12 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 10, 2024
October 8, 2024
October 6, 2024
October 3, 2024
September 29, 2024
September 28, 2024
September 24, 2024
September 19, 2024
September 17, 2024
September 16, 2024

പൊലീസിന്റെ രക്തബന്ധം

രമ്യ മേനോന്‍
August 6, 2023 7:15 am

ശുപത്രി വരാന്തകളിൽ പ്രിയപ്പെട്ടവരുടെ ജീവൻ നിലനിർത്താനുള്ള വെമ്പലിൽ അലഞ്ഞവർക്കറിയാം ഒരു തുള്ളി രക്തം പോലും വിലപ്പെട്ടതാണെന്ന്. മുൻകാലങ്ങളിൽ ഇത്തരം ആവശ്യങ്ങൾക്കുവേണ്ടി ആരെ സമീപിക്കണം എന്നറിയാതെ നിന്നവർ ഇപ്പോൾ കേരളാ പൊലീസിനെ നേരിട്ട് വിളിച്ചുതുടങ്ങിയിരിക്കുന്നു. ഇന്ന് അത്രത്തോളം ജനപ്രിയവും ജനകീയവുമാണ് കേരളാ പോലീസിന്റെ പോല്‍ ബ്ലഡ്.
ഏതാണ്ട് മൂന്ന് വർഷം മുമ്പാണ് കേരളാ പൊലീസിനുള്ളിൽ നിന്ന് ജനസേവനത്തിന്റെ പുത്തൻ ചിന്തകളുമായി പോല്‍-ആപ്പ് എന്ന അതിവിപ്ലവകരമായ ആപ്ലിക്കേഷൻ പുറത്തിറങ്ങുന്നത്. ഏറെക്കാലം കഴിഞ്ഞ് അതിനുള്ളിൽനിന്നുതന്നെ ഏറ്റവും ജനകീയമായ സേവനങ്ങൾ പൊലീസിൽ നിന്നുണ്ടാകുകയായിരുന്നു. ഇന്ന് പൊലീസിനെപോലെ തന്നെ പോല്‍ ആപ്പും ജനങ്ങളോട് ഏറെ ചേർന്നുനിൽക്കുന്നു. ജനസേവനത്തിന്റെ കാര്യത്തിൽ ഏറെ ചർച്ചാവിഷയമായിരിക്കുകയാണ് പോല്‍ ആപ്പിന്റെ പോല്‍-ബ്ലഡ്. പോല്‍ ബ്ലഡ് എന്ന മൊഡ്യൂളിന് നേതൃത്വം നൽകിയതും ഈ മഹത്തായ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതും കേരള പൊലിസിന്റെ തിരുവനന്തപുരത്തുള്ള സംസ്ഥാന കൺട്രോൾ റൂമാണ്. പോല്‍ ബ്ലഡിന്റെ സേവനങ്ങൾ അങ്ങനെ ഒരു സുപ്രഭാതത്തിലുണ്ടായതല്ല.

പൊല്ലാപ്പല്ല‑പോല്‍ ബ്ലഡ്
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ‘ജീവന് സംരക്ഷണം’ നൽകുന്നതിൽ പ്രാധാന്യം നൽകുന്നതാണ് പോല്‍ ബ്ലഡ്. സാക്ഷരതയിൽ മുൻപന്തിയിലാണെങ്കിൽപ്പോലും രക്തദാനത്തിൽ ശരിയായ അവബോധം കേരളത്തിലെ ജനങ്ങൾക്കില്ല. മൊത്തം ജനസംഖ്യയിൽ ഒരു ശതമാനം ആളുകളെങ്കിലും രക്തദാനത്തിൽ മുന്നിട്ടിറങ്ങിയെങ്കിൽപ്പോലും രക്തക്ഷാമം പരിഹരിക്കാനായേനെ. പക്ഷെ എന്തുകൊണ്ടോ ആളുകൾ രക്തദാനം ചെയ്യാൻ മുന്നോട്ടുവരുന്നില്ല. അതുകൊണ്ട് തന്നെയാണ് കേരള പൊലീസ് ഇത്തരമൊരു ആശയവുമായി രംഗത്തുവന്നതും.

