24 December 2024, Tuesday
KSFE Galaxy Chits Banner 2

പൊള്ളയായ വാഗ്ദാനങ്ങളുടെ കെട്ടുകഥ

Janayugom Webdesk
June 26, 2022 5:00 am

2022 ജനുവരി 23ന് ഓക്സ്ഫാം പുറത്തുവിട്ട റിപ്പോർട്ട് ദേശീയ സമ്പത്തിന്റെ എഴുപത് ശതമാനവും പത്ത് ശതമാനം പേരുടെ കൈകളിൽ ഒതുങ്ങുന്നു എന്ന യാഥാർത്ഥ്യത്തിന് കൂടുതൽ വ്യക്തത നൽകി. രാജ്യത്തുള്ള മഹാഭൂരിപക്ഷത്തിന് ദാഹവും വിശപ്പും നിറംമങ്ങിയ ഭാവിയുമാണ് ഭരണകൂടത്തിന്റെ സമ്മാനം. പൊള്ളയായ വാഗ്ദാനങ്ങളുടെ കെട്ടുകഥ മാത്രമാണ് ‘ആത്മനിർഭർ ഭാരത്’. ആശ്വാസത്തെക്കാൾ കൂടുതൽ ആശങ്കകൾ നൽകുന്ന സാമ്പത്തിക നയങ്ങൾ വിളംബരം ചെയ്യാനുള്ള വേദിയുടെ പേരുമാത്രമാണത്. വസ്തുതകൾ വളച്ചൊടിച്ച് സത്യം മറയ്ക്കുന്നത് കടുത്ത ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാൻ ഭരണഘടന ഉറപ്പാക്കിയ ഫെഡറലിസം തകർത്ത് കേന്ദ്രീകരണം അടിച്ചേല്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഭരണഘടന ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി രാജ്യത്തെ പ്രഖ്യാപിക്കുന്നു. ഏകീകൃത ഘടനയിൽ ഫെഡറൽ സംവിധാനം പൂർണമാകുന്ന പാർലമെന്ററി രീതിയിലാണ് ഭരണകൂടത്തിന്റെ രൂപം. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ഈ ഘടന വെല്ലുവിളികളെ അതിജീവിച്ച് നിലനിന്നിരുന്നു.
എന്നാൽ ഇപ്പോൾ ഭീഷണ കാലമാണ്. പത്തുശതമാനത്തിന്റെ കൈകളിൽ പരമാധികാരം ഒതുങ്ങുന്നു. ജനം കമ്പോളത്തിലെ ചരക്കുകളിലൊന്നായി മാറുന്നു. പൗരന്റെ വില തീരുമാനിക്കുന്നത് സോഷ്യലിസവും അതിന്റെ മൂല്യങ്ങളും തിരിച്ചറിയാനാകാത്തവരാണ്. ‘സേവനത്തില്‍ നിന്ന് ദാസ്യത്തിലേക്കുള്ള’ വഴിയിലാണ് സാധാരണ ജനം. ബുൾഡോസറുകൾ ചേരികളും തൊഴിൽ രഹിതരുടെ പാർപ്പിടങ്ങളും ഇടിച്ചുനിരത്തുന്നു. ഭരണകൂടം തൊഴിലവസരങ്ങൾ ലക്ഷങ്ങളുടെയും കോടികളുടെയും പെരുക്കത്തിൽ വാഗ്ദാനം മാത്രമായി തുടരുകയാണ്. ജനാധിപത്യം പരിഹസിക്കപ്പെടുന്നു. തൊഴിലിനും വരുമാനത്തിനും പകരം യുവത്വത്തിന് അഗ്നിപാത തീർക്കുകയാണ് സർക്കാർ. യൗവനം അഗ്നിയിൽ കുളിച്ചുകയറുന്നു. തീവണ്ടികൾ, ബസുകൾ, റോഡുകൾ, ഓഫീസുകൾ പ്രത്യേകിച്ച് ബിജെപിയുടേത് തുടങ്ങിയവ അഗ്നിക്കിരയാക്കുന്നു. തൊഴില്‍ ചെയ്യാനുള്ള തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ അവർക്ക് മറ്റെന്താണ് ചെയ്യാനാകുക. നന്നായി പഠിക്കുകയും മികച്ച വിജയം നേടുകയും ചെയ്തവരാണ് യുവാക്കൾ. എന്നാൽ ശിപായിയുടെ ജോലിക്കും കാത്തിരിക്കുന്നത് ആയിരങ്ങളാണ്.


