23 December 2024, Monday
KSFE Galaxy Chits Banner 2

പട്ടിണി രാജ്യമാകുന്ന ഇന്ത്യ

Janayugom Webdesk
October 17, 2022 5:00 am

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 127 രാജ്യങ്ങളിൽ 107 ആണെന്ന അമ്പരപ്പിക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. 2021 ലെ 101ൽ നിന്നാണ് കുത്തനെ ആറ് സ്ഥാനങ്ങൾ പിന്നിലേക്ക് രാജ്യം പോയത്. ഏഷ്യയിൽ അഫ്ഗാനിസ്ഥാൻ മാത്രമാണ് ഇപ്പോൾ ഇന്ത്യക്ക് പിന്നിലുള്ളത്. കടുത്ത ആഭ്യന്തര പ്രശ്നങ്ങളിൽ ഉലയുന്ന ശ്രീലങ്ക (64), നേപ്പാൾ (81), ബംഗ്ലാദേശ് (84), പാകിസ്ഥാൻ (99) തുടങ്ങിയ രാജ്യങ്ങളുടെയെല്ലാം റാങ്ക് നമുക്ക് മുകളിലാണ്. റിപ്പോർട്ട് പുറത്ത് വന്നയുടൻ പതിവ് പോലെ നിഷേധവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തു വന്നു. ‘കോവിഡ് കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങളെ അവഗണിക്കുന്ന റിപ്പോർട്ടാണിത്. ഇതിലെ നാല് സൂചകങ്ങളിൽ മൂന്നെണ്ണം കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. മുഴുവൻ ജനസംഖ്യയെയും പ്രതിനിധീകരിക്കാൻ അതിന് കഴിയില്ല’ എന്നാണ് കേന്ദ്രത്തിന്റെ ന്യായവാദം. ഐറിഷ് ഏജൻസിയായ കൺസേൺ വേൾഡ് വൈഡും ജർമ്മൻ സംഘടനയായ വെൽറ്റ് ഹംഗഹൈൽഫും ചേർന്നാണ് പട്ടിക തയാറാക്കിയത്. ഓരോ രാജ്യത്തിന്റെയും സ്കോർ കണക്കാക്കുന്നത് പോഷകാഹാരക്കുറവ്, കുട്ടികളുടെ വളർച്ചക്കുറവ്, ഭാരക്കുറവ്, ശിശുമരണ നിരക്ക് എന്നീ നാല് സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ്. ജനസംഖ്യയുടെ മൊത്തത്തിലുള്ള ഭക്ഷണ ലഭ്യത സൂചിപ്പിക്കുമെങ്കിലും കുട്ടികളിലെ ഭാരക്കുറവും വളർച്ചാമുരടിപ്പും കൂടി കണക്കിലെടുത്താണ് പോഷകാഹാരക്കുറവ് വിലയിരുത്തുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ വിലയിരുത്തുന്നതിന് യുഎൻ ഉപയോഗിക്കുന്ന സൂചകങ്ങളാണത്. ഇക്കാര്യം മോഡി സർക്കാരിന് മനസിലായിട്ടില്ലെന്നാണ് ഔദ്യോഗിക പ്രതികരണം സൂചിപ്പിക്കുന്നത്.

 


ഇതുകൂടി വായിക്കു; ലോകത്തിലേറ്റവും സമ്പത്തുള്ള ക്ഷേത്രട്രസ്റ്റ് പട്ടിണി സൂചികയില്‍ ഗുരുതരാവസ്ഥയിലെത്തിയ ഇന്ത്യയില്‍


ആഗോളതലത്തിൽ പുരോഗതി വിലയിരുത്താനുള്ള മാനവ വികസന സൂചിക, സുസ്ഥിര വികസന സൂചിക തുടങ്ങിയവകളിലെല്ലാം മോഡി അധികാരത്തിൽ വന്നശേഷം ഇന്ത്യയുടെ റാങ്ക് താഴേക്കാണ്. ഓരോ റിപ്പോർട്ടുകൾ വരുമ്പോഴും സർക്കാർ പ്രതിഷേധിക്കുകയും റിപ്പോർട്ട് നിരാകരിക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. എന്നാൽ സർക്കാർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു റിപ്പോ ർട്ട് ഏതാനുംനാൾ മുമ്പ് പുറത്തു വന്നിരുന്നു. ആഗോള സമ്പദ്‍വ്യവസ്ഥയുടെ പട്ടികയിൽ ഇന്ത്യ അഞ്ചാമതെത്തിയെന്നത്. യുകെയെ പിന്തള്ളിക്കൊണ്ടാണ് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയത്. അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുളളത്. കോടീശ്വരൻമാരുടെ എണ്ണവും ആസ്തിയും വളർത്തുന്ന ചങ്ങാത്ത മുതലാളിത്തം മറുഭാഗത്ത് അതിദരിദ്രരെ സൃഷ്ടിക്കുന്നതിന്റെ ചിത്രമാണത്.

