17 November 2024, Sunday
KSFE Galaxy Chits Banner 2

ഷറെ അല്‍ ഷെയ്ഖയില്‍ പ്രതീക്ഷിക്കുന്നത് സമൂര്‍ത്ത പരിഹാരം

Janayugom Webdesk
November 12, 2022 5:00 am

മാനവരാശിയുടെ നിലനില്പും പുതുതലമുറയുടെ സുന്ദരമായ ഭാവിയും ആഗ്രഹിക്കുന്നവരെല്ലാം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഉച്ചകോടിയാണ് ‑സിഒപി 27- ഈജിപ്റ്റിലെ ഷറെ അല്‍ ഷെയ്ഖയില്‍ പുരോഗമിക്കുന്നത്. ആഗോള താപനത്തെയും അതു പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളെയും സംബന്ധിച്ചും, നേരത്തെയുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനെ കുറിച്ചും ഹാളിനകത്ത് ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നത്. അതേസമയംതന്നെ പരിസ്ഥിതി സംഘടനകളുടെയും വിവിധ തുറകളിലുള്ളവരുടെയും നേതൃത്വത്തില്‍ വേദിക്കു പുറത്ത് പ്രക്ഷോഭങ്ങളും സംവാദങ്ങളും നടക്കുന്നുണ്ട്. ആഗോളതാപനത്തിനും പരിസ്ഥിതി നാശത്തിനും പ്രധാന കാരണമാകുന്ന ജൈവ ഇന്ധനക്കമ്പനികളുടെ ഉപജാപക സംഘാംഗങ്ങള്‍ പല രാജ്യങ്ങളില്‍ നിന്നും പ്രതിനിധികളായെത്തിയെന്ന വിവരം പുറത്തുവന്നതോടെ ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധം അരങ്ങേറുകയുണ്ടായി. വിവിധ രാജ്യങ്ങളില്‍ നിന്ന് നാല്പതിനായിരത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉച്ചകോടിയില്‍ അറുനൂറിലധികം പേര്‍ ഈ വിഭാഗത്തില്‍ നിന്നുള്ളവരാണെന്നാണ് ആരോപണം. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും ഈ ഉപജാപക വൃന്ദവും തമ്മില്‍ നിലനില്ക്കുന്ന വഴിവിട്ട ബന്ധങ്ങള്‍ ഉച്ചകോടിയുടെ യഥാര്‍ത്ഥ ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നാണ് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്കുന്നത്. ഇവരുടെ സാന്നിധ്യം ഉച്ചകോടിയുടെ ഭാവിയെ കുറിച്ച് പ്രതീക്ഷകളല്ല ആശങ്കകളാണ് നല്കുന്നതെന്നും അവര്‍ പറയുന്നു.

 


ഇതുകൂടി വായിക്കു; ആഗോള മാന്ദ്യം അടുത്തെത്തി: മുന്നറിയിപ്പുമായി ലോക വ്യാപാര സംഘടന


ഇതിനുമുമ്പു നടന്നവയില്‍ നിന്ന് ഷറെ അല്‍ ഷെയ്ഖ ഉച്ചകോടിയെ വ്യത്യസ്തമാക്കുന്നത് വികസ്വര രാജ്യങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമായ കാലാവസ്ഥാ പ്രതിസന്ധിക്ക് ധനിക രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്കണമെന്ന വിഷയം ചര്‍ച്ചയാകുന്നുവെന്നതാണ്. ആഗോള താപനം കൂടുന്നതുള്‍പ്പെടെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് പ്രധാന ഉത്തരവാദികള്‍ ധനിക രാജ്യങ്ങളാണെന്നതും കെടുതികള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത് ദരിദ്ര രാജ്യങ്ങളാണെന്നതും പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് ധനിക രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്യുന്നതിന് പോലും ഇതിനുമുമ്പുള്ള ഉച്ചകോടികളില്‍ സമ്മതിക്കപ്പെട്ടിരുന്നില്ല. അതില്‍ നിന്ന് വ്യത്യസ്തമായി വിഷയം അജണ്ടയില്‍ ഉള്‍പ്പെട്ടുവെന്നതുതന്നെ പ്രധാനകാര്യമാണ്. പക്ഷേ ഇതിനുമുമ്പ് നടന്ന പല ഉച്ചകോടികളിലും അംഗീകരിക്കപ്പെട്ട ഉടമ്പടികളോ ധാരണകളോ പൂര്‍ണമായും പാലിക്കപ്പെട്ടില്ലെന്ന പശ്ചാത്തലം മുന്നിലുള്ളപ്പോഴാണ് സിഒപി 27 നടന്നുകൊണ്ടിരിക്കുന്നത്.  190ലധികം അംഗരാജ്യങ്ങളുള്ള ആഗോള കാലാവസ്ഥാ ഉച്ചകോടി എല്ലാവര്‍ഷവും ചേരാറുള്ളതും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങളെ കുറിച്ച് ഗൗരവത്തോടെ ചര്‍ച്ച ചെയ്യാറുള്ളതുമാണ്. 1997ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ ചേര്‍ന്ന ഉച്ചകോടി അംഗീകരിച്ചതാണ് വിഖ്യാതമായ ക്യോട്ടോ പ്രോട്ടോക്കോള്‍. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ പരിമിതപ്പെടുത്തണമെന്ന് അംഗരാജ്യങ്ങളോട് പ്രോട്ടോക്കോള്‍ നിഷ്കര്‍ഷിച്ചുവെങ്കിലും അക്കാര്യത്തില്‍ ഒട്ടും പുരോഗതിയുണ്ടായില്ലെന്നാണ് പിന്നീടുള്ള ഉച്ചകോടികളില്‍ എത്തിച്ചേര്‍ന്ന നിഗമനം. പിന്നീട് പാരിസ് ഉടമ്പടിയുണ്ടായെങ്കിലും അതും പാലിക്കപ്പെട്ടില്ല.

