26 December 2024, Thursday
KSFE Galaxy Chits Banner 2

പുനർജ്ജനി

അജിന സന്തോഷ്
May 22, 2022 3:16 am

മഞ്ഞു പെയ്യുന്ന പുലർകാലമായിരുന്നു അത്. സൂര്യരശ്മികൾ ആലസ്യം പൂണ്ട് കിടക്കുന്ന ഭൂമിയെ പുൽകാൻ ഒരുങ്ങി നിൽക്കുകയാണ്. ഭൂമിയാകട്ടെ പതിയെ കണ്ണു തുറന്നു വരുന്നതേയുള്ളു. ഇലത്തുമ്പുകളിൽ നിന്ന് ജലകണികകൾ താഴേക്ക് ഇറ്റു വീഴുന്നുണ്ടായിരുന്നു. പല്ലുകൾ കൂട്ടിയിടിക്കുന്ന തണുപ്പിനെ വകവെയ്ക്കാതെ അയാൾ മുന്നോട്ടേക്ക് പൊയ്ക്കൊണ്ടിരുന്നു. അയാൾക്ക് ഒരേയൊരു ലക്ഷ്യമേയുള്ളു, പുനർജ്ജനി ഗുഹ. അവിടെയെത്തുന്നതു വരെ ഒന്നു പിൻതിരിഞ്ഞു നോക്കുക കൂടിയില്ല എന്നുറപ്പിച്ചാണ് യാത്ര. ഈ ജൻമത്തിലും കഴിഞ്ഞ ജൻമത്തിലും ചെയ്ത പാപങ്ങൾ തീർത്ത് മോക്ഷം പ്രാപിക്കുവാൻ പുനർജ്ജനി ഗുഹയിൽ നൂഴലിനു വേണ്ടി വന്നതാണ്. ‘ഒരു പക്ഷേ, ഇനി വരും ജൻമങ്ങളിൽ ചെയ്യാനിരിക്കുന്ന പാപങ്ങൾക്ക് കൂടി വേണ്ടിയായിരിക്കും.’ ഗണപതി തീർത്ഥം സ്പർശിച്ച് പുനർജ്ജനി മലയിലേക്ക് കയറും മുൻപ് അയാളുടെ മനസ്സ് അങ്ങനെയാണ് ചിന്തിച്ചത്. 

പാപനാശിനി തീർത്ഥത്തിന്റെ തണുപ്പ് ആത്മാവിലേക്ക് ആവാഹിച്ച് ഗുഹാമുഖത്തിലൂടെ അകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു അയാളിപ്പോൾ.
ഗുഹയ്ക്കുള്ളിൽ നല്ല ഇരുട്ടാണ്… അപ്പോഴാണ് അയാളറിഞ്ഞത് തനിക്ക് മുൻപിൽ ഒരുപാട് പേരുണ്ട് എന്ന്. ഏറ്റവും അവസാനമായിട്ടാണ് അയാൾ ഗുഹയിലേക്കിറങ്ങിയത്. നടന്നുകൊണ്ട് പിന്നിടേണ്ട സ്ഥലങ്ങൾ കഴി‍ഞ്ഞിരിക്കുന്നു. ഇപ്പോൾ നിരങ്ങിയും കമിഴ്ന്നുമൊക്കയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. തൊട്ടു മുൻപിൽ നടക്കുന്നയാളുടെ കാലിൽ പിടിച്ചു ആ കാലിന്റെ ചലനങ്ങൾക്കനുസരിച്ച് അയാൾ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ഇരുട്ടിന്റെ ശക്തി കൂടിക്കൂടി വരികയാണ്… കണ്ണുകൾ ഇരുട്ടിനോട് പൊരുത്തപ്പെടാനാവാതെ തുറിച്ച് നിൽക്കുകയാണ്. അയാൾക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി. ഒരു കെെ മുന്നോട്ടിട്ട് അയാൾ ഇരുട്ടിൽ പരതി നോക്കി. അത് എവിടെയോ തട്ടി നിന്നു. മുൻപിലുള്ള സഹയാത്രികന്റെ ദേഹത്താണ് കെെ തട്ടിയത് എന്നു മനസ്സിലാക്കാൻ അല്പം സമയമെടുത്തു. 

