26 December 2024, Thursday
KSFE Galaxy Chits Banner 2

നോവല്‍ കാലത്തിന്റെ കണ്ണാടിയാകുമ്പോള്‍

എസ് കെ സുരേഷ്
March 6, 2022 11:44 am

കുലൻ നന്ദനം തന്റെ സ്വതസിദ്ധമായ ആഖ്യാന ശൈലിയിലും ലളിത ഭാഷയിലും എഴുതിയ നോവലാണ് ‘ജനിതകമാറ്റം വന്ന ജാതകം.’ ഇതിവൃത്തം പ്രത്യക്ഷത്തിൽ ലളിതമെന്ന് തോന്നാമെങ്കിലും നോവലിലേക്ക് കടന്നുചെല്ലുമ്പോൾ മനസിന്റെ സങ്കീർണതകളെ അക്ഷരങ്ങളിലൂടെ അവതരിപ്പിക്കാനുള്ള ശ്രമമാണ് നോവലിസ്റ്റിന്റേതെന്ന് നമുക്ക് ബോധ്യമാകും.
ഹൃദ്യമായ പശ്ചാത്തലവർണന ഈ നോവലിന്റെ ഒരു സവിശേഷതയാണ്. തനിക്ക് ചിരപരിചിതമായ ബാംഗ്ലൂർ നഗരത്തിലെ ഊടുവഴികളും ഇടുക്കിയിലെ ഭൂപ്രകൃതിയും തോട്ടം തൊഴിലാളികളുടെ ജീവിതവും മൂലമറ്റം അണക്കെട്ടിൽ ജോലിചെയ്യുന്ന വൈദ്യുതി വകുപ്പിലെ ജീവനക്കാരുടെ ക്വാർട്ടേഴ്സ് വാസവും സിസ്റ്റർമാരുടെ കോൺവെന്റ് അന്തരീക്ഷവും ആശുപത്രികളിലെ പരിചരണവും കമ്പനി ഉദ്യോഗസ്ഥരുടെ ജീവിതവുമൊക്കെ ആവിഷ്കരിച്ചിരിക്കുന്നത് കാണുമ്പോൾ താൻ അനുഭവിച്ചറിഞ്ഞ സ്ഥലകാലജീവിതം വായനക്കാർക്ക് അതേപടി പകർന്ന് നല്കാനുള്ള നോവലിസ്റ്റിന്റെ ആഗ്രഹം നമുക്ക് വ്യക്തമാകും.
മതേതരത്വത്തിന്റെ മഹനീയ സന്ദേശം നോവലിൽ അവതരിപ്പിക്കുന്നതോടൊപ്പം തന്നെ മതതീവ്രവാദ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്യുന്നു. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെടുന്ന കഥാപാത്രങ്ങളുടെ ആത്മബന്ധം നോവലിലുടനീളം നമുക്ക് കാണാൻ കഴിയും. നോവലിലെ കേന്ദ്രബിന്ദുവായ ശരത്തിനെപ്പോലുള്ള ചെറുപ്പക്കാർ ഇന്നൊരുപക്ഷേ സമൂഹത്തിൽ അധികമുണ്ടാകാനിടയില്ല. മറ്റുള്ളവരാൽ തനിക്ക് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിക്കേണ്ടിവരുമ്പോൾപോലും പ്രതികാരത്തിനോ പകവീട്ടലിനോ ശ്രമിക്കാതെ സധൈര്യം അവയെ നേരിടുന്ന ശരത് പുത്തൻ തലമുറയ്ക്ക് ഒരു പാഠമാണ്. എപ്പോഴും മറ്റുള്ളവരുടെ കണ്ണീരൊപ്പാനും അവരെ സാന്ത്വനിപ്പിക്കാനും കഴിയുന്നത്ര സഹായിക്കാനും ശ്രമിക്കുന്ന കഥാപാത്രം വായനക്കാരുടെ മനസിൽ നിന്ന് പെട്ടെന്ന് മാഞ്ഞുപോകുകയില്ല.
പ്രണയമെന്ന വികാരത്തെ വളരെ ഉദാത്തമായ രീതിയിൽ ആവിഷ്കരിക്കാൻ നോവലിസ്റ്റിന് കഴിയുന്നു. നൈമിഷികമായ വികാരങ്ങൾക്ക് അടിമപ്പെട്ട് യുവാക്കൾക്ക് ജീവിതം തന്നെ ഹോമിക്കേണ്ടിവരുന്ന അനുഭവങ്ങൾ നമുക്ക് ചുറ്റും ഇന്ന് നിരവധിയാണ്. ഈ സാഹചര്യത്തിലാണ് ‘ജനിതകമാറ്റം വന്ന ജാതകം’ എന്ന നോവലിന്റെ പ്രമേയം കൂടുതൽ അർത്ഥവത്താകുന്നത്.

