23 December 2024, Monday
KSFE Galaxy Chits Banner 2

എംടി വിമര്‍ശനത്തിന്റെ സാര്‍വലൗകിക പ്രസക്തി

Janayugom Webdesk
January 13, 2024 5:00 am

കോഴിക്കോട് വ്യാഴാഴ്ച ആരംഭിച്ച ഏഴാമത് ചതുർദിന കേരള സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ എം ടി വാസുദേവൻ നായർ നടത്തിയ മുഖ്യപ്രഭാഷണമാണ് ഈ ദിനങ്ങളിൽ സംസ്ഥാനത്തെ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗത്തെ പുതിയ വിവാദവിഷയം. ഹ്രസ്വമെങ്കിലും ഉള്ളടക്കം കൊണ്ട് സമ്പന്നവും ചിന്തോദ്ദീപകവുമായ പ്രഭാഷണം ആരെ ലക്ഷ്യംവച്ചുള്ളതാണെന്നതാണ് വിവാദത്തിന്റെ കാതൽ. സാഹിത്യോത്സവത്തിന്റെ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനെയാണ് എംടി ലക്ഷ്യംവച്ചിരിക്കുന്നതെന്ന് വ്യാഖ്യാനിക്കാനും അത് സ്ഥാപിക്കാനുമുള്ള തീവ്രയത്നത്തിലാണ് ഒരുപറ്റം മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും സാഹിത്യകാരന്മാരും മറ്റും ഏർപ്പെട്ടിട്ടുള്ളത്. ‘വനത്തിനു പകരം വൃക്ഷത്തെ കാണുക’ എന്ന ആംഗല സമാർത്ഥ പ്രയോഗത്തെ അനുസ്മരിപ്പിക്കുന്ന ചർച്ചകളാണ് എംടിയുടെ പ്രസംഗത്തെ ചുറ്റിപ്പറ്റി കൊഴുക്കുന്നത്. അത്തരം ചർച്ചകൾ യഥാർത്ഥ വിഷയത്തെ, സാഹചര്യത്തെ, അവഗണിക്കുകയും തങ്ങൾക്ക് താല്പര്യമുള്ള വശങ്ങളിലേക്ക് പ്രതിപാദ്യ വിഷയത്തെ ചുരുക്കുകയാണ് ചെയ്യുന്നത്. സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും വികാസത്തെയും പറ്റിയുള്ള മാമൂൽ സങ്കല്പങ്ങളിൽനിന്നും കാലാനുസൃതമായി സ്വാതന്ത്ര്യ സങ്കല്പങ്ങൾ നിരന്തരമായ വിശകലനത്തിനും തിരുത്തലിനും വിധേയമാകേണ്ടിയിരിക്കുന്നു എന്ന കാഴ്ചപ്പാടാണ് എംടി തന്റെ പ്രസംഗത്തിലൂടെ മുന്നോട്ടുവയ്ക്കാൻ ശ്രമിച്ചതെന്ന് അതിന്റെ പൂർണരൂപം പരിശോധിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടും. ആ കാഴ്ചപ്പാട് മുഖ്യമന്ത്രി പിണറായി വിജയനടക്കം ഭരണാധികാരികൾക്കും ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ജനപ്രതിനിധിക്കും ബാധകവുമാണ്. തന്റെ പ്രസംഗം സൃഷ്ടിച്ച വിവാദ കോലാഹലങ്ങൾക്കിടയിൽ അദ്ദേഹം നടത്തിയ സ്പഷ്ടീകരണം അത് വ്യക്തമാക്കുന്നുമുണ്ട്.

 

 


ഇതുകൂടി വായിക്കൂ: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ഏകാധിപത്യത്തിലേക്കുള്ള ചുവടുവയ്പ്


