ചലച്ചിത്രത്തെ സംബന്ധിച്ച സാമ്പ്രദായിക ബോധങ്ങളെ അസ്വസ്ഥപ്പെടുത്തുവാൻ പര്യാപ്തമായ ദൃശ്യാവിഷ്ക്കാരം എന്ന നിലയിൽ ഏറെ പ്രസക്തമായ ചിത്രമാണ് ഷെയ്ൻ നിഗത്തിന്റെ ‘ഭൂതകാലം.’ വിഷാദ രോഗിയായ ആശയെന്ന അമ്മയും വിനു വെന്ന തൊഴിൽ രഹിതനായ മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ തീവ്രതകളെ അനാവരണം ചെയ്യുന്ന ഭൂതകാലം കുടുംബം, വ്യക്തിബന്ധങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ സാധ്യമായേക്കാവുന്ന മടുപ്പ് എന്ന വികാരത്തെ കേന്ദ്രീകരിച്ചു നിൽക്കുന്നു. പരസ്പരം തിരിച്ചറിയാൻ കഴിയാതാകുന്ന അമ്മയും മകനും ഭയമെന്ന സാഹചര്യത്തിൽ പരസ്പരം ആഴത്തിൽ മനസിലാക്കുന്നതിനൊപ്പം അതി ഗാഢമായ ആത്മബന്ധത്തിലേക്ക് തിരിച്ചെത്തുന്നു.
മറ്റേതു മനുഷ്യ വികാരങ്ങളെയും പോലെ മനുഷ്യ ജീവിതാവസ്ഥകളിൽ നിന്നും സങ്കീർണ്ണമായ ജീവിതസന്ദർഭങ്ങളിൽ നിന്നും നൈസർഗ്ഗികമായി ഉരുത്തിരിഞ്ഞു വരുന്ന വികാരങ്ങളിലൊന്നാണ് ഭയം. അതെങ്ങനെ വ്യക്തി ബന്ധങ്ങളിൽ പരിവർത്തനങ്ങൾ സാധ്യമാക്കുന്നു എന്ന സമീപനമാണ് ഭൂതകാലത്തിന്റെ അടിത്തറ. സാമ്പ്രദായികമായ ഹൊറർ സിനിമകളിൽ കണ്ടുവരുന്ന ക്ലീഷേ ഐറ്റങ്ങൾ ഒന്നും തന്നെയില്ലാതെ നല്ല വൃത്തിയായി ഭയത്തെ ഉൽപ്പാദിപ്പിക്കുവാൻ ഭൂതകാലത്തിനു കഴിയുന്നുണ്ട്. ശബ്ദങ്ങൾക്കിടയിലെ നിശബ്ദതകൾ, ഇരുട്ടിന്റെ നിഗൂഢതയെ ശബ്ദ വിന്യാസത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് ഭയപ്പെടുത്തുന്നതിലെ വൈദഗ്ദ്ധ്യം,
മുറിക്കുള്ളിൽ കുടുങ്ങിപ്പോയ അമ്മയുടെയും മകന്റെയും വെപ്രാളങ്ങൾ, ഇടയ്ക്കുമാത്രം ഹൃദയമിടിപ്പിനൊപ്പം വന്നുപോകുന്ന മ്യൂസിക്, നിഴലുപോലെ പ്രത്യക്ഷപ്പെടുന്ന പ്രേതകഥാപാത്രങ്ങൾ എന്നിവ ഒത്തുചേർന്നു സൃഷ്ടിക്കുന്ന ഭയം അതിഗംഭീരമാണ്.
തൊഴിൽ രഹിതനായ യുവാക്കൾക്കു നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളെ അതിന്റെ തീവ്രതയിൽ തന്നെ ചിത്രം അവതരിപ്പിക്കുന്നുണ്ട്. ആത്മഹത്യയുടെ വക്കിൽ നിന്നു രക്ഷപെടുന്ന അമ്മയും മകനും പുതിയൊരു ഇടത്തിലേക്ക് മാറി അതിജീവനത്തിന്റെ വഴികൾ തേടുമെന്ന തലത്തിലാണ് ചിത്രം അവസാനിക്കുന്നതെങ്കിലും ഒട്ടനവധി ചോദ്യങ്ങളെ ചിത്രം മുമ്പോട്ടു വയ്ക്കുന്നുണ്ട്.
