22 November 2024, Friday
KSFE Galaxy Chits Banner 2

കൃത്യമായി ആസൂത്രണം ചെയ്ത കലാപങ്ങള്‍

Janayugom Webdesk
April 13, 2022 5:00 am

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയമായിരുന്നുവെങ്കിലും തങ്ങള്‍ ഉദ്ദേശിച്ച വിധത്തിലോ പ്രചരിപ്പിച്ച വിധത്തിലോ ആയില്ലെന്ന് ബിജെപിക്ക് ബോധ്യമുണ്ട്. മതേതര — ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും പ്രാദേശിക പാര്‍ട്ടികളുടെയും കൂട്ടായ്മ സാധ്യമായാല്‍ ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുക എളുപ്പമല്ലെന്ന് മറ്റാരെക്കാളും മനസിലാക്കുന്നത് അവര്‍ തന്നെയാണ്. ഭരണത്തുടര്‍ച്ചയ്ക്കുവേണ്ടി ഗുജറാത്തില്‍ അധികാരത്തിലെത്തുന്നതിന് പരീക്ഷിച്ച വംശഹത്യാ സിദ്ധാന്തം പ്രയോഗിച്ചിട്ടും മെച്ചപ്പെട്ട മുന്നേറ്റമായിരുന്നില്ല യുപിയില്‍ ബിജെപിക്കുണ്ടായത്. 2017ലെ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലാകട്ടെ കഷ്ടിച്ചാണ് കടന്നുകൂടിയത്. ഈ വര്‍ഷം ഡിസംബറിലാണ് ഗുജറാത്ത് വീണ്ടും തെര‍ഞ്ഞെടുപ്പിനെ നേരിടേണ്ടത്. 2023 മെയ് മാസം കര്‍ണാടകയിലും ഡിസംബറില്‍ മധ്യപ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പുണ്ട്. 2024 ഏപ്രില്‍, മെയ് മാസങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമുണ്ട്. ഈ പശ്ചാത്തലത്തില്‍ അധികാരം നിലനിര്‍ത്തുന്നതിനായി സാമുദായിക ധ്രുവീകരണവും വിദ്വേഷപ്രചരണവും ഭീതിപ്പെടുത്തലും അജണ്ടയാക്കി മാറ്റിയിരിക്കുന്നുവെന്നാണ് സമീപ ദിവസങ്ങളിലെ കലാപനീക്കങ്ങള്‍ വ്യക്തമാക്കുന്നത്.


ഇതുകൂടി വായിക്കാം; കർണാടകത്തിലെ മുസ്‌ലിം ‘കുത്തക’ വിരുദ്ധത


 

വ്യാപകമായ സംഘര്‍ഷങ്ങളാണ് പല സംസ്ഥാനങ്ങളിലും തീവ്ര ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ നടന്നത്. രാമനവമി ആഘോഷത്തിന്റെ പേരിലാണ് ഇത്തവണ കലാപമുണ്ടായത്. ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രകളും പൂജകളും ഇതര സമുദായങ്ങള്‍ക്കുനേരെ കടന്നാക്രമണം നടത്തുന്നതിനുള്ള ഉപാധിയാക്കുകയായിരുന്നു. ഗുജറാത്ത്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഡല്‍ഹി, ഗോവ, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സംഘര്‍ഷങ്ങളുണ്ടായത്. ഗുജറാത്ത്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ഓരോ മരണമുണ്ടായി. മാംസാഹാരം പാകം ചെയ്തതിന്റെ പേരില്‍ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ കടന്നുകയറിയ ആര്‍എസ്എസ്- ബിജെപി ഗുണ്ടാസംഘം വിദ്യാര്‍ത്ഥികളെ ക്രൂരമായാണ് മര്‍ദ്ദിച്ചത്. തലയ്ക്കും മറ്റും പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലാണ്. എന്നാല്‍ രാമനവമി പൂജ തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണമെന്നാണ് എബിവിപിക്കാരുടെ വാദം. അങ്ങനെയെങ്കില്‍, സര്‍വകലാശാലയില്‍ സാമുദായിക ആഘോഷം സംഘടിപ്പിച്ച് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാണ്. ജെ എന്‍യു ഉള്‍പ്പെടെ പലയിടങ്ങളിലും പൊലീസ് ഏകപക്ഷീയവും പക്ഷപാതപരവുമായാണ് പെരുമാറിയത്.


