23 November 2024, Saturday
KSFE Galaxy Chits Banner 2

‘ഗെദ്ദ’ എന്ന ജീവിത പുസ്തകം

വിജയ് സി എച്ച്
May 2, 2022 4:00 am

മാൽഗുഡി എന്ന സാങ്കൽപിക ഗ്രാമം രാജ്യത്തെ വായനക്കാരിൽ സൃഷ്ടിച്ചത് ഒരു പുത്തൻ ഉണർവ്വായിരുന്നു. ആ ഗ്രാമവും, നാല്പതുകളിൽ അവിടെ ജീവിച്ചിരുന്ന ജനങ്ങളും, പതിനാലു നോവലുകൾക്കും അതിലേറെ ചെറുകഥകൾക്കും കാരണമായി. യഥാർത്ഥത്തിൽ, ആർ കെ നാരായൺന്റെ മാൽഗുഡി എഴുത്തുകൾ ഇന്ത്യയിൽ അതുവരെയുണ്ടായിരുന്ന കലാ-സാഹിത്യ ഭാവുകത്വത്തെ പുതുക്കിപ്പണിഞ്ഞു.

 

കാൽ നൂറ്റാണ്ടിനു ശേഷം മൈസൂരിലെ മാൽഗുഡി കേരളത്തിലെത്തിയപ്പോൾ, കിണാശ്ശേരിയിലെ ഖസാക്കായി പരിണമിച്ചു. ഇവിടെയാണ് ഒ വി വിജയന്റെ പ്രഥമ നോവൽ ‘ഖസാക്കിന്റെ ഇതിഹാസം’ പിറവികൊണ്ടത്. സർഗ്ഗചേതനയാൽ സമ്പുഷ്ടമാണ് സങ്കല്പ ദേശങ്ങൾ. എന്നാൽ, ജക്കരാന്തയും, ഗുൽമോഹറും, കണിക്കൊന്നയും എന്നും പൂക്കുന്ന ഗെദ്ദ എന്ന ഭൂമികയിൽ കല്പിത കഥകൾക്ക് ഇടം കൊടുക്കാത്തത്രയും സൃഷ്ടിപരതയുള്ള യാഥാർത്ഥ്യങ്ങളാണ് നിഗൂഹനം ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ‘ഗെദ്ദ’യെഴുതിയ രേഖ തോപ്പിൽ വിശ്വസിക്കുന്നു.
“തമിഴ് നാട്ടിലെ നീലഗിരി ജില്ലയിൽ, ഊട്ടിയുടെ ഏകദേശം എഴുപതു കിലോമീറ്റർ തെക്കുപടിഞ്ഞാറായി കിടക്കുന്ന മലമ്പ്രദേശമാണ് ഗെദ്ദ. പറഞ്ഞാലും, പറഞ്ഞാലും തീരാത്ത കഥകളാണ് ഈ മണ്ണിലുള്ളത്,” രേഖ ആവേശത്തോടെ പറഞ്ഞു തുടങ്ങി…

ഗെദ്ദയുടെ ലൊക്കേഷൻ
തമിഴിൽ ഗെദ്ദായ് എന്നറിയപ്പെടുന്ന ഈ കാട്ടുപ്രദേശം കേരളത്തിന്റെ അതിർത്തിയോടു ചേർന്നാണ് നിലകൊള്ളുന്നതെങ്കിലും, പശ്ചിമഘട്ടം കുറുകെ മുറിച്ചു കടന്ന് നേരിട്ട് ഇവിടെയെത്താൻ മാർഗങ്ങളൊന്നുമില്ല. പാലക്കാടു നിന്നും മുണ്ടൂർ‑മണ്ണാർക്കാട്-അട്ടപ്പാടി-മുള്ളി വഴി ആരൊക്കെയോ അനൗദ്യോഗികമായ കാട്ടു പാതകളിലൂടെ മഞ്ഞൂരിലേയ്ക്ക് വന്നിട്ടുണ്ടെന്നത് കേട്ടറിവാണ്. ഏതു ഭാഗത്തു നിന്നു പുറപ്പെടുകയാണെങ്കിലും, തമിഴ് നാട്ടിലെ മഞ്ഞൂർ‑കിണ്ണക്കോരൈ ഹൈറേയ്ഞ്ച് റോഡാണ് ഗെദ്ദയിലെത്താൻ സ്വീകരിക്കേണ്ടത്. മേട്ടുപ്പാളയത്തു നിന്ന് 65 കിലോമീറ്ററും, കൂനൂരിൽ നിന്ന് 40 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം. മഞ്ഞൂരിൽ നിന്ന് വീണ്ടുമൊരു പത്തു കിലോമീറ്റർ യാത്ര ചെയ്താലേ ഗെദ്ദയിലെത്തൂ.

