
തിരുവിതാംകൂറും ബ്രിട്ടീഷ് ഭരണവും അധികാരത്തിന്റെ വേലിയേറ്റത്തിൽ ഉയർത്തിയെടുത്ത തുറമുഖ നഗരമാണ് ആലപ്പുഴ. നിർഭാഗ്യവശാൽ, പ്രൗഢിക്ക് അല്പായുസേ ഉണ്ടായുള്ളൂ. കിഴക്കൻ മലയോരത്ത് വിളഞ്ഞ സുഗന്ധവ്യഞ്ജനങ്ങൾ കടൽ കടത്താൻ കപ്പലടുപ്പിച്ച ഡച്ചുകാരും പോർച്ചുഗീസുകാരുമെല്ലാം കാലാന്തരത്തിൽ തുറമുഖത്തെ കൈവിട്ടു. ശേഷിച്ചത് തുറമുഖത്തിന്റെയും നഗരത്തിന്റെയും ഉയർച്ച താഴ്ചകൾക്ക് സാക്ഷിയായ കടൽപ്പാലം മാത്രം. ദ്രവിച്ച് അഴിയിൽ പതിക്കാറായ ആ കടൽപ്പാലം പറയും ആലപ്പുഴയുടെ കഥ. ഒപ്പം, പൗരാണിക തനിമയോടെ ഈ നഗരത്തെ കാത്ത കനാലുകളുടെയും പാലങ്ങളുടെയും കായലുകളുടെയും ചരിത്രവും…
വെള്ള വിരിച്ച മണൽപ്പരപ്പിലേക്ക് തിരമാലകൾ ഇരച്ചു കയറുകയാണ്. തഴുകാനോ തലോടാനോ തീരത്ത് ആരോരുമില്ല. തെല്ലു കിഴക്ക് വേമ്പനാട്ടുകായലിലെ കുഞ്ഞോളങ്ങളോട് സല്ലപിക്കാനും ആരുമില്ല. കടലോരത്തിനും കായലോളങ്ങൾക്കുമിടെ പൊന്തക്കാട് നിറഞ്ഞൊരു ചതുപ്പുനിലം. പാമ്പുകളടക്കമുള്ള ജീവികളുടെ സ്വൈര്യ വിഹാര കേന്ദ്രം. നിശബ്ദത ഭഞ്ജിക്കാൻ ഇടയ്ക്കിടെ കുറുക്കന്റെ ഓരിയിടൽ മാത്രം. അവിശ്വസനീയമെന്നു തോന്നാം, മൂന്ന് നൂറ്റാണ്ട് മുമ്പ് ഇതായിരുന്നു ആലപ്പുഴ പട്ടണം. ബ്രിട്ടീഷുകാർ സ്വാധീനമുറപ്പിച്ച തിരുവിതാംകൂറിലെ രാജഭരണത്തിന്റെ നാളുകൾ. അധികാരത്തിന്റെ വേലിയേറ്റത്തിൽ പെട്ടെന്നായിരുന്നു മാറ്റങ്ങൾ. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ തോടുകളും പാലങ്ങളും ഇടറോഡുകളും വന്നു. കനാലുകൾക്കരികെ പാണ്ടികശാലകളും വാണിജ്യ കേന്ദ്രങ്ങളും കയർ വ്യവസായങ്ങളുമുയർന്നു. വളർച്ചയ്ക്ക് ഗതിവേഗം കൂട്ടി തുറമുഖവും കപ്പലുകളും വന്നു. കുറ്റിക്കാടുകൾ തിങ്ങിനിറഞ്ഞ ചതുപ്പിൽ അതോടെ പുതിയൊരു നഗരം പിറവിയെടുത്തു. കായലിനും കടലിനുമിടയിൽ രണ്ടര മൈൽ മാത്രം ദൈർഘ്യമുള്ള ഒരു തുണ്ട് മണ്ണ്. അലയും പുഴയും ചേർന്നുണ്ടായ ഭൂമിയായതിനാൽ ആദ്യ കുടിയേറ്റക്കാർക്ക് അത് ആലപ്പുഴയായി. ജലം എന്നർത്ഥമുള്ള ആലവും പുഴയും ചേർന്നതാണെന്നും പറയപ്പെടുന്നു. ‘ആളപ്പുളൈ’ എന്ന് പ്രയാസപ്പെട്ട് ഉച്ചരിച്ചിരുന്ന സായ്പിന് പിന്നീടത് ‘ആലപ്പി‘യായി. തിരുവിതാംകൂറിന്റെ ശക്തി ക്ഷയവും കൊച്ചി തുറമുഖത്തിന്റെ ഉദയവും വേലിയിറക്കം പോലെ ആലപ്പുഴയുടെ പ്രൗഢി ചോർത്തി. സൂറത്തിൽ നിന്നും മുംബയിൽ നിന്നുമൊക്കെയെത്തി ആലപ്പുഴയുടെ വാണിജ്യ ഭൂപടത്തെ അലങ്കരിച്ചിരുന്ന വ്യാപാരികളും വ്യവസായികളും ഈ കനാൽ നഗരത്തോടു വിട പറഞ്ഞു തുടങ്ങി. കുറെപ്പേർ ജന്മനാടുകളിലേക്ക് മടങ്ങിയപ്പോൾ വേറൊരു കൂട്ടർ കൊച്ചിയിൽ ചേക്കേറി. തുറമുഖത്തിന്റെ ചൈതന്യമായി 1762 ൽ പണി കഴിപ്പിച്ച കടൽപ്പാലം കണ്ടാലറിയാം ദൈന്യതയുടെ മുഖം. ദ്രവിച്ച് കടലിൽ പതിക്കാറായ തൂണുകൾ പറയും ഈ നഗരത്തിന്റെ കുതിപ്പിന്റെയും കിതപ്പിന്റെയും കഥ.
******************************
ഗ്രാമങ്ങളോ കമ്പോളങ്ങളോ വികസിച്ച് രൂപപ്പെട്ട നഗരങ്ങൾ പോലെയായിരുന്നില്ല ആലപ്പുഴയുടെ പിറവി. അറബിക്കടലിനും വേമ്പനാട്ടുകായലിനും മധ്യേയുളള ഒരു തുണ്ട് ഭൂമി രണ്ടര നൂറ്റാണ്ടു മുമ്പ് ആസൂത്രിത നഗരമായി വളർത്തിയെടുക്കുകയായിരുന്നു. കനാലുകൾ, തുറമുഖം, പാണ്ടികശാലകൾ, കെട്ടിടങ്ങൾ, നിരത്തുകൾ, പാലങ്ങൾ എന്നിവയെല്ലാം എഞ്ചിനീയറിങ് വൈഭവത്തോടെ സൃഷ്ടിച്ചു. 18-ാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ ആരംഭിച്ച നിർമ്മാണ പ്രകിയയ്ക്ക് നായകത്വം വഹിച്ചത് ധർമ്മ രാജ കാർത്തിക തിരുന്നാൾ രാമവർമ്മയുടെ കാലത്ത് ദിവാനായിരുന്ന രാജാ കേശവദാസനാണ്. മൈസൂറിന്റെ ആക്രമണത്തിൽ നിന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സഹായത്തോടെ മഹാരാജാവ് തിരുവിതാംകൂറിനെ രക്ഷിച്ച കാലം കൂടിയായിരുന്നു അത്. അന്ന് സേനാപതിയും കേശവദാസനായിരുന്നു. തിരുവിതാംകൂറിന്റെ സാമ്പത്തികാടിത്തറ ഭദ്രമാക്കാനുള്ള മാർഗമെന്ന നിലയിലാണ് വാണിജ്യവും അതിന് ആലപ്പുഴയിലൊരു തുറമുഖവും എന്ന ആശയം അദ്ദേഹം മുന്നോട്ടു വച്ചത്. മഹാരാജാവിന്റെ അനുമതി കിട്ടിയ ഉടൻ കാടുകൾ വെട്ടിത്തെളിച്ച് തുറമുഖത്തിന്റെ നിർമ്മാണം തുടങ്ങി. നഗരത്തിന്റെ തെക്കും വടക്കുമുള്ള പ്രദേശങ്ങളിൽ അക്കാലത്തും ജനവാസമുണ്ടായിരുന്നത് നിർമ്മാണ ഘട്ടത്തിൽ അനുഗ്രഹമായി. കിഴക്കൻ ദേശങ്ങളിൽ നിന്ന് തുറമുഖത്തേക്ക് കെട്ടുവള്ളങ്ങളിൽ ചരക്കെത്തിക്കാൻ കുത്തിയതാണ് മൂന്നര കിലോമീറ്റർ നീളമുള്ള വാണിജ്യ കനാൽ അഥവാ കൊമേഴ്സ്യൽ കനാൽ. പിന്നീട് ഇതു പോരാതെ വന്നപ്പോൾ അല്പമകലെ സമാന്തരമായുണ്ടായിരുന്ന കിടങ്ങ് ‘വാടൈ കനാലാ‘യി രൂപപ്പെടുത്തി. നാട്ടുകാർക്കത് വാടക്കനാലായി. ചെമ്പകശേരി രാജാവ് കൊച്ചിയുടെ അതിർത്തിയായി പണികഴിപ്പിച്ച കിടങ്ങായിരുന്നു