20 November 2024, Wednesday
KSFE Galaxy Chits Banner 2

തൊഴിലില്ലായ്മ: മോഡിയുടെ അവകാശവാദങ്ങള്‍ പൊളിയുന്നു

Janayugom Webdesk
March 28, 2024 5:00 am

പ്രതിവർഷം ഒരുകോടി തൊഴിൽ വാഗ്ദാനം ചെയ്ത് 2014ലും രണ്ടുകോടി തൊഴിൽ നൽകുമെന്ന് ഉറപ്പുനൽകി 2019ലും തെരഞ്ഞെടുപ്പുകളെ നേരിട്ട നരേന്ദ്ര മോഡി രാജ്യത്തെ യുവാക്കളെ കബളിപ്പിക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടനയും (ഐഎൽഒ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്മെന്റും (ഐഎച്ച്ഡി) ചേർന്ന് പുറത്തിറക്കിയ ‘ഇന്ത്യൻ എംപ്ലോയ്മെന്റ് റിപ്പോർട്ട് 2024: യൂത്ത് എംപ്ലോയ്മെന്റ്, എജ്യൂക്കേഷൻ ആന്റ് സ്കിൽസ്’ വ്യക്തമാക്കുന്നു. റിപ്പോർട്ടിലെ കണക്കുകളേക്കാൾ ഉപരി അത് ഔപചാരികമായി പുറത്തിറക്കിയ മോഡി സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്റെ വെളിപ്പെടുത്തലാണ് ആ കബളിപ്പിക്കലിന്റെ യഥാർത്ഥ ചിത്രം തുറന്നുകാട്ടുന്നത്. ‘തൊഴിൽ ഉൾപ്പെടെ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കാണണമെന്ന് കരുതുന്നത് തെറ്റാണെന്ന് ’ നാഗേശ്വരൻ വിശദീകരിക്കുന്നു. ‘കൂടുതൽ ആളുകളെ കൂലിക്കെടുക്കുന്നതിനപ്പുറം തൊഴിൽരംഗത്ത് സർക്കാരിന് മറ്റെന്താണ് ചെയ്യാനാവുക’ എന്ന് അദ്ദേഹം ചോദിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക നയരൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുന്ന മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റേതാണ് ഈ ചോദ്യം എന്നത് മോഡി സർക്കാർ കഴിഞ്ഞ ഒരു ദശകമായി ഇന്ത്യൻ യുവാക്കളോട് കാട്ടിപ്പോന്ന കൊടിയ വഞ്ചനയാണ് തുറന്നുകാണിക്കുന്നത്. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് മോഡി സർക്കാരിന് ക്രിയാത്മകമായ യാതൊരു പദ്ധതിയും ഇല്ലെന്ന് നയരൂപീകരണത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന ഉന്നതൻതന്നെ തുറന്ന് സമ്മതിക്കുന്നതാണ് രാജ്യം കണ്ടത്. വസ്തുത ഇതായിരിക്കെ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് തന്റെ സർക്കാർ സ്വീകരിച്ച നടപടികളെപ്പറ്റി പ്രധാനമന്ത്രി മോഡിയും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളും ഈ തെരഞ്ഞെടുപ്പുകാലത്തും അതിനുമുമ്പും നടത്തിയ അവകാശവാദങ്ങളുടെ പൊള്ളത്തരവും കാപട്യവുമാണ് നാഗേശ്വരന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. അത് രാജ്യത്തെ തൊഴിലില്ലായ്മയുടെ ചിത്രം മാത്രമല്ല സാമ്പത്തിക വളർച്ച സംബന്ധിച്ച അവകാശവാദങ്ങളുടേയും പ്രവചനങ്ങളുടെയും പൊള്ളത്തരം കൂടിയാണ് തുറന്നുകാട്ടുന്നത്.
രാജ്യത്തെ തൊഴിൽശേഷിയുള്ള തൊഴിൽരഹിതരിൽ 83 ശതമാനവും യുവാക്കളാണെന്ന് പ്രസ്തുത റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

 