ഗെദ്ദയിൽ സംഭവിച്ചത്
അധികം സംസാരിക്കാത്ത ഫോറസ്റ്റർ രവിയാണ് എന്നോട് ആ കഥ പഞ്ഞത്. 1990 ഒക്ടോബർ 25ന് ഗെദ്ദയെ ഗ്രഹിച്ച പ്രകൃതി ദുരന്തം ഓർക്കാനോ പറയാനോ മറ്റാർക്കും താല്പര്യമില്ലായിരുന്നു. മൂന്നു ദിവസം തുടർച്ചയായി മഴ പെയ്തു. ആ താഴ്വര അതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ശക്തിയേറിയ കോരിച്ചൊരിച്ചിൽ. ഗെദ്ദയെ ചുറ്റിയൊഴുകുന്ന കാട്ടാറിൽ ജലനിരപ്പ് പൊടുന്നനെ ഉയർന്നു. ആകാശത്ത് മിന്നൽ പിണറുകളും, ഇടിനാദങ്ങളും ഇടതടവില്ലാതെ കലഹിച്ചു. വൻ വൃക്ഷങ്ങൾ ഉലഞ്ഞാടി. വൈദ്യുതി നിലച്ചു. ഭയാനകമായ രാത്രി. പലരും നേരത്തെ ഉറങ്ങാൻ കിടന്നു. അർദ്ധരാത്രിയോടടുക്കും മുന്നെ ആകാശം പിളരുന്നതു പോലെ ഒരു മുഴക്കം! പാത്രങ്ങൾ കുലുങ്ങി, കെട്ടിടങ്ങൾ ഭീതിയുണർത്തും വിധം കമ്പനം കൊണ്ടു. നീലഗിരിനിരകൾ സാക്ഷ്യം വഹിച്ച മേഘവിസ്ഫോടനങ്ങളിൽ അതിഭയാനകമായതെന്ന് ഭൗമ വൈജ്ഞാനികർ ആ കഠോരശബ്ദത്തെ പിന്നീട് വിശദീകരിച്ചു. ഗെദ്ദയുടെ പുറകിലായി ആകാശംമുട്ടേ തലയുയർത്തി നിന്ന വമ്പൻ മലയുടെ പകുതി പിളർന്ന് ഉരസിയിറങ്ങി.

 

