18 November 2024, Monday
KSFE Galaxy Chits Banner 2

കര്‍ണാടക പാലിന്റെ കടന്നുവരവ്, മാനുഷിക പ്രശ്നമാണ്

Janayugom Webdesk
June 22, 2023 5:00 am

കേരളത്തിന്റെ പാല്‍ വിപണിയിലേക്ക് കര്‍ണാടകയിലെ നന്ദിനിയുടെ കടന്നുവരവിനെതിരെ പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി വിഷയം മാറ്റാനുള്ള ശ്രമം ചില കോണുകളില്‍ നിന്ന് നടക്കുന്നുണ്ട്. അത് വസ്തുതകള്‍ കാണാതെയുള്ളതാണ്. ക്ഷീര സഹകരണ സംഘങ്ങളും മില്‍മയും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭകരും എല്ലാം ചേര്‍ന്നതാണ് കേരളത്തിലെ പാലുല്പാദകര്‍. അതില്‍ മില്‍മയ്ക്ക് പ്രമുഖ സ്ഥാനമുണ്ടെന്ന് മാത്രം. മില്‍മ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന, കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷ(കെസിഎംഎംഎഫ്)നു കീഴില്‍ മൂന്ന് മേഖലാ യൂണിയനുകളാണുള്ളത്. കർണാടക സഹകരണ മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന് കീഴിലുള്ള നന്ദിനിയെന്നതുപോലെ നമുക്ക് പ്രിയപ്പെട്ടതാണ് മില്‍മയും. 1980ലാണ് കെസിഎംഎംഎഫ് രൂപംകൊള്ളുന്നത്. തുടക്കത്തില്‍ 45,000 ക്ഷീരകര്‍ഷകര്‍ അംഗങ്ങളായുണ്ടായിരുന്ന സ്ഥാപനത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തെ കണക്കനുസരിച്ച് 15.2 ലക്ഷമായി അംഗസംഖ്യ വര്‍ധിച്ചു. ശീതീകരിച്ച് സൂക്ഷിക്കുവാനും വില്പന നടത്തുവാനും സാധിക്കുന്നത് കഴിച്ചുള്ള പാല്‍ ഉപയോഗിച്ച് വിവിധ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സംവിധാനങ്ങളും ഇന്ന് സ്ഥാപനത്തിന് സ്വന്തമായുണ്ട്. നെയ്യ്, പാല്‍പ്പൊടി, വെണ്ണ, തൈര്, വിവിധയിനം മധുര പലഹാരങ്ങള്‍ എന്നിവ മില്‍മ ഉല്പാദിപ്പിച്ച് വിപണനം നടത്തുന്നുണ്ട്.

 


ഇതുകൂടി വായിക്കൂ; വളരുന്ന ഇന്ത്യയും തളരുന്ന ജനതയും


പല സംസ്ഥാനങ്ങളിലും ക്ഷീരകര്‍ഷകരുടെ സഹകരണ സംഘങ്ങളുടെ പിറവിക്കു പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. എല്ലാവരും ഉപയോഗിക്കുന്ന പോഷകാഹാരമെന്ന നിലയില്‍ പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയുടെ ഉല്പാദനവും വിപണനവും വര്‍ധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെങ്കിലും ഇതിനെ ആശ്രയിച്ചു കഴിയുന്ന ജനവിഭാഗങ്ങള്‍ക്ക് സുരക്ഷിതമായ ജീവിത സാഹചര്യം സൃഷ്ടിക്കുകയെന്നുള്ളതും അതിലുള്‍പ്പെടുന്നു. ഇത്തരം സംവിധാനങ്ങള്‍ ഉണ്ടായതോടെയാണ് ഒരു പാരമ്പര്യരീതി എന്നതിനപ്പുറം കന്നുകാലി വളര്‍ത്തല്‍ മാന്യമായ തൊഴിലും വരുമാനമാര്‍ഗവുമായി പരിഗണിക്കപ്പെട്ടത് എന്ന വസ്തുത കൂടി മനസിലാക്കേണ്ടതുണ്ട്. ക്ഷീര വികസന വകുപ്പിന്റെയും മില്‍മയുടെയും ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാനത്ത് പാലുല്പാദനം വര്‍ധിപ്പിക്കുന്നതിനും സാധ്യമായിട്ടുണ്ട്. പാല്‍ വീടുവീടാന്തരം നടന്നു വിറ്റിരുന്ന കര്‍ഷകര്‍ക്ക് ഒരു കേന്ദ്രത്തില്‍ വില്‍ക്കുന്നതിനും സ്ഥിരവരുമാനം നേടുന്നതിനും അവസരവും സൃഷ്ടിക്കപ്പെട്ടു. സംസ്ഥാനത്തെ പാലുല്പാദനം വര്‍ധിപ്പിക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി നിരവധി പദ്ധതികള്‍ വകുപ്പിനു കീഴില്‍ നടപ്പിലാക്കി വരുന്നുണ്ട്. ഇതിന്റെ ഫലമായി 2015ല്‍ പ്രതിദിനം 16.36 ലക്ഷം ലിറ്റര്‍ പാലാണ് ക്ഷീര സംഘങ്ങള്‍ മുഖേന സംഭരിച്ചിരുന്നതെങ്കില്‍ 2020–21ല്‍ 21.3 ലക്ഷമായി വര്‍ധിച്ചു. കഴിഞ്ഞ ഡിസംബറിലെ കണക്കനുസരിച്ച് ക്ഷീര സംഘങ്ങള്‍ സംഭരിച്ച് പ്രാദേശികമായി വിപണനം നടത്തുന്നതു കഴിച്ച്, മില്‍മയ്ക്ക് പ്രതിദിനം 14 ലക്ഷത്തിലധികം ലിറ്റര്‍ പാലാണ് ലഭ്യമാകുന്നത്. അതേസമയം അവരുടെ ശരാശരി പ്രതിദിന വില്പന 15.36 ലക്ഷം ലിറ്ററാണ്.


