
2026 മാർച്ച് 31 എന്ന സമയപരിധി പാലിക്കാനുള്ള തിടുക്കത്തിലാണ് ആഭ്യന്തരമന്ത്രി അമിത് ഷാ. അന്നത്തോടെ രാജ്യത്തെ നക്സൽവിമുക്തമാക്കുമെന്ന വാഗ്ദാനം പാലിക്കേണ്ടതുണ്ട് അദ്ദേഹത്തിന്. ഇന്നലെയും ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽപെട്ട കൊണ്ടഗാവ്, നാരായൺപുർ ജില്ലാതിർത്തിയിലെ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് നിരോധിത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗങ്ങൾ വധിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. അവരുടെ പക്കൽനിന്നും ഒരു എ കെ 47 തോക്കും മറ്റു സ്ഫോടകവസ്തുക്കളും കണ്ടെത്തിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇരുവരുടെയും തലയ്ക്ക്, കൂട്ടായി 13 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഏറ്റുമുട്ടൽ കൊലനടന്ന ബസ്തർ മേഖലയിലെ രണ്ട് ജില്ലകളും നക്സൽമുക്തമാണെന്ന് കഴിഞ്ഞ ഡിസംബറിൽ ഛത്തീസ്ഗഢ് സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിച്ചിരുന്നു. ഇന്നലത്തെ ഏറ്റുമുട്ടൽ കൊലയോടെ ഈ വർഷം ഇതുവരെ 140 നക്സലുകളെ വധിച്ചതായാണ് ആഭ്യന്തരമന്ത്രാലയം അവകാശപ്പെടുന്നത്. ഇതിൽ 123 പേർ ബസ്തർ മേഖലയിൽ മാത്രം കൊല്ലപ്പെട്ടവരാണ്. കൊല്ലപ്പെടുന്ന മാവോയിസ്റ്റുകളിൽ ഓരോരുത്തരുടെയും തലയ്ക്ക് 25 ലക്ഷം രൂപവരെ വില പ്രഖ്യാപിക്കപ്പെട്ടിരുന്നതായി അവരെ വധിച്ച വാർത്തകൾക്കൊപ്പം അറിയിപ്പും ഉണ്ടാവുക പതിവാണ്.
അമിത് ഷായുടെ പ്രഖ്യാപിത കാലപരിധി അടുത്തതുകൊണ്ടാവാം മരണനിരക്കും മുൻവർഷങ്ങളേക്കാൾ ഉയരുന്നതെന്നുവേണം അനുമാനിക്കാൻ. 2024ൽ അത് 235 ആയിരുന്നു. 2023ൽ മരണസംഖ്യ 23 മാത്രമായിരുന്നു. ഇക്കൊല്ലം ആദ്യ മൂന്നരമാസംകൊണ്ട് 140 പേരെ വധിക്കുകയും പ്രഖ്യാപിക്കപ്പെട്ട തുകകൾ വിതരണം ചെയ്യപ്പെടുകയും ഉണ്ടായി എന്നത് ഈ മാവോയിസ്റ്റ് ഉന്മൂലന ദൗത്യത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റി പല സംശയങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. ഇന്നലത്തെ ഏറ്റുമുട്ടലിന് നേതൃത്വം നൽകിയ സേനാവിഭാഗങ്ങൾ ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി), ബസ്തർ ഫൈറ്റേഴ്സ് എന്നിവയാണ്. അവ മുറപ്രകാരമുള്ള പൊലീസ് സേനയല്ലെന്ന് ആ പേരുകൾ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബസ്തർ മേഖലയിൽ ഭീകരത സൃഷ്ടിച്ചതും സുപ്രീം കോടതി ഇടപെടലിനെത്തുടർന്ന് പിരിച്ചുവിടപ്പെട്ടതുമായ സാൽവ ജുദം എന്ന സംസ്ഥാന സർക്കാർ ചാവേർ കൊലയാളി സംഘങ്ങളുടെ പുതിയ രൂപങ്ങളാണ് ഇവ.