ദ്രുതഗതിയിൽ വഴുതിയെത്തി വഴിയിലൊട്ടാകെ സംഹാര താണ്ഡവമാടിയ പടുകൂറ്റൻ പർവ്വതഖണ്ഡം ആ കുഞ്ഞു പട്ടണത്തെ മുഴുവൻ മൂടിക്കളഞ്ഞു. സർവ്വവും അതിനടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞു. രക്തം കലർന്ന കാട്ടാറ് ചുവന്നൊഴുകി. രക്ഷാപ്രവർത്തകർ എത്തിയത് അടുത്ത പ്രഭാതത്തിലായിരുന്നു. ടൗണിലെ സിനിമാ ശാലയിൽ ആ രാത്രി പടം ഓടിയിരുന്നുവെങ്കിൽ മരണനിരക്ക് അഞ്ഞൂറു കവിയുമായിരുന്നു. ഓർമ്മയുള്ളത് എനിക്കു വേണ്ടി പറഞ്ഞു തീർത്തപ്പോൾ, രവിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. കഥയിൽ മുങ്ങിപ്പോയ എന്റെയും. ദീർഘകാല ഗെദ്ദാ നിവാസിയായ ആ ഫോറസ്റ്റർക്ക് ഏറെ അടുപ്പമുള്ളവരായിരുന്നു അപകടത്തിൽ അകപ്പെട്ടവരിൽ പലരും. ദുരന്തം അതിജീവിച്ചവരിൽ ഭൂരിഭാഗവും ഗെദ്ദ ഉപേക്ഷിച്ചു പോയി. മരിച്ചവരുടെ ഓർമ്മയ്ക്കായി പണിയിച്ച ഒരു സ്‌മൃതിമണ്ഡപം ഉണ്ടിവിടെ. വർഷാവർഷം ഒക്ടോബർ, 25‑ന് അവിടെ നടക്കാറുള്ള ശാന്തിപൂജയ്ക്ക് എല്ലാവരും വന്നുചേരും. സ്വതവേ കാട്ടുപ്രകൃതിയായ ഗെദ്ദ ആളും ആരവങ്ങളുമൊഴിഞ്ഞതോടെ പൂർണ്ണമായും വന്യജീവികൾ വിഹരിക്കുന്ന ഒരു ദിക്കായി മാറി.
ഗെദ്ദായ് എന്ന പദത്തിനർത്ഥം വയൽ എന്നാണ്. പണ്ടിവിടെ ചോളവും കാരറ്റും, കാബേജും, ഓറഞ്ചും ധാരാളം വിളഞ്ഞിരുന്നു. എന്നാലിന്നീ ശോകഭൂമിയിൽ യാതൊന്നും കാണാനില്ല. ജനവാസം തീരെ കുറഞ്ഞു. ഇപ്പോൾ ഗെദ്ദയിൽ ആകെയുള്ളത് ഒരു ഹൈഡ്രോ ഇലക്ട്രിക്ക് പവർ ഹൗസും, അമ്പതോളം വരുന്ന അവിടത്തെ ജീവനക്കാരും, ഇടക്കിടെ വന്നുപോകുന്ന പോലീസുകാരും, വനപാലകരുമാണ്. ഗെദ്ദയിൽ മുമ്പുണ്ടായിരുന്നവർ എന്നു രേഖപ്പെടുത്താൻ ഫോറസ്റ്റർ രവിയും കുടുംബവും, അതുപോലെ വിരലിലെണ്ണാവുന്നരും മാത്രം.

ഗെദ്ദയിൽ ആദ്യം എത്തിയപ്പോൾ
ജക്കരാന്തപ്പൂക്കുൾ നീലഗിരിയാകെ ലൈലാക് പൂശിയ ഒരു മാർച്ചു മാസത്തിലാണ് രണ്ടു മാസം പ്രായമുള്ള മകൾ ഗായത്രിയുമായി ഞങ്ങൾ ഗെദ്ദയിലെത്തിയത്. ഭർത്താവ് മുരളിയ്ക്ക് ഇവിടെയുള്ള പവർ പ്ലാന്റിലേയ്ക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. യാത്രയുടെ അവസാനം ഒരു ആംബുലൻസിലായിരുന്നു. ഗെദ്ദയിൽ സ്കൂൾ ബസായിപ്പോലും ആംബുലൻസ് ഉപയോഗിക്കുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. വനപാതയിലൂടെ വളഞ്ഞും ഇരമ്പിയും അനേകം ഹെയർ പിന്നുകൾ താണ്ടി ആ വാഹനം മുന്നോട്ടു കുതിക്കുമ്പോൾ ഞാൻ ഭീതിയോടെ ചുറ്റും നോക്കി. മഞ്ഞു പുതച്ച പച്ചവനം. പാതയുടെ ഇരു വശത്തും അടി കാണാത്ത കൊക്കകൾ. ഉയർന്നു നിൽക്കുന്ന പാറത്തലപ്പുകൾ. ശീതക്കാറ്റ് വാഹനത്തിനകത്തേയ്ക്കു വീശുന്നു. നിനയ്ക്കാത്ത നേരങ്ങളിൽ മഞ്ഞും മഴയും വെയിലും ആടിത്തകർക്കുന്ന ഇടമാണത്രെ ഈ മലയടിവാരം. വാഹനം ഇറങ്ങുമ്പോൾ ഡ്രൈവർ മാരിയപ്പൻ താക്കീതു നൽകി, ചീറ്റയും, കരടിയും, ഒറ്റയാനും ധാരാളമുണ്ട്, ജാഗ്രത പുലർത്തണമെന്ന്!

