷം പലസ്തീനികൾ കൂട്ടത്തോടെ കുടിയൊഴിപ്പിക്കപ്പെട്ടു. ഒരു മേയ് 15നായിരുന്നു കൂട്ട ഒഴിപ്പിക്കലിന് തുടക്കമായത്. ജനം കടന്നുപോയ ദുരന്തത്തിന്റെ ഓർമ്മയിൽ മേയ് 15 “നക്ബ” (മഹാദുരന്തം)യുടെ പേരിൽ അറിയപ്പെട്ടു.
2024 മേയ് 15ന്, ‘ഗാസയിലെ വംശഹത്യ: രാജ്യാന്തര നിയമത്തിന്റെ പ്രയോഗവും ഇസ്രയേലിന്റെ സൈനിക നടപടികളും’ വിശദീകരിച്ചുള്ള 100 പേജുള്ള റിപ്പോർട്ട് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർക്ക് കൈമാറി. വംശഹത്യ തടയുന്നതിനുള്ള യുഎന്‍ ഉപദേഷ്ടാവ്, കിഴക്കൻ ജറുസലേം, ഇസ്രയേൽ എന്നിവയുൾപ്പെടെ അധിനിവേശ പലസ്തീൻ എന്നീ പ്രദേശങ്ങളെക്കുറിച്ച് പഠിക്കുന്ന സ്വതന്ത്ര രാജ്യാന്തര അന്വേഷണ കമ്മിഷൻ എന്നിവർക്കും റിപ്പോർട്ടിന്റെ പകർപ്പ് നൽകിയിരുന്നു. രാജ്യാന്തര നിയമ വിദഗ്ധർ ഉള്‍പ്പെടുന്ന സംഘം തയ്യാറാക്കിയ റിപ്പോർട്ട് ഗാസയിലെ ഇസ്രയേലിന്റെ വംശഹത്യയെയും സൈനിക നടപടികളെയും കുറിച്ച് നാളിതുവരെയുള്ള സമഗ്രമായ നിയമ വിശകലനമാണ്. 

ഗാസയിൽ പലസ്തീനികൾക്കെതിരെ ഇസ്രയേൽ വംശഹത്യ നടത്തുകയും തുടരുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാകുന്നു. പതിനായിരക്കണക്കിന് കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീനികൾ നീതിയും സഹായവും തേടി അലയുകയാണ്. തെക്കൻ നഗരത്തിനെതിരായ ഇസ്രയേലിന്റെ ആക്രമണം ഒരു ദശലക്ഷത്തിലധികം പലസ്തീനികളെ പലായനം ചെയ്യാൻ നിർബന്ധിതരാക്കി. ഗാസയുടെ ‘അവസാന അഭയകേന്ദ്രമായ’ റാഫയെ വളഞ്ഞിട്ട് ആക്രമിക്കുന്ന വേളയിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഏത് തരത്തിലുള്ള അനീതിക്കെതിരെയും വിരൽ ചൂണ്ടാൻ തങ്ങൾക്ക് ബാധ്യതയുണ്ടെന്ന് രാജ്യങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും വംശഹത്യ‌ക്കെതിരായും ഇസ്രയേലിന്റെ ക്രൂരമായ ചെയ്തികൾ തടയുന്നതിനും ശിക്ഷിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാനും റിപ്പോർട്ട് വഴിയൊരുക്കുന്നു. ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യയ കോടതിയിലും (ഇന്റര്‍നാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ്-ഐസിജെ) ബൈഡൻ ഭരണകൂടത്തിനെതിരെ യുഎസ് ഫെഡറൽ കോടതിയിലും നിലവിലുള്ള കേസുകൾ ശക്തിപ്പെടുത്താനും റിപ്പോർട്ട് സഹായിക്കുന്നു. ‌ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് ആക്രമണം അവസാനിപ്പിക്കണമെന്ന് ഐസിജെ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. എന്നാല്‍ പിന്മാറില്ലെന്ന ധാര്‍ഷ്ട്യമാണ് ഇസ്രയേല്‍ സ്വീകരിച്ചിരിക്കുന്നത്.

ഗാസയിലെ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനത്തിലധികം വരുന്ന റാഫയിൽ 34,568 പലസ്തീനികളെ ഇസ്രയേൽ കൊന്നൊടുക്കിയതായും അവരിൽ 14,500 പേർ ശിശുക്കളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 77,765 മറ്റ് പലസ്തീനികൾക്ക് പരിക്കേറ്റതായും റിപ്പോർട്ട് വിവരിക്കുന്നു. ഗാസയിലെ 70 ശതമാനം വീടുകളും ആശുപത്രികളും സ്കൂളുകളും സർവകലാശാലകളും തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർക്കപ്പെട്ടു. യുഎൻ സൗകര്യങ്ങൾ, സാംസ്കാരികവും മതപരവുമായ പൈതൃക കേന്ദ്രങ്ങൾ എന്നിവയും തകർ‌ന്ന് ഇല്ലാതായവയിൽ പെടുന്നു. ഗാസയിലെ ജനസംഖ്യയുടെ 75 ശതമാനത്തിലേറെപേര്‍ 1.7 ദശലക്ഷത്തിലധികം ഇസ്രയേലിന്റെ സൈനിക ആക്രമണത്തെ തുടർന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി. 