ലോക സാമ്പത്തിക രംഗം തകർത്തു തരിപ്പണമാക്കിയ കോവിഡ് മഹാമാരിയുടെ രണ്ടു വർഷങ്ങളിൽ പുതിയതായി 64 ശതകോടീശ്വരന്മാരെ കൂടി സൃഷ്ടിക്കാൻ ഇന്ത്യക്കു് കഴിഞ്ഞുവെന്ന് ഓക്സ്ഫാം റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. 2020ൽ 102 ശതകോടീശ്വരന്മാർ ഉണ്ടായിരുന്ന ഇന്ത്യയിൽ 2022ൽ അത് 166 ആയി. ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യ ലോകത്തിൽ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യക്കു മുന്നിൽ അമേരിക്കയും ചൈനയും മാത്രമേയുള്ളൂ. കോവിഡിന്റെ അവസാന വർഷം 11 ദിവസത്തിൽ ഒരു ശതകോടീശ്വരൻ എന്ന നിലയിലാണ് സൃഷ്ടിക്കപ്പെട്ടത്. ഇതേ കാലത്ത് ലോകത്ത് ദരിദ്രരായവരിൽ 80 ശതമാനവും ഇന്ത്യക്കാരാണെന്ന ലോകബാങ്കിന്റെ പഠനവും ഇതോടാെപ്പം ചേർത്തു വായിക്കേണ്ടതാണ്. മഹാമാരി ദരിദ്രരാക്കിയ ഏഴ് കോടി മനുഷ്യരിൽ 5.6 കോടിയും ഇന്ത്യക്കാരാണെന്ന് ലോകബാങ്കിന്റെ പഠനം പറയുന്നു.


ഇതുകൂടി വായിക്കു; പട്ടിണിയും ചൊറിയും സന്തത സഹചാരികള്‍


 

ഗുരുതരമായ മറ്റാെരു ആരോപണവും ലോകബാങ്ക് മുന്നോട്ട് വച്ചിരുന്നു. ദാരിദ്ര്യം സംബന്ധിച്ച് ഇന്ത്യയിൽ നിന്ന് ഡാറ്റ ലഭിക്കുന്നതിനുള്ള ആശയക്കുഴപ്പം വികസന കാര്യങ്ങളെ ബാധിക്കുന്നുവെന്നാണത്. 2011-12 കാലയളവിൽ നാഷണൽ സാമ്പിൾ സർവേ ഓഫീസ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളാണ് ദാരിദ്ര്യം സംബന്ധിച്ച അവസാന രേഖ. ഔദ്യോഗിക കണക്കുകൾ ലഭിക്കാനുള്ള അഭാവം ആഗോള ദാരിദ്ര്യ പട്ടിക തയാറാക്കുന്നതിനെ ബാധിച്ചിട്ടുണ്ടെന്നും ലോകബാങ്ക് വ്യക്തമാക്കി. അതിനർത്ഥം രാജ്യത്തിന്റെ ദാരിദ്ര്യം സംബന്ധിച്ച കണക്കുകൾ കേന്ദ്ര ഭരണകൂടം മറച്ചു വയ്ക്കുന്നുവെന്നാണ്. യാഥാർത്ഥ്യം ഒളിപ്പിക്കുകയും ഊതിവീർപ്പിച്ച ജിഡിപി ആധാരമാക്കി രാജ്യം വികസിച്ചുവെന്ന് ഉദ്ഘോഷിക്കുകയുമാണ് കേന്ദ്ര ഭരണകൂടം. ജനസംഖ്യയുടെ വെെപുല്യവും ജനതയുടെ വെെവിധ്യവും ഉൾക്കാെള്ളുകയും അതിനനുസൃതമായ വികസന നയം രൂപീകരിക്കുകയും ചെയ്യുന്ന ഒരു സർക്കാറിന് മാത്രമേ ഈ ദുരവസ്ഥയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ കഴിയൂ. അല്ലെങ്കില്‍ പട്ടിണിക്കാരുടെ രാജ്യമെന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.