അത്. ഇതിനു കുറുകെയാണ് ജില്ലാ കോടതി പാലം വന്നത്. മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കി പല്ലനയാറ്റിൽ 1924 ജനുവരി 17 ന് പുലർച്ചെയുണ്ടായ ബോട്ടപകടത്തിന്റെ വിചാരണ നടന്നത് ഈ കോടതിയിലാണ്. ആശാൻ സഞ്ചരിച്ച റെഡീമർ ബോട്ട് കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്ക് പോകും വഴിയായിരുന്നു ദുരന്തം. തുറമുഖ നഗരമുണ്ടായി 227 വർഷത്തിനു ശേഷമാണ് ആലപ്പുഴയിൽ തീവണ്ടി എത്തിയതെങ്കിലും ഈ നഗരത്തെ പുറം നാടുകളുമായി കോർത്തിണക്കാൻ 1800 കളുടെ അവസാന പാദം മുതൽ ജലഗതാഗതവും ബോട്ട്ജെട്ടിയുമുണ്ടായിരുന്നു. വാടക്കനാൽ എന്നറിയപ്പെടുന്ന കിടങ്ങിനു സമീപമുള്ള കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്ര മൈതാനം ഗാന്ധിജി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ സന്ദർശനത്താൽ പ്രസിദ്ധമാണ്.
********************
വാണിജ്യ കനാലും വാടൈ കനാലും മാത്രമല്ല, ഉപ്പൂറ്റി കനാൽ, മുറിഞ്ഞ പുഴ കനാൽ, പടിഞ്ഞാറേ ജങ്ഷൻ കനാൽ, കിഴക്കേ ജങ്ഷൻ കനാൽ, എ എസ് കനാൽ എന്നിങ്ങനെ നിരവധി കനാലുകളും പിന്നീട് വന്നത് നഗരത്തിന് അഴകേകി. പോളത്തോട്, മാർത്തോമ്മ കനാൽ, റാണിത്തോട്, ഷഡാമണിത്തോട്, പട്ടാണിയിടുക്ക് തോട് എന്നിങ്ങനെ തോടുകളും മുതലപ്പൊഴി, അയ്യപ്പൻ പൊഴി, വാട്ടപ്പൊഴി എന്നിങ്ങനെ പൊഴികളും കൂടിയാകുമ്പോൾ ആകെയൊരു നീരൊഴുക്ക് ചന്തം. വെറുതെയല്ല കഴ്സൺ പ്രഭു ഈ നഗരത്തെ കിഴക്കിന്റെ വെനീസെന്ന് വിളിച്ചത്. വൈസ്രോയിയായിരുന്ന ജോർജ് നഥാനിയൽ കഴ്സൺ 1905 ൽ തന്റെ ഭരണ കാലാവധി തീരുന്നതിനു തൊട്ടു മുമ്പാണ് കുടുംബ സമേതം ആലപ്പുഴയിലെത്തിയത്. നിറയെ കനാലുകളും തോടുകളും കനാൽ വക്കുകളിൽ വീടുകളുമുളള ഇറ്റലിയിലെ വെനീസാണ് അദ്ദേഹത്തിന്റെ ഓർമ്മയിലെത്തിയത്. സൗന്ദര്യത്താൽ മതിമറന്ന കഴ്സൺ പ്രഭു ആലപ്പുഴയ്ക്ക് പ്രശംസ ചൊരിയുകയായിരുന്നു. ആലപ്പുഴയ്ക്ക് മുമ്പേ മുസ് രിസിലും ബക്കരെയിലും തുറമുഖങ്ങൾ ഉണ്ടായിരുന്നതായി പ്ലീനിയുടെ യാത്രാ രേഖകളിലുണ്ട്. ബക്കരെ എന്നത് പുറക്കാടാണെന്ന് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. ബക്കരെയിലേക്ക് കുരുമുളക് കൊണ്ടുവന്നിരുന്നത് കൊട്ടനാര(കുട്ടനാട്) എന്ന സ്ഥലത്തു നിന്നാണെന്നും ചരിത്രം പറയുന്നു. വേമ്പനാട്ടു കായൽ കൊണ്ട് ആലപ്പുഴയോട് വിളക്കിചേർത്ത