8 May 2024, Wednesday

ആര്യാ അന്തര്‍ജനത്തിന്റെ കണ്ണുകള്‍

ദേവിക
വാതിൽപ്പഴുതിലൂടെ
June 19, 2023 4:45 am

കാലം മാറിയാല്‍ കോലവും മാറും എന്നു പറയാറുണ്ട്. എന്നാല്‍ എക്കാലവും എല്ലാക്കാര്യത്തിലും കാലം മാറിയതുകൊണ്ട് കോലവും മാറണമെന്നില്ല. അങ്ങനെ അരുതുതാനും. മഹാനായ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പത്നി ആര്യാ അന്തര്‍ജനത്തിന്റെ കാര്യം ഓര്‍മ്മ വരുന്നു. കുടമാളൂരിലെ തനി യാഥാസ്ഥിതിക നമ്പൂതിരി ഇല്ലത്തില്‍ പിറന്നതുമൂലം സ്കൂളില്‍ പോയി വിദ്യാഭ്യാസം പോലും നടത്താനാവാത്ത അമ്മ. പിന്നീട് ഇഎംഎസിന്റെ പത്നിയായ ശേഷം നേടിയ അനുഭവസമ്പത്തിനൊപ്പം ആധുനിക കാലവുമായി കെെപിടിച്ചുനടന്ന അമ്മ. ജീവിച്ചിരുന്നുവെങ്കില്‍ ഇന്ന് 101 വയസാകുമായിരുന്നു. 21 വര്‍ഷം മുമ്പ് കാലത്തോട് വിടപറയുമ്പോള്‍ ദയാമയിയായ ആ അമ്മ തന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ വില്‍പത്രം എഴുതിവച്ചിരുന്നു. ആ കണ്ണുകളിലൂടെ ജീവിച്ചിരിക്കുന്നത് ആരൊക്കെയാണെന്ന് മക്കള്‍ മാലതിക്കും രാധയ്ക്കും അറിയാമായിരിക്കും. അവയവദാനം മഹാദാനമായിരുന്നു അക്കാലം. കാലം മാറിയതനുസരിച്ച് ഇന്ന് കോലവും മാറിയിരിക്കുന്നു. അവയവദാനം ഇന്ന് കച്ചവടമായി മാറി. വൃക്കവ്യാപാരിയായ ഒരു മഹാകോടീശ്വരന്‍ പഴയ കളങ്കങ്ങളൊക്കെ സ്വന്തം മാധ്യമജലംകൊണ്ട് കഴുകിക്കളഞ്ഞ് നമുക്കിടയില്‍ ജീവിക്കുന്നുണ്ട്. ദാനം കച്ചവടത്തിന് വഴിമാറിയതോടെ സാഹിത്യലോകവും തഴച്ചുവളര്‍ന്നു. അവയവം മാറ്റിവയ്ക്കലിനെക്കുറിച്ച് ഇതുവരെ 37 ഗ്രന്ഥങ്ങളാണ് രചിക്കപ്പെട്ടിട്ടുള്ളത്. വെെദ്യശാസ്ത്രം, നോവല്‍, ക്രെെംത്രില്ലര്‍ തുടങ്ങി വിവിധ സാഹിത്യശാഖകളില്‍പ്പെട്ട ആ ഗ്രന്ഥങ്ങളില്‍ റോബിന്‍ കുക്കിന്റെ‍ ‘കോമ’യാണ് ഏറെ ശ്രദ്ധേയം.

