22 December 2024, Sunday
KSFE Galaxy Chits Banner 2

കാമുകിക്ക് കത്തെഴുതിവച്ചിട്ട് രക്തം തുപ്പി മ രിച്ച കവി

ജോയ് നായരമ്പലം 
October 2, 2022 7:35 am

ഇവിടെയുറങ്ങുന്നു;
ജലത്തിൽ പേരെഴുതപ്പെട്ട ഒരാൾ
ഒരു സ്മാരക ശിലയ്ക്കുകീഴിൽ കൊത്തിയിരിക്കുന്ന ആ രണ്ടേരണ്ടു വാക്യങ്ങൾ വേദനയുടെ നാനാർത്ഥമായി മാറിയ ജോൺകീറ്റ്സ് എന്ന വിശ്വമഹാകവിക്ക് മാത്രം സ്വന്തം. ഏതാണ്ട് കാൽ നൂറ്റാണ്ടുമാത്രം ജീവിക്കുകയും ആറേയാറു വർഷം മാത്രം കവിതയെഴുതുകയും ചെയ്ത കീറ്റ്സ് മരണപ്പെടുന്നതിന് മുമ്പ് സുഹൃത്തിനോട് പറഞ്ഞുകൊടുത്ത് എഴുതിച്ച അക്ഷരങ്ങൾ, തന്നെ അങ്ങനെ ഓർത്തിരിക്കണ്ട എന്നായിരിക്കുമോ ആ സർഗധനൻ ആഗ്രഹിച്ചത്.
എന്തൊരു ക്ലേശകരവും ദയനീയവുമായിരുന്നു യൗവനത്തിന്റെ നട്ടുച്ചയിൽ ആ കവിക്ക് നേരിടേണ്ടിവന്നത്. പ്രതിരോധമരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത ക്ഷയരോഗം. സഹോദരന്‍ ടോമിനും ക്ഷയമായിരുന്നു. ഇടയ്ക്കിടെ തൊട്ടുതൊട്ടുപോകുന്ന പനിയും ചുമയും ചുമയിലെ രക്തമയവും അദ്ദേഹത്തെ അകാലത്തിന്റെ മരണസന്തതിയാക്കി സംത്രാസപ്പെടുത്തുമ്പോഴും കീറ്റ്സ് ഏറെ ശാന്തശീലനായിരുന്നു. ആ സൗമ്യതയിൽ സുഹൃത്തുക്കൾ എന്തെന്നില്ലാതെ അത്ഭുതപ്പെട്ടിരിക്കണം. 

ലണ്ടനിലെ മെഗെയിൻ ഗ്രാമ്യതയിൽ ജനിച്ച കീറ്റ്സിന്റെ പിതാവ് ഒരു കുതിരലായം പരിചാരകൻ ആയിരുന്നു. ആ മനുഷ്യന്റെ വിദ്യാഭ്യാസം ലണ്ടനിൽ നിന്നും പതിനഞ്ച് മൈൽ അകലെ എൻഫീൽഡ് എന്ന സ്ഥലത്തായിരുന്നു. ഏറെയൊന്നും പഠിക്കാനായില്ല. കുതിരപ്പുറത്തു നിന്നും പിതാവ് വീണുമരിച്ചതിന്റെ ദൗർഭാഗ്യം കുടുംബത്തെ ദാരിദ്ര്യത്തിലാക്കിയപ്പോഴേക്കും ആ മരണത്തിന്റെ നീറ്റലാറുന്നതിന് മുന്നേ മാതാവ് മറ്റൊരാളെ വിവാഹം കഴിച്ചു. അപ്പോത്തിരി പഠിച്ചെങ്കിലും അത് പൂർത്തിയാക്കാന്‍ കീറ്റ്സിനായില്ല. പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും ആരാധകനായ കവി കാല്പനികതയുടെ മേച്ചിൽപ്പുറങ്ങളിൽ വിഹരിക്കുമ്പോൾ തന്റെ കവിതയിലൂടെ സത്യം സുന്ദരമാണെന്നും സുന്ദരം സത്യമാണെന്നും വായനക്കാരോട് പറഞ്ഞുകൊണ്ടിരുന്നു. ആ ‘ട്രൂത്ത് ഈസ് ബ്യൂട്ടി, ബ്യൂട്ടി ഈസ് ട്രൂത്ത്’ എന്ന വാക്യം ലോകസാഹിത്യത്തിൽ വല്ലാത്തൊരു നിറവായി മാറുകയും ചെയ്തു. അത് കീറ്റ്സിന്റെ കാവ്യതയിലേക്കുള്ള ഒരടയാളമായി. 