ഒറ്റയാൻ എത്തുന്നു
ഇനി ഇതു തന്നെയാണെന്റെ താവളമെന്ന് മനസ്സിനെ ബോദ്ധ്യപ്പെടുത്തിയപ്പോൾ, ഞാൻ ഗെദ്ദയെ സ്നേഹിക്കാൻ തുടങ്ങി. കുഞ്ഞുറങ്ങുമ്പോൾ അൽപനേരം ഞാൻ മുറ്റത്തിറങ്ങി നിൽക്കും. കാട്ടിലെ കൂട്ടുകാർ പരിസരത്തൊന്നുമില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് വെളിയിൽ വരുന്നത്. കതകടച്ചു വീട്ടിനകത്ത് ഇരിയ്ക്കണമെന്നാണ് ആ നാട് നന്നായി അറിയുന്ന മാരിയപ്പന്റെ ഓർഡർ. പക്ഷെ, ഉണങ്ങിവീണ ജക്കരാന്ത ഇലകളിൽ നിന്നെത്തുന്ന കസ്‌തൂരി മണമുള്ള വായു ശ്വസിച്ച് തൊടിയിലങ്ങനെ നിൽക്കുമ്പോൾ എല്ലാം മറന്നു പോകും. ഒരു ദിവസം മലയണ്ണാന്മാരുടെ ഛിൽ…ഛിൽ… കേട്ട ദിശയിലേക്കു നോക്കി നിൽക്കുമ്പോഴാണ്, മഞ്ഞയും ചുവപ്പും കറുപ്പും ചേലിൽ ഇടകലർന്ന കൊക്ക് ഉയർത്തിപ്പിടിച്ചു സുന്ദരനൊരു വേഴാമ്പലെത്തിയത്. അതിനെ നന്നായൊന്നു കാണാൻ ഞാൻ രണ്ടടി മുന്നോട്ടു നടന്നു.

 

 