മനഃപരിവർത്തനം വന്ന് കീഴടങ്ങിയതായി പറയപ്പെടുന്ന മാവോയിസ്റ്റുകൾ എന്നപേരിൽ ബസ്തർ മേഖലയിലെ ആദിവാസികളെക്കൂടി ഉൾപ്പെടുത്തി രൂപംനൽകുന്ന ചാവേർ കൊലയാളിസംഘങ്ങളെ പ്രയോജനപ്പെടുത്തിയാണ് ഉന്മൂലനതന്ത്രം നടപ്പാക്കിവരുന്നത്. ഭീഷണിയുടെയും സാമ്പത്തിക പ്രലോഭനങ്ങളുടെയും ഫലമായാണ് ആദിവാസികൾ ഏറെയും ഈ സംഘങ്ങളിൽ എത്തിപ്പെടുന്നത്. കൊലചെയ്യപ്പെടുന്ന ഓരോ ആദിവാസിയുടെയും തലയ്ക്ക് കല്പിക്കപ്പെടുന്ന വില വലിയ പ്രലോഭനമാണ്. മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുക എന്നതിലുപരി ബസ്തർ ഉൾപ്പെട്ട ദണ്ഡകാരണ്യ വനമേഖലയിലെ ധാതുസമ്പത്താണ് ഭരണകൂടത്തിന്റെയും ഖനിജങ്ങളിൽ കണ്ണുനട്ടിരിക്കുന്ന കോർപറേറ്റുകളുടെയും യഥാർത്ഥ ലക്ഷ്യം. ഛത്തീസ്ഗഢിന്റെ ധാതു ഖനനവരുമാനം ഇപ്പോൾത്തന്നെ പ്രതിവർഷം 30,000 കോടി രൂപ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. വേദാന്ത അലുമിനിയം, വേദാന്ത റിസോഴ്സ്, അഡാനി എന്റർപ്രൈസസ് തുടങ്ങി രാജ്യത്തെ പ്രമുഖ കോർപറേറ്റുകളാണ് ഖനനത്തിൽ ഏർപ്പെട്ടിട്ടുള്ള വമ്പന്മാർ. രാജ്യത്തെ ഇരുമ്പ്, ടിൻ നിക്ഷേപത്തിന്റെ മൂന്നിലൊന്നും ഉരുക്ക്, സിമന്റ് ഉല്പാദനത്തിന്റെ 25 ശതമാനവും ഛത്തീസ്ഗഢിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കൽക്കരി നിക്ഷേപത്തിന്റെ അഞ്ചിലൊന്നും ഇവിടെയാണുള്ളത്. ഇന്ത്യയുടെ ധാതുവരുമാനത്തിന്റെ 15 ശതമാനവും ഛത്തീസ്ഗഢിൽനിന്നാണ് ലഭിക്കുന്നത്. ഈ വസ്തുതകൾ ഛത്തീസ്ഗഢിന്, വിശിഷ്യാ ബസ്തർ മേഖലയ്ക്ക് ഇന്ത്യൻ സമ്പദ്ഘടനയിലുള്ള പ്രധാന്യം എന്തെന്ന് വ്യക്തമാക്കുന്നു. സഹസ്രാബ്ധങ്ങളായി ഇവിടെ ജീവിച്ചുപോന്ന ആദിവാസി ജനതയെ പൂർണമായി ഒഴിപ്പിച്ചെടുക്കാതെ കോർപറേറ്റുകൾക്ക് പ്രകൃതിസമ്പത്തിന്മേലുള്ള സമ്പൂർണ കൊള്ള അസാധ്യമാണ്. വനാവകാശനിയമമടക്കം നിലവിലുള്ള നിയമങ്ങൾ ആദിവാസികൾക്ക് അവരുടെ മണ്ണിൽ സവിശേഷ അധികാരങ്ങൾ ഉറപ്പുനല്കുന്നുണ്ട്. അവിടെയാണ് നക്സൽമുക്ത ഭാരതം എന്ന മുദ്രാവാക്യം മോഡി സർക്കാരിനും അമിത് ഷായ്ക്കും പ്രിയങ്കരമാകുന്നത്.
