27 April 2024, Saturday

മെയ് ദിനവും പുതിയ വെല്ലുവിളികളും

Janayugom Webdesk
April 24, 2022 5:00 am

വീണ്ടും ഒരു മെയ് ദിനമെത്തുന്നു. ഉല്പാദനത്തിലും, മൂലധനത്തിനെതിരായ പോരാട്ടത്തിലും വർഗ വിഭജിത സമൂഹത്തെ ചലനാത്മകമായി നിലനിർത്തുന്നതിലും ഏർപ്പെട്ടിരിക്കുന്ന തൊഴിലാളിയാണ് ഈ ദിനത്തിന്റെ കേന്ദ്രബിന്ദു. പഴയ ഉല്പാദനരീതിക്കും പുതിയകാലത്തിനും ഇടയിലെ നിർണായകമായ മാറ്റങ്ങള്‍ക്കിടയിലും തൊഴിലാളികളുടെ പങ്ക് പകരംവയ്ക്കാൻ കഴിയാത്തതാണ് എന്ന പ്രൊഫ. മോറിസ് ഡോബിന്റെ വാദത്തിന് വളരെ പ്രസക്തിയുണ്ട്. വർഗസമരത്തിന്റെ ചരിത്രനാൾവഴികളിൽ ഈ ദിനം തൊഴിലാളിവർഗത്തിന്റെ ത്യാഗങ്ങളുടെയും അജയ്യതയുടെയും സ്മരണകളാൽ അതിന്റെ അന്തർദേശീയ പ്രാധാന്യത്തോടെ നിറഞ്ഞുനില്ക്കുന്നു. ഉല്പാദനത്തിൽ തൊഴിലാളിവർഗത്തിന്റെ പങ്ക് ശാസ്ത്രീയമായ കൃത്യതയോടെ മാർക്സാണ് കണ്ടെത്തിയത്. തൊഴില്‍ശക്തിയെ വിപ്ലവാത്മകം എന്ന് മാര്‍ക്സ് വിളിച്ചത് വസ്തുതകളെ അടിസ്ഥാനമാക്കിയാണ്; വികാരങ്ങളെ അടിസ്ഥാനമാക്കിയല്ല. തൊഴിലില്ലായ്മ മുതലാളിത്തത്തിന്റെ വളർച്ചയുടെ പ്രതിഭാസമാണെന്നും മാർക്സ് പറഞ്ഞു. മുതലാളിത്തത്തിന്റെ അമിതോല്പാദന ത്വര സൃഷ്ടിക്കുന്ന സാമൂഹ്യ സംഘർഷങ്ങൾ മുതലാളിത്തത്തിന്റെ വളര്‍ച്ചയെത്തന്നെ അസാധ്യമാക്കുകയും സോഷ്യലിസ്റ്റു വ്യവസ്ഥയെന്ന പുതിയ അവസ്ഥയിലേക്ക് ലോകത്തെ നയിക്കുകയും ചെയ്യുമെന്നാണ് മാർക്സ് പ്രവചിച്ചത്. ദാരിദ്ര്യം സമൂഹത്തില്‍ അതൃപ്തിയും അമർഷവും സൃഷ്ടിച്ചേക്കാം. എന്നാൽ ഉല്പാദന പ്രക്രിയയിലെ പങ്കാളിത്തം തൊഴിലാളിയെ വിപ്ലവകരമായ മുന്നേറ്റത്തിലേക്ക് നയിക്കും. ഉടമസ്ഥാവകാശം ഏതാനുംപേരുടെ കയ്യില്‍ മാത്രം ഒതുങ്ങിയിരിക്കുന്ന വ്യവസായവല്കൃതസമൂഹത്തിൽ പോലും ഉല്പാദനമെന്ന സുപ്രധാന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കൂട്ടായ്മയെയാണ് ‘തൊഴിലാളി’ പ്രതിനിധാനം ചെയ്യുന്നത്. സാമൂഹികമാറ്റങ്ങളുടെ ചരിത്രത്തിൽ പരസ്പരം അഭിമുഖീകരിക്കുന്ന രണ്ട് വിഭാഗങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളു. പുതിയ കാലത്തിലും മൂന്നാമതൊരു ശക്തിയില്ല. അതുകൊണ്ടുതന്നെ വിപ്ലവ തീക്ഷ്ണമായ തൊഴിലാളി സമൂഹം പൊതുസമൂഹത്തെ ഏറ്റെടുക്കേണ്ട അവസാന സന്ദർഭമാണിതെന്ന് മെയ് ദിനം ഓർമ്മിപ്പിക്കുന്നു. ജോലി സമയം എട്ട് മണിക്കൂറായി പരിമിതപ്പെടുത്തുന്നതിനുള്ള പോരാട്ടം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉൾപ്പെടെ പരിധിയില്ലാത്ത ജോലിസമയത്തിൽ നിന്നുള്ള മോചനം… അങ്ങനെ നിർണായകമായിരുന്നു രക്തം ചിന്തിയിട്ടാണെങ്കിലും തൊഴിലാളികളുടെ മെയ്ദിന വിജയം. 1886 ലാണ് ചിക്കാഗോയില്‍ പണിമുടക്കിയ തൊഴിലാളികളെ കുടുക്കാൻ ഗൂഢാലോചന നടന്നത്. പ്രവർത്തകർ സമാധാനപരമായി യോഗം നടത്തുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചു. നിരപരാധികൾ കൊല്ലപ്പെടുകയും ഒട്ടനവധിപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. നേതാക്കളെ അക്രമിക്കുകയും തൂക്കിക്കൊല്ലുകയും ചെയ്തു.