ഇതുകൂടി വായിക്കു;മുര്‍മുവിനെ കൊണ്ടാടുന്നവര്‍ സ്റ്റാന്‍ സ്വാമിയെയുമോര്‍ക്കണം


കുമിയുന്ന തൊഴിലില്ലായ്മയുടെ മറവിൽ ഒരു ഹ്രസ്വകാല റിക്രൂട്ട്മെന്റ് പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. പരിശീലനവും ജോലി കാലയളവും എല്ലാം നാല് വർഷത്തിൽ അവസാനിക്കും. കടൽക്കൊള്ളക്കാരുടെ റിക്രൂട്ട്മെന്റ് കഥപോലെ ഇവിടെയും പതിനേഴു വയസുള്ളപ്പോൾ നാലുവർഷക്കാലം ആരംഭിക്കുന്നു. നാലാം വർഷം തികയുമ്പോൾ തൊഴിലില്ലായ്മയുടെ ഭാണ്ഡം തിരികെ ലഭിക്കുന്നു. അവരെ നേരിടാൻ ഒരുങ്ങുന്നത് ഹിന്ദുത്വ തീവ്രവാദികളാണ്. അവർ ബുൾഡോസറും നിയമലംഘനവുമായി കാത്തിരിക്കുന്നു. കൊടും പട്ടിണിയുടെ ഭാവിയിൽ തൊഴിലില്ലാത്ത യുവാക്കൾക്ക് സമ്മർദ്ദം സഹിക്കാനാവില്ല, അവർ അപമാനിക്കപ്പെടാനും ആഗ്രഹിക്കുന്നില്ല. അഗ്നിപഥ്, പുതിയതൊന്നും വാഗ്ദാനം ചെയ്യാതെ എല്ലാം കത്തിച്ച് ചാരമാക്കുന്നു. ഹിന്ദുക്കളല്ലാത്ത ഏവരെയും അപമാനിക്കാൻ ആഹ്വാനം ചെയ്യുന്ന എല്ലാ ശത്രുക്കളോടും ഐക്യദാർഢ്യം പുലർത്തേണ്ടത് തങ്ങളുടെ കടമയായി ഹിന്ദുത്വ തീവ്രവാദികൾ കരുതുന്നു. വിനായക് ദാമോദർ സവർക്കറുടെ ആഹ്വാനത്തിലും ഈ ധ്വനി അടങ്ങിയിരുന്നു. ‘ഹിന്ദുത്വ: ഹു ഈസ് എ ഹിന്ദു’ എന്ന തന്റെ പുസ്തകത്തിൽ ‘മുഴുവൻ രാഷ്ട്രീയത്തെയും ഹിന്ദുത്വത്തിന്റെ ചുവട്ടിലേക്ക് കൊണ്ടുവരിക, മുഴുവൻ ഹിന്ദുത്വത്തെയും സൈനികവല്ക്കരിക്കുക’ എന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതാണ് ഹിന്ദു സ്വത്വവും ഹിന്ദു ദേശീയതയും സ്ഥാപിക്കാനുള്ള മുദ്രാവാക്യമായി മാറിയത്.


ഇതുകൂടി വായിക്കു; തൊഴിലില്ലായ്മയും അഗ്നിപഥും കേന്ദ്രസർക്കാരിന്റെ യുവജന വിരുദ്ധതയും


സ്ഥാപിത താല്പര്യങ്ങൾക്കായി ചരിത്രത്തെ വളച്ചൊടിക്കാനും നാനാത്വത്തിൽ ഏകത്വമെന്ന മഹത്തായ പൈതൃകത്തെ ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. ഭൂരിപക്ഷത്തിന്റെ ഏകാധിപത്യം സ്ഥാപിക്കാനുള്ള ഗൂഢാലോചനയാണ് സകലതിനും അടിസ്ഥാനം. ഹിന്ദു ദേശീയത ജനിച്ചത് മറ്റെല്ലാ സമുദായങ്ങളെയും നശിപ്പിക്കാനും സ്വന്തം ഭൂരിപക്ഷ ഭരണം സ്ഥാപിക്കാനുമാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് മതവൈര്യവും മേൽക്കോയ്മാ നിലപാടും അത്യന്താപേക്ഷിതമാണ്. പക്ഷെ, ഹിന്ദു സ്വത്വം വിവിധ സമുദായങ്ങളുടെയും അവരുടെ സംസ്കാരത്തിന്റെയും ലയനമാണ്. ഹിന്ദു സ്വത്വം തേടിയുള്ള അന്വേഷണത്തിന് അതിന്റെ അടിസ്ഥാന ധാര നഷ്ടപ്പെട്ടത് ഇതിനാലായിരുന്നു. 1930കളിൽ, വലതുപക്ഷം വേരുറപ്പിക്കാൻ ശ്രമിച്ചപ്പോൾ, ‘വ്യത്യസ്ത’ ആളുകളെ ശത്രുക്കളാക്കി മാറ്റാൻ കെണികളൊരുക്കി. യൂറോപ്യൻ ഫാസിസത്തിന്റെ ഇതേ മൂശയിൽ നിന്ന് ഹിന്ദു ദേശീയതയും സമാന നിലപാടുകളും തന്ത്രങ്ങളും കടമെടുത്തു. മുസോളിനി, ഹിറ്റ്ലർ തുടങ്ങിയ സ്വേച്ഛാധിപതികളുടെ സ്വാധീനത്തിൽ അക്രമണോത്സുകതയും ഇതിലേക്ക് ചേർത്തു. ഈ വ്യവസ്ഥയാണ് ഫാസിസം. പണപ്പെരുപ്പം പൂർണതോതിൽ അതും മൂന്നിരട്ടിയായി പെരുകിയ രാജ്യമായി ഇന്ത്യ മാറിയെന്ന് നിരത്തുകളിൽ തടിച്ചുകൂടിയ ജനക്കൂട്ടം തിരിച്ചറിയുന്നുണ്ട്. രൂപ ശോഷിച്ചിരിക്കുന്നു, കൂലിയും. തൊഴിലെടുത്താലും കുടുംബത്തെ പോറ്റാനാകാത്ത ദുരവസ്ഥ. മറുവശത്തെ പത്ത് ശതമാനത്തിന് എല്ലാം സ്വർഗമാണ്. കിനാവു കണ്ടപോലുള്ള ജീവിതം. ഫാസിസത്തിന്റെ ഇപ്പോൾ കാണാനാകുന്ന മറ്റൊരു മുഖമാണിത്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.