അതാ, ഒരു അരുവി! ഇലച്ചാർത്തുകളുടെ പഴുതിലൂടെ ഞാൻ കണ്ടു. ഇതാണോ ഗെദ്ദയെ ചുറ്റിയൊഴുകുന്ന ആ കാട്ടാറ്? മരങ്ങൾക്കിടയിലൂടെ ഞാൻ അതിന്റെ അരികിലേയ്ക്കു കുതിച്ചു. ഭവാനിയുടെ പുത്രിയ്ക്ക് മാസ്മരിക ഭാവമായിയുന്നു. ജലത്തിന് നീല നിറം. കൈകുമ്പിളിൽ അതിത്തിരി കോരിയെടുത്ത് മുഖത്തു തളിയ്ക്കണമെന്നു തോന്നി. ഞാനൊന്നു കുനിഞ്ഞതേയുള്ളൂ… പെട്ടെന്ന് പുറകിൽ നിന്ന് ‘ഘ്രാ…’ എന്നൊരു ശബ്ദം. എന്റെ തല താനേ പിന്നോട്ടു തിരിഞ്ഞു. തൊട്ടടുത്തുള്ള പുളിമരത്തിന്റെ മറവിൽനിന്ന് കൂറ്റനൊരു ഒറ്റയാൻ തുമ്പിക്കൈ ഉയർത്തി എന്നെ നോക്കി കൊലവിളിയ്ക്കുന്നു… എന്റെ ശ്വാസം നിലച്ചു. ഞാൻ ഓടുകയായിരുന്നില്ല, പറക്കുകയായിരുന്നു! അറിയുന്ന വഴിയിൽ ഒറ്റയാൻ, അറിയാത്ത മാർഗ്ഗം, കുത്തനെ കയറ്റങ്ങളും ഇറക്കങ്ങളുമുള്ള ഒറ്റയടിപ്പാത. പക്ഷെ, ജീവനായിരുന്നല്ലൊ വലുത്. കുഴഞ്ഞു വീഴുമെന്ന് ഉറപ്പായ നേരത്ത് വനവഴിയിൽ അറിയാതെ ഞാൻ ഇരുന്നുപോയി. തൊണ്ട വറ്റിവരണ്ടിരിയ്ക്കുന്നു. വല്ലാത്ത ദാഹം. ഇനി ഒരടി മുന്നോട്ടു വെയ്ക്കാൻ വയ്യെന്നായി. ഉത്‌ക്കണ്‌ഠ ഗ്രസിച്ച ഞാൻ ദൂരെ ഒറ്റയാൻ നിന്നിടത്തേയ്ക്ക് മെല്ലെയൊന്നു നോക്കി. വൻ മരകൊമ്പുകൾ ചീന്തിയൊടിച്ചു താഴെയിടുന്നു. “ഒറ്റയാൻ അപകടകാരി മാത്രമല്ല, സൂത്രക്കാരനുമാണ്. മനുഷ്യന്റെ മണമറിഞ്ഞാൽ കാട്ടു പൊന്തയ്ക്കുള്ളിൽ നിശബ്ദനായി മറഞ്ഞു നിൽക്കും. ആളടുത്തെത്തിയാൽ തുമ്പിക്കൈയിൽ കോരിയെടുത്തു കൊമ്പുകളിൽ കിടത്തി ആദ്യം ആകാശം കാണിയ്ക്കും, പിന്നെ അതിന്റെ കാൽ ചുവട്ടിലേയ്ക്ക് ‘ഠപ്പോ…’ എന്ന് ആഞ്ഞൊരു അടിയടിയ്ക്കും. തുടർന്ന് അലറിയമറി അവിടെയൊരു മാമാങ്കം തന്നെ നടത്തും. ഇരയുടെ കൈകളും കാലുകളും പിച്ചിച്ചീന്തി ദൂരെയെറിയും. തല ചവിട്ടി അരയ്ക്കും. അട്ടഹാസം പുറപ്പെടുവിപ്പിച്ച് ആനന്ദിക്കും. കുറച്ചു നേരം കൂടി അവിടെ ചുറ്റിപ്പറ്റി നിന്നതിനു ശേഷം മാത്രമേ ഈ ഏകാന്ത ഹിംസകൻ രംഗമൊഴിയൂ,” മാരിയപ്പൻ്റെ വാക്കുകൾ ഞാൻ അപ്പോൾ കൃത്യമായി ഓർത്തു! പണ്ടേ പറഞ്ഞതാണ് കതകടച്ചു വീട്ടിനകത്തിരിയ്ക്കാനും. അദ്ദേഹത്തിൻ്റെ ലക്ഷ്മണരേഖ ഇനിയൊരിയ്ക്കലും മുറിച്ചു കടക്കില്ലെന്ന് പ്രതിജ്ഞയെടുത്ത ഞാൻ ശേഷിച്ച ജീവനുമായി വീട്ടിലെത്തി, വിറയൽ മുഴുവൻ മാറാത്ത കൈകളാൽ പൊന്നുമോളെ വാരിയെടുത്ത് ഉമ്മകൾകൊണ്ടു മൂടി.