 


ഇതുകൂടി വായിക്കു;പട്ടിണി രാജ്യമാകുന്ന ഇന്ത്യ | Janayugom Editorial


 

2015 ൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ലഘൂകരണം, വ്യതിയാനം നിജപ്പെടുത്തൽ, കാലാവസ്ഥാ സാമ്പത്തിക സഹായം എന്നിവ ഉൾക്കൊള്ളിച്ച ഉടമ്പടി 196 രാജ്യങ്ങള്‍ ചേർന്നാണ് ചർച്ച ചെയ്തത്. രണ്ടാഴ്ചയോളം നീണ്ട സംവാദങ്ങള്‍ ഇതിനായി നടന്നു. കാലാവസ്ഥാ സാമ്പത്തിക സഹായമായി 10,000 കോടി ഡോളര്‍ സമാഹരിക്കുമെന്ന് വന്‍കിട രാജ്യങ്ങള്‍ വാക്കു നല്കുകയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതമനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക് സഹായം നല്കാന്‍ ധാരണയാവുകയും ചെയ്തെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. 2021ലെ ഗ്ലാസ്ഗോ ഉച്ചകോടിയിൽ, കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക, വനസംരക്ഷണം, കാലാവസ്ഥാ സഹായ ധനം എന്നിവയുമായി ബന്ധപ്പെട്ട് വീണ്ടും ചര്‍ച്ചകളുണ്ടായെങ്കിലും അതും യാഥാര്‍ത്ഥ്യമായില്ല. പാരിസ് ഉടമ്പടി ലക്ഷ്യങ്ങള്‍ കെെവരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്ന് അടുത്തിടെ പുറത്തുവന്ന ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ടില്‍ തന്നെ വിമര്‍ശനമുന്നയിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ഇരട്ടിയിലധികമാണ്‌ കടൽനിരപ്പ്‌ ഉയരുന്നതെന്നും 2020ൽ ഇത്‌ ഏറ്റവും ഉയർന്ന നിലയിലെത്തിയെന്നും യുഎന്‍ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയിലെ വന്‍ നഗരങ്ങള്‍ പോലും കടലെടുക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും അധിക നാളുകളായിട്ടില്ല. ലോകത്തിലെ മഞ്ഞുപാളികൾ ക്രമാതീതമായി കുറയുന്നു. ഇത്തരത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി കൂടുതല്‍ ഗുരുതരമാകുമെന്ന മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും ആര്‍ത്തി മൂത്ത സമ്പന്ന രാജ്യങ്ങളും മൂലധന ശക്തികളും പ്രതിവിധികള്‍ക്കല്ല, മറ്റുള്ളവരുടെ മേല്‍ കുറ്റം ചുമത്താനാണ് വ്യഗ്രത കാട്ടുന്നത്. അപ്പോഴും കാലാവസ്ഥാ വ്യതിയാനവും ആഗോളതാപന തോതിലുണ്ടായ വര്‍ധനവും ഭൂമിയുടെയും ജീവജാലങ്ങളുടെയും നിലനില്പുതന്നെ അപകടകരമാക്കുന്നുവെന്നും ഓരോ ഉച്ചകോടിയുടെയും വിലയിരുത്തല്‍ തുടര്‍ന്നുകൊണ്ടിരിക്കുയും ചെയ്യുന്നു. ഇതൊക്കെ കൊണ്ടുതന്നെ സിഒപി ‑27ല്‍ സമൂര്‍ത്തമായ പരിഹാര മാര്‍ഗങ്ങളുണ്ടാകണമെന്നാണ് ലോകം ആഗ്രഹിക്കുന്നത്.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.