26 July 2024, Friday
KSFE Galaxy Chits Banner 2

വസ്തുതാവിരുദ്ധ വാദങ്ങളുമായി കേന്ദ്ര ധനമന്ത്രി

Janayugom Webdesk
November 28, 2023 5:00 am

കേരളത്തിന് അർഹതപ്പെട്ട പണം നൽകാതെ വസ്തുതാ വിരുദ്ധവാദം നിരത്തി തെറ്റിദ്ധാരണ പരത്തുകയാണ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. സംസ്ഥാനത്തെ കുറ്റപ്പെടുത്തുന്ന കേന്ദ്രമന്ത്രി എന്നാല്‍, കേരളത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെക്കുറിച്ച് മിണ്ടുന്നതേയില്ല. കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടികൾ മൂലം ഈ വർഷം മാത്രം 57,400 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടമായത്. വസ്തുതകള്‍ മറച്ചുവച്ച് കള്ളം പ്രചരിപ്പിച്ച് രാഷ്ട്രീയം പയറ്റുകയാണ് നിര്‍മ്മലാ സീതാരാമന്‍. കണ്ണുമൂടിക്കെട്ടിയാല്‍ കണക്കുകള്‍ മാഞ്ഞുപോകില്ലല്ലോ. 15-ാം ധനകാര്യ കമ്മിഷൻ റവന്യുക്കമ്മി ഗ്രാന്റായി 53,137 കോടി രൂപയാണ് നിശ്ചയിച്ചത്. ഇത് കേന്ദ്രം നൽകിയ സൗജന്യമല്ല. കേന്ദ്ര സർക്കാരിന്റെ ധനനയങ്ങളും നികുതി സമ്പ്രദായത്തിലെ മാറ്റവുംമൂലം കേരളത്തിനുണ്ടായ വിഭവങ്ങളുടെയും സാധ്യതകളുടെയും വെട്ടിക്കുറയ്ക്കലിന്റെ ഭാഗമായാണ് ഗ്രാന്റ് നിശ്ചയിച്ചത്. എന്നിട്ടും സംസ്ഥാനത്തിനുണ്ടായ നഷ്ടത്തിന്റെ പകുതിപോലും പരിഹരിക്കപ്പെട്ടിട്ടില്ല. 10-ാം ധനകാര്യ കമ്മിഷന്റെ സമയത്ത് 3.875 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം നിലവില്‍ 1.925 ശതമാനമായി കുറഞ്ഞപ്പോൾ 2020–21 സാമ്പത്തിക വർഷം മുതൽ 2022–23 വരെയുള്ള നഷ്ടം ഏകദേശം 48,260 കോടി രൂപയാണ്. 3.875 ശതമാനമായിരുന്നു കേന്ദ്ര നികുതി വിഹിതമെങ്കിൽ ഈ മൂന്നു വർഷങ്ങളിലായി 95,901 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ കേന്ദ്ര വിഹിതമായി ഈ കാലയളവില്‍ 47,641 കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂ. നടപ്പുവർഷം കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന തുകയിലും വായ്പാനുവാദത്തിലും 57,400 കോടി രൂപയാണ് കുറയുന്നത്.

 


ഇതുകൂടി വായിക്കൂ;സ്നേഹനിധിയായ ആ അമ്മയുടെ ഓര്‍മ്മയ്ക്കു മുമ്പില്‍


 

