മോഡി സർക്കാരിന്റെ ദൂരക്കാഴ്ചയില്ലാത്ത നയതന്ത്ര, സുരക്ഷാ സമീപനങ്ങൾ അയൽരാജ്യമായ ബംഗ്ലാദേശിനെ ചൈനയുടെ ശക്തമായ സ്വാധീനവലയത്തിൽ കൊണ്ടെത്തിച്ചിരിക്കുന്നു. സമീപകാലത്തെ ബംഗ്ലാദേശിലെ രാഷ്ട്രീയ സംഭവവികാസങ്ങളെത്തുടർന്ന് ആ രാജ്യത്ത് അധികാരത്തിൽ വന്ന മുഖ്യ ഉപദേഷ്ടാവ് ഡോ. മുഹമ്മദ് യുനുസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അർഹമായ നയതന്ത്രചാതുരിയോടെ സമീപിക്കുന്നതിൽ ഇന്ത്യക്കുണ്ടായ പരാജയമാണ് ചൈനയ്ക്ക് ദക്ഷിണേഷ്യയിൽ ദൃഢമായി കാലുറപ്പിക്കാൻ അവസരമൊരുക്കുന്നത്. തന്റെ ചൈനാ സന്ദർശനത്തിന് മുമ്പ് ഇന്ത്യ സന്ദർശിക്കാനും ഉഭയകക്ഷിബന്ധങ്ങൾ മെച്ചപ്പെടുത്താനും മുഹമ്മദ് യൂനുസ് ആഗ്രഹിച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇന്ത്യയുടെ പ്രതികരണം അനുകൂലമായിരുന്നില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അരനൂറ്റാണ്ടായി തുടർന്നുവന്നിരുന്ന അയൽബന്ധങ്ങളിലാണ് വിള്ളൽ വീണിരിക്കുന്നത്. മാർച്ച് അവസാനത്തിൽ യൂനുസ് നടത്തിയ ബെയ്ജിങ് സന്ദർശനവും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടന്ന കൂടിക്കാഴ്ചയും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം അരക്കിട്ടുറപ്പിക്കുന്നതാണ്. ബംഗ്ലാദേശിന്റെ സാമ്പത്തിക പുനർനിർമ്മാണത്തിൽ ഇന്ത്യക്ക് പകരം ചൈനയെ പ്രതിഷ്ഠിക്കാൻ ഉതകുന്ന സാമ്പത്തിക തന്ത്രങ്ങളാണ് യൂനുസ് — ജിൻപിങ് കൂടിക്കാഴ്ചയിൽ ഉരുത്തിരിഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിൽ തീരുവാരഹിത, ക്വാട്ടാരഹിത വ്യാപാരത്തിനും നിക്ഷേപങ്ങൾക്കുമായിരിക്കും ഇതോടെ വാതില്‍ തുറക്കുക.
യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടക്കംകുറിച്ച വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും നേരിടുന്ന സാമ്പത്തിക തിരിച്ചടികൾക്ക് പുതിയ കൂട്ടുകെട്ട് വലിയൊരളവ് ആശ്വാസകരമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 14 കോടി ജനങ്ങളുള്ള ബംഗ്ലാദേശ് ഒരേസമയം ചൈനയുടെ ഉല്പന്നങ്ങൾക്ക് വിപണിയും ചൈനീസ് കമ്പനികളുടെ പ്രമുഖ ഉല്പാദനകേന്ദ്രവുമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയുടെയും യുഎസിന്റെയും നിഷേധാത്മക രാഷ്ട്രീയ, നയതന്ത്ര സമീപനങ്ങളുടെയും ട്രംപ് തുടക്കംകുറിച്ചിരിക്കുന്ന വ്യാപാരയുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ ബംഗ്ലാദേശ് കടുത്ത സാമ്പത്തിക വെല്ലുവിളികളെയാണ് നേരിടുന്നത്. ഈ പശ്ചാത്തലത്തിൽ നിക്ഷേപങ്ങൾ, വായ്പകൾ, ഗ്രാന്റുകൾ എന്നിവയായി 2028 വരെ 210 കോടി യുഎസ് ഡോളറിന് തുല്യമായ തുക രോഗാതുരമായ ബംഗ്ലാദേശ് സമ്പദ്ഘടനയിലേക്ക് ചൈന പമ്പുചെയ്യും. അടുത്തകാലംവരെ യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ വിപണികളിലേക്ക് താരതമ്യേന കുറഞ്ഞവിലയ്ക്കുള്ള നിർമ്മിത