ഗെദ്ദ എന്നെ എഴുതിപ്പിച്ചു
സർഗസ്വാതന്ത്ര്യത്തോടെ കഥ പറയാൻ അമേരിക്കൻ നോവലിസ്റ്റ് ജെയിംസ് ഹിൽട്ടൺ തന്റെ ‘ലോസ്റ്റ് ഹൊറിസണി‘ൽ തിബത്തിലെ കുൻലൂൻ പർവതനിരകളിൽ സൃഷ്ടിച്ച സാങ്കൽപിക ശാന്തികേന്ദ്രം ‘ഷാൻഗ്രി-ലാ’ വല്ലാത്തൊരു അനുഭൂതിയാണ് എന്നിലുണർത്തിയത്. നാരായൺന്റെ മാൽഗുഡിയും, വിജയന്റെ ഖസാക്കും, സുഭാഷ് ചന്ദ്രൻ തീർത്ത പെരിയാറിന്റെ തീരത്തുള്ള തച്ചൻകരയും ചിന്തയിൽ എന്നും ഹരിതമാണ്. കല്പിത ഭൂപടങ്ങളേക്കാൾ പുഷ്‌ക്കലത നീലഗിരിയിലെ ഗെദ്ദയിലുണ്ടെന്ന് തിരിച്ചറിഞ്ഞത് ഈയിടം മന്ദഗതിയിൽ എന്റെ ഉള്ളിലേയ്ക്കു കടന്നു വന്നപ്പോഴാണ്. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ മരണമടഞ്ഞ എല്ലാവരേയും ഒന്നിച്ചു മറവു ചെയ്ത ഇടത്തു നിർമ്മിച്ച ആ സ്മൃതിമണ്ഡപം സന്ദർശിക്കണമെന്ന തീവ്രമായ ഒരു ഉൾവിളി എന്റെ മനസ്സിലെത്തിയത്. മഞ്ഞൂരിടുത്ത മലയോരത്ത് നിലകൊള്ളുന്ന ആ സ്‌മാരകത്തിന്റെ സമീപത്തേയ്ക്ക് ഞാൻ തനിയെ നടന്നു ചെന്നു.

 

പൂത്തു നിന്നിരുന്ന പാലമരങ്ങളും, പേരറിയാത്ത പടുവൃക്ഷങ്ങളും, അവയെ ചുറ്റിപ്പിണഞ്ഞു കയറിയ കാട്ടുവള്ളികളും ആ ഇടത്തിനൊരു ബീഭത്സമായ പ്രതിച്ഛായ നൽകുന്നുണ്ടായിരുന്നു. ഉറങ്ങിക്കിടക്കുമ്പോൾ ഇല്ലാതായി അന്ത്യനിദ്ര പുൽകേണ്ടിവന്നവരുടെ ചിന്തകളായിരുന്നു ഹൃദയം നിറയെ. പിന്നീട് ഞാൻ പോയത് ദുരന്തത്തിൽ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടെന്ന് ഫോറസ്റ്റർ രവി എടുത്തുപറഞ്ഞ ആ കുഞ്ഞിനെ കാണാനായിരുന്നു. അവൾക്കന്ന് ആറു മാസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അവളുടെ എല്ലാ കുടുംബാംഗങ്ങളെയും മേഘവിസ്ഫോടനം കൊണ്ടുപോയി. രക്ഷാപ്രവർത്തകർ പിറ്റേന്നു കണ്ടത് മാതാവിന്റെ മൃതദേഹത്ത് കെട്ടിപ്പിച്ചു കിടന്നിരുന്ന ആ കൈകുഞ്ഞിനെയാണ്. വളർന്നു വലുതായി അവളിന്ന് ഒരു ദ്രാവിഡ സുന്ദരിയായി മാറിയിരിയ്ക്കുന്നു. നൂറു കണക്കിന് മനുഷ്യർ ഒരു ഞൊടിയിടയ്ക്കുള്ളിൽ ദുർമൃത്യുവിനു കീഴടങ്ങുമ്പോൾ, അത് ആയിരക്കണക്കിന് അകൃത്രിമ സൃഷ്ടികൾക്ക് കാരണമാകുന്നു. സ്വാഭാവികം, കണക്കറ്റ കഥകൾക്കു പ്രബോധകരമായ ദ്രവ്യം ഗെദ്ദയുടെ മണ്ണിനടിയിലും മുകളിലുമുള്ളപ്പോൾ, ഞാനെന്തിനൊരു അവാസ്തവ ലോകം തിരയണം? അന്നത്തെ അന്വേഷണയാത്ര കഴിഞ്ഞു തിരിച്ചെത്തിയ ഉടനെ, എന്റെ ചെറുകഥാ സമാഹാരത്തിലെ പ്രഥമ കഥയുടെ ആദ്യ വരി ഞാനെഴുതി!