അപരിചിതരിൽനിന്ന് നീളുന്ന സഹായഹസ്തം
ആർസിസി പോലുള്ള ആശുപത്രിയിൽ കേരളത്തിലെമ്പാടുമുള്ള ജനങ്ങൾ ചികിത്സയ്ക്കായി എത്താറുണ്ട്. പരിചയക്കാരില്ലാത്തതിനാൽ അത്തരം ആളുകൾക്ക് ചികിത്സയ്ക്ക് ആവശ്യത്തിനുള്ള രക്തം ലഭിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ദിവസം ആറോ ഏഴോ യൂണിറ്റ് രക്തം ആവശ്യമുള്ള രോഗികൾ വരെ ഈ കൂട്ടത്തിലുണ്ടാകും. അവരുടെ ചികിത്സാ കാലയളവ് മുഴുവൻ ഇതേ രീതിയിൽത്തന്നെ രക്തം ആവശ്യമായി വരികയും ചെയ്യുന്നു. രക്തദാന പ്രവർത്തനങ്ങളുടെ ശരിയായ അവബോധം സൃഷ്ടിക്കുകയും കേരളത്തിൽ ഒരു രക്തദാന സംസ്കാരം രൂപപ്പെടുത്തി എടുക്കുകയുമാണ് പോല്‍ ബ്ലഡിന്റെ ലക്ഷ്യം. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്നാണ് പോല്‍ ബ്ലഡിന്റെ പ്രവർത്തനം. നിലവിൽ കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ പോല്‍ ആപ്പിലാണ് പോൾ ബ്ലഡിനെ ഉൾപ്പെടുത്തിയിട്ടുള്ളത്.

തുടക്ക കാലത്ത്
തുടക്കത്തിൽ കൺട്രോൾ റൂം കോൺടാക്റ്റ് നമ്പർ എല്ലാം വച്ചാണ് പദ്ധതി നടപ്പിലാക്കാൻ ഇരുന്നത്. പിന്നീടാണ് പൊലീസിന്റെ മൊബൈൽ ആപ്പിലേക്ക് ഉൾപ്പെടുത്താൻ തീരുമാനമായത്. സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയാത്തവർക്കും ഇല്ലാത്തവർക്കും ഇതിലേക്ക് എത്തിപ്പെടാൻ പ്രയാസമാണെങ്കിലും പക്ഷെ ബ്ലഡ് ബാങ്കിൽ സമീപിച്ചാൽ പോല്‍ ബ്ലഡിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സഹായം ബ്ലഡ് ബാങ്കിലുള്ളവർ ചെയ്തുതരും. ഇതിലൂടെ പോല്‍ ആപ്പിന്റെ മറ്റ് സേവനങ്ങൾ തിരിച്ചറിഞ്ഞ് അത് പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

മികച്ച പ്രതികരണം
ഏതൊരു പദ്ധതിയും കൊണ്ടുവരുമ്പോൾ ആശങ്കയുണ്ടാകാറുണ്ട്. പക്ഷെ പോല്‍ ബ്ലഡിനെക്കുറിച്ച് ഒരു നെഗറ്റീവ് പ്രതികരണം ഇതുവരെ എവിടെനിന്നുമുണ്ടായിട്ടില്ല. ജീവനെ രക്ഷിക്കുന്നതിൽ രക്തത്തിനുള്ള സ്ഥാനം അത്രയേറെ വലുതാണെന്നുള്ള തിരിച്ചറിവായിരിക്കാമതിന് കാരണം.

മിഥ്യാധാരണ മാറിവരുന്നു
പോല്‍ ബ്ലഡിലേക്ക് സ്ത്രീകൾ കൂടുതൽ സന്നദ്ധത അറിയിച്ച് വരാറുണ്ട്. പൊലീസിന്റെ ആയതുകൊണ്ടുതന്നെ വിശ്വസിച്ചെത്താൻ സ്ത്രീകൾക്ക് കഴിയുന്നു. സ്ത്രീകളിലെ മിഥ്യാധാരണ മാറ്റാൻ പോല്‍ ബ്ലഡിന് കുറച്ചൊക്കെ സാധിച്ചിട്ടുണ്ട്. പൊലീസ് ആയതുകൊണ്ടുതന്നെ നമ്പർ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയില്ല. കൂടാതെ സുതാര്യതയുള്ളതുകൊണ്ടുതന്നെ ആപ്ലിക്കേഷനിലെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് ഇടനിലക്കാരില്ലാതെ രക്തം ദാനം ചെയ്യാൻ സാധിക്കുന്നുണ്ട്.

