21 May 2024, Tuesday

Related news

May 20, 2024
May 19, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 6, 2024
May 5, 2024
May 4, 2024
May 3, 2024

വിജ്ഞാനത്തി­ന്റെ വാതിലുകള്‍ കൊട്ടിയടയ്ക്കുന്നു

Janayugom Webdesk
April 9, 2024 5:00 am

ഈ വിദ്യാഭ്യാസവർഷം മുതൽ പിഎച്ച്ഡി പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ദേശീയ യോഗ്യതാ പരീക്ഷ (നെറ്റ്)യുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നല്‍കേണ്ടതെന്ന യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷ(യുജിസി)ന്റെ തീരുമാനം ദളിതർ, ആദിവാസികൾ, പിന്നാക്ക ജനവിഭാഗങ്ങൾ തുടങ്ങി ഭൂരിപക്ഷം വരുന്ന സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുനേരെ ഉന്നത വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും ഗവേഷണത്തിന്റെയും മേഖലയിലേക്കുള്ള വാതിലുകൾ കൊട്ടിയടയ്ക്കുന്നതാണ്. ഇക്കഴിഞ്ഞ മാർച്ച് 13ന് ചേർന്ന യുജിസിയുടെ യോഗമാണ് സാമാന്യ ജനവിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഗവേഷണ പഠനസാധ്യതകളെ തികച്ചും പ്രതികൂലമായി ബാധിക്കുന്ന തീരുമാനം കൈക്കൊണ്ടത്. പത്തംഗ യുജിസിയിലെ മൂന്നിൽ രണ്ട് അംഗങ്ങളുടെ അഭാവത്തിലെടുത്ത തീരുമാനം കേന്ദ്രഭരണം കയ്യാളുന്നവരുടെ വികല വിദ്യാഭ്യാസനയത്തിന്റെ ഭാഗമാണെന്നുവേണം കരുതാൻ. ചട്ടപ്രകാരം അധ്യക്ഷനും ഉപാധ്യക്ഷനും മറ്റ് 10 അംഗങ്ങളും ഉൾപ്പെടുന്നതാണ് യുജിസി. 10 അംഗങ്ങളിൽ രണ്ടുപേർ സർക്കാർ നാമനിർദേശം ചെയ്യുന്നവരാണ്. മറ്റുള്ളവരിൽ നാലുപേർ സർവകലാശാലകളിൽനിന്നുള്ള അധ്യാപകരും ബാക്കിയുള്ളവർ കൃഷി, വാണിജ്യം, വനശാസ്ത്രം അല്ലെങ്കിൽ വ്യവസായം എന്നീ മേഖലകളിൽ അറിവോ അനുഭവസമ്പത്തോ ഉള്ളവരായിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇപ്പോൾ അധ്യക്ഷൻ, ഉപാധ്യക്ഷൻ സർക്കാർ നാമനിർദേശം ചെയ്ത രണ്ടുപേർ എന്നിവരൊഴികെ അധ്യാപകരോ വിദഗ്ധരോ ആരുംതന്നെ കമ്മിഷനിൽ ഇല്ല. അതുകൊണ്ടുതന്നെ യുജിസി തിടുക്കത്തിൽ കൈക്കൊണ്ട തീരുമാനം സർക്കാരിന്റെ നിക്ഷിപ്ത താല്പര്യത്തിനും നയങ്ങൾക്കും അനുസൃതമാണെന്ന് കരുതേണ്ടിവരും. നവ ഉദാരീകരണ നയങ്ങളുടെ ഭാഗമായി ഇന്ത്യൻ വിദ്യാഭ്യാസരംഗം വിപുലമായ വരേണ്യവൽക്കരണത്തിനാണ് വിധേയമായിട്ടുള്ളത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ആഴത്തിൽ വേരോട്ടമുണ്ടാക്കിയ വരേണ്യവൽക്കരണത്തിന്റെ ഗുണഭോക്താക്കൾക്കായി സർവകലാശാലാ വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും മേഖലകളെ തുറന്നുകൊടുക്കുകയാണ് ഇപ്പോഴത്തെ തീരുമാനത്തിന്റെ ലക്ഷ്യം.

 


ഇതുകൂടി വായിക്കൂ; സമ്പദ്ഘടനയുടെ വീഴ്ചയും പട്ടിണിയുടെ വാഴ്ചയും


 