15-ാം ധനകാര്യ കമ്മിഷൻ തീർപ്പനുസരിച്ച് നിലവിൽ കേന്ദ്രത്തിന് ലഭിക്കുന്ന തുകയുടെ 41 ശതമാനമേ സംസ്ഥാനങ്ങൾക്ക് വിഭജിക്കുന്നുള്ളൂ. ഇതിന്റെ 1.925 ശതമാനമാണ് കേരളത്തിന് അനുവദിച്ചത്. കേരളത്തിനകത്തുനിന്ന് കേന്ദ്ര സർക്കാർ പിരിച്ചെടുക്കുന്ന തുകയിൽനിന്ന് ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന് അർഹതപ്പെട്ട തുകയാണിത്. വാറ്റിൽനിന്ന് ജിഎസ്‌ടിയിലേക്കുള്ള മാറ്റം സംസ്ഥാനത്തിന് കടുത്ത വരുമാന നഷ്ടമാണുണ്ടാക്കിയത്. സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങളിൽ പകുതിയിലേറെ നഷ്ടമായി. പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ മാത്രമായി സംസ്ഥാന അധികാരം ചുരുങ്ങി. ജിഎസ്‌ടിയിലേക്കുള്ള മാറ്റത്തിൽ, റവന്യു ന്യൂട്രൽ നിരക്കായി നിശ്ചയിച്ച 16 ശതമാനം 11 ശതമാനത്തിലേക്ക് കൂപ്പുകുത്തി. വാർഷിക നികുതി വളർച്ച 14 ശതമാനമായി നിശ്ചയിച്ചു. അതിൽ കുറവായാൽ കേന്ദ്രം നഷ്ടപരിഹാരം നൽകുമെന്ന് പറഞ്ഞു. ഇപ്പോൾ നഷ്ടപരിഹാരവും നിർത്തി. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വരുമാന മാർഗങ്ങളെല്ലാം അടച്ചശേഷമാണ് എന്തോ തന്നു എന്നനിലയിൽ കേന്ദ്രധനമന്ത്രി രാഷ്ട്രീയം പറയുന്നത്. സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനം മുൻകൂറായി വിതരണം ചെയ്ത 579.95 കോടി രൂപ മടക്കിയതിനെ കേന്ദ്ര വിഹിതം കൃത്യമായി നൽകിയതാണെന്ന് പ്രചരിപ്പിക്കാനും മടിക്കുന്നില്ല കേന്ദ്രവും ശിങ്കിടികളും. 2020 ജനുവരി മുതൽ 23 ജൂൺവരെയുള്ള തുകയാണ് നല്‍കിയത്. 64 ലക്ഷം പേർക്ക് സംസ്ഥാനം പെൻഷൻ നൽകുമ്പോൾ കേന്ദ്ര വിഹിതം ലഭിക്കുന്നത് 6.88 ലക്ഷം പേർക്കു മാത്രമെന്നതും ഉണ്മയാണ്. ക്ഷേമപെന്‍ഷനായി കേരളം പ്രതിമാസം നൽകുന്നത് 1600 രൂപ. കേന്ദ്ര വിഹിതമാകട്ടെ, വാർധക്യകാല പെൻഷന് 200 രൂപയും 80 വയസിനുമുകളിലുള്ളവര്‍ക്ക് 500 രൂപയും മാത്രമാണ്.


ഇതുകൂടി വായിക്കൂ;തുറന്നുകാട്ടപ്പെടുന്ന ഇന്ത്യന്‍ സാമ്പത്തികാവസ്ഥ


സംസ്ഥാനത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ സംബന്ധിച്ച നിർദേശം സമർപ്പിക്കാൻ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്ന ആരോപണവും കേന്ദ്ര ധനമന്ത്രി ഉന്നയിച്ചിരുന്നു. കേന്ദ്ര ധനമന്ത്രിയെ സംസ്ഥാന ധനമന്ത്രി കഴിഞ്ഞമാസം നേരിൽക്കണ്ട് ആവശ്യങ്ങൾ നിവേദന രൂപത്തിൽ നൽകിയിരുന്നു. മുഖ്യമന്ത്രി കേരളത്തിന്റെ സാമ്പത്തിക വിഷയങ്ങൾ പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിച്ചു. വിവിധ വകുപ്പുകളുടെ മന്ത്രിമാരും സെക്രട്ടറിമാരും തങ്ങളുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന്റെ മേധാവികളെ നിവേദനമായും കത്തായും പലതവണ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തുനിന്നുള്ള ഇടതുപക്ഷ എംപിമാരും കേന്ദ്ര ധനമന്ത്രിയെ കണ്ട് നിവേദനം നൽകി. പാർലമെന്റിന്റെ ശ്രദ്ധയിലും വിഷയം ഉന്നയിക്കപ്പെട്ടതാണ്. കാര്യങ്ങള്‍ എണ്ണിപ്പറയുമ്പോള്‍ ‘പയറഞ്ഞാഴി’ എന്നാണ് കേന്ദ്രനിലപാട്. ജിഎസ്‌ടി വന്നതോടെ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ വലിയ കുറവാണുണ്ടായത്. ഈ സാഹചര്യത്തിലാണ് ജിഎസ്‌ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യം ശക്തമായി സംസ്ഥാനങ്ങൾ ഉന്നയിക്കുന്നത്. നഷ്ടപരിഹാരത്തിനായി നിശ്ചയിച്ചിട്ടുള്ള തുക സെസ് വഴിയാണ് സമാഹരിക്കുന്നത്. സെസാകട്ടെ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടതുമില്ല. ഇക്കാര്യത്തിലാണ് കേന്ദ്ര ധനമന്ത്രി നിലപാട് വ്യക്തമാക്കേണ്ടത്. കേരളമുള്‍പ്പെടെ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുക എന്നതില്‍ മാത്രമായിരിക്കുന്നു കേന്ദ്രധനമന്ത്രാലയത്തിന്റെ കരുതല്‍ എന്നത് വിചിത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.