17 June 2024, Monday

അവയവ വ്യാപാര മാഫിയയെ തളയ്ക്കണം

Janayugom Webdesk
May 27, 2024 6:00 am

രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന അവയവ മാഫിയ സംഘത്തിന്റെ വേരുകൾ കേരളത്തിലും എന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തി അവയവങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനിയായ തൃശൂർ സ്വദേശി സബിത്ത് നാസർ ഒരാഴ്ച മുമ്പ് പൊലീസ് പിടിയിലായതിന് പിന്നാലെയാണ് വൻ ശൃംഖലയാണ് ഇതിന് പിന്നിലുള്ളതെന്ന വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 2019 മുതൽ ഇയാള്‍ അവയവ മാഫിയയുടെ പ്രധാന കണ്ണിയായി പ്രവർത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ മറ്റ് ചിലരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് ഓരോ ദിവസവും വായിക്കേണ്ടിവരുന്നത്. മനുഷ്യന്റെ ആർത്തി എത്രത്തോളമാണ് എന്നതിനപ്പുറം പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നതിന് അവയവമാറ്റത്തെ ഉപയോഗിക്കുന്നു എന്നുള്ളതും ഗുരുതരമായ സാമൂഹ്യ വിഷയമാണ്. രോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ, ശസ്ത്രക്രിയകൾ എന്നിവ കടന്ന് രോഗബാധമൂലം പ്രവർത്തനക്ഷമമല്ലാതാകുന്ന അവയവങ്ങൾ മാറ്റിവയ്ക്കുക എന്നത് സങ്കീർണമാണെങ്കിലും വൈദ്യശാസ്ത്ര പുരോഗതിയിൽ മാനവരാശി നേടിയ മഹത്തായ നേട്ടങ്ങളിൽ ഒന്നാണ്. വളരെയധികം സങ്കീർണതകളുള്ളതും അതേസമയം ഉത്തരവാദിത്തവും വൈദഗ്ധ്യവും ആവശ്യവുമായ ഒന്നാണ് അവയവമാറ്റമെന്ന പ്രക്രിയ. അതുകൊണ്ടുതന്നെ 1994ൽ പാർലമെന്റ് പാസാക്കിയ ട്രാൻസ്‌പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് നിയമം, 2014ലെ ട്രാൻസ്‌പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആന്റ് ടിഷ്യൂസ് ചട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതിനായുള്ള ശസ്ത്രക്രിയകൾ നടത്തുന്നത്. പ്രസ്തുത നിയമത്തിന്റെ അടിസ്ഥാനത്തിൽ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്ത് മൃതസഞ്ജീവനി എന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. 2012‑ൽ സർക്കാർ‑സ്വകാര്യ ആശുപത്രികളെ ഏകോപിപ്പിച്ച് മൃതസഞ്ജീവനി ആരംഭിച്ചിരുന്നുവെങ്കിലും അവശനിലയിലായിരുന്ന പദ്ധതി 2016ൽ മുൻ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനുശേഷം വിപുലവും ശക്തവുമാക്കി.
അവയവദാവം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവബോധം വളർത്തുന്നതിനായി കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിങ് വഴി ക്ലാസുകളും ശില്പശാലകളും സംഘടിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം നമ്മുടെ നാട്ടിൽ അവയവമാറ്റം ആവശ്യമായി വരുന്നവർക്ക് അത് ലഭ്യമാക്കുന്നതിനുദ്ദേശിച്ചുള്ളതാണ്. അതിന്റെ ഫലമായി മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ പേർ അവയവദാനത്തിന് മുന്നോട്ടുവരുന്നുണ്ട്. കൂടാതെ മസ്തിഷ്ക മരണം സംഭവിക്കുന്ന രോഗികളുടെ അവയവങ്ങൾ ദാനം ചെയ്യുന്നതിനുള്ള തല്പരതയും വർധിച്ചു. ഈ വർഷം ജനുവരിയിൽ നിയമസഭയിൽ നൽകിയ മറുപടി അനുസരിച്ച് സംസ്ഥാനത്ത് വിവിധ അവയവങ്ങൾ ലഭിക്കുന്നതിനായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 3,394 ആണ്. മൃതസഞ്ജീവനി പദ്ധതി നിലവിൽ വന്നതിനുശേഷം 1,060 അവയവമാറ്റ ശസ്ത്രക്രിയകളും സംസ്ഥാനത്ത് നടന്നു. ഇതിൽ ഏറ്റവും കൂടുതൽ വൃക്ക, കരൾ മാറ്റങ്ങളായിരുന്നു. യഥാക്രമം 636, 299 എണ്ണം വീതം. രാജ്യത്താകെ ഒരു വർഷം ശരാശരി 10,000ത്തിലധികം അവയവ മാറ്റങ്ങൾ നടക്കുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട നോട്ടോ എന്ന സംഘടനയുടെ കണക്ക്. 