വസ്ത്രകയറ്റുമതിയുടെ ദക്ഷിണേഷ്യയിലെ സുപ്രധാന ഹബ്ബായിരുന്നു ബംഗ്ലാദേശ്. ചൈനയുടെ നിക്ഷേപം വീണ്ടും ബംഗ്ലാദേശിലെ വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുമെന്നും വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചൈനയുടെ ‘ബെൽറ്റ്, റോഡ്’ പദ്ധതിയിലെ സുപ്രധാനകണ്ണിയായി ബംഗ്ലാദേശ് മാറും. രാജ്യത്തെ എല്ലാ ജില്ലകളിലും ചൈനീസ് ഫാക്ടറികൾ സ്ഥാപിക്കാനും കരാർ വിഭാവനം ചെയ്യുന്നു. ചരക്കുഗതാഗതം സുഗമമാക്കാൻ തുറമുഖങ്ങളുടെ നവീകരണം, പാതകളുടെയും ജലപാതകളുടെയും നിർമ്മാണം, ടിസ്റ്റാ ഉൾപ്പെടെ നദികളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ, വൈദ്യുതി ഉല്പാദന വിതരണ ശൃംഖലകൾ എന്നിവയുൾപ്പെടെ ബംഗ്ലാദേശിന്റെ സമഗ്ര സാമ്പത്തിക വികസന പദ്ധതികളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ വിഭാവനം ചെയ്യുന്നത്. ബംഗ്ലാദേശ് സൈന്യത്തിന് തന്ത്രപ്രധാന ആയുധങ്ങളും സൈന്യത്തിന്റെ നവീകരണവും പദ്ധതിയുടെ ഭാഗമാണ്. സുദീർഘമായ അതിർത്തി പങ്കിടുകയും അതിർത്തി പ്രശ്നങ്ങൾ അപരിഹാര്യമായി തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ചൈനയുടെ ബംഗ്ലാദേശിലെ ശക്തമായ സാന്നിധ്യം സൃഷ്ടിക്കുന്ന ഇന്ത്യയുടെ സുരക്ഷിതത്വത്തെപ്പറ്റിയുള്ള ആശങ്കകൾ അവഗണിക്കാവുന്നതല്ല.
യൂനുസിന്റെ ചൈനാ സന്ദർശനത്തെത്തുടർന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ത്രിപുരയിലെ ബിജെപി സഖ്യകക്ഷി തിപ്ര മോത്തയും നടത്തിയ പരസ്യപ്രസ്താവനകൾ പ്രകോപനപരമാണ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥ മോഡി ഭരണകൂടത്തിന്റെ എല്ലാ അവകാശവാദത്തിനും അപ്പുറം അസ്വസ്ഥമാണ്. തിപ്ര മോത്തയുടെ പ്രസ്താവന ചിറ്റഗോങ് മലനിരകളും തുറമുഖവുമടക്കം കയ്യടക്കുന്നതിനെപ്പറ്റിയും ബംഗ്ലാദേശിനെ പിളർത്തി ഇന്ത്യയുടെ ഭാഗമാക്കുന്നതിനെപ്പറ്റിയും ആണെന്നത് നൽകുന്ന അപകടസൂചനകളും അവഗണിക്കാവുന്നതല്ല. രാഷ്ട്രങ്ങളുടെ അതിർത്തി മാറ്റിവരയ്ക്കുന്നതടക്കം പ്രകോപനപരമായ പ്രസ്താവനകൾ നിലവിലുള്ള അന്തരീക്ഷത്തെ വിഷലിപ്തമാക്കാനേ സഹായിക്കൂവെന്ന തിരിച്ചറിവ് വേണ്ടതും സഖ്യകക്ഷികളെയും അസം മുഖ്യമന്ത്രിയടക്കം അനുയായികളെയും നിയന്ത്രിക്കാനുള്ള ബാധ്യതയും ഉത്തരവാദിത്തവും കേന്ദ്രസർക്കാരിനുണ്ട്. മണിപ്പൂരടക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ അസ്വസ്ഥതകൾക്ക് അടിയന്തര പരിഹാരം കാണാതെയും ആ മേഖലയുടെ വികസനം ഉറപ്പുവരുത്താതെയും രാഷ്ട്രസുരക്ഷയെപ്പറ്റിയുള്ള ഉത്ക്കണ്ഠകൾ അർത്ഥശൂന്യമാണെന്നും മോഡി ഭരണകൂടം തിരിച്ചറിയണം. ചൈന — ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധത്തിലെ പുതിയ ഊഷ്മളത, നയതന്ത്ര മുൻഗണനകൾ പുനഃപരിശോധിക്കാനും ആവശ്യമായ മാറ്റത്തിനും ഇന്ത്യയെ നിർബന്ധിതമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.