3 March 2024, Sunday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

മാധ്യമപ്രവർത്തകയുടെ യാത്രാവിലക്ക്: അന്താരാഷ്ട്ര പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
October 20, 2022 9:20 pm

പുലിറ്റ്സർ ജേതാവായ കശ്മീരി മാധ്യമപ്രവർത്തകയെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞ സംഭവത്തിൽ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം. വിഷയം കൃത്യമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉപ വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. എല്ലാ യാത്രാ രേഖകളും കൈവശമുള്ള പുലിറ്റ്‌സർ നേടിയ പത്രപ്രവർത്തകയെ വിദേശയാത്രയിൽ നിന്ന് തടഞ്ഞത് കാരണമില്ലാതെയാണെന്ന് മാധ്യമ സംരക്ഷണത്തിനുള്ള കമ്മിറ്റി ടു പ്രൊട്ടക്ടീവ് ജേര്‍ണലിസ്റ്റ്സ് (സിപിജെ)കുറ്റപ്പെടുത്തി.

പുലിറ്റ്സർ പുരസ്കാരം ഏറ്റുവാങ്ങുന്നതിന് യുഎസിലേക്കു പുറപ്പെടാനൊരുങ്ങിയ സന ഇർഷാദ് മാട്ടൂവിനെ ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് തടഞ്ഞത്. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ ഫോട്ടോകൾ പകർത്തിയ റോയിട്ടേഴ്സ് സംഘത്തിന്റെ ഭാഗമായ ഫ്രീലാൻസ് ഫോട്ടോ ജേർണലിസ്റ്റ് ആണ് സന. ഏപ്രിൽ ഒമ്പതിനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അഫ്ഗാനിൽ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദിഖി, അദ്നൻ അബിദി, അമിത് ദാവെ എന്നിവർക്കൊപ്പമാണ് പുരസ്കാരത്തിന് സന്നയും അർഹയായത്. 

യുഎസ് വിസയും ടിക്കറ്റും കൈവശം ഉണ്ടായിരുന്നിട്ടും യാത്ര തടഞ്ഞതിന് കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് സന്ന ട്വീറ്റ് ചെയ്തു. ഇതു രണ്ടാം തവണയാണ് തന്റെ യാത്ര തടയപ്പെടുന്നതെന്നും സന പറഞ്ഞു. ‘മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തോടുള്ള ബഹുമാനം ഉൾപ്പെടെ ജനാധിപത്യ മൂല്യങ്ങളോടുള്ള ഇടപെടലാണ് യുഎസ്-ഇന്ത്യ ബന്ധത്തിന്റെ അടിത്തറ’ എന്നാണ് വിഷയത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉപ വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞത്.

പുലിറ്റ്‌സർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ മാട്ടുവിനെ അനുവദിക്കണമെന്ന് സിപിജെ ആവശ്യപ്പെട്ടു. ‘എല്ലാ യാത്രാ രേഖകളും കൈവശമുള്ള സനയെ വിദേശയാത്രയിൽ നിന്ന് തടയാൻ ഒരു കാരണവുമില്ല. തീരുമാനം ഏകപക്ഷീയവും ദുരുപദിഷ്ടവുമാണ്. കശ്മീരിലെ സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് നേരെയുള്ള എല്ലാത്തരം അക്രമങ്ങളും ഭീഷണികളും ഇന്ത്യൻ ഭരണകൂടം അവസാനിപ്പിക്കണം’. സിപിജെ ഏഷ്യാ പ്രോഗ്രാം കോർഡിനേറ്റർ ബെഹ് ലിഹ്|യി പറഞ്ഞു.

കശ്മീരിൽനിന്നുള്ള നിരവധി മാധ്യമപ്രവർത്തകർ ‘നോ ഫ്ലൈ’ പട്ടികയിൽപ്പെടുന്നവരാണ്. സനയുടെ പേരും പട്ടികയിലുണ്ടെന്നാണ് സൂചന. പുലിറ്റ്സർ പുരസ്കാരം നേടുന്ന ആദ്യ കശ്മീരി വനിതയാണ് സന. പുരസ്കാരനേട്ടത്തിനു പിന്നാലെ തീവ്ര – വലതുപക്ഷ നേതാക്കൾ ഇവർക്കെതിരെ തിരിഞ്ഞിരുന്നു. ഇന്ത്യയില്‍ പൗരസ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഗുരുതരമായ ഭീഷണിയിലാണെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടറസ് കഴിഞ്ഞദിവസമാണ് മുംബെെയില്‍ പറഞ്ഞത്. സന്ന വിഷയത്തോടെ മോഡി ഭരണകൂടത്തിന്റെ പൗരാവകാശ ലംഘനം ഒരിക്കല്‍ക്കൂടി അന്താരാഷ്ട്ര ചര്‍ച്ചയ്ക്ക് വിധേയമാവുകയാണ്.

Eng­lish Summary:Journalist’s Trav­el Ban: Inter­na­tion­al Outcry
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.