13 November 2024, Wednesday
KSFE Galaxy Chits Banner 2

മാധവ’നെഴുത്തച്ഛന്‍’

ഡോ. വന്ദന ബി
November 10, 2024 3:34 am

മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ പേരിലുള്ള പരമോന്നത സാഹിത്യ പുരസ്കാരത്താൽ തിരുത്തിന്റെ കഥാകാരൻ സമ്മാനിതനായിരിക്കുന്നു. പുതിയ കാലത്തിന്റെ പുതിയ പ്രശ്നങ്ങളെ നേരിടാൻ സന്നദ്ധവും സജ്ജവും ആകേണ്ട രചനാരീതിയും പാതകളും ഏതെന്ന് ചൂണ്ടിക്കാണിച്ച സാഹിത്യകാരനാണ്എൻ എസ് മാധവൻ. മലയാളസാഹിത്യത്തിൽ ആധുനികതയുടെ കാലം ശക്തിയോടെയാണ് വായനക്കാരിലേക്ക് കടന്നുവന്നത്. പാരമ്പര്യത്തിന്റെയും ഭാവുകത്വത്തിന്റെയും ശീലങ്ങളെ അടിമുടി ഉലച്ച ആ സാഹിത്യപ്രസ്ഥാനം മലയാള സാഹിത്യത്തിന് നൽകിയ എഴുത്തുകാരിൽ പ്രമുഖനാണ് അദ്ദേഹം. ഓരോ രചനയിലും ആഖ്യാനവും പ്രമേയവും വ്യത്യസ്തമാക്കിക്കൊണ്ട് മാധവൻ എപ്പോഴും പുതുമയാർന്ന ആവിഷ്കാരങ്ങൾ നടത്തുന്നു. സ്വയം പുതുക്കലുകൾ സാധ്യമാക്കുമ്പോഴും ഒരു വാക്കിലോ വാചകത്തിലോ ആവർത്തനം സൃഷ്ടിക്കുന്നുമില്ല.

വായനക്കാരുടെ സംവേദന ശീലങ്ങളെ അടിമുടി ഉലക്കുന്ന ആഖ്യാന രീതി കൊണ്ട് ഓരോ ചെറുകഥയും ഓരോ പൂർണ സൃഷ്ടികൾ ആകുന്നു. അനേകം വായനാസാധ്യതകൾ അവയിൽ ഒളിഞ്ഞിരിക്കുകയും ചെയ്യുന്നു. വ്യക്തിയിൽ നിന്ന് സാധ്യതകളിലേക്കുള്ള മാറ്റം കഥയുടെ സൂക്ഷ്മ വിശകലനത്തിൽ വ്യക്തമാകും.ആ നിരീക്ഷണങ്ങളിൽ ആധുനിക സാഹിത്യത്തിന്റെ പുഞ്ചിരി കാണാം. എല്ലാ ചരിത്ര സന്ധികളിലും പനിപിടിക്കുന്ന ചുല്യാറ്റും ജീവിത സങ്കീർണതകളിലേക്ക് കയറിച്ചെന്നുകൊണ്ട് വാക്കുകളിൽ കഥയെ കൊത്തിവയ്ക്കുന്ന കല എന്തെന്ന് പറഞ്ഞുവയ്ക്കുന്ന മുയൽ വേട്ട, ബിയാട്രീസ്, അനുഷ്ഠാനഹത്യകൾ, മുംബൈ, ആയിരത്തി രണ്ടാമത്തെ രാവ് തുടങ്ങിയ കഥകളും പൂർണമായും മനുഷ്യനെ തിരുത്തി അടയാളപ്പെടുത്തുന്നതാണ്. തന്റേതായ ഒരു ഭാഷാശൈലി രൂപപ്പെടുത്തി എടുക്കുമ്പോഴും പുത്തൻ ആശയങ്ങൾ സമ്മാനിക്കുവാനും വേറിട്ടൊരു വായനാനുഭവം സൃഷ്ടിക്കുവാനും കഥാകാരൻ മറക്കുന്നില്ല .

