24 November 2024, Sunday
KSFE Galaxy Chits Banner 2

സിനിമ, നാടകം, പുസ്തകരചന : ഗോപീകൃഷ്ണന്‍ ഒളിവിലല്ല

അരുണിമ എസ്
April 24, 2022 4:00 am

നാനയുടെ തിരക്കഥരചന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ യുവാവില്‍ നിന്നും ഇന്നു കാണുന്ന എല്‍ ഗോപികൃഷ്ണനിലേക്കുള്ള ദൂരമേറെയാണ്. നടനായി ഇന്ദ്രന്‍സിനെയും സംഗീത സംവിധായകനായി ആലപ്പി രംഗനാഥിനെയും സിനിമോ ലോകത്തേക്ക് കൈപിടിച്ചു നടത്തിയതിന്റെ അനുഭവ സമ്പത്തിന്റെ കനമുണ്ട് ആ ഓര്‍മകള്‍ക്ക്. പഴയകാല സംവിധായകന്റെ വേഷമഴിച്ചുവച്ച് പുസ്തകരചനയുടെ ലോകത്തേക്ക് കടന്നത് കാലത്തിന്റെ മറ്റൊരു നിയോഗം. തന്റെ അഞ്ചാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോള്‍.

സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്ന ‘നിലവിളിക്കുന്ന നിലവിളക്കുകള്‍’ എന്ന പുസ്തകമാണ് ഗോപികൃഷ്ണന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. പ്രഭാത് ബുക്ക്സാണ് പുസ്തകം പ്രസിദ്ധികരിക്കുന്നത്. ഞാന്‍ എന്റെ ശത്രു, പ്രിന്‍സിപ്പല്‍ ഒളിവില്‍, ഒരു പീഡിതയുടെ കുമ്പസാരം, ഞാന്‍ കണ്ട ഇംഗ്ലണ്ട് എന്നീ നാല് പുസ്തകങ്ങള്‍ ഇതുവരെ എഴുതി. ഒരു പീഡിതയുടെ കുമ്പസാരത്തിന് 2020 ലെ പെരുന്തച്ചന്‍ പുരസ്കാരം ലഭിച്ചു. ഞാന്‍ എന്റെ ശത്രു എന്ന പുസ്തകത്തിന് ഡോ. ബി ആര്‍ അംബേദ്കര്‍ മെമ്മോറിയല്‍ ദേശീയ സാഹിത്യ പുരസ്കാരവും സാഹിത്യ കേരളം പുരസ്കാരവും, പ്രിന്‍സിപ്പല്‍ ഒളിവില്‍ എന്ന പുസ്തകത്തിന് 2020 ലെ പ്രഭാത് സാംസ്കാരിക സംഘത്തിന്റെ അവാര്‍ഡും ലഭിച്ചു. അബുദാബി ശക്തി പുരസ്കാരമുള്‍പ്പെടെ ഒമ്പത് അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കേരളകൗമുദി വാരാന്ത്യത്തിലാണ് ഗോപികൃഷ്ണന്‍ ആദ്യമായി കഥകള്‍ എഴുതുന്നത്. അവിടെ നിന്ന് കെഎസ്ഇബി എൻജിനീയറായ രാമചന്ദ്രൻ നായർ, പാകോട് ശെൽവരാജൻ, എസ്ബിഐയിലെ അനന്തരാമൻ എന്നിവരൊടൊപ്പം ചേര്‍ന്ന് നാടക ട്രൂപ്പ് എന്ന ആശയത്തിലെത്തി. അങ്ങനെയാണ് നൂറിലെറെ സ്റ്റേജില്‍ കളിച്ച താണ്ഡവം നാടകമെഴുതുന്നത്. നാടക അനുഭവം വച്ചാണ് തിരക്കഥയൊരുക്കുന്നത്. അത് വൈകാതെ നാനയുടെ തിരക്കഥാമത്സരത്തിന് അയച്ചു. രണ്ടാം സ്ഥാനം കിട്ടിയത് ഗോപിയുടെ തിരക്കഥയായ വേട്ടയ്ക്കായിരുന്നു. ആ തിരക്കഥ സംവിധായകന്‍ കെ ജി ജോർജിന്റെ കൈയിലെത്തി. വൈകാതെ വേട്ട, ‘യവനിക’ എന്ന സിനിമയുമായി. അന്ന് അഭിഭാഷക സുഹൃത്ത് ഗോപാലകൃഷ്‌ണന്റെ സഹായത്തോടെ ഗോപി ഹൈക്കോടതിയെ സമീപിച്ചു. നീണ്ട കോടതിവ്യവഹാരങ്ങള്‍ക്കു ശേഷം 15000 രൂപയ്ക്കാണ് കേസ് ഒത്തു തീര്‍പ്പാക്കിയത്.