ഷെയ്ൻ നിഗം,രേവതി,സൈജു കുറുപ്പ് എന്നിവർക്കൊപ്പം ഏതാനും ചില അഭിനേതാക്കളും പ്രത്യക്ഷപ്പെടുന്ന ഭൂതകാലം ഒരു മികച്ച കലാസൃഷ്ടിയെ അവതരിപ്പിക്കുന്നതിന് വൻകിട താരങ്ങളൊന്നും തന്നെ ആവശ്യമില്ലായെന്ന യാഥാർത്ഥ്യത്തെ അടിവരയിട്ട് ഉറപ്പിക്കുന്നു.
പ്രേക്ഷകനെ കേവലമായി ഭയപ്പെടുത്തി ആനന്ദിപ്പിക്കുകയെന്നതല്ല തന്റെ സിനിമയുടെ ലക്ഷ്യമെന്ന ബോദ്ധ്യം രാഹുൽ സദാശിവൻ എന്ന സംവിധായകനുണ്ട്. സാധാരണക്കാരായ മനുഷ്യർക്കിടയിലെ ബന്ധങ്ങൾ, അതിസങ്കീർണ്ണമായ മാനസിക വ്യാപാരങ്ങൾ, ജീവിത പരാജയങ്ങൾ സൃഷ്ടിക്കുന്ന അസ്വസ്ഥതകൾ, പ്രിയപ്പെട്ടവരുടെ മരണം സൃഷ്ടിക്കുന്ന ശൂന്യതകൾ എന്നിങ്ങനെ ബഹുമുഖ തലങ്ങളെ സ്പർശിക്കുന്ന ചിത്രമാണ് ഭൂതകാലം. ഷെയ്ൻ നിഗം എന്ന അഭിനേതാവിന്റെ കരിയറിലെ വഴിത്തിരിവാകുന്ന കഥാപാത്രമാണ് വിനു.
ആരാലും തിരിച്ചറിയപ്പെടാതെ പോകുന്ന സംഘർഷാവസ്ഥകൾക്കിടയിൽ നിസ്സഹായനാകുന്ന, ഭയത്തിന് കീഴ്പ്പെടുന്ന ചെറുപ്പക്കാരന്റെ മനോനിലകളെ അത്രമേൽ ഭദ്രമായി ഷെയ്ൻ അവതരിപ്പിച്ചു. ഒരിടവേളയ്ക്കു ശേഷം പ്രത്യക്ഷപ്പെട്ട രേവതിയെന്ന അഭിനേത്രിയുടെ മികവാർന്ന പ്രകടനം വിഷാദ രോഗിയായ, പരാജയങ്ങളെ അഭിമുഖീകരിക്കുന്ന, സങ്കീർണ്ണ സാഹചര്യങ്ങളിൽ നിന്നും സ്വയം വേർപെടുവാൻ കഴിയാത്ത ആശയെന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കി മാറ്റുന്നു. ഭയം മനുഷ്യന്റെ അകത്താണോ പുറത്താണോ എന്നചിന്തയുടെ അന്വേഷണ വിധേയമാക്കുന്ന ചലച്ചിത്രമെന്ന നിലയിൽ ഭൂതകാലത്തിന് മറ്റൊരു തലം കൂടിയുണ്ട്. കമ്പോള സിനിമയുടെ ദൃശ്യഭാഷയിൽ അഭിരമിക്കുന്ന പ്രേക്ഷകനെ ആനന്ദിപ്പിക്കുന്ന ചിത്രമായി ഭൂതകാലം മാറില്ലെങ്കിലും സിനിമയെ ഏറെ ഗൗരവത്തോടെ കാണുന്ന പ്രേക്ഷകനെ നൂറു ശതമാനവും തൃപ്തിപ്പെടുത്തുവാൻ കഴിയുന്ന ചലച്ചിത്രമാണ് ഭൂതകാലം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.