അര നൂറ്റാണ്ടിനപ്പുറം നീളുന്ന എഴുത്ത് ജീവിതത്തിലെ നല്ല മുഹൂർത്തങ്ങളിൽ ഒക്കെയും വൈവിധ്യപൂർണമായ പ്രമേയങ്ങൾ ചെറുകഥാ രൂപത്തിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം അസാധാരണമായ വൈവിധ്യം പ്രകടിപ്പിക്കുന്നു. സമൂഹ ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലും വിലയിരുത്തുന്നതിലും ചെലുത്തുന്ന ശ്രദ്ധ ചെറുകഥ എന്ന സാഹിത്യ വിഭാഗത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1970ൽ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തിൽ ശിശു എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടുന്നത് മുതൽ പരമ്പരാഗത സങ്കല്പങ്ങളിൽ നിന്നും വഴിമാറി നടക്കാനുള്ള ജാഗ്രതയുണ്ടെന്ന് കാണാം. തീക്ഷ്ണമായ അനുഭവങ്ങളുടെ മിന്നലാട്ടം അവതരിപ്പിക്കുക എന്ന കൃത്യം സമർത്ഥമായി കഥകളിൽ സന്നിവേശനം ചെയ്യപ്പെടുന്നു. 1984ലെ ഇന്ദിരാഗാന്ധി വധവും അതിനെ തുടർന്നുണ്ടായ കലാപവുമാണ് വൻമരങ്ങൾ വീഴുമ്പോൾ എന്ന കഥയുടെ പശ്ചാത്തലം. മീററ്റിലെ കന്യാസ്ത്രീ മഠവും അവിടുത്തെ അന്തേവാസികളും ചേർന്നൊരുക്കുന്ന അന്തരീക്ഷമാണ് കഥക്കുള്ളത്. ‘ജീവിതത്തിൽ ആദ്യമായി ചരിത്രം എന്നെ ശാരീരികമായി ബാധിച്ചു’ എന്ന് അദ്ദേഹം എഴുതുന്നു. അതിന് വല്ലാത്ത ഉൾക്കനമുണ്ട്. സാമൂഹികമായ ആക്ഷേപഹാസ്യം നിഴലിക്കുന്ന കഥയാണ് വിലാപങ്ങൾ. ഭരണാധികാരിയിൽ നിന്നും രക്ഷ തേടി പലായനം ചെയ്യുന്ന ജനതയുടെ ശക്തമായ ചിത്രം. മുസൂറി എന്ന ദ്വീപ് എങ്ങനെ ഏകാന്തമായി തീർന്നു എന്നതിന്റെ ഉത്തരം കഥാവസാനം നമുക്ക് ലഭിക്കും. കപ്പിത്താന്റെ മകൾ എന്ന കഥയിലെ മാളവിക വൈകാരികമായ ഏകാന്തത അനുഭവിക്കുന്ന കഥാപാത്രമാണ്. ബിംബസമൃദ്ധമായ ആശയലോകം വായനക്കാരിലേക്ക് എത്തിക്കുക മാത്രമല്ല കഥാപാത്രങ്ങളുടെ സംഘർഷങ്ങളിൽ നിന്ന് കഥയ്ക്ക് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും സാധാരണയിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങൾ കടന്നു വരികയും ചെയ്യുന്നു. ഇങ്ങനെ ചെറുകഥ എന്ന സാഹിത്യ മാധ്യമത്തിലൂടെ വായനക്കാർ തങ്ങളുടെ നീറുന്ന സാമൂഹിക പ്രശ്നങ്ങളുടെ കലാത്മകമായ ആവിഷ്കാരങ്ങൾ ഏറ്റുവാങ്ങി.