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് ചെലവും അഴിമതി സൂചികയും


സെക്കൻഡറിയോ അതിലുപരിയോ വിദ്യാഭ്യാസം സിദ്ധിച്ച തൊഴിൽരഹിതർ രണ്ടായിരാമാണ്ടിൽ 35.2 ശതമാനമായിരുന്നത് 2022 ആകുമ്പോഴേക്കും 65.7 ശതമാനമായി ഉയർന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സാക്ഷ്യപ്പെടുത്തിയ ഈ കണക്കുകൾ മോഡി സർക്കാർ നിഷേധിക്കാത്തിടത്തോളം പ്രധാനമന്ത്രി നാളിതുവരെ രാജ്യത്തോടുപറഞ്ഞ തൊഴിൽ സംബന്ധമായ കണക്കുകൾ കല്ലുവച്ച നുണകളായിരുന്നുവെന്ന് സമ്മതിക്കേണ്ടിവരും. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ സമ്പദ്ഘടന യുവാക്കൾക്ക് പുതിയ അവസരങ്ങളാണ് നൽകുന്നതെന്നും രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ ആറുവർഷങ്ങളായി ഏറ്റവും താഴ്ന്നനിലയിലാണെന്നും കഴിഞ്ഞ ഒക്ടോബർ 12ന് പ്രധാനമന്ത്രി അവകാശപ്പെടുകയുണ്ടായി. നൈപുണി വികസന മന്ത്രാലയത്തിന്റെ ഒരു ചടങ്ങിനു നൽകിയ വീഡിയോ സന്ദേശത്തിലാണ് മോഡി ഈ അവകാശവാദം നടത്തിയത്. നിരന്തരം അടിസ്ഥാനരഹിതമായ ഇത്തരം അവകാശവാദങ്ങൾ ഒരുളുപ്പും കൂടാതെയാണ് പ്രധാനമന്ത്രി തുടർന്നുപോന്നിട്ടുള്ളത്. മോഡിയുടെ ഇത്തരം അവകാശവാദങ്ങൾ തുടരുമ്പോൾ രാജ്യം മുമ്പെങ്ങുമില്ലാത്ത തൊഴിലില്ലായ്മയെയാണ് അഭിമുഖീകരിക്കുന്നതെന്ന് വിവിധ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഇക്കൊല്ലം ജനുവരി ആരംഭത്തിൽ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ഡിസംബർ മാസത്തിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ 8.30 ശതമാനമായിരുന്നു. അത്, 16 മാസക്കാലത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണെന്നും പഠനം പറഞ്ഞിരുന്നു. തൊഴിൽശക്തിയുടെ പങ്കാളിത്തനിരക്ക്, തൊഴിലാളി ജനസംഖ്യാ അനുപാതം, തൊഴിലില്ലായ്മ നിരക്ക് എന്നിവയെല്ലാം 2000 മുതൽ ഇങ്ങോട്ടുള്ള കാലയളവിൽ സാമ്പത്തികരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന അധോഗതിയെയാണ് സൂചിപ്പിക്കുന്നത്.


ഇതുകൂടി വായിക്കൂ: അപഹസിക്കപ്പെട്ട ജനാധിപത്യം


 

സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി ലക്ഷക്കണക്കിന് തസ്തികകളാണ് നിയമനം നടത്താതെ ഒഴിഞ്ഞുകിടക്കുന്നത്. അവിടെ നിയമനങ്ങൾ നടത്താത്തതിന്റെ മുഖ്യ കാരണം സർക്കാരിന്റെ ദയനീയമായ സാമ്പത്തിക സ്ഥിതിമൂലമാണ്. സംസ്ഥാനങ്ങളുടെമേൽ സാമ്പത്തിക കെടുകാര്യസ്ഥത ആരോപിച്ച് അർഹമായ വിഹിതംപോലും നിഷേധിക്കുന്ന കേന്ദ്രം ഗുരുതരമായ കടക്കെണിയിലാണ് അകപ്പെട്ടിരിക്കുന്നത്. ഈ പ്രതിസന്ധിയെ മറികടക്കാൻ പൊതുമേഖലയെ വിറ്റുതുലയ്ക്കാനാണ് അവർ ശ്രമിക്കുന്നത്. അതാകട്ടെ പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിന് തുല്യമാണ്. അതുവഴി രാജ്യത്തിന് നഷ്ടമാകുന്നത് പൊതുസമ്പത്ത് മാത്രമല്ല, വിലപ്പെട്ട തൊഴിലവസരങ്ങൾകൂടിയാണ്. കോർപറേറ്റുകൾ വൻലാഭം കൊയ്തെടുക്കുമ്പോഴും അവർ സൃഷ്ടിക്കുന്ന ബിസിനസ് സാമ്രാജ്യങ്ങളാകട്ടെ തൊഴിൽരഹിത വളർച്ചയുടെ തുരുത്തുകളാണ്. ഇവിടെയാണ് നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയും സാമ്പത്തിക നയസമീപനങ്ങൾ വിലയിരുത്തപ്പെടേണ്ടത്. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയെന്നാൽ സമ്പത്തിന്റെ നീതിപൂർവമായ വിതരണംകൂടി ഉറപ്പുവരുത്തുകയെന്നാണ്. ചങ്ങാത്ത മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന നയം തൊഴിൽരഹിത വളർച്ചയെയാണ് പരിപോഷിപ്പിക്കുന്നത്. അത് മറുവശത്ത് കോർപറേറ്റുകൾക്ക് നികുതിയിളവുകളും ആനുകൂല്യങ്ങളും വാരിക്കോരി നല്കുകവഴി പൊതുഖജനാവ് കാലിയാക്കുകയും അവശ്യം ആവശ്യമായ സർക്കാർ തസ്തികകളിൽപ്പോലും നിയമനം നടത്താൻ കഴിയാത്ത സ്ഥിതിവിശേഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കാതെ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനെപ്പറ്റി ചിന്തിക്കാൻപോലും കഴിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.