സാമൂഹ്യമായ അവബോധത്തിലൂടെ ഈ പ്രക്രിയ നടക്കുന്നുണ്ടെങ്കിലും അവയവക്കച്ചവടത്തെക്കുറിച്ചുള്ള ആരോപണങ്ങൾ വിവിധ ഘട്ടങ്ങളിൽ ഉയർന്നുവരാറുണ്ട്. ചില സ്വകാര്യ ആശുപത്രികൾക്കും വ്യക്തികൾക്കുമെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന മാഫിയകളെക്കുറിച്ചുള്ള സംശയങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും പ്രധാനകണ്ണികൾ അറസ്റ്റിലായത് വലിയ ആശങ്കകൾ സൃഷ്ടിക്കുന്നതാണ്. വലിയ തുകയും അനന്തരചികിത്സയും വാഗ്ദാനം നൽകിയാണ് സംഘം ആളുകളെ വലയിലാക്കുന്നത്. പിന്നീട് വിദേശത്തേക്ക് കൊണ്ടുപോയി അവയവം എടുത്ത് വിറ്റ ശേഷം നാട്ടിലെത്തിക്കുന്നു. എന്നാൽ ആദ്യം വാഗ്ദാനം നൽകുന്ന തുകയോ സുരക്ഷിതത്വമോ ലഭിക്കുന്നില്ലെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. പണത്തിനുവേണ്ടി അവയവദാനം പാടില്ലെന്ന് നിയമപ്രകാരം വ്യവസ്ഥയുണ്ടെങ്കിലും ആളുകളുടെ സാമ്പത്തികമായ പിന്നാക്കാവസ്ഥ മുതലെടുത്ത് പറഞ്ഞ് മോഹിപ്പിച്ചാണ് ഇവർ മനുഷ്യക്കടത്ത് നടത്തിയത്. ലക്ഷക്കണക്കിന് രൂപ കമ്മിഷനും മറ്റ് ചെലവുകള്‍ക്കുമായി കൈപ്പറ്റി ദാതാവിന് പറഞ്ഞ പണം പോലും നൽകാതിരുന്നുവെന്നും ഈ ആവശ്യത്തിനായി പോയ ചിലരെങ്കിലും തിരിച്ചെത്തിയില്ലെന്നും അന്വേഷണ വിവരം പുറത്തുവന്നിട്ടുണ്ട്. അവരിൽ ചിലർ മരിച്ചുവെന്നും പറയപ്പെടുന്നു. അവയവദാനമെന്നത് ഏറ്റവും ഉൽകൃഷ്ടമായ മനുഷ്യസ്നേഹംകൂടിയാണ്. അതിനെ കേവലം കച്ചവടമാക്കി മാറ്റുന്നത് മനുഷ്യത്വ രഹിതമാണ്. പല തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഉൾച്ചേർന്നതാണ് ഈ മാഫിയയുടെ പ്രവർത്തനങ്ങൾ. ശക്തമായ നടപടികളിലൂടെ ഈ മാഫിയയെ തളയ്ക്കുന്നില്ലെങ്കിൽ അപസർപ്പക കഥകളിലെന്നതുപോലെ അവയവങ്ങൾക്കായി ആളുകളെ കൊല്ലുന്ന അവസ്ഥയും ഉണ്ടായേക്കാം. ഈ പശ്ചാത്തലത്തിൽ അവയവ മാഫിയയെ സംബന്ധിച്ച് കൂടുതൽ വിപുലമായ അന്വേഷണങ്ങളും ശക്തമായ തുടർനടപടികളും ഉണ്ടാകേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.