സ്ഥലവും കാലവും വിശാലമായി വരയ്ക്കപ്പെട്ട കഥകളിൽ നാടും നഗരവും ചലനാത്മകമാകുന്നു. പല കഥകളിലും നഗരം ഇരമ്പുന്ന ശബ്ദം കേൾക്കാം. പരുക്കൻ ജീവിതവും അനാഥമാകുന്ന ജീവിതങ്ങളും അതിജീവിക്കാൻ ശ്രമിക്കുന്ന മനുഷ്യരും ഇവിടെ നിറഞ്ഞുനിൽക്കുന്നു. ചരിത്രത്തിന്റെ നൈരന്തര്യമില്ലാത്ത മുറിവുകളും അസ്വസ്ഥതയിൽ നിന്നും സ്വസ്ഥതയിൽ നിന്നും ശൂന്യതയിൽ നിന്നും വാക്കുകൾ ഉണ്ടാകുന്നതും രചനകളെ പിൻതുടരുന്നവർ അനുഭവിച്ചറിയുന്നു. യാഥാർത്ഥ്യങ്ങളെ കൂടുതലായി തിരിച്ചറിയാൻ രചനകളെ നവീന ചിഹ്നങ്ങൾ അണിയിക്കുന്നതും കാണാം. ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ പോലെ സ്ഥല സാംസ്കാരിക പശ്ചാത്തലങ്ങളെ പ്രതിഫലിപ്പിക്കുന്ന പേരുകൾ തന്നെ ഉദാഹരണം. കൊച്ചിക്കടുത്ത് വേമ്പനാട്ടുകായലിലുള്ള ചെറിയ ദ്വീപായ ലന്തൻ ബത്തേരിയാണ് നോവലിന്റെ പശ്ചാത്തലം. കഥാപാത്രങ്ങളുടെ ഭാഷയാണ് മറ്റൊരു പ്രത്യേകത. മലയാള നോവലിന്റെ രൂപവും ഭാവവും തിരുത്തിയെഴുതുമ്പോഴും മനുഷ്യന്റെ നിലനിൽപ്പിന്റെ പ്രശ്നങ്ങളാണ് പ്രമേയവൽക്കരിക്കപ്പെടുന്നത്. ജ്വലിക്കുന്ന ചലന ചിത്രങ്ങൾ കഥകളായി രൂപാന്തരപ്പെടുന്നു.

ചൂഷണവും മറ്റും സഹിച്ച് പൊറുതിമുട്ടിയ ജന വിഭാഗങ്ങൾ അതിനോട് പ്രതികരിക്കുന്നതും പുതിയ ഒരു ലോകത്തിനുവേണ്ടി പൊരുതുന്നതും പല കഥകളിലും കാണാം. മലയാളഭാഷ അന്നോളം കണ്ടിട്ടില്ലാത്ത പ്രമേയങ്ങൾ, കഥാപാത്രങ്ങൾ എന്നിവയിലൂടെ എല്ലാം ചെറുകഥയെ ജനാധിപത്യവൽക്കരിക്കാനായിഎന്നത് ചെറിയ കാര്യമല്ല. ജീവിതത്തിന്റെ സങ്കീർണതകളിൽ നിന്ന് ഉടലും ഉയിരുമെടുക്കുന്ന ഭിന്നാനുഭവങ്ങളുടെ തനിപ്പകർപ്പുകളായി മാധവന്റെ രചനകൾ മാറുന്നു. മനുഷ്യന്റെ ആത്മസംഘർഷങ്ങൾ ഇണക്കി ചേർക്കുന്ന കഥകളിൽ പ്രതികാരവും പ്രണയവും ഒപ്പം സംഭവ്യതയുള്ള കഥാഗതിയുമുണ്ട്. വേഗതയും ഒറ്റപ്പെടലുമുണ്ട്. ശിശു എന്ന കഥയിൽ മരണം ഒരു കാഴ്ചപ്പാടാകുന്നു. വിമലയുടെ ഉദരത്തിൽ വളരുന്ന ക്യാൻസർ സെല്ലുകളെ അവൾ കാണുന്നത് ഗർഭസ്ഥ ശിശുവിനെ പോലെയാണ്. രോഗാനുഭവത്തെ ചാതുരിയുള്ള കഥയായി മാറ്റുന്ന തന്ത്രം ഇവിടെ കാണാം.