ഇതുകൂടി വായിക്കൂ; ആര്യാ അന്തര്‍ജനത്തിന്റെ കണ്ണുകള്‍


ഫെബ്രുവരിയില്‍ നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് പാലിന്റെ ആവശ്യകത 33.51 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു. ഉല്പാദനം 25.32 ലക്ഷം ടണ്‍ മാത്രവും. അവശേഷിക്കുന്നതില്‍ 5.5ലക്ഷം ലിറ്ററോളം പാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവിടെയെത്തിക്കുന്നത്. പ്രധാനമായും പാല്‍, അയല്‍ സംസ്ഥാനങ്ങളിലെ സംസ്ഥാന ഫെഡറേഷനുകളില്‍ നിന്ന് വാങ്ങി ഇവിടെയെത്തിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ തമിഴ്‌നാടിനൊപ്പം കര്‍ണാടകയുമുണ്ട്. ഓരോ സംസ്ഥാനത്തെയും പാലിന്റെ സ്വയംപര്യാപ്തതയും ക്ഷീര കര്‍ഷകരുടെ ഉന്നമനവും ഗുണനിലവാരമുള്ള പാലിന്റെ ലഭ്യതയും എല്ലാം ലക്ഷ്യംവച്ചാണ് സംസ്ഥാനതലങ്ങളില്‍ ക്ഷീര സഹകരണ സംഘങ്ങള്‍ രൂപീകൃതമായത്. അതുകൊണ്ടുതന്നെ അവയുടെ പ്രവര്‍ത്തനത്തിന് പരിധികളും നിയന്ത്രണങ്ങളുമുണ്ട്. അതിന് വിരുദ്ധമാണ് നന്ദിനിയുടെ കേരളത്തിലെ വില്പനയെന്നതുകൊണ്ടാണ് കേരളം അതിനെ എതിര്‍ക്കുന്നത്. വളരെക്കാലങ്ങള്‍ക്കൊന്നും മുമ്പല്ല, ഒരുമാസം മുമ്പാണ് ഇത്തരത്തിലൊരു പ്രശ്നം കര്‍ണാടകയിലുണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതൊരു രാഷ്ട്രീയ വിഷയവുമായിരുന്നു. കര്‍ണാടകയില്‍ നന്ദിനി നിലനില്‍ക്കുമ്പോള്‍ ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ അമുല്‍ പാല്‍ വില്പനയ്ക്കെത്തിയതിനെതിരെ ആ സംസ്ഥാനത്തെ ക്ഷീര കര്‍ഷകരില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ശക്തമായ പ്രതിഷേധമുണ്ടായിരുന്നതാണ്. ഇതര സംസ്ഥാനങ്ങളില്‍ നേരിട്ട് വില്പന പാടില്ലെന്നതിന് കര്‍ണാടകയില്‍ തന്നെ ഇതുപോലെ ഒരുദാഹരണം മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടായത് മറന്നാണ് നന്ദിനി കേരളത്തില്‍ നേരിട്ട് വില്പന നടത്തുന്നത്. കേരളത്തിന് അധികമായി വേണ്ടിവരുന്ന പാല്‍ കര്‍ണാടകയിലെ ഫെഡറേഷനില്‍ നിന്നും കേരളം ഇപ്പോള്‍തന്നെ വാങ്ങുന്നുമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ നന്ദിനിയുടെ നേരിട്ടുള്ള വില്പന സംസ്ഥാനത്തെ ആയിരക്കണക്കിന് ക്ഷീര സംഘങ്ങളെയും ലക്ഷക്കണക്കിന് കര്‍ഷകരെയും നൂറുകണക്കിന് കച്ചവടക്കാരെയും ബാധിച്ചേക്കുമെന്നതാണ് ആശങ്കയ്ക്ക് കാരണം. അത് രണ്ട് സംസ്ഥാനങ്ങളിലെ സംഘങ്ങള്‍ തമ്മിലുള്ള പ്രശ്നമായല്ല, മാനുഷിക വിഷയമായാണ് കാണേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.