5 July 2024, Friday
KSFE Galaxy Chits

സുപ്രധാനമായ സുപ്രീം കോടതി വിധി

Janayugom Webdesk
April 27, 2022 5:00 am

ങ്കണവാടി ജീവനക്കാർക്കും വർക്കർമാർക്കും ഗ്രാറ്റുവിറ്റിക്കുള്ള അർഹത ഉണ്ടെന്ന വളരെ സുപ്രധാനവും വലിയൊരു വിഭാഗത്തിന് ആശ്വാസവുമാകുന്ന വിധി സുപ്രീം കോടതിയിൽ നിന്നുണ്ടായിരിക്കുന്നു. സംയോജിത ശിശുവികസന സേവന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങൾക്കുള്ള ആരോഗ്യ, സാമൂഹ്യ ക്ഷേമ പദ്ധതികൾ പ്രായോഗിക തലത്തിലെത്തിക്കുന്ന തൊഴിൽ വിഭാഗമാണ് അങ്കണവാടി ജീവനക്കാരും വർക്കർമാരും. അവധി പോലുമില്ലാതെയും കൃത്യമായ വേതനം ലഭിക്കാതെയും സേവന വ്യവസ്ഥകളില്ലാതെയും ജോലി ചെയ്യുന്നവരാണ് ഇവർ. രാജ്യത്താകെ വ്യാപിച്ചു കിടക്കുന്ന സ്ത്രീകളുടെ ഏറ്റവും വലിയ തൊഴിൽസേനയും ഇതായിരിക്കും. 2020ലെ കണക്കനുസരിച്ച് 7000 ബ്ലോക്കുകളിലായി 14 ലക്ഷം അങ്കണവാടികളും വർക്കർമാരും ഹെൽപ്പർമാരുമായി 25 ലക്ഷത്തോളം ജീവനക്കാരുമാണ് രാജ്യത്തുള്ളത്. അങ്കണവാടികളുടെയും സമഗ്ര ശിശുവികസന ഓഫീസുകളുടെയും കീഴിൽ കാലങ്ങളായി അടിസ്ഥാന ജനവിഭാഗങ്ങളുടെ ആരോഗ്യം, പോഷകാഹാരം, പ്രീപ്രൈമറി വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുന്നതിനും വ്യാപകമാക്കുന്നതിനും പ്രവർത്തിക്കുന്നവരാണിവർ.

വിവിധങ്ങളായ തൊഴിലുകൾ ചെയ്യുന്നവരെങ്കിലും ഈ വിഭാഗം നേരിടുന്ന വെല്ലുവിളികൾ പലതാണ്. പ്രധാനം കൃത്യമായ വേതന വ്യവസ്ഥയും തൊഴിൽ സുരക്ഷിതത്വവും ഇല്ലെന്നതുതന്നെ. കേന്ദ്ര സർക്കാരിന്റെ പദ്ധതി അനുസരിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും മതിയായ വിഹിതം മാറ്റിവയ്ക്കാത്തതും യഥാസമയം അനുവദിക്കാത്തതും കാരണം നിശ്ചയിക്കപ്പെട്ട വേതനം പോലും ലഭിക്കാത്ത സ്ഥിതി പല സംസ്ഥാനങ്ങളിലുമുണ്ട്. മാത്രവുമല്ല, പല സംസ്ഥാനങ്ങളിലും അവരുടെ വിഹിതം കൂടി ചേർത്താണെങ്കിലും വ്യത്യസ്തമായ വേതനരീതിയാണ് ഇവരുടെ കാര്യത്തില്‍ നിലനില്ക്കുന്നത്. ഡൽഹിയിൽ 9,678 രൂപ വർക്കർമാർക്ക് ലഭിക്കുമ്പോൾ ഹെൽപ്പർമാർക്ക് 4,839 രൂപയാണ് വേതനം. ശരാശരി കണക്കാക്കിയാൽ പല സംസ്ഥാനങ്ങളിലും 4,500 രൂപ മുതൽ 10, 000 രൂപ വരെയാണ് ഇവരുടെ വേതനമായി നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിൽ 66,000ത്തിലധികം വരുന്ന ഈ വിഭാഗക്കാർക്ക് പ്രതിമാസം യഥാക്രമം 12,000 രൂപ, 8,500 രൂപ വീതം നല്കിവരുന്നുണ്ട്. അതുതന്നെ പലപ്പോഴും കേന്ദ്രവിഹിതത്തിന്റെ ലഭ്യതയില്ലായ്മ കാരണം സംസ്ഥാന സർക്കാർ വിഹിതം ഉപയോഗിച്ചാണ് നല്കുന്നത്.