ചൂളൈമേട്ടിലെ രാഘവന്റെ ജീവിതം മരണഗന്ധമുള്ള അന്തരീക്ഷവുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. ‘ഒരു പ്രായം കഴിഞ്ഞാൽ നീ വളരുന്നില്ല മനുഷ്യാ- ‘എന്ന് സുവിശേഷക്കാരൻ രാഘവനോട് പറയുന്നുണ്ട്. ജീവിതത്തിന്റെ വിരസത, നിഷ്ക്രിയത, മടുപ്പ് ഇതെല്ലാം കഥകൾ മുന്നോട്ടുവയ്ക്കുന്നു. തീസിസ് തയ്യാറാക്കുക എന്ന ലക്ഷ്യം കൈവരിച്ചതിനുശേഷം അകന്നുപോകുന്ന തെരേസയിലും ഉണ്ട് വൈകാരികതയുടെ സംഘർഷം. മരണം പിന്നീട് ആഘോഷത്തിലേക്ക് വഴിമാറുന്നു. കുമാരന്റെ മരണത്തോടെ നിസംഗമാകുകയും ചെയ്യുന്നു. ഘടന കൊണ്ടും ആവിഷ്കാരം കൊണ്ടും അസാധാരണത്വം പുലർത്തുന്ന കഥകൾ ജീവിതത്തിന്റെ ബാഹ്യ ചലനങ്ങളേക്കാൾ ആന്തര ചലനങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ട് ചെറുകഥയിൽ ഒരു പുതിയ ഭാവുകത്വ പരിണാമം സാധ്യമാക്കുന്നു. സമൂഹത്തിന്റെ നിയമ സംഹിതകളോട് ഒത്തുപോകാനാവാത്തവരും നിരാശയുടെ മടുപ്പ് പേറുന്നവരും കഥകളിൽ കാണാം. നൂതനമായ ഒരനുഭവ മേഖലയിലേക്കുള്ള പ്രവേശനമാണ് കഥയിലൂടെ സംഭവിക്കുന്നത്. കഥാഖ്യാനത്തിന്റെ തിരഞ്ഞെടുപ്പ്, ആഖ്യാനം, കഥാസന്ദർഭം എന്നിവയൊക്കെ ഓരോ കഥയിലും വളരെ പ്രാധാന്യമർഹിക്കുന്നു .

ഹിഗ്വിറ്റ ഏറെ ചർച്ച ചെയ്യപ്പെട്ട കഥയാണ്. കൊളംബിയൻ ഗോൾ കീപ്പർ ആയിരുന്ന റെനെ ഹിഗ്വിറ്റയുടെ പേരാണ് കഥയ്ക്ക് നൽകിയിരിക്കുന്നത്. ലോകം മുഴുവൻ നെഞ്ചേറ്റിയ ഒരു കളിക്കാരനെ സമർത്ഥമായി കഥയിൽ ഇഴ ചേർത്ത് നെയ്തെടുക്കുന്നിടത്താണ് കഥാകൃത്തിന്റെ മിടുക്ക് .ഗീവർഗീസ് അച്ഛന് തൻറെ പരിമിതികൾക്കപ്പുറം ഉണർന്ന് പ്രവർത്തിക്കേണ്ടിവരുമ്പോൾ കഥയുടെ പേർ അന്വർത്ഥമാകുന്നു. ഗോളിയുടെ ചലനാത്മകതയെയും ഈ കഥയിൽ ഉപയോഗിക്കപ്പെട്ട ഭാഷ തെളിമയോടെ എടുത്തു കാണിക്കുന്നു. കഥ പറയാൻ അനിവാര്യമായ സംഭാഷണങ്ങൾ മാത്രമേ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളൂ. നാലാം ലോകം, നിലവിളി തുടങ്ങിയ കഥകൾ വായിച്ചിട്ടുള്ളവർക്ക് അവ മറക്കാൻ സാധിക്കാത്തത് മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങൾ കൊണ്ടു കൂടിയാണ്. പ്രമേയത്തിൽ ശ്രദ്ധ പതിപ്പിക്കുമ്പോഴും സമൂഹത്തോട് ചിലത് പറയാനുണ്ടാവുക, നിലവിലുള്ള സാമൂഹിക ജീവിതത്തെ തുറന്നു കാണിക്കുക, വിമർശിക്കുക ഇതെല്ലാം കഥകളിൽ ഉൾചേർക്കാൻ അദ്ദേഹം പരിശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിരന്തരം ചർച്ച ചെയ്യുന്ന പ്രശ്നങ്ങൾ പ്രമേയങ്ങളായി വാർന്നുവീണ സാഹിത്യകൃതികൾ വായനക്കാർ ആവേശത്തോടെ ഏറ്റുവാങ്ങുകയും മലയാള സാഹിത്യത്തിൽ ഒരു പുതിയ കാലാവസ്ഥ സംജാതമാവുകയും ചെയ്തു.