എം ടി വാസുദേവന്‍ നായർ മലയാളത്തിന്റെ പൊതുസമ്പത്തും കേരളീയ മനഃസാക്ഷിയുടെ അനന്യ പ്രതീകവുമാണ്. കേരള സാഹിത്യോത്സവം പോലെ ധന്യമായ ഒരു വേദിയിൽ നിക്ഷിപ്ത രാഷ്ട്രീയലക്ഷ്യത്തോടെ ഒരു വിവാദ പ്രഭാഷണം നടത്തി കയ്യടി വാങ്ങേണ്ട ഒരാവശ്യവും അദ്ദേഹത്തിനില്ല. അതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കിൽ അതിനുവേണ്ടി തന്റെ ഒരു പഴയ ലേഖനം ചില്ലറ ഭേദഗതികളോടെ അവതരിപ്പിക്കേണ്ട ആവശ്യം അക്ഷരങ്ങളുടെയും വാക്കുകളുടെയും ആശയങ്ങളുടെയും ഉടമയായ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. വളരെ സൂക്ഷ്മതയോടെ തന്റെ ചിന്തകളെ മനനം ചെയ്തായിരിക്കണം അദ്ദേഹം ആ ലേഖനം തിരഞ്ഞെടുത്തിട്ടുണ്ടാവുക. സംസ്ഥാനത്തും രാജ്യത്തും ലോകത്തും നടന്നതും തുടർന്നുകൊണ്ടിരിക്കുന്നതുമായ ജനാധിപത്യ പ്രക്രിയയെയും അതിന്റെ വിജയങ്ങളെയും അപജയങ്ങളെയും അപഗ്രഥിച്ചുകൊണ്ടാണ് ജനാധിപത്യത്തിന്റെ വികാസ പരിണാമങ്ങൾ എങ്ങനെയായിരിക്കണമെന്ന തന്റെ കാഴ്ചപ്പാട് അദ്ദേഹം സമകാലിക സമൂഹവുമായി പങ്കുവയ്ക്കുന്നത്. അധികാരവും അതിനെ ചുറ്റിപ്പറ്റി വളർന്നുവന്നേക്കാവുന്ന സ്വേച്ഛാധിപത്യ പ്രവണതകളും വ്യക്തിപൂജയും എത്രത്തോളം വിനാശകരമാണെന്ന് റഷ്യൻ വിപ്ലവത്തെയും തുടർന്ന് രൂപംകൊണ്ട സമൂഹത്തിന്റെ തകർച്ചയുടെയും പശ്ചാത്തലത്തിൽ തന്റെ ലേഖനത്തിൽ അദ്ദേഹം വരച്ചുകാട്ടുന്നുണ്ട്. വിപ്ലവത്തിന്റെ വിജയത്തിലെന്നപോലെ തെരഞ്ഞെടുപ്പ് വിജയങ്ങളിലും പങ്കാളികളാവുന്ന ജനക്കൂട്ടം ഉത്തരവാദിത്തമുള്ള സമൂഹമായി മാറുകയും സ്വയം കരുത്തുനേടി സ്വാതന്ത്ര്യം ആർജിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം അടിവരയിടുന്നു. രാഷ്ട്രീയത്തിലെ മൂല്യച്യുതി അനുയോജ്യരായ വ്യക്തികളുടെ അഭാവമായി കാണുന്നതിനോട് അദ്ദേഹം യോജിക്കുന്നില്ല. അധികാരമെന്നാൽ ജനസേവനത്തിനുള്ള അവസരമാണെന്ന ആശയം കുഴിച്ചുമൂടപ്പെട്ടു എന്നതാണ് പ്രശ്നം എന്നും എംടി വിലയിരുത്തുന്നു.


ഇതുകൂടി വായിക്കൂ: മലയോര ജനത എന്തുകൊണ്ട് രാജ്ഭവനിലേക്ക്…?


അമിതാധികാര പ്രവണത, ആചാരോപചാരപരമായ നേതൃപൂജ, തെറ്റുതിരുത്താനുള്ള നേതൃത്വത്തിന്റെ വിമുഖത തുടങ്ങി സമകാലിക രാഷ്ട്രീയത്തിലെ അനഭിലഷണീയ പ്രവണതകളെപ്പറ്റി എംടി നൽകുന്ന സന്ദേശത്തിന്റെ അന്തഃസത്ത തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയത്തിനപ്പുറം തുറന്നമനസോടെ ഉൾക്കൊള്ളാൻ ശ്രമിക്കുന്ന ആർക്കും ആ വിമർശനത്തിന്റെ സാർവലൗകിക പ്രസക്തി വ്യക്തമാവും. കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകളെ അതിലംഘിക്കുന്ന നിഷേധാത്മക പ്രവണതകള്‍ തഴച്ചുവളരുക മാത്രമല്ല അവ പൊതുസ്വീകാര്യത കൈവരിക്കുകയും ചെയ്തിരിക്കുന്നു. അത്തരം അസ്വീകാര്യവും അരോചകവും അപകടകരവുമായ പ്രവണതകളെ ചോദ്യംചെയ്യുന്നതിനും വിമർശിക്കുന്നതിനും പകരം അവയുടെ ആരാധകവൃന്ദത്തിലും സ്തുതിപാഠക സംഘങ്ങളിലും അണിചേരുകയാണ് സാഹിത്യ, സാംസ്കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖർ പോലും. അതിനെതിരെ എംടി നൽകുന്ന മുന്നറിയിപ്പിനെ അർഹിക്കുന്ന ഗൗരവത്തോടെ ഉൾക്കൊള്ളുന്നതിനുപകരം തങ്ങളുടെ രാഷ്ട്രീയ അജണ്ടയിലെ പുതിയ ഇനമാക്കി വിവാദ വ്യവസായം കൊഴുപ്പിക്കാനുള്ള ശ്രമമാണ് അരങ്ങുതകർക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.