ഇതുകൂടി വായിക്കാം; കേരളത്തിലെ ആദ്യ മെയ്ദിന റാലി


എന്നാൽ അഭൂതപൂർവവും സംയമനത്തോടെയും ദൃഢനിശ്ചയത്തോടെയും തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടായ പോരാട്ടം ലോകം മുഴുവൻ അംഗീകരിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിലേക്ക് ലോകത്തെ എത്തിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിലാണ് ഇന്ത്യയില്‍ ട്രേഡ് യൂണിയൻ പ്രവർത്തനം ആരംഭിച്ചത്. 1920 ൽ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപീകരിച്ചു. കോൺഗ്രസ് നേതാവായ ലാലാ ലജ്പത് റായി ആയിരുന്നു പ്രസിഡന്റ്. സ്വാതന്ത്ര്യാനന്തരം, തൊഴിൽ നിയമങ്ങൾ രൂപീകരിക്കുന്നതിനായി നിരവധി സമരങ്ങൾ നടത്തുകയും വിജയിക്കുകയും ചെയ്തു. സ്വയംപര്യാപ്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന്, ഖനനം, ഉരുക്ക്, വൈദ്യുതി തുടങ്ങിയവ പൊതുമേഖലയിൽ നിലനിര്‍ത്തപ്പെട്ടു. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകൊണ്ട് മുതലാളിത്തം ശക്തി പ്രാപിച്ചിരിക്കുന്നു, ഒപ്പം ജനാധിപത്യവും. ഈ ഘട്ടത്തില്‍ പുതിയ വെല്ലുവിളിയാണ് ഉയർന്നിരിക്കുന്നത്. നമ്മുടെ ജനാധിപത്യത്തെ പരമാധികാര, സോഷ്യലിസ്റ്റ്, മതേതര റിപ്പബ്ലിക് എന്ന് നിർവചിക്കുന്ന രാജ്യത്തിന്റെ ഭരണഘടനയോടും ദേശീയ ധാർമ്മികതയ്ക്കെതിരെയുമാണ് വെല്ലുവിളി. രാജ്യം അഭിമാനിക്കുന്ന ബഹുസ്വരതയോടുള്ള വെല്ലുവിളി. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഉന്മൂലനഭീഷണി നേരിടുന്നു. ഭൂരിപക്ഷത്തിനാകട്ടെ ജനാധിപത്യ കാഴ്ചപ്പാട് നഷ്ടപ്പെടുന്നു. ജുഡീഷ്യറി, എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ എന്നിവയ്ക്ക് പ്രത്യേക വ്യക്തിത്വമില്ലാത്ത അവസ്ഥ. നിലവിലുണ്ടായിരുന്ന തൊഴിൽ നിയമം അസാധുവാക്കിക്കൊണ്ട് നാല് ലേബർ കോഡുകൾ നിലവിൽ വന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ചിക്കാഗോ വിജയം തിരുത്തി, ജോലി സമയം പത്തും പന്ത്രണ്ടും മണിക്കൂറായി നീട്ടുന്നു. പകരം ലഭിക്കുന്ന വേതനമാകട്ടെ തൊഴിലിടത്തിൽ എത്താനുള്ള ഇന്ധനത്തിന് പോലും തികയുന്നില്ല. തൊഴിലില്ലായ്മയെന്ന യാഥാർത്ഥ്യം ഭയാനകമാണ്.സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ ഫെബ്രുവരിയിലെ കണക്കനുസരിച്ച് തൊഴിലില്ലായ്മ 7.55 ശതമാനമായി. ജനുവരിയിലെ 6.57 ശതമാനത്തിൽ നിന്ന് ഒരു ശതമാനം വർധന. ഇടക്കാലത്ത് ജോലി നഷ്ടപ്പെട്ട 6.6 ദശലക്ഷം പേരാണ് കണക്കിലെ വർധനയ്ക്ക് കാരണമായത്. ഈ സാഹചര്യത്തിലും മാർച്ച് 28, 29 തീയതികളിൽ രാജ്യത്തെ ഭരണകൂടത്തിന്റെ അനീതിക്കെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത് ഇരുപത് കോടി തൊഴിലാളികളാണ്. ഇത് തെളിയിക്കുന്നത് സമൂഹ പരിണതിയുടെ അവസാന വാക്ക് തൊഴിലാളിവർഗമാണ് എന്നുതന്നെ.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.