ഇതുകൂടി വായിക്കാം; ജനങ്ങളുടെ തലയില്‍ വീണ്ടും ആഘാതം


ഉത്തർപ്രദേശിൽ ഒരുവർഷമായി വേതനം ലഭിച്ചിട്ടില്ലാത്തതിനാൽ അങ്കണവാടി ജീവനക്കാർ പ്രത്യക്ഷ സമരം തുടങ്ങിയിരിക്കുകയാണ്. മൂന്നുലക്ഷത്തിലധികം പേരാണ് ഈ വിഭാഗത്തിൽ യുപിയിൽ ജോലിയെടുക്കുന്നത്. പല സംസ്ഥാനങ്ങളിലും യഥാസമയം വേതനം ലഭിക്കാത്തതിനാലും മതിയായ തൊഴിൽ സുരക്ഷിതത്വം ഇല്ലാത്തതിനാലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഈ വിഭാഗം കഴിഞ്ഞ കുറേ മാസങ്ങളായി സമരത്തിന്റെ പാതയിലാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡിഷ, ബിഹാർ, ഹിമാചൽ പ്രദേശ്, കർണാടക, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, തമിഴ്‌നാട്, ഛത്തീസ്ഗഢ്, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലെല്ലാം പ്രക്ഷോഭം നടക്കുന്നുണ്ട്.
ഈയൊരു പശ്ചാത്തലത്തിലാണ് സുപ്രീം കോടതി വിധിക്ക് പ്രാധാന്യമേറുന്നത്. സ്ഥിരം തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾക്ക് ഈ വിഭാഗവും അർഹരാണെന്നാണ് സുപ്രീം കോടതി വിധിയുടെ കാതൽ. 1972ലെ ഗ്രാറ്റുവിറ്റി പേയ്മെന്റ് നിയമപ്രകാരം ഇവർ ഗ്രാറ്റുവിറ്റിക്ക് അർഹരാണ്. ഗ്രാറ്റുവിറ്റിക്ക് അർഹരല്ലെന്ന ഗുജറാത്ത് ഹൈക്കോടതി വിധി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ അജയ് രസ്തോഗി, എ എസ് ഓക എന്നിവരടങ്ങിയ ബെഞ്ച് വിധിപ്രസ്താവം നടത്തിയിരിക്കുന്നത്. ഗ്രാറ്റുവിറ്റി നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം ഇവർക്ക് വിധി പുറപ്പെടുവിച്ച ദിവസം മുതൽ മൂന്നുമാസത്തിനകം ആനുകൂല്യങ്ങൾ നല്കുന്നതിന് നടപടിയെടുക്കണമെന്നാണ് പരമോന്നത കോടതിയുടെ വിധിയിലുള്ളത്. പത്തു ശതമാനം പലിശയ്ക്കും അർഹതയുണ്ട്.


ഇതുകൂടി വായിക്കാം; മെയ് ദിനവും പുതിയ വെല്ലുവിളികളും


രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ എല്ലാ തലത്തിലും ഗ്രാമ — നഗരവ്യത്യാസമോ രോഗഭയമോ ഇല്ലാതെ പ്രവര്‍ത്തിച്ചവരാണ് അങ്കണവാടി, ആശാവർക്കർമാര്‍. ആ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച അവരുടെ സേവന വ്യവസ്ഥകളിൽ കാലോചിതമായ മാറ്റം വരുത്താൻ സമയമായെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോവിഡാണ് സുപ്രീം കോടതി പരാമർശിച്ചതെങ്കിലും അതിനുമപ്പുറം നമ്മുടെ നാട്ടിലെ എല്ലാ ദുരിതകാലത്തും പ്രളയവേളയിലും സ്നേഹസ്പർശമായി വന്നെത്തുന്ന വിഭാഗമാണിവർ. ഗർഭിണികൾക്കും കുട്ടികൾക്കും പോഷകാഹാരങ്ങളുമായും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ അന്വേഷിച്ചും അവർ വീടുകൾ‑പ്രത്യേകിച്ച് പാവപ്പെട്ടവരുടെ-കയറിയിറങ്ങി. കോവിഡ് കാലത്ത് എല്ലാവരും വീടുകളിൽ അടച്ചിരുന്നപ്പോൾ പുറത്തിറങ്ങി നാടിന്റെ ആരോഗ്യ‑ക്ഷേമകാര്യങ്ങൾ നിർവഹിച്ചവരാണ് അവർ. പൊതുജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ അവർക്ക് നല്കുന്നതൊന്നും അധികമാവില്ല. എന്നിട്ടും ഒരു തൊഴിൽ സേനയെന്ന നിലയിൽ അവർക്ക് മതിയായ വേതനം നല്കുവാനും സേവനവ്യവസ്ഥകൾ സൃഷ്ടിക്കുവാനും മടിക്കുന്നുവെന്നത് അധികൃതർ ചെയ്യുന്ന അപരാധമാണ്. അത് തിരുത്തുവാനും ഏറ്റവും കരുണയോടെ കാണേണ്ട അങ്കണവാടി ജീവനക്കാർക്ക് മതിയായ വേതനം ലഭ്യമാക്കുവാനും ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കുവാനും ഈ വിധി സർക്കാരുകൾക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

You may also like this video;

TOP NEWS

July 5, 2024
July 5, 2024
July 4, 2024
July 4, 2024
July 4, 2024
July 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.