‘അഞ്ജാതനായ ഒരാളുടെ കാലിന്റെ ചലനങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകുന്ന വെറുമൊരു പാവയാണല്ലോ ഞാനിപ്പോൾ’. അയാള്‍ക്ക് ആത്മ നിന്ദ തോന്നി. വീണ്ടും മുന്നോട്ട് നീങ്ങാനൊരുങ്ങുകയായിരുന്നു. പെട്ടെന്ന് അയാളുടെ പൊക്കിളിനുള്ളിൽ ഒരു കൊളുത്തിപ്പിടുത്തം പോലെ തോന്നി. കെെകൊണ്ട് വയർ അമർത്തിപ്പിടിച്ചു. അസഹ്യമായ വേദന കൊണ്ടു പുളഞ്ഞപ്പോൾ അയാൾ ഉച്ചത്തിൽ നിലവിളിച്ചു പോയി.
”അമ്മേ…”
”എന്താ, എന്തു പറ്റി”
ഭാര്യയുടെ ശബ്ദം കേട്ടു കണ്ണു തുറന്നപ്പോൾ വീടിന്റെ ഉമ്മറത്ത് ചാരു കസേരയിൽ ഇരിക്കുകയായിരുന്നു. താഴെ പത്രം ചിതറിക്കിടക്കിടക്കുന്നു. സമയം നട്ടുച്ച.
‘പത്രം വായിക്കുന്നതിനിടയിൽ ഉറങ്ങിപ്പോയതാണ്. എന്നാലും ഇങ്ങനെയൊരു സ്വപ്നം… ’
അയാളുടെ മനസിൽ അമ്മയുടെ മുഖം തെളിഞ്ഞു. താങ്ങാനാവാത്ത വേദനയുണ്ടാകുമ്പോൾ മാത്രം അമ്മയെ ഓർക്കും. അല്ലെങ്കിൽ അമ്മയെ വിളിച്ചു കരയും. അതാണ് പതിവ്. അയാൾ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു. വേഷം മാറി കാറിന്റെ താക്കോലുമെടുത്ത് പുറത്തേക്കിറങ്ങാൻ ഭാവിച്ചപ്പോൾ ഭാര്യ മുന്നിലെത്തി.
”എങ്ങോട്ടാ ഈ നേരത്ത്…?”

