22 December 2024, Sunday
KSFE Galaxy Chits Banner 2

നിരാലംബരുടെ നിലവിളികൾ

Janayugom Webdesk
November 17, 2024 5:00 am

തന്റെ മൂന്ന് കുട്ടികളുമായി ആത്മരക്ഷാർത്ഥം ഓടുമ്പോഴായിരുന്നു അവൾക്കുനേരെ അക്രമികൾ വെടിയുതിർത്തത്. വേദന സഹിക്കാനാകാതെ അവൾ നിലത്തുവീഴുന്നത് കണ്ട് അക്രമികൾ തീകൊളുത്തുകയും ചെയ്തു. അങ്ങനെ സൊസാങാ കിം എന്ന 31 കാരി ചാരമായൊടുങ്ങി. ആ രാത്രി കൂടുതൽ ദൈർഘ്യമേറിയതും ഇരുണ്ടതുമായിരുന്നു. ദുരിതങ്ങൾ അവസാനിക്കുമെന്ന പ്രതീക്ഷ മാനവരാശിക്കു നൽകിയ മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവ വാർഷിക ദിനമായ നവംബർ ഏഴിനായിരുന്നു അതുണ്ടായത്. പക്ഷേ ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും മാറ്റം വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ആ സംഭവം സൂചിപ്പിക്കുന്നത്. ഏകദേശം രണ്ട് മാസങ്ങൾക്കുശേഷം മണിപ്പൂരിലെ ജിരിബാൻ ജില്ലയിൽ ഹമാർ ആദിവാസി വിഭാഗത്തിന്റെ ഗ്രാമം വീണ്ടും അതിക്രമങ്ങളുടെ കേന്ദ്രമാവുകയായിരുന്നു. ജില്ലാ കേന്ദ്രത്തിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഏഴ് കിലോമീറ്റർ മാത്രം അകലെയായിരുന്നു പ്രസ്തുത പ്രദേശം. സിആർപിഎഫ് കേന്ദ്രവും സമീപത്തുതന്നെ. ഏഴ് വീടുകളാണ് ആ രാത്രി കത്തിച്ചാമ്പലായത്. കുക്കി സമൂഹത്തിന് കീഴിലുള്ള ഹമാർ ആദിവാസികൾ മെയ്തി വിഭാഗത്തിനെതിരായ പോരാട്ടത്തിൽ ഉൾപ്പെട്ടവരാണ്. ഇതിനിടെ മണിപ്പൂർ സംഘർഷത്തിൽ ഇരകളാക്കപ്പെട്ടവർക്ക് വാഗ്ദാനം നൽകപ്പെട്ട നഷ്ടപരിഹാരം വിതരണം ചെയ്തത് സംബന്ധിച്ച ഒരു വിവരാവകാശ അപേക്ഷ സമർപ്പിക്കപ്പെട്ടിരുന്നു. അതിനുള്ള മറുപടിയിലൂടെ മണിപ്പൂർ സംഘർഷത്തിൽ കൊല്ലപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേന്ദ്ര ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച 3.95 കോടി രൂപ അനുവദിച്ചില്ലെന്ന യാഥാർത്ഥ്യവും വെളിപ്പെട്ടു. 2023 മേയ് അവസാനം ഇംഫാൽ സന്ദർശിച്ച വേളയിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ വിവരാവകാശ അപേക്ഷയിലെ മറുപടി പ്രകാരം ഇതിനായി മതിയായ ഫണ്ട് ഇതുവരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചിട്ടില്ല.
കുക്കികളും മെയ്തികളും അധിവസിക്കുന്ന വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും അതാതിടങ്ങളിലെ പൗരസമൂഹങ്ങളുമായി ചർച്ച നടത്തുകയും ചെയ്ത ശേഷം 2023 ജൂൺ ഒന്നിന് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ, അമിത് ഷാ നിരവധി പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. അതിലൊന്നായിരുന്നു സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം. മണിപ്പൂർ, കേന്ദ്ര സർക്കാരുകൾ അഞ്ച് ലക്ഷം രൂപ വീതം നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ രീതി പ്രകാരം നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാൽ വിവരാവകാശ അപേക്ഷയ്ക്കുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ മറുപടിയനുസരിച്ച് 7.35 കോടി രൂപയാണ് അനുവദിച്ചത്. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 226പേരാണ് 2023 മേയ് മൂന്നിന് ശേഷം ഇതുവരെ സംഘർഷത്തിൽ മരിച്ചിട്ടുള്ളത്. അതിനർത്ഥം നഷ്ടപരിഹാരം നൽകണമെങ്കിൽ കേന്ദ്ര വിഹിതമായി 11.30 കോടി രൂപ വേണമെന്നാണ്. 3.95 കോടി രൂപ ആഭ്യന്തരമന്ത്രാലയം ഇനിയും അനുവദിക്കാനുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇപ്പോൾ അനുവദിച്ചിരിക്കുന്ന 7.35 കോടി രൂപ മരിച്ച 226ൽ 147 പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകുന്നതിന് മാത്രമേ തികയുകയുള്ളൂ. അതേസമയം തന്നെ തീവ്രവാദം, വർഗീയത, ഇടതു തീവ്രവാദം എന്നിവയുടെ ഇരകളാക്കപ്പെടുന്ന പൗരന്മാർ, ആശ്രിത കുടുംബങ്ങൾ എന്നിവർക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിക്ക് കീഴിലാണ് മണിപ്പൂരിലെ ജനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം സാമ്പത്തിക സഹായം നൽകുന്നതെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ഭീകര, വർഗീയ സംഘർഷങ്ങളിലോ ഇടതുതീവ്രവാദ അക്രമങ്ങളിലോ അതിർത്തിയിലെ വെടിവയ്പിലോ ഇന്ത്യൻ അതിർത്തിക്കകത്ത് നടക്കുന്ന സ്ഫോടനങ്ങളിലോ മരിക്കുന്നവരുടെ കുടുംബങ്ങൾക്കോ സ്ഥിരവൈകല്യമുണ്ടാകുന്ന വ്യക്തികൾക്കോ സാമ്പത്തിക സഹായം നൽകുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. മരിച്ചവരുടെ പങ്കാളിക്കോ ഇരുവരും മരിച്ചതാണെങ്കിൽ കുടുംബത്തിനോ ആണ് സാധാരണയായി സഹായം അനുവദിക്കാറുള്ളത്. എന്നാൽ നഷ്ടപരിഹാരം മേൽപ്പറഞ്ഞ പദ്ധതിയുടെ ഭാഗമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോ മണിപ്പൂർ സർക്കാരോ ഇതുവരെ പരസ്യമായി വ്യക്തമാക്കിയിട്ടില്ല. 2023 ജൂൺ ഒന്നിന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വാർത്താക്കുറിപ്പിലും (ഇപ്പോഴും അത് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വൈബ്സൈറ്റിൽ ലഭ്യമാണ്) ഇത്തരമൊരു പദ്ധതി പ്രകാരമാണ് സഹായം അനുവദിക്കുന്നതെന്ന കാര്യം ഒഴിവാക്കിയിരിക്കുന്നു. 