കവിയും പത്രപ്രവർത്തകനുമായിരുന്ന ലീഹണ്ടിനെ കണ്ടുമുട്ടിയതോടെയായിരുന്നു കീറ്റ്സിൽ നിദ്രോന്മുഖമായി കിടന്നിരുന്ന സാഹിത്യവാസന മലരണിഞ്ഞത്. തീവ്രമായ രാഗലയങ്ങളും പ്രകൃതി സ്നേഹവും കവിയിൽ ലയിച്ചുചേര്‍ന്നു. ‘ഓ സോളിറ്റ്യൂഡ്’ എന്ന ആദ്യ കവിത തന്നെ റൊമാന്റിസിസത്തിന്റെ വാചാലതയായിരുന്നു. ഹൃദയോഷ്മളതയുടെ സ്വഛന്ദവും സ്വാഭാവികവുമായ ആ കാവ്യഭാവന, ഭംഗിയുള്ള വസ്തു എന്നും ആനന്ദം തരുന്നു (അ ഠവശിഴ ീള ആലമൗ്യേ ശെമ ഖീ്യ ളീൃല്ലൃ) എന്നു സോളിറ്റ്യൂഡിൽ കുറിച്ചിട്ടിരിക്കുന്നു. 

‘എൻഡിമിയോൺ’ എന്ന നീണ്ട കവിത മൗണ്ട് ലാറ്റ്മോസിലെ ഇടയനായ എൻസിമിയനോട് നിലാവിന്റെ ദേവതയ്ക്കുണ്ടായിരുന്ന പ്രണയ പരവശതയായിരുന്നു. അനുരാഗ പ്രക്ഷോഭണങ്ങളാൽ ഒളിച്ചോടിയ കാമുകീ കാമുകന്മാരുടെ ആത്മാവിനെ തൊട്ടുരുമ്മി പോകുന്ന കവിതയായിരുന്നു ‘ദ ഈവ് ഓഫ് സെന്റ് അഗസ്റ്റിൻ’. ‘ഓഡ് ടു എ നൈറ്റിങ്ഗേള്‍’ ‑രാപ്പാടിക്ക് ഒരർച്ചനാഗീതം- ലോകമാകമാനം അംഗീകരിക്കപ്പെട്ട കാവ്യതല്ലമായിരുന്നു. ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥികൾ കീറ്റ്സിന്റെ ആ കവിതയിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ഏതോ രാപ്പാടിയുടെ മധുരഗീതം കാല്പനിക സൗന്ദര്യത്തിന്റെ കനകസംഗീതമല്ലാതെ മറ്റെന്തായിരിക്കണം? 