ഇസ്രയേൽ തുടരുന്ന കടുത്ത നിയന്ത്രണങ്ങളും അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതും ജീവിതം ദാരുണമാക്കുന്നു. പട്ടിണിയും ദാരിദ്ര്യവും പാരമ്യതയിലാണ്. ഭക്ഷണം, വെള്ളം, മരുന്ന്, ഇന്ധനം എന്നിവയുൾപ്പെടെയുള്ള സാധാരണ പൗരൻ അവശ്യവസ്തു എന്ന് വിളിക്കുന്നതെല്ലാം പലസ്തീൻ ജനതയ്ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. “ഇത് അതിരുകടന്ന ഒന്നാണ്. മാധ്യമപ്രവർത്തകരും സഹായ പ്രവർത്തകരും പോലും മാരകമായ ഈ സംഘർഷത്തിന്റെ ഇരകളാണ്. എക്കാലത്തെയും വേഗതയേറിയ പട്ടിണി നിരക്കാണ് പലസ്തീനിൽ. കഴിഞ്ഞ നാല് വർഷത്തിനിടയിലെ എല്ലാ സംഘട്ടനങ്ങളെയും അപേക്ഷിച്ച് നാല് മാസത്തിനുള്ളിൽ കൂടുതൽ കുട്ടികൾ കൊല്ലപ്പെട്ടു. ഗാസയിലെ നാശം സമാനതകളില്ലാത്തതാണ്,” യുഎൻ മനുഷ്യവിഭവ നിയമ വിഭാഗം ഡയറക്ടർ തോമസ് ബെക്കർ അഭിപ്രായപ്പെട്ടു. ഇസ്രയേൽ ഭരണകൂട പ്രതിനിധികൾ വംശഹത്യയുടെ ഉദ്ദേശ്യം വ്യക്തമാക്കുന്ന പ്രസ്താവനകൾ പരസ്യമായും ആവർത്തിച്ചിരുന്നു. ഇത് കൂട്ടക്കൊലകൾക്ക് വളമേകി. “ഇസ്രയേലിന്റെ അവകാശലംഘനങ്ങളും അതിന്റെ നേതൃത്വത്തിന്റെ വംശഹത്യാ വ്യവഹാരവും ലോകത്തിന് വെളിപ്പെട്ടു എന്നതാണ് ഗാസയിലെ സാഹചര്യങ്ങളുടെ പ്രത്യേകത,” ബോസ്റ്റൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിലെ മനുഷ്യാവകാശം വിഭാഗം ഡയറക്ടർ സൂസൻ അക്രം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കാൽനടയായും വാഹനങ്ങളിലും ആളുകൾ റാഫയിലെ റോഡുകളിൽ തിങ്ങിനിറഞ്ഞിരുന്നു. ഈജിപ്തിന്റെ അതിർത്തിയിലുള്ള ഈ തെക്കൻ നഗരം തകർന്ന നിലയിലാണ്. 1.5 ദശലക്ഷം പലസ്തീനികൾ ഇവിടെ പാർക്കുന്നു. അവരിൽ ഭൂരിഭാഗവും അഭയാർത്ഥികളാണ്. ഇസ്രയേലിന്റെ സൈനിക ആക്രമണത്തിന്റെ ഭാഗമായിരിക്കുന്നു ഭക്ഷണം തടയുന്നത്. ഇന്ധനമില്ല, രക്ഷാ സാമഗ്രികൾ എത്തിക്കുവാൻ സംവിധാനമില്ല. സുപ്രധാന പാതകളെല്ലാം അടച്ചിരിക്കുകയാണ്. ഗാസയിലേക്ക് ഭക്ഷണസാധനങ്ങൾ, വെള്ളം തുടങ്ങിയവ അയയ്ക്കാൻ ചില ഏജൻസികൾ ശ്രമിക്കുന്നുണ്ട്. എന്നാൽ ഈ സംരംഭങ്ങളെല്ലാം ഇസ്രയേൽ തുടർച്ചയായി കാത്തിരുന്നു തകർക്കുകയാണ്. ബോംബുവർഷം അവസാനിക്കുന്നുമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.