മാവോയിസ്റ്റ് വിരുദ്ധ നടപടികളുടെ പേരിൽ ഛത്തീസ്ഗഢിൽ, പ്രത്യേകിച്ചും ബസ്തർ മേഖലയിൽ നടക്കുന്നത് സമാനതകളില്ലാത്ത മനുഷ്യാവകാശ ധ്വംസനങ്ങളാണ്. മാവോയിസ്റ്റുകൾ എന്ന് മുദ്രകുത്തി ആദിവാസികളെ കൂട്ടക്കൊലകൾക്കും അവരുടെ സ്ത്രീകളെ ബലാത്സംഗമടക്കം കൊടിയ പീഡനങ്ങൾക്കും ഇരകളാക്കുന്നു. അവരുടെ ഗ്രാമങ്ങളും കൃഷിയിടങ്ങളും വീണ്ടെടുക്കാനാവാത്തവിധം തകർക്കുന്നു. പ്രതിഷേധിക്കുന്നവരെ നരകതുല്യമായ ജയിലറകളിൽ അടയ്ക്കുന്നു. ബസ്തർ അടക്കം ആദിവാസി മേഖലകൾ നിയമവാഴ്ചയില്ലാത്ത ഭൂപ്രദേശങ്ങളായി മാറിയിരിക്കുന്നു. നിയമവിധേയമായി പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടികൾക്കും അവയുടെ നേതാക്കൾക്കും മേൽ ഭരണകൂട ഭീകരത ഡെമോക്ലസിന്റെ വാളായി മാറിയിരിക്കുന്നു. കർഷകർക്ക് നിയമാനുസൃതം ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ തട്ടിയെടുത്ത ഉദ്യോഗസ്ഥർക്കെതിരെ പരാതിപ്പെട്ട സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുൻ എംഎൽഎയുമായ മനീഷ് കുഞ്ചാമിന്റെ വസതിയിൽ സംസ്ഥാന അഴിമതി വിരുദ്ധ ബ്യുറോ കഴിഞ്ഞദിവസം നടത്തിയ റെയ്ഡും അദ്ദേഹത്തിനെതിരെ ചുമത്തിയ കേസും സർക്കാരിന്റെ പ്രതികാര നടപടിയാണ്. തങ്ങളുടെ കോർപറേറ്റ് ചങ്ങാതിമാരുടെ പകൽക്കൊള്ള സുഗമമാക്കാൻ മോഡിയും ഷായും ബിജെപിയുടെ സംസ്ഥാനസർക്കാരുകളും എല്ലാ പൗരാവകാശങ്ങളും അടിസ്ഥാന മനുഷ്യാവകാശങ്ങളും ലംഘിച്ചുനടത്തുന്ന സംഹാരതാണ്ഡവമാണ് ഛത്തീസ്ഗഢിൽ അരങ്ങുതകർക്കുന്നത്. മാവോയിസ്റ്റ് വേട്ടയെന്നത് പൗരന്മാരുടെമേൽ സ്റ്റേറ്റ് നടത്തുന്ന നരനായാട്ടിന് ഒരു മറ മാത്രമാണ്. കോർപറേറ്റ് നിയന്ത്രിത മുഖ്യധാരാ മാധ്യമലോകം അതിന് കുടപിടിക്കുന്നു. സ്റ്റേറ്റ് നേതൃത്വം നൽകുന്ന ഈ അതിക്രമങ്ങൾക്ക് അറുതിവരുത്താൻ രാഷ്ട്രത്തിന്റെ ജനാധിപത്യ മനഃസാക്ഷി ഉണർന്നെണീറ്റേ മതിയാവു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.