കുട്ടനാടിന്റെ ആദിമനാമം ‘ചുട്ടനാട്’ എന്നാണെന്ന് ഐതിഹ്യം. ജലാശയങ്ങളുടെ നാട് എന്ന അർത്ഥത്തിലും ‘കുട്ടനാട് ’ വന്നതാവാം. മഹാഭാരത ഐതിഹ്യവുമായും കുട്ടനാടിനെ ചേർത്തു വയ്ക്കുന്നവരുണ്ട്. രാമങ്കരി, മിത്രക്കരി, മാമ്പുഴക്കരി, കൈനകരി, ചങ്ങങ്കരി, ചേന്നങ്കരി… എന്നിങ്ങനെ കരികൾ നിരവധിയാണ്. അർജുനൻ അഗ്നിക്ക് ആഹാരമായി നൽകിയ കാടിന്റെ അവശിഷ്ടങ്ങളത്രേ കുഴിക്കുമ്പോൾ കിട്ടുന്ന കരി!
****************************
‘ശൂന്യതയിൽ നിന്ന് ഉദിച്ചുയർന്ന നഗരം’ എന്നാണ് ‘സർവെ ഓഫ് ദി ട്രാവൻകൂർ ആന്റ് കൊച്ചിൻ സ്റ്റേറ്റ്സി‘ൽ ലെഫ്‌വാഡും കോണറും ആലപ്പുഴയെ വിശേഷിപ്പിച്ചിരിക്കുന്നത്. കുടിയേറ്റക്കാർക്ക് നൽകിയ പ്രോത്സാഹനത്തെ തുടർന്നായിരുന്നു നഗരത്തിന്റെ അതിവേഗ വളർച്ച. പഴവും പച്ചക്കറികളും മലഞ്ചരക്കും വഹിച്ച് സദാ ഒഴുകുന്ന ജലയാനങ്ങൾ ഉത്സാഹം നിറച്ച ദിനങ്ങൾ. ഗുജറാത്തിലും മുംബയിലുമൊക്കെ ചെന്ന് രാജദൂതന്മാർ വ്യാപാരികളെ ക്ഷണിച്ചു വരുത്തുകയായിരുന്നു. ഇംഗ്ളണ്ടിൽ നിന്നുള്ള വ്യാപാരികളുമെത്തി. സർക്കാർ ഇപ്പോൾ നടത്തിവരുന്ന ‘ഇൻവെസ്റ്റേഴ്സ് മീറ്റ്’ പോലെ! “തുറമുഖത്തു നിന്ന് നോക്കിയാൽ കാണാവുന്ന ദൂരമത്രയും പതിച്ചെടുത്തു കൊള്ളൂ…” എന്നാണ് ആദ്യമെത്തിയ നവറോജി കുടുംബത്തോട് ദിവാൻ കല്പിച്ചത്. നവറോജി പുരയിടം ഇന്നും ആലപ്പുഴയിലുണ്ട്. കച്ച്, സിന്ധ്, ജൈന വ്യാപാരികളും മാർവാടികളും പിന്നാലെ വന്നു. അന്നു കച്ചവടത്തിനായി വന്ന ഗൗഡസാരസ്വത ബ്രാഹ്മണരുടെയും റെഢ്യാന്മാരുടെയും പിൻതലമുറ ഹോട്ടൽ, ടെക്സ്റ്റൈൽ, ജൂവലറി വ്യാപാരങ്ങളുമായി ഇപ്പോഴും നഗരത്തിൽ സജീവമാണ്. പണമുണ്ടാക്കണമെങ്കിൽ ആലപ്പുഴയിൽ പോകണം എന്നായിരുന്നു അക്കാലത്ത് പുറംനാടുകളിലെ സംസാരം. “യാചകർ വന്നാൽ പോലും രണ്ടു കൈയും കൊണ്ട് വാരിയാണ് നൽകിയിരുന്നത്. അവർക്കും കുശാലായിരുന്നു” പ്രമുഖ വ്യവസായിയായിരുന്ന വീരയ്യ റെഢ്യാർ ഒരിക്കൽ പറഞ്ഞതാണിത്. തുറമുഖവും കയറ്റുമതി വ്യാപാരവുമെല്ലാം ഓർമ്മയായതോടെ ഗുജറാത്തി തെരുവ് ശൂന്യമായി. അങ്ങിങ്ങ് ഏതാനും കുടുംബങ്ങൾ മാത്രം. സ്വത്തും സമ്പത്തും ഉപേക്ഷിച്ചാണ് പാഴ്സികൾ മടങ്ങിയത്. കൊമേഴ്സ്യൽ ഏജന്റുമാർ ചുങ്കപ്പിരിവ് നടത്തിയിരുന്ന ചുങ്കത്ത് ഇപ്പോൾ കാണാനാവുന്നത് കുറെ വള്ളങ്ങളും ഊന്നിവലകളും മാത്രം.