സംഘർഷ ബാധിത മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഓൺലൈൻ പഠന സംവിധാനം ഒരുക്കുമെന്ന് തന്റെ സന്ദർശനത്തിനിടെ ജൂൺ ഒന്നിന് അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ അതിന്റെ സ്ഥിതിയെന്താണെന്നത് ഇപ്പോഴും അവ്യക്തമാണ്. അതുകൊണ്ടുതന്നെ നിരവധി കുക്കി വിഭാഗം വിദ്യാർത്ഥികൾ ഇംഫാലില്‍ പഠനം തുടരാനാകാത്ത സാഹചര്യത്തിൽ മറ്റിടങ്ങളെ ആശ്രയിച്ചിരിക്കുന്നു. കേരളത്തിലെ കണ്ണൂർ സർവകലാശാലയാണ് കുക്കി വിദ്യാർത്ഥികളെ ആദ്യമായി സ്വീകരിച്ചതെന്നത് എടുത്തുപറയേണ്ടതാണ്. കൂടാതെ അന്നത്തെ ഗവർണർ അനുസൂയ ഉകെയ് അധ്യക്ഷയായി സമാധാന സമിതി രൂപീകരിക്കുമെന്നും ഷാ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന മുഖ്യമന്ത്രി ബിരേൻ സിങ് ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ, കുക്കി, മെയ്തി വിഭാഗങ്ങൾ, വിവിധ സാമൂഹ്യ സംഘടനകൾ എന്നിവയുടെ അംഗങ്ങൾ എന്നിവരുൾപ്പെടുന്നതായിരുന്നു സമിതി. പക്ഷേ ബിരേൻ സിങ്ങുമായി ചേർന്ന് പ്രവർത്തിക്കുന്നതിലുള്ള വിമുഖത പ്രകടിപ്പിച്ച് പലരും സമിതിയിൽ നിന്ന് വിട്ടുപോയി. 2023 മേയ് മൂന്നിന് സംഘർഷം ആരംഭിച്ച് 543 ദിവസത്തിനിടെ 60,000ത്തിലധികം പേരാണ് പലായനം ചെയ്തത്. അടിയന്തര വൈദ്യസഹായം ലഭിക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്ന മലയോര മേഖലകളിൽ ഡോക്ടർമാരുൾപ്പെടെ പ്രത്യേക ആരോഗ്യ പരിപാലന സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും അമിത് ഷാ പ്രകടിപ്പിക്കുകയുണ്ടായി. പ്രാദേശിക ആരോഗ്യ പരിപാലന സംവിധാനത്തിന്റെ അപര്യാപ്തത മൂലം നിരവധി നാട്ടുകാർ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാൻ നിർബന്ധിതരാകുന്ന സാഹചര്യത്തിലാണത്. കുറഞ്ഞത് 35 പേരെങ്കിലും മതിയായ ചികിത്സ ലഭിക്കാതെ മരിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. 