ഇതുകൂടി വായിക്കാം; എല്ലാവരും സത്യം മാത്രം പറയുന്നു,നുണകൾ പെരുകുന്നു


വിവരം നല്കിയിട്ടും ജെഎന്‍യുവില്‍ എത്താന്‍ വൈകിയ പൊലീസ് അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് തയാറായില്ല. വിദ്യാര്‍ത്ഥികള്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ ശേഷം ഇരുവിഭാഗത്തിനുമെതിരെ കേസെടുക്കുകയായിരുന്നു. എബിവിപിക്കാരില്‍ നിന്ന് പരാതി എഴുതി വാങ്ങിയാണ് ഇടതുവിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതെന്ന് വസന്ത്കുഞ്ച് പൊലീസ് നടത്തിയ പ്രതികരണത്തില്‍ നിന്ന് വ്യക്തമാണ്. പല സംസ്ഥാനങ്ങളിലും രാമനവമിയുടെ പേരില്‍ നടത്തിയ ഘോഷയാത്രകള്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ചെന്ന് പ്രകോപനമുണ്ടാക്കുകയും സംഘര്‍ഷം സൃഷ്ടിക്കുകയുമായിരുന്നു. അതുപോലെ തന്നെ റംസാന്‍ മാസത്തില്‍ മുസ്‌ലിം ആരാധനാലയങ്ങള്‍ക്ക് മുമ്പില്‍ പൂജ നടത്തിയും സംഘര്‍ഷ സാഹചര്യം ഉണ്ടാക്കിയെടുത്തു. രണ്ടുപേരാണ് കലാപത്തില്‍ മരിച്ചിരിക്കുന്നത്. നിരവധി പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. ആരാധനാലയങ്ങള്‍ക്കുനേരെ അക്രമം നടത്തിയ കലാപകാരികള്‍ വീടുകള്‍ക്കും കടകള്‍ക്കും തീയിട്ടു. വാഹനങ്ങള്‍ തീയിട്ടും മറ്റ് രീതിയിലും നശിപ്പിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചയിടങ്ങളില്‍ പോലും വലതു തീവ്ര സംഘടനകള്‍ അത് ലംഘിച്ചാണ് സംഘര്‍ഷമുണ്ടാക്കിയത്.

വംശഹത്യാ നീക്കങ്ങളും ചില സംസ്ഥാനങ്ങളില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. കര്‍ണാടകയില്‍ അത് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. വ്യാപാരികളെ ആട്ടിപ്പായിച്ചും ആക്രമിച്ചും ഭയപ്പെടുത്തിയും അകറ്റുക എന്നതായിരുന്നു അവിടെ സ്വീകരിച്ച സമീപനം. എന്നാല്‍ കൂടുതല്‍ ക്രൂരമായ നടപടിയാണ് രാമനവമി സംഘര്‍ഷത്തിനുശേഷം മധ്യപ്രദേശിലുണ്ടായത്. ഖര്‍ഗോണില്‍ സംഘര്‍ഷത്തില്‍ പങ്കെടുത്തുവെന്ന പേരില്‍ 16 പാര്‍പ്പിടങ്ങളും 29 കടകളും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. തകര്‍ക്കപ്പെട്ടവയില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം വിഭാഗത്തിന്റേതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്നറിയിപ്പ് നല്കാതെയാണ് കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയത്. വസ്തുക്കള്‍ മാറ്റുന്നതിനുള്ള അവസരവും നല്കിയില്ല. സംഘര്‍ഷമുണ്ടായി മണിക്കൂറുകള്‍ക്കകം ഇത്തരം നടപടികള്‍ ബിജെപി സര്‍ക്കാരുകളില്‍ നിന്നുണ്ടാകുന്നു എന്നത് ഏതോ കോണില്‍ നിന്ന് കൃത്യമായി ആസൂത്രണം ചെയ്തതാണ് കലാപമെന്നാണ് വ്യക്തമാക്കുന്നത്. ഇന്ധന വിലവര്‍ധനയും അതുവഴി അവശ്യ വസ്തുക്കള്‍ക്കുണ്ടായ വിലയേറ്റവും മൂലം ജീവിതം ദുസ്സഹമായ സാധാരണക്കാരെ മതത്തിന്റെ പേരില്‍ ധ്രുവീകരിക്കുവാനും ന്യൂനപക്ഷ വിഭാഗത്തെ ആട്ടിയോടിക്കുന്നതിനും നടത്തുന്ന ഈ നടപടികള്‍ തീക്കൊള്ളികൊണ്ട് തല ചൊറിയലാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.