വൈജ്ഞാനിക നോവലെന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൃതിയാണിത്. കലാ-കായിക, സാംസ്കാരിക, ശാസ്ത്ര, സാങ്കേതിക വിഷയങ്ങൾ നോവലിന്റെ പല ഭാഗത്തും കടന്നുവരുന്നു. നോവലിന്റെ ഭാവനാവിഷ്കാരത്തെ ബാധിക്കാതെ ഈവക കാര്യങ്ങൾ വായനക്കാർക്ക് വിശദീകരിച്ച് കൊടുക്കാനും നോവലിസ്റ്റ് ശ്രമിക്കുന്നു. കവിതയുടെ നിർവചനം, നൊബേൽ സമ്മാനത്തിന്റെ ആരംഭം, പാരഡൈസ്, സ്കൂൾ എന്നീ വാക്കുകളുടെ ഉല്പത്തി, സംഗീതത്തിലെ വിവിധ രാഗങ്ങൾ, കൃഷ്ണനാട്ടത്തിന്റെ പ്രത്യേകതകൾ, ഓസോൺ വാതകത്തിന്റെ പ്രാധാന്യം, കൃഷിയിലെ ആധുനിക രോഗ‑കീട നിയന്ത്രണം എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. കൂടാതെ സർക്കാർ സ്ഥാപനങ്ങളിലെ അഴിമതി, സ്ത്രീ ശാക്തീകരണം, വ്യവസായ സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾ എന്നിങ്ങനെ ആനുകാലിക പ്രസക്തമായ ഒട്ടനവധി സാമൂഹ്യപ്രശ്നങ്ങളും നോവലിൽ സന്ദർഭോചിതമായി ചേർത്തിട്ടുണ്ട്.

പുരാണ ഇതിഹാസങ്ങളിലെ ഉദ്ധരണികളും ബൈബിൾ വചനവും ഖുർആനിലെ സൂക്തങ്ങളും അനുയോജ്യമായ സ്ഥലങ്ങളിൽ സമർത്ഥമായി നോവലിസ്റ്റ് കൂട്ടിച്ചേർത്തിരിക്കുന്നു. എല്ലാ മതങ്ങളുടെയും ലക്ഷ്യം മനുഷ്യനന്മയാണെന്ന പരമമായ സത്യം വായനക്കാരെ ബോധ്യപ്പെടുത്തുന്നു. ലോകപ്രശസ്ത തത്വചിന്തകൻമാരെയും വിശ്വസാഹിത്യകാരൻമാരെയും മനഃശാസ്ത്രവിദഗ്ധരെയും പരിചയപ്പെടുത്തുവാനും നോവലിസ്റ്റ് അവസരം കണ്ടെത്തുന്നു. പ്ലേറ്റോ, ജോൺ കീറ്റ്സ്, ഹെലൻ കെല്ലർ, ജാവിയർ ഹെറോഡ്, സാമുവൽ ജോൺസൺ എന്നിവരെക്കുറിച്ചുള്ള പരാമർശങ്ങൾ സാഹിത്യ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമാണ്.
ചുരുക്കത്തിൽ ഒരു സാധാരണ ഇതിവൃത്തത്തെ രചനാവൈഭവം കൊണ്ടും ഭാവാവിഷ്കാരം കൊണ്ടും വൈജ്ഞാനിക സമ്പത്ത് കൊണ്ടും ഒരു സർഗാത്മക സൃഷ്ടിയാക്കി മാറ്റിയ ഈ നോവൽ ഏറെ ചർച്ചചെയ്യപ്പെടും എന്നതിൽ സംശയമില്ല.

ജനതികമാറ്റം വന്ന ജാതകം
(നോവല്‍)
നകുലൻ നന്ദനം
മെലിന്‍‍‍ഡ ബുക്സ്
വില: 380 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.