നാളിതുവരെ സർവകലാശാലാ തലത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും ജൂനിയർ റിസർച്ച് ഫെലോഷിപ്പിനുമുള്ള യോഗ്യതാ പരീക്ഷ മാത്രമായിരുന്നു നെറ്റ്. ഗവേഷണ ബിരുദധാരികൾക്ക് നെ­റ്റ് കൂടാതെതന്നെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടാനും നിലവിൽ വ്യവസ്ഥയുണ്ട്. ഗവേഷണപഠനത്തിന് സർവകലാശാലകൾ തന്നെ പ്രവേശനപരീക്ഷ നടത്തുന്ന രീതിയാണ് ഇതുവരെ പിന്തുടർന്നുപോന്നിരുന്നത്. അത് ദളിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പരിമിതമെങ്കിലും ഗവേഷണ പഠനത്തിന് അവസരങ്ങൾ നൽകിയിരുന്നു. പുതിയ തീരുമാനത്തോടെ പരിമിത സാധ്യതകൾപോലും ഈ വിഭാഗങ്ങൾക്ക് നിഷേധിക്കപ്പെടുമെന്ന ആശങ്ക ശക്തവും വ്യാപകവുമാണ്. രാജ്യഭരണം കയ്യാളുന്ന യാഥാസ്ഥിതിക ശക്തികൾ സമ്പന്നരുടെയും വരേണ്യരുടെയും താല്പര്യ സംരക്ഷകരായി മാറിയിരിക്കുന്നു. രാജ്യത്ത് നിലനിൽക്കുന്ന ജാതിവ്യവസ്ഥയെയും അതിന്റെ ഭാഗമായ വിവേചനത്തെയും അനീതികളെയും രാഷ്ട്രീയ, സാമ്പത്തിക, ജീവിത യാഥാർത്ഥ്യമായി അംഗീകരിക്കാൻ അവർ തയ്യാറല്ല. കേന്ദ്ര ഭരണകൂടത്തിന്റെ നട്ടെല്ലായി വർത്തിക്കുന്ന തീവ്ര ഹിന്ദുത്വ ശക്തികൾ ഒളിഞ്ഞും തെളിഞ്ഞും വിദ്യാഭ്യാസത്തിനും തൊഴിലിനും നിലവിലുള്ള സംവരണം തുടരുന്നതിനെതിരെയും ജാതിവിവേചനത്തിന്റെ ഇരകളായ ജനവിഭാഗങ്ങളെ കണ്ടെത്തി അവരുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും തൊഴിൽപരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് നടത്തുന്ന എല്ലാ ശ്രമങ്ങളെയും എതിർത്തുപോരുകയാണ്. ആ ലക്ഷ്യ സാക്ഷാത്ക്കരണത്തിന് ഭരണവർഗത്തിന്റെ കയ്യിലെ പ്രധാന ആയുധങ്ങളിൽ ഒന്നാണ് യുജിസി. ഉന്നത വിദ്യാഭ്യാസരംഗത്തെ നയസമീപനങ്ങളെ നിയന്ത്രിക്കുന്ന ഈ സ്ഥാപനത്തിന് ഭാവി സമൂഹനിർമ്മിതിയിൽ നിർണായക ഇടപെടൽ നടത്താൻ കഴിയും. സർവകലാശാലാ അധ്യാപക നിയമനത്തിൽ മതിയായ യോഗ്യതയുള്ള സംവരണ സാമുദായാംഗങ്ങളെ (ദളിത്, ആദിവാസി, പിന്നാക്ക സമുദായങ്ങൾ) ലഭ്യമല്ലെങ്കിൽ തൽസ്ഥാനത്ത് സംവരണേതര ഉദ്യോഗാർത്ഥികളെ നിയമിക്കാമെന്ന് യുജിസി നേരത്തെ തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത ഈ തീരുമാനം സംവരണ ലക്ഷ്യങ്ങൾക്ക് വിരുദ്ധവും അതിനെ അട്ടിമറിക്കുന്നതുമാണ്.

 


ഇതുകൂടി വായിക്കൂ;  അഴിമതിയുടെ ഹിമാലയം കച്ചത്തീവില്‍ മറയില്ല


 

വരേണ്യവൽക്കരണവും ജാതിവിവേചനവും തീവ്രഹിന്ദുത്വം വിഭാവനം ചെയ്യുന്ന സാംസ്കാരിക ദേശീയതയുടെ അവിഭാജ്യഘടകമാണ്. ആ ലക്ഷ്യം കൈവരിക്കാൻ എല്ലാ സർക്കാർ, പൊതുസ്ഥാപനങ്ങളെയും ബിജെപി ഭരണകൂടം യഥേഷ്ടം ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ്. അവർ വിഭാവനം ചെയ്യുന്ന സമൂഹനിർമ്മിതിക്ക് അനുസൃതമായി പുതുതലമുറയെ വാർത്തെടുക്കാനുള്ള കുത്സിതശ്രമങ്ങൾ ഇതിനോടകം വിദ്യാഭ്യാസരംഗത്ത് ആഴത്തിൽ വേരോട്ടമുണ്ടാക്കിക്കഴിഞ്ഞു. ഗവേഷണ പഠനത്തിന് അധഃസ്ഥിത ജനവിഭാഗങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കും ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങൾ നിർത്തലാക്കിയതും വെട്ടിക്കുറച്ചതും സൈനിക സ്കൂളുകളുടെ നടത്തിപ്പുപോലും തീവ്രഹിന്ദുത്വ ശക്തികൾക്ക് കൈമാറിയതുമടക്കം നടപടികൾ അവർ വിഭാവനം ചെയ്യുന്ന ഫാസിസ്റ്റ് സാംസ്കാരിക ദേശീയതയിലേക്കുള്ള ചുവടുവയ്പാണ്. ഇതിനെതിരെ ജനാധിപത്യ മതനിരപേക്ഷശക്തികൾ ജാഗ്രതയോടെ നിലയുറപ്പിച്ചേ മതിയാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.