പ്രതീക്ഷയായി പുത്തൻ തലമുറ
പുതിയ തലമുറയിലുള്ള ആളുകൾ ഈ ആപ്ലിക്കേഷനെ നന്നായി ഉപയോഗിക്കുന്നുവെന്നതാണ് ഏറ്റവും പോസിറ്റീവായ കാര്യം. എന്നാൽ മക്കളെ രക്തദാനത്തിൽനിന്ന് പിന്നോട്ട് വലിക്കുന്ന മാതാപിതാക്കൾ ഇപ്പോഴും കുറവല്ല. ഇക്കാര്യത്തിൽ അച്ഛനമ്മമാരെ ബോധവൽക്കരിക്കുന്ന കുട്ടികൾപോലും ഇക്കാലത്തുണ്ട്. അതാണ് കേരളത്തിന്റെ പുത്തൻ പ്രതീക്ഷ.

ജനപ്രിയമാകുന്ന ‘പൊല്ലാപ്പ്’
പൊലീസ് ജനങ്ങളിലേക്ക് കൂടുതൽ അടുക്കുന്ന സ്ഥിതിവിശേഷമാണ്. കാരണം അവരുടെ ഏറ്റവും മോശമായ അവസ്ഥയിൽപ്പോലും പൊലീസ് അവർക്കൊപ്പം നിൽക്കുന്നത് ജനങ്ങളെ സംബന്ധിച്ച് ഒട്ടും ചെറിയ കാര്യമല്ല. ആശുപത്രി ആവശ്യങ്ങളിൽ രക്തം വേണ്ടിവരുമ്പോൾ ഏറ്റവും അടുത്ത സുഹൃത്ത് അല്ലെങ്കിൽ ബന്ധു എന്ന രീതിയിൽ തന്നെയാണ് ആളുകൾ പോലിസിനെ ബന്ധപ്പെടുന്നതെന്നാണ് പോല്‍ ബ്ലഡിന്റെ ഏറ്റവും പോസിറ്റീവായ വശം.

രക്തദാനം, പോല്‍ ബ്ലഡിന് മുമ്പും ശേഷവും
രക്തം ആവശ്യം വരുമ്പോൾ ആരെ വിളിക്കണമെന്ന് അറിയാതെ നിൽക്കുന്ന അവസ്ഥയിലായിരുന്നു ഏറെക്കാലം ജനങ്ങൾ. രോഗിക്ക് രക്തം ആവശ്യം വരുന്ന സമയത്തെല്ലാം ഇന്ന് ആദ്യം പോല്‍ ബ്ലഡിലേക്കാണ് ആരുടെയും ചിന്തകളെത്തുക. പോല്‍ ബ്ലഡിലേക്ക് എത്തുന്നവർക്കു മുഴുവനും രക്തം കൊടുക്കാൻ സാധിക്കുന്നുവെന്ന് അവകാശപ്പെടുന്നില്ലെങ്കിൽപ്പോലും സഹായം ആവശ്യപ്പെട്ടെത്തുന്ന കുറച്ചധികം പേർക്കെങ്കിലും രക്തം നൽകാൻ കഴിയുന്നുണ്ട്.

ലക്ഷ്യം
കേരളത്തെ നൂറുശതമാനം വോളണ്ടറി ബ്ലഡ് ഡൊണേഷൻ സംസ്ഥാനമാക്കി മാറ്റണം എന്നതാണ് പോല്‍ ബ്ലഡ് പദ്ധതിയുടെ ലക്ഷ്യം. എല്ലാവരും കൃത്യമായ ഇടവേളകളിൽ രക്തദാനം നടത്തുകയും ബ്ലഡ് ബാങ്കിൽ ആവശ്യമായ രക്തം നിലനിർത്തുകയും ചെയ്യുന്നതോടെയാണ് ഈ പദ്ധതി ലക്ഷ്യം കൈവരിച്ചുവെന്ന് പറയാനാകുക. അതിനുവേണ്ടി അടുത്തതായി ചെയ്യുന്നത് സംസ്ഥാന വ്യാപകമായി രക്തദാന ക്യാമ്പുകൾ നടത്തുക എന്നതാണ്. ക്യാമ്പുകളിലൂടെ രക്തം നൽകുന്നതുവഴി രക്തദാന സംസ്കാരം രൂപപ്പെടുത്തിയെടുക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.