മറുപടി പറയാതെ, ഒരു പിൻവിളിക്ക് പോലും കാതോർക്കാതെ അയാൾ മുറ്റത്തിറങ്ങി കാർ സ്റ്റാർട്ടു ചെയ്തു ഓടിച്ചു പോയി. പിന്നിൽ മറയുന്ന മനോഹര കാഴ്ചകൾ അയാളെ ഒട്ടും അലോസരപ്പെടുത്തിയില്ല. കാരണം എത്രയും വേഗം മുന്നോട്ടേക്ക് പോവുകയാണ് അയാൾക്ക് വേണ്ടത്. മനസുനിറയെ അമ്മയുടെ മുഖമാണ്. നെറ്റിയിൽ ചന്ദനക്കുറിയണിഞ്ഞ്, പുളിയിലക്കര നേര്യത് ഉടുത്ത് വാതിൽക്കൽ പുഞ്ചിരിയോടെ നിൽക്കുന്ന അമ്മ.
‘നിനച്ചിരിക്കാതെ എന്നെ കാണുമ്പോൾ അമ്മ അത്ഭുതപ്പെടും. അടുത്ത നിമിഷം വെപ്രാളപ്പെടും.’
”ഊണിനു ഞാൻ തട്ടിക്കൂട്ടിയ ഒരു കറി മാത്രമല്ലേയുള്ളു എൻറെ കുട്ട്യേ… ഞാനിപ്പോ എന്താ ചെയ്യാ…? തൊടിയിലേക്കൊന്ന് ഇറങ്ങി നോക്കട്ടെ…”
പിന്നെ ഒരു ബഹളമാവും.
തൊടിയിലേക്കോടുന്നു. ചേമ്പോ കാച്ചിലോ പയറോ ഒക്കെ പറിച്ചെടുത്ത് കൊണ്ടു വരുന്നു. അവസാനം തൂശനിലയിൽ ഊണ് വിളമ്പുമ്പോൾ മൂന്നാലുകൂട്ടം വിഭവങ്ങളുണ്ടാകും. അടുത്തിരുന്ന് വയറു പൊട്ടും വരെ തീറ്റിച്ചാലും അമ്മ പറഞ്ഞുകാണ്ടേയിരിക്കും,
”ഒന്നും കഴിച്ചില്ലല്ലോ എന്റെ കുട്ടി…”
പറഞ്ഞാലും കേട്ടാലും തീരാത്ത വിശേഷങ്ങളുമായി അമ്മ പിന്നാലെ തന്നെയുണ്ടാവും. തിരിച്ചു പോകാൻ ഒരുങ്ങി യാത്ര പറയുമ്പോൾ നിറഞ്ഞു തുളുമ്പാൻ വെമ്പുന്ന കണ്ണുകൾ മറച്ചു വെച്ച് പുഞ്ചിരിക്കാൻ പാടു പെടുകയാവും അമ്മ.

അമ്മയുടെ വാത്സല്യം നിറഞ്ഞ കണ്ണുകൾ തൊട്ടരികിലെത്തിയതു പോലെ തോന്നി അയാൾക്ക്. കാറ്റിന് അമ്മയുടെ അതേ ഗന്ധം. കാച്ചെണ്ണയും പിണ്ഡതെെലവും കൂടിച്ചേർന്ന ഒരു പ്രത്യേക നറുമണം. വണ്ടി മുന്നോട്ട് ഓടിക്കൊണ്ടിരുന്നു. ടാറിട്ട റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചെമ്മൺ പാതയിലേക്ക് കയറിയപ്പോൾ അയാൾ വണ്ടി സെെഡിൽ ഒതുക്കി നിർത്തി. പുറത്തേക്കിറങ്ങി, താഴോട്ടേക്കിറങ്ങുന്ന വഴിയിലേക്ക് നടക്കാനാരംഭിച്ചു.
‘വഴിക്ക് വീതി കൂട്ടിയിരിക്കുന്നല്ലോ… ഇപ്പോ കാറ് വീടു വരെ ചെല്ലും. എങ്കിൽ കാറവിടെ നിർത്തേണ്ടിയിരുന്നില്ല. ഏതായാലും നടന്നു തുടങ്ങിയതല്ലേ ഇനി നടക്കുക തന്നെ.’
അയാൾ പാതയ്ക്കിരുവശവും കണ്ണോടിച്ചു കൊണ്ട് മുന്നോട്ടാഞ്ഞു. 

‘ഒത്തിരി മാറ്റങ്ങളുണ്ട്. നെൽപ്പാടങ്ങൾ നികത്തി വീടുകൾ പണിതിരിക്കുന്നു. വീടുകളല്ല, കൂറ്റൻ മാളികകൾ. അങ്ങനെ വേണം പറയാൻ. ഈ നാട്ടിൻപുറത്തും ഇത്ര വലിയ വീടുകളൊക്കെ വന്നു തുടങ്ങിയല്ലോ. ഒരുപാട് നാളായോ ഞാൻ ഇവിടെ വന്നിട്ട് ?
അയാൾ മനസ്സിലുള്ള കണക്കുകൾക്കൊന്നും ശരിയുത്തരം കിട്ടിയില്ല. മായ്ച്ചും തിരുത്തിയും വീണ്ടും വീണ്ടും കൂട്ടിക്കൊണ്ടിരുന്നപ്പോഴേക്കും വീട്ടിലേക്ക് തിരിയുന്ന വഴിയിലെത്തി. 