മലയാളസാഹിത്യത്തിലെ മറ്റാരുടെയും കഥകളോട് വിഷയവൈവിധത്താലോ അവതരണ രീതിയാലോ മാധവന്റെ കഥകൾ സാമ്യം വഹിക്കുന്നില്ല. കഥ മുന്നോട്ടുവയ്ക്കുന്ന സംവേദന ശീലത്തിന്റെ ഉരുത്തിരിയിലും പരിവർത്തനവും ശ്രദ്ധേയമാണ്. സ്വകീയമായ പാത പിന്തുടരുമ്പോഴും തെരഞ്ഞെടുക്കുന്ന വിഷയങ്ങൾ നമ്മെ അമ്പരപ്പിക്കുന്നു. പരപ്പേറിയ ജീവിതാനുഭവങ്ങൾ സമ്പന്നമാക്കുന്ന കഥകൾ തിളക്കവും കനവും മൂർച്ചയും ഉള്ളവയാണ്. എന്തുകൊണ്ട് ഇങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാത്ത മനുഷ്യമനസിന്റെ അസ്വസ്ഥതകളും സങ്കീർണതകളും അനേകം കഥകളുടെ പ്രമേയമാണ്. ആന്തരിക തലത്തിൽ കഥ വഹിക്കുന്ന ഗഹനത അപാരവും. അതുകൊണ്ടുതന്നെ ഭാഷയിലും സാഹിത്യത്തിലും നിലനിന്ന കീഴ് വഴക്കങ്ങളെ ഭേദിച്ചുകൊണ്ട് അനുകരിക്കാൻ ആവാത്ത വിധം അദ്ദേഹത്തിന്റെ രചനകൾ നിലനിൽക്കുകയും ചെയ്യുന്നു. ലാഘവ ബുദ്ധിയോടെ തള്ളിക്കളയാനും വായിക്കാനും പറ്റുന്ന കഥകളല്ല ഇത്. രീതികളാൽ ഒരു അനുഭവമായി മാറുന്നു എന്നതാണ് അതിന്റെ ഏറ്റവും വലിയ വ്യത്യസ്തത.

മുരടിച്ചും ജീർണിച്ചും നിന്ന സമൂഹത്തെ, ജനതയെ, പച്ചയായി പറിച്ചെടുത്തുവയ്ക്കുന്ന കഥാകാരൻ അതിഭാവുകത്വമോ വികാരവിസ്ഫോടനമോ ഇല്ലാതെ ശാസ്ത്രീയമായ അപഗ്രഥന ബുദ്ധിയോടെ മനുഷ്യജീവിതത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. കഥകൾ ജീവിതത്തിന്റെയും യുക്തിയുടെയുമായി മാറുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു പക്ഷേ സമാശ്വാസമോ വാചകങ്ങളോ പോരെന്നും ഈ കഥകൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. തിരുത്തേണ്ട വഴികളെക്കുറിച്ചും പുതുകാലത്തെ ഇടത്തെക്കുറിച്ചും സംസാരിച്ചുകൊണ്ട് എൻ എസ് മാധവൻ എന്ന കഥാകാരൻ കാലിക ജീവിതത്തിന്റെ കർമ്മഭൂമിയിൽ കാലുറപ്പിച്ച് നിൽക്കുന്നു.

TOP NEWS

November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 11, 2024
November 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.