2023 മേയ് മൂന്നിന് സാമൂഹിക പദവിയുടെയും ഗോത്രവർഗക്കാരുടെ അവകാശങ്ങളുടെയും പ്രശ്നങ്ങൾ ഉന്നയിച്ച് വിവിധ വിഭാഗങ്ങളുടെ ഐക്യദാർഢ്യ റാലിയോടെയാണ് അശാന്തി ആരംഭിച്ചത്. ഇത് വിവിധ സമുദായങ്ങളിൽ — പ്രത്യേകിച്ച് മെയ്തികളും കുക്കികളും തമ്മിൽ — അവിശ്വാസം വർധിപ്പിച്ചു. ഒരു വർഷത്തിലധികമായി അക്രമ സംഭവങ്ങൾ തുടരുകയാണ്. ഇരകളായവരിൽ ശ്രദ്ധിക്കപ്പെടാതെ പോയ, നിലവിളിക്കാനാകാതെ പോയ, തിരിച്ചറിയാത്ത നിരവധിപേരുണ്ട്. മണിപ്പൂരിലെ സ്ത്രീകളെക്കുറിച്ചോർത്ത് രാജ്യം മാത്രമല്ല, ലോകം മുഴുവൻ അമ്പരന്നു നിൽക്കുന്നു. 30ലക്ഷം ജനസംഖ്യയുള്ള ഈ സംസ്ഥാനം, ഗോത്രങ്ങൾ തമ്മിലുള്ള — പ്രധാനമായും ഭൂരിപക്ഷം വരുന്ന മെയ്തി, ന്യൂനപക്ഷമായ കുക്കി വിഭാഗങ്ങൾക്കിടയിൽ — തുടർച്ചയായ അക്രമങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. അടുത്തിടെയുണ്ടായ തീവയ്പിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. എഴുപതിനായിരത്തിലധികം പേർക്ക് വീടും ഉപജീവന മാർഗവും നഷ്ടപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്, സുരക്ഷിതത്വവും ഭക്ഷണം, മരുന്ന് എന്നിവയും തേടി സ്വന്തം രാജ്യത്തുതന്നെ അഭയാർത്ഥികളായി ജീവിക്കുകയാണവർ. ആയിരക്കണക്കിന് ആളുകൾ അയൽ സംസ്ഥാനങ്ങളിൽ അഭയം പ്രാപിച്ചു. ചിലർ ഡൽഹിയിലും എത്തി. എന്നിട്ടും വടക്കുകിഴക്കൻ ഇന്ത്യയിലെ മണിപ്പൂരില്‍ അശാന്തി അനിയന്ത്രിതമായി തുടരുമ്പോൾ, നിരാലംബരുടെ നിലവിളികൾ പോലും കേൾക്കാതെ അധികാരികൾ നിശബ്ദത പാലിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.