കീറ്റ്സിന്റെ കവിതകളോടും ആ ശൈലിയോടും താല്പര്യം തൊട്ടുതീണ്ടാതിരുന്ന നിരൂപകർക്ക് അപ്പുറം മാത്യു ആർനോൾഡ് അദ്ദേഹത്തിന്റെ കവിതാ സമ്പന്നതയെ അംഗീകരിക്കുകയും ഷേക്സ്പിയറോടൊപ്പം താരതമ്യപ്പെടുത്തുകയും ചെയ്തു. എല്ലാ യുഗങ്ങളെയും തൊട്ടുരുമ്മി, മനുഷ്യ ഭാവനയുടെ സമ്മോഹനത അദ്ദേഹത്തിന്റെ മരണാനന്തരമാണെങ്കിലും അംഗീകരിക്കേണ്ടിവന്നു. ‘ലാ ബെല്ലെ ഡെയിം സാൻസ് മെർസി’ (ഘമ ആലഹഹല ഉമാല ടമിെങലൃരശ) എന്ന കവിത ഒരു ധീരയോദ്ധാവിന്റെയും ഒരു സുരസുന്ദരിയുടെയും താല്ക്കാലികമെങ്കിലും പ്രണയാനുഭൂതിയുടെയും ആ പ്രണയം ഉണ്ടാക്കുന്ന ദുരനുഭവങ്ങളുടെയും വല്ലാത്തൊരു നെടുവീർപ്പും ഗദ്ഗദവുമാണ്. അതിന്റെ നിഗൂഢതയിൽ തോന്നിപ്പോകും കീറ്റ്സിന്റെ ആത്മാംശം അതിൽ ലയിച്ചുകിടപ്പില്ലേ എന്ന്. അലൈൻ ചാർട്ടർ എന്ന ഫ്രഞ്ചു കവിയുടെ രചനയാണ് ലാ ബെല്ലെ ഡെയിം സാൻസ് മെർസിയുടെ രചനയ്ക്കാധാരം. അജ്ഞാത സുന്ദരിയാൽ വശീകരിക്കപ്പെട്ട ഒരു വീരയോദ്ധാവിന്റെ കഥ എന്തൊരു പിരിമുറുക്കത്തോടെയാണ്, ഒരു സ്വപ്നസാന്നിധ്യമായി കവി അവതരിപ്പിച്ചിരിക്കുന്നത്. പ്രണയലഹരിയോടെ അവൾ ആ യോദ്ധാവിനെ എങ്ങനെയൊക്കെയോ തന്റെ സൗന്ദര്യം തുടിപ്പിച്ച്, അവളുടെ എൽഫിൻ ഗ്രോട്ടിലേക്ക് (യക്ഷി ഗുഹ) കൊണ്ടുപോകുന്നു. അനുരാഗ മാസ്മരികതയിൽ ആ യോദ്ധാവ് തന്റെ കുതിരപ്പുറത്തേറ്റിയാണ് അവളുടെ ഇംഗിതത്തിനു വഴങ്ങിയത്. ഏകാന്തതയുടെ വിശുദ്ധസ്ഥലികളിൽ വച്ച് അയാൾ പൂക്കൾ‍ കൊണ്ട് അവളുടെ മുടിയിലും കഴുത്തിലും കൈകളിലും ആഭരണങ്ങളാൽ ഒന്നുകൂടി സൗന്ദര്യമുണ്ടാക്കി. പകരം‍ അവൾ അയാൾക്ക് മധുരസംഗീതമുതിർത്തു. മധുരക്കിഴങ്ങുകളും കാട്ടുതേനും നല്കി. അവളുടെ കടാക്ഷങ്ങളിൽ നിറവാർന്നത് അനുരാഗവേവലാതിയും. ആ ഗുഹയിലെത്തിയതോടെ അവൾ വേറൊരുത്തിയായി. അയാൾ ഉറങ്ങിപ്പോയിരുന്നു. ഉണർന്നുനോക്കിയപ്പോഴോ, അതേ ഗുഹയിൽ തടവുകാരായി മറ്റു രാജാക്കന്മാരും രാജകുമാരന്മാരും അവളുടെ മാന്ത്രികവലയത്തിൽപ്പെട്ടു. ലാ ബെല്ലെ ഡെയിം സാൻസ് മെർസി തുടങ്ങുന്നത് ഇങ്ങനെ, ‘അല്ലയോ വീരയോദ്ധാവേ നീ ഇത്ര ദുഃഖിതനായി അലഞ്ഞുനടക്കുന്നത് എന്തേ…?’
സുഖദായകമായ കിനാവിന്റെ അന്ത്യത്തിൽ അയാൾ ഏകാന്ത വിഷണ്ണനായി പരിണമിക്കുകയാണ്. കവിയുടെ തന്നെ പ്രണയനഷ്ടത്തിന്റെ കഠിനതയുടെ മറ്റൊരു രൂപകമല്ലേ അത്? ഇംഗ്ലീഷ് കാല്പനിക കവിതയിലെ മഹാവ്യക്തിത്വങ്ങളായിരുന്ന വേഡ്സ്വർത്ത്, കോളറിഡ്ജ്, റോബർട്ട് സൗത്തേ തുടങ്ങിയവർ ലോകത്തെ നോക്കി ശുഭാപ്തി വിശ്വാസത്തോടെ പാടിയെങ്കിൽ കീറ്റ്സിനു സ്വന്തം ആത്മാവിലേക്കു നോക്കി നൈരാശ്യബോധത്തോടുകൂടി മാത്രമേ കാവ്യവരികളെ നിർമ്മിക്കാൻ കഴിഞ്ഞുള്ളൂ. അദ്ദേഹത്തിൽ മരണാധിനിവേശവും കാണാമായിരുന്നു. കീറ്റ്സ് തന്റെ അനുരാഗത്തിനാധാരമാക്കിയത് വെന്റ് വാർത് പ്ലേവിലെ അയൽക്കാരിയായിരുന്ന ഫാനി ബ്രൗണിനെയായിരുന്നു. ഹൃസ്വമായ കാലയളവിൽ അവർ ഇരുവരും അനുരാഗവിവശരായെങ്കിലും സ്വന്തം ദാരിദ്ര്യവും അനാരോഗ്യവും കൊണ്ട് കാമുകിയെ കൂടെക്കൂട്ടാനായില്ല. കവി ഇടയ്ക്കിടെ അവൾ കത്തെഴുതുകയും ഒടുവിൽ തന്റെ രോഗം മൂർഛിച്ചപ്പോൾ അവസാനത്തെ കത്തെഴുതിവച്ചിട്ട് രക്തം തുപ്പി മരിക്കുകയും ചെയ്തു. 

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.