അതിനുശേഷമാണ് ‘പ്രിന്‍സിപ്പാള്‍ ഒളിവില്‍’ എന്ന സിനിമയിലേക്കെത്തുന്നത്, അതായത് 1980 ‑90 കാലഘട്ടങ്ങളില്‍ കേരളത്തിലെ അഭ്യസ്തവിദ്യരെ തൊഴിലില്ലായ്മ രൂക്ഷമായി ബാധിച്ചിരുന്ന സമയത്ത്. അന്ന് ട്യൂട്ടോറിയലുകളായിരുന്നു ഭൂരിഭാഗത്തിന്റെയും ആശ്രയം.അങ്ങനെയാണ് വിവിധ ട്യൂട്ടോറിയലുകളുടെ അനുഭവങ്ങള്‍ വെച്ച് ഗോപി തിരക്കഥ എഴുതുന്നതും സിനിമയാക്കുന്നതും. ഇതിനിടയില്‍ ബെന്‍ മാര്‍ക്കസ് സംവിധാനം ചെയ്ത പ്രൊഫസര്‍ ജോര്‍ജ്ജ് ഓണക്കൂര്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ഉവ്വ് എന്ന സിനിമയില്‍ സംവിധാന സഹായിയായി.

പ്രിയാ ഫിലിംസിന്റെ ബാനറില്‍ എന്‍ പി അബു നിര്‍മിച്ച സിനിമയുടെയും ഭാഗമായി. അന്നത്തെ പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ ആയിരുന്ന വിപിന്‍ദാസിന്റെ കൂടെ അസിസ്റ്റന്റ് കാമറമാനായും ഗോപി പ്രവര്‍ത്തിച്ചു. പ്രിൻസിപ്പാള്‍ ഒളിവിലാണ് എന്ന സിനിമയ്ക്ക് ശേഷം രണ്ടാമത്തെ ചിത്രത്തിന്റെ പിന്നാലെയായി. ‘എന്നും നിന്റെ ഓർമകളിൽ’ എന്നായിരുന്നു പേര്. ചിത്രത്തിന്റെ വിതരണത്തിന് സാജ് പിക്ചേഴ്സുമായി അഞ്ചുലക്ഷം രൂപയ്ക്ക് അന്ന് കരാറായി. അതിനിടെ സാജ് പിക്ചേഴ്സ് ഉടമയ സാമ്പത്തിക കുഴപ്പത്തില്‍പ്പെട്ടതോടെ സിനിമ ഏറ്റെടുക്കാന്‍ ആരും മുന്നോട്ടു വരാത്ത അവസ്ഥയായി. ഗോപികൃഷ്ണന്‍ അന്ന് വിട്ടതാണ് സിനിമയെ.

വനംവകുപ്പിന് വേണ്ടി വനപർവം, ദ ജീൻ പൂൾ ഫോർ ജനറേഷൻസ് എന്നി ഡോക്യുമെന്ററികളും ദൂരദർശനിൽ മരണം വരിക്കുന്ന പുകയിലശീലം, മിണ്ടാപ്രാണികളോടൽപ്പം ദയ എന്നീ ഡോക്യുമെന്ററികളും ഇതിനോടകം ഗോപി ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ നെയ്യാറ്റിൻകര ഇന്റഗ്രേറ്റഡ് പവർലൂമി(നികോപ്ടെക്സ്)ന്റെ ചെയർമാനാണ് ഗോപി. 23 വര്‍ഷത്തോളമായി ഈ സ്ഥാനത്ത് തുടരുന്നു. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുമായി ചേർന്ന് ഗ്രീൻ ഇൻഡസ്ട്രിയൽ റവല്യൂഷൻ പ്രോജക്ട് നടപ്പാക്കുന്നുണ്ട്. നെയ്യാറ്റിൻകര കൊറ്റാമം സ്വദേശിയാണ്. ഭാര്യ ഗീതയ്ക്ക് ഒപ്പം സ്റ്റാച്യൂവിലാണ് ഗോപികൃഷ്ണന്‍ ഇപ്പോള്‍ താമസിക്കുന്നത്. മക്കള്‍ — ആരതി, അശ്വതി, മരുമക്കള്‍ — അനൂപ്, റോയി, ചെറുമക്കള്‍ — നിഖില്‍, റിയ, അസ്മി.

TOP NEWS

November 24, 2024
November 24, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.