16 June 2024, Sunday

Related news

June 12, 2024
June 12, 2024
June 12, 2024
June 4, 2024
May 27, 2024
May 14, 2024
May 8, 2024
May 5, 2024
April 16, 2024
April 12, 2024

ഷിൻസോ ആബെ വധം: ഇന്ത്യയ്ക്ക് നാളെ ദുഃഖാചരണം

ഇന്ത്യ പത്മഭൂഷന്‍ നല്‍കി ആദരിച്ച ലോകനേതാവ്
Janayugom Webdesk
July 8, 2022 2:37 pm

വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ (67) അന്തരിച്ചു. അൽപസമയം മുൻപാണ് ജാപ്പനീസ് മാധ്യമങ്ങൾ ഈ വാർത്ത പുറത്തു വിട്ടത്. ജപ്പാൻ സ‍ർക്കാരും മരണവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ജപ്പാനിലെ നാര നഗരത്തിൽ വെച്ച് പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് പിന്നില്‍ നിന്നും വെടിയേറ്റത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നു.

വെടിയേറ്റ ഉടനെ തന്നെ അബോധവസ്ഥയിലായ ഷിൻസോ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഷിൻസോ ആബേയെ വെടിവച്ചത് നാവിക സേന മുൻ അം​ഗമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയായ യാമാഗാമി തെത്സൂയ പൊലീസ് കസ്റ്റഡിയിലാണ്. പ്രസംഗിക്കുന്നതിനിടെ പിന്നില്‍ നിന്നാണ് പ്രതി വെടിയുതിര്‍ത്തത്. രണ്ട് പ്രാവശ്യം വെടിവച്ചതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

ആക്രമണശേഷവും സംഭവസ്ഥലത്ത് ഇയാൾ ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തെ തുടർന്ന് ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ജാപ്പനീസ് പ്രധാനമന്ത്രി ടോക്കിയോയിലേക്ക് തിരിച്ചിരുന്നു.

യുദ്ധാനന്തര ജപ്പാൻ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിൻസോ ആബെ ആഗോളതലത്തിൽ നിർണായക സ്വാധീനമുള്ള വ്യക്തിതത്വമായിരുന്നു. ഇന്ത്യയുമായും സവിശേഷ സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ നൽകി ഇന്ത്യ ഷിൻസോ ആബെയെ ആദരിച്ചിട്ടുണ്ട്.

ഇന്ത്യയോട് അടുത്തബന്ധം

ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവ് കൂടിയായിരുന്നു ഷിന്‍സോ ആബെ. 2021 ൽ ഇന്ത്യ ആബെക്ക് പദ്മ വിഭൂഷൺ നൽകി ആദരിച്ചിരുന്നു. ഈ വര്‍ഷത്തെ നേതാജി അവാര്‍ഡും ആബെയ്ക്കായിരുന്നു ഇന്ത്യ സമ്മാനിച്ചത്. ആബെയുടെ മരണത്തില്‍ രാജ്യത്ത് ഇന്ന് ദുഃഖം ആചരിക്കും. ഇതിന്റെ ഭാഗമായി ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികളൊന്നും ഉണ്ടാകില്ല.
തനിക്ക് പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ടുവെന്നും ആബെയുടെ മരണത്തില്‍ വലിയ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു.

ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി

ടോക്യോ: ജപ്പാന്‍ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ഷിന്‍സോ ആബെ. 2006ലാണ് ആബെ ആദ്യമായി ജപ്പാന്റെ പ്രധാനമന്ത്രി പദത്തിലെത്തിയത്. ഒരു വര്‍ഷം അതു തുടര്‍ന്നു. 2012ല്‍ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം 2020 വരെ തുടര്‍ന്നു. ഈ സമയങ്ങളിലെല്ലാം എല്‍ഡിപിയുടെ അധ്യക്ഷനും ആബെയായിരുന്നു. 2020 ഓഗസ്റ്റില്‍ ആരോഗ്യനില മോശമായതോടെയാണ് രാജിവച്ചത്. 2012ല്‍ പ്രതിപക്ഷ നേതാവായും 2005 മുതല്‍ 2006 വരെ ചീഫ് ക്യാബിനറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

 

Eng­lish summary;Japanese Prime Min­is­ter Shin­zo Abe passed away

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.