 ‘ഗെദ്ദ’ എന്ന പുസ്തകം
ഉരുൾപൊട്ടുന്നതിനു മുന്നെയുള്ള ഗെദ്ദയെ വായനക്കാർക്ക് പരിചയപ്പെടുത്താനാണ് ആ കൊച്ചു പട്ടണത്തിലാകമാനം ചുറ്റിത്തിരിഞ്ഞു നടന്ന സീതയെ ‘കൈക്കുടന്ന മഞ്ഞ്’ എന്ന കഥയിലൂടെ ഞാൻ ആദ്യം വരച്ചിട്ടത്. ദുരന്തത്തിൽ സീത കൊഴിഞ്ഞു പോയെന്നറിഞ്ഞതിനു ശേഷമാണ് അവളെ തിരികെ കൊണ്ടുപോകാൻ അവളുടെ കുടുംബമെത്തുന്നതെന്ന യാഥാർത്ഥ്യം അത്യന്തം ഹൃദയഭേദകമാണ്‌. മൺമറഞ്ഞെങ്കിലും സീതയിന്ന് ആ സ്മൃതിമണ്ഡപത്തിന്റെ ജീവിയ്ക്കുന്ന പര്യായമാണ്. അന്തരിച്ച യുഎഖാദർ ആമുഖമെഴുതിയ ‘ഗെദ്ദ’യിലെ പതിനഞ്ചു കഥകളിൽ ഒരെണ്ണം പോലും സങ്കല്പത്തിൽ നിന്ന് രൂപപ്പെട്ടവയല്ല. ജീവിതത്തിന്റെ ചൂടുംചൂരുമുണ്ടവയ്ക്ക്.

നീലഗിരിയുടെ പശ്ചാത്തലത്തില്‍ നോവല്‍
ജീവൻ തുടിയ്ക്കുന്ന കഥകൾ ഈ മണ്ണിൽ ഇനിയും എത്രയോ മൂടപ്പെട്ടു കിടപ്പുണ്ട്. എല്ലാം എനിയ്ക്കു കണ്ടെടുക്കണം. ഗവേഷണങ്ങൾ തുടരുകയാണ്. വിശാലമായൊരു കാൻവാസിൽ, നീലഗിരിയുടെ സമഗ്രമായ പശ്ചാത്തലത്തിൽ, ഒരു നോവൽ — ഇതാണെന്റെ സർഗ സ്വപ്നങ്ങളിലൊന്ന് രേഖ തോപ്പിൽ പറഞ്ഞു നിറുത്തി. ‘ഗെദ്ദ’യുടെ തമിഴ് പരിഭാഷ പണിപ്പുരയിലാണ് കഥാകൃത്ത്.

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.