എന്തോ ശബ്ദം കേൾക്കുന്നുണ്ടല്ലോ… ജെസിബിയുടെ മുരൾച്ച പോലെ. ഇവിടിപ്പോ എന്തിനാ ജെസിബി? മരം മുറിക്കുന്നതോ മറ്റോ ആവും…
വീടിനു മുകളിലേക്ക് ചാഞ്ഞു നിന്നിരുന്ന നെല്ലിമരം അയാളുടെ ഓർമ്മയിലേക്കെത്തി.
എപ്പോഴും അമ്മയോട് പറയാറുണ്ട് അത് മുറിച്ചു മാറ്റണമെന്ന്. പക്ഷേ അമ്മ കേൾക്കില്ല.
”ഒരുപാട് നെല്ലിക്കകളുണ്ടാകുന്ന മരമല്ലേ. അതും ഔഷധ ഗുണമുള്ള ചെറു നെല്ലിക്കകൾ. അതവിടെ നിന്നോട്ടെ. അത് മുറിക്കുന്നത് എനിക്ക് സങ്കടാണ്. എന്റെ കാലശേഷം മുറിച്ചാൽ മതി.”

നെല്ലിമരച്ചുവട്ടിലെ ബാല്യ കൗമാരങ്ങൾ അയാളുടെ മനസ്സിൽ തെളിഞ്ഞു. അവധി ദിവസങ്ങളിൽ സന്ധ്യയാകുന്നത് എപ്പോഴും ആ മരച്ചുവട്ടിൽ തന്നെയായിരുന്നു.
ഊഞ്ഞാലാടിയും കളിവീടൊരുക്കിയും കഴിഞ്ഞ വർണ്ണപ്പകിട്ടാർന്ന നാളുകൾ. ഓർമ്മകളുടെ ഭാരവും പേറി ഒരു നിമിഷം നിന്നു. അപ്പോഴാണ് വീട്ടിൽ സഹായത്തിനു വരുന്ന പാറുവമ്മയെ കണ്ടത്. അമ്മയുടെ സമപ്രായക്കാരി. ആഹ്ളാദത്തോടെ അടുത്തേക്ക് ചെന്ന് വിശേഷങ്ങൾ ചോദിക്കാനൊരുങ്ങി. ”എന്താ ഇപ്പോ ഇങ്ങോട്ടേക്കൊരു വരവ്? അമ്മയുടെ അസ്ഥിത്തറ പൊളിക്കുന്നത് കാണാനാണോ?” പാറുവമ്മയുടെ ശബ്ദം അയാളുടെ ചെവികളിലൂടെ കടന്ന് തലച്ചോറിനുള്ളിൽ തട്ടി പ്രതിധ്വനിച്ചു. ”അമ്മയുടെ അസ്ഥിത്തറ…? അപ്പോൾ എൻറമ്മ?” അയാളുടെ സ്മൃതി പേടകത്തിന്റെ പൂട്ടുകൾ എത്ര ശ്രമിച്ചിട്ടും തുറക്കാനായില്ല.
”ആദ്യം പെറ്റമ്മയെ എവിടെയോ കൊണ്ടു പോയി കളഞ്ഞു. എന്നിട്ട് തറവാടും വിറ്റു. ഇപ്പോ വന്നിരിക്കുന്നു മരിച്ചിട്ടും സ്വസ്ഥത കൊടുക്കാത്ത പുന്നാര മോൻ…” നടന്നകലുന്ന പാറുവമ്മയുടെ ആത്മഗതവും കേട്ടുകൊണ്ട് അയാൾ മുന്നോട്ടേക്ക് ചെന്നു. അവിടെ‍ അസ്ഥിത്തറയുടെ അവസാനത്തെ കല്ലും പറിച്ചെറിഞ്ഞു കഴിഞ്ഞിരുന്നു. അയാളുടെ മനസപ്പോൾ മറ്റൊരു ജൻമത്തിലേക്ക് പ്രവേശിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.