അതിസുന്ദരിയായ ഒരു പെണ്‍കുട്ടി മരിക്കുംമുമ്പുതന്നെ അവളുടെ അവയവങ്ങള്‍ രഹസ്യമായി മുറിച്ചുമാറ്റി കടത്തിയ മെഡിക്കല്‍ ക്രെെംത്രില്ലറാണ് ആ നോവല്‍. അവയവമാറ്റ ശസ്ത്രക്രിയകള്‍ തുടങ്ങിയതിന് പിന്നാലെ തന്നെ അവയവക്കച്ചവടം തുടങ്ങിയെന്ന് ബോഡി പാര്‍ട്സ്, ഐ, കിഡ്നി എന്നീ ഗ്രന്ഥങ്ങളിലൂടെയും വായിച്ചറിയാം. എന്നാല്‍ ഇതെല്ലാം അപസര്‍പ്പകകഥകളെപ്പോലെയാണെന്ന് വിശ്വസിക്കാനാണ് മലയാളിക്ക് ഇഷ്ടം. പക്ഷെ കച്ചവടം മിഥ്യയല്ല, സത്യമാണെന്ന് തെളിയിക്കുന്ന ഞെട്ടിപ്പിക്കുന്ന ഒരു സംഭവം പുറത്തുവന്നിരിക്കുന്നു. കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ 2009ല്‍ നടന്ന ഒരു അവയവദാന കച്ചവടമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിന്നീട് ഡോ. ഷംസീര്‍ വയലിനു വിറ്റ ആശുപത്രിയാണ് കേസിലെ ഒന്നാം പ്രതി. അന്ന് ആശുപത്രി ഉടമയായിരുന്ന ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂട്ടുപ്രതികള്‍. അബിന്‍ എന്ന യുവാവ് വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നു. മസ്തിഷ്കത്തില്‍ കെട്ടിക്കിടന്ന രക്തം പുറത്തേക്ക് വലിച്ചെടുത്ത് കളയാതെ ആ പയ്യനെ മരണത്തിന് വിട്ടുകൊടുക്കുന്ന ഡോക്ടര്‍മാര്‍. എന്നിട്ട് മസ്തിഷ്കമരണം സംഭവിച്ചുവെന്ന് ബന്ധുക്കളെ അറിയിക്കുന്നു. മരിച്ച അബിന്റെ കരളും ഹൃദയവും വൃക്കകളും പാവപ്പെട്ട ആര്‍ക്കെങ്കിലും ദാനം ചെയ്തുകൂടേയെന്ന് ഡോക്ടര്‍മാരുടെ ഹൃദയസ്പര്‍ശിയായ ചോദ്യം. മകന്‍ പലരിലൂടെ ജീവിച്ചിരിക്കട്ടെ എന്നുകരുതി ബന്ധുക്കള്‍ സമ്മതപത്രം ഒപ്പിട്ടുനല്‍കുന്നു. അതോടെ ആ അധ്യായം സമാപ്തം. ഈ അവയവങ്ങളെല്ലാം കോടീശ്വരന്മാരില്‍ വച്ചുപിടിപ്പിക്കുന്നു.


ഇതുകൂടി വായിക്കൂ: ഗോപുമ്മാൻ എന്ന പി കെ ഗോപാലകൃഷ്ണനും ഞാനും കമ്മ്യൂണിസ്റ്റ് പാർട്ടിയും


കോടികളുടെ കച്ചവടം. ഇതിനെതിരെ ഡോ. ഗണപതി നല്‍കിയ കേസ് വിചാരണയ്ക്കെടുക്കുന്ന വേളയിലറിയാം എത്ര കോടിയുടെ കച്ചവടം നടന്നെന്ന്. ഇതെല്ലാം കൊണ്ടാണോ നമ്മള്‍ പറയുന്നത്. ‘ഹൃദയം കവരുന്ന’ ഡോക്ടര്‍മാര്‍ എന്ന്. കുനിഞ്ഞുനിന്നാല്‍ കിഡ്നി അടിച്ചുമാറ്റുന്നവര്‍ എന്ന പ്രയോഗവും ഇങ്ങനെ വന്നതാണോ. സൗരയൂഥത്തിലെ മഹാജന്മങ്ങളല്ലേ നമ്മള്‍ മലയാളികള്‍. കറയറ്റ അന്വേഷണ കുതുകികളും ന്യായാധിപരുമായ അടിപൊളി ജന്മങ്ങള്‍. ഒരു പാവം ഹൃദ്രോഗത്താല്‍ ബോധഹീനനായി തെരുവോരത്ത് കിടന്നാല്‍ ശര്‍ക്കരയില്‍ ഈച്ച പൊതിയുന്നതുപോലെ നാം തടിച്ചുകൂടും. വെള്ളമടിച്ചു ഫിറ്റായിപ്പോയതാണെന്ന് ചിലര്‍ വിധിയെഴുതും. പാവം മൗത്തായി എന്നു ഹൃദയാലുക്കള്‍. കുടിച്ചല്ലേ ചത്തത് പോട്ടേ എന്ന് മൂക്കുമുട്ടെ മദ്യപിച്ചു നില്‍ക്കുന്ന ട്രോളന്മാര്‍. ആ പാവത്തിനെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കില്‍ ഒരു അമൂല്യ ജീവന്‍ രക്ഷിക്കാമായിരുന്നു. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം മൃഗശാലയിലെ ഹനുമാന്‍ കുരങ്ങുപെണ്ണ് കൂട്ടില്‍ നിന്ന് പുറത്തുചാടി. ഇത് കേട്ടറിഞ്ഞതോടെ മൃഗശാലാവളപ്പിലേക്ക് ജനപ്രവാഹം. എല്ലാം മാനത്തുകണ്ണികളും കണ്ണന്മാരും. പലരും ശമ്പളമില്ലാത്ത അവധിയെടുത്താണ് ഹനുമാന്‍ പെണ്ണ് നിരീക്ഷണത്തിനെത്തിയത്. അവള്‍ വരും, വരാതിരിക്കില്ലെന്ന് എംടി സ്റ്റെെലില്‍ പ്രത്യാശിക്കുന്ന മൃഗശാലാധികൃതര്‍. അവളുടെ ഭര്‍ത്താക്കന്മാര്‍ കൂട്ടിലുള്ളതിനാല്‍ വരുമെന്ന് വാനര നിരീക്ഷക പെണ്‍പട. എല്ലാ ജന്മങ്ങളും മാനത്തേക്ക് കുരങ്ങിനെ നോക്കി കഴുത്തുളുക്കുമ്പോള്‍ ഒരു വൃദ്ധന്‍ പറയുന്നു, ഈ കുരങ്ങിനെയും ഒളിവിലുള്ള ആ വിദ്യപ്പെണ്ണിനെയും പിടികൂടാന്‍ സമയം മെനക്കെടുത്തുന്നതെന്തിന്. ഒടയതമ്പുരാന്‍ വിചാരിച്ചാലും ഹനുമാന്‍ കുരങ്ങും വിദ്യക്കുട്ടിയും പിടിയിലാകില്ല.