തുറമുഖം കേന്ദ്രീകരിച്ചു വന്ന വ്യവസായങ്ങൾ പലതും ഇല്ലാതായതോടെ തൊഴിലാളികളുടെ താളവും നിലച്ചു. പ്രതാപം അസ്തമയത്തിലേക്ക് നീങ്ങുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സർ റോബർട്ട് ബ്രിസ്റ്റോയുടെ ഭാവനയിൽ കൊച്ചി തുറമുഖം ഉദിച്ചതോടെയാണ് രാജ കേശവദാസൻ പ്രഭ ചൊരിഞ്ഞ ആലപ്പുഴയ്ക്കുമേൽ കരിനിഴൽ വീണത്. എന്നാൽ 1859 ൽ ജെയിംസ് ഡാറയെന്ന ഐറിഷ് വംശജനായ അമേരിക്കക്കാരൻ ആലപ്പുഴയിൽ ആദ്യ കയർ ഫാക്ടറി സ്ഥാപിച്ചതോടെ നഗരത്തിന്റെ വളർച്ച മറ്റൊരു ദിശയിലായി. പിന്നാലെ വിദേശികളും സ്വദേശികളുമായ വ്യവസായികളുടെ കയർ കമ്പനികൾ സ്ഥാപിതമായതോടെ കയറ്റുമതി ഉഷാറായി. പതിനായിരക്കണക്കായ തൊഴിലാളികൾ സ്ഥിരവാസമായപ്പോൾ പ്ലേഗ്, കോളറ, വസൂരി തുടങ്ങിയ മഹാമാരികൾ പിടിമുറുക്കി. പരിഹാരം തേടി ബ്രിട്ടീഷുകാർ വലഞ്ഞു. പ്രാദേശിക മുൻസിപ്പാലിറ്റികൾ ബ്രിട്ടീഷ് ഇന്ത്യയിൽ രൂപീകരിച്ചതിന് പശ്ചാത്തലമൊരുക്കിയതും ആലപ്പുഴയായിരുന്നു. അറുപതുകളുടെ അവസാനത്തോടെ കയർ വ്യവസായവും പ്രതിസന്ധിയിലായി. വിദേശ വ്യവസായികൾ പിൻവാങ്ങി. ഉല്പാദനം നഗരത്തിനു വെളിയിലുള്ള ചെറുകിട ഫാക്ടറികളിലേക്കു നീങ്ങി. കയർ കയറ്റുമതി ഇടിഞ്ഞു. ക്രമേണ തുറമുഖം തന്നെ ഇല്ലാതായി. കാരണങ്ങൾ പലതാണെങ്കിലും വന്നതിനെക്കാൾ വേഗത്തിലായിരുന്നു തുറമുഖ നഗരത്തിന്റെ പ്രതാപം അസ്തമിച്ചത്. എങ്കിലും ആ വരവിനൊരു സൗന്ദര്യമുണ്ടായിരുന്നു.