നടന്‍ സലിംകുമാര്‍ കഴിഞ്ഞ ദിവസം ഒരു പ്രഖ്യാപനം നടത്തി; ഞാനിനി അമ്പലങ്ങളില്‍ പോകില്ല. എല്ലാ ദേവാലയങ്ങളിലും പിടിച്ചുപറിയും കെെക്കൂലിയുമാണ്. ദെെവത്തിന്റെ പേരില്‍ കക്കുന്ന ഭക്തര്‍. ദെെവം ഇതു വല്ലതുമറിയുന്നുണ്ടോ. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള കോടികള്‍ അടിച്ചുമാറ്റിയെന്ന ആരോപണങ്ങള്‍ക്കിടെ ഇതാ സാക്ഷാല്‍ ശ്രീപരമേശ്വരന്റെ ഹെെമവത ഭൂമിയിലെ ആസ്ഥാനമായ കേദാര്‍നാഥ് ക്ഷേത്രത്തിന്റെ നടത്തിപ്പുകാര്‍ 125 കോടി രൂപ കീശയിലാക്കിയെന്ന വാര്‍ത്ത വരുന്നു. ദെെവത്തിനെയും കബളിപ്പിച്ച ഈ തട്ടിപ്പിനെക്കുറിച്ച് പരാതിപറയുന്നത് ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ സ്വാമി സന്തോഷ് ദ്വിവേദി മഹാരാജ്. ക്ഷേത്രം പൊന്നിന്‍തകിടുകൊണ്ട് പൊതിയാന്‍ ഒരു വ്യവസായി സംഭാവന ചെയ്ത 230 കിലോ സ്വര്‍ണമാണ് തരികിടകള്‍ തട്ടിയെടുത്തത്. പകരം മഹാദേവനെയും പറ്റിച്ച് ക്ഷേത്രത്തില്‍ പതിച്ചത് പിച്ചളലോഹം. അതുകൊണ്ടാകാം കള്ളം കണ്ടാലും കണ്ണ് തുറക്കാത്ത ദെെവത്തെ കാണാന്‍ താനില്ലെന്ന് സലിംകുമാര്‍ പറഞ്ഞത്. ഭക്ഷണം കഴിച്ചിട്ട് പണം നല്‍കാതെ മുങ്ങുന്ന വിരുതന്മാര്‍ ലോകത്തെമ്പാടുമുണ്ട്. വിശന്ന് ഭക്ഷണം കഴിച്ച ശേഷം കാശില്ലെന്ന് പറയുന്നവരുണ്ട്. പോക്കറ്റില്‍ കരുതിയ ചത്ത പാറ്റയെയോ പല്ലിയെയോ ഭക്ഷണാവശിഷ്ടത്തിലിട്ട് ദേ പാറ്റ, ദേ പല്ലി എന്ന് ഓക്കാനിക്കുംപോലെ കാട്ടി ഹോട്ടലിനെ നാണംകെടുത്തി മുങ്ങുന്ന വിദ്വാന്മാരും ഏറെ. എന്നാല്‍ ലോകം ഭരിക്കുന്നത് തങ്ങളാണെന്നവകാശപ്പെടുന്ന അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇത്തരം ഒരു വീരമണികണ്ഠനെന്ന് വന്നാലോ. ഔദ്യോഗികരഹസ്യങ്ങള്‍ സ്വന്തം കക്കൂസില്‍ ഒളിപ്പിച്ച കേസില്‍ കോടതിയിലെത്തി ഹാജരായ ശേഷം പുറത്തിറങ്ങിയ ട്രംപ് അനുയായികള്‍ക്കൊപ്പം ഭക്ഷണം മൃഷ്ടാന്നം അകത്താക്കിയ ശേഷമാണ് പണം നല്‍കാതെ മുങ്ങിയത്. ട്രംപ് ഹോട്ടല്‍, ട്രംപ് സ്ക്വയര്‍ തുടങ്ങിയവയുടെ ഉടമയായ ഈ മാന്യനാണ് ഹോട്ടല്‍ ബില്‍ തട്ടിപ്പുനടത്തിയത്. നായ നടുക്കടലില്‍ ചെന്നാലും നക്കിയല്ലേ കുടിക്കൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.