******************************
തിളക്കമാർന്ന ഗതകാലം ഓർമ്മയായെങ്കിലും പഴയ പ്രതാപത്തിലേക്ക് നഗരം മെല്ലെ മടങ്ങിയെത്തുകയാണ്. വിദേശികളടക്കമുള്ള വിനോദ സഞ്ചാരികൾ ആലപ്പുഴയെ ഇഷ്ട ലൊക്കേഷനായി അടയാളപ്പെടുത്തിക്കഴിഞ്ഞു. കഴ്സൺ പ്രഭുവിനെ അമ്പരപ്പിച്ച കനാലുകളും പാലങ്ങളും മുഖം മിനുക്കി സഞ്ചാരികളെ വരവേല്‍ക്കുന്നു. സിഎസ്ഐ സെമിത്തേരിക്കടുത്തുള്ള ശവക്കോട്ടപ്പാലം, നാലു പാലങ്ങൾ ചേർന്ന നാല്പാലം, ഇരുമ്പ് പാലം, കല്ലുപാലം, കല്ലൻ പാലം, കടൽപ്പാലം, മട്ടാഞ്ചേരി പാലം, ചുങ്കപ്പാലം എന്നിങ്ങനെ അമ്പതിലേറെ പാലങ്ങൾ. ഇവയുടെ പേരുകൾക്കു പിന്നിലുമുണ്ട് രസകരമായ കഥകൾ. ദിവാന്റെ സഹായിയായിരുന്ന മാത്തു തരകന്റെ അനുയായി കണ്ണൻ വർക്കിയുടെ പേരിലുമുണ്ട് ഒരു പാലം. 1818 ൽ സെമിത്തേരി വന്നതിനു പിന്നാലെ നിർമ്മിച്ച ശവക്കോട്ടപ്പാലത്തിന് അടുത്തിടെ പരിഷ്കരിച്ച പേരിട്ടെങ്കിലും നാട്ടുകാർക്കിഷ്ടം ശവക്കോട്ട തന്നെയാണ്. സഞ്ചാരികൾക്ക് നൂറ്റാണ്ടുകളായി വിസ്മയക്കാഴ്ചയാണ് കടപ്പുറത്തെ ലൈറ്റ് ഹൗസ് .
**************************
ഒരിക്കൽ ആലപ്പുഴ പട്ടണം ഉദിച്ചുയർന്നത് പടിഞ്ഞാറ് അറബിക്കടലിന്റെ തീരത്തു നിന്നായിരുന്നു. എന്നാൽ വിനോദ സഞ്ചാരികൾ നഗരത്തെ പ്രണയിച്ചു തുടങ്ങിയതോടെ കിഴക്ക് പുന്നമട കായലോരത്താണ് ഇപ്പോൾ ജീവിതം തളിരിടുന്നത്. ആവേശത്തിന്റെ തുഴയെറിയാൻ ഓണക്കാലത്ത് നെഹ്‌റു ട്രോഫി ജലമേളയുമുണ്ട്. ആയിരത്തിലേറെ ഹൗസ് ബോട്ടുകളാണ് പുന്നമട, പള്ളാത്തുരുത്തി, ചുങ്കം, നെടുമുടി കേന്ദ്രീകരിച്ച് നിത്യവും സർവീസ് നടത്തുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളും റിസോർട്ടുകളും പുന്നമടയെ അലങ്കരിക്കുന്നു. തണ്ണീർമുക്കത്തെ പാതിരാമണൽ ദ്വീപ് ഉൾപ്പെടെ വേമ്പനാട്ടു കായലോരം നിറയെ ഹൃദയഹാരിയായ കാഴ്ചകളാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ജലഗതാഗത വകുപ്പിന്റെ ടൂറിസ്റ്റ് ബോട്ടുകളുമുണ്ട്. ജോലി കഴിഞ്ഞ് മടങ്ങുന്ന തൊഴിലാളികൾ ഒരുകാലത്ത് മുങ്ങിക്കുളിച്ചിരുന്ന കനാലുകൾ പലതും പോളപ്പായലടിഞ്ഞ് മാലിന്യവാഹിയാണിന്ന്. എന്നാൽ ശുചിത്വ യജ്ഞത്തിലൂടെ നഗരസഭ ‘നല്ല ആലപ്പുഴ’യെ തിരിച്ചു കൊണ്ടു വരുന്നുണ്ട്. രണ്ടര നൂറ്റാണ്ടു മുമ്പ് രാജാ കേശവദാസൻ കപ്പലുകളിലൂടെ കൊണ്ടുവന്ന പ്രൗഢി ടൂറിസത്തിലൂടെ മടങ്ങിയെത്തുന്ന കാലം വിദൂരമല്ല. ഉറപ്പിച്ചു പറയാം, ആലപ്പുഴയ